Image

ശാന്തി ദൂത് പെയ്യട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ: (ലേഖനം, സിൽജി ജെ ടോം)

Published on 24 December, 2021
ശാന്തി ദൂത് പെയ്യട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ: (ലേഖനം, സിൽജി ജെ ടോം)


ക്രിസ്‌തുമസ് ദൂതുകളുടെ ശാന്തിയിലാണ് ലോകം  , ദേവാലയങ്ങളിൽ നിന്ന് സ്നേഹ  ദൂതുകളെങ്ങും നിറയുന്നു. പുതുവത്സരവും വന്നെത്തിക്കഴിഞ്ഞു.  കോവിഡിനെ അതിജീവിച്ച് ഒരു ക്രിസ്തുമസിൽ  കൂടി പങ്ക് ചേരാൻ അവസരം കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് ജനം . ഇതിനിടയിലും  കോവിഡ്   തീർക്കുന്ന അസ്വസ്ഥതകൾ വേണ്ടുവോളമുണ്ട് . 

അശാന്തിക്ക്‌മേൽ  നന്മ പെയ്തിറങ്ങുന്ന ഈ നാളുകൾ ദൈവത്തിന്റെ സ്വന്തം നാടിനെ ഒന്ന് തൊട്ടിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു ... ചോരച്ചാലുകളൊഴുക്കാതെ ഈ നാട്ടിൽ ശാന്തിവിരുന്നെത്തിയിരുന്നെങ്കിൽ...  അടുത്തിടെ ചിന്തപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരചുവപ്പ് മാഞ്ഞ് ഈ നാട് ഇനിയെന്നാണ്  ശുഭ്രതയെ ആശ്ലേഷിക്കുക എന്ന ചിന്തകൾ മനസ് നോവിക്കുന്നു . 

2021ൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലു യുവരാഷ്ട്രീയനേതാക്കളാണ് നമ്മുടെ പ്രിയ നാട്ടിൽ കൊല്ലപ്പെട്ടത്. എന്തിനീ കൊലപാതകങ്ങള്‍ . സഹോദരനെ വെട്ടി തുണ്ടമാക്കിക്കൊണ്ട് ഇവരൊക്കെ നേടുന്നതെന്താണ് . ഏത് ആശയസംഹിതയും പ്രത്യയശാസ്ത്രവുമാണ് കൊലക്കത്തി കൊണ്ട് ചോരപ്പുഴയൊഴുക്കാൻ പഠിപ്പിക്കുന്നത് . ആശയ പോരാട്ടങ്ങളാണ് നമുക്ക് വേണ്ടത് ,ആയുധമെടുത്തുള്ള പോരാട്ടങ്ങളല്ല . 

കണ്ണൂരിന്റെ കണ്ണീരും ചുവപ്പും  പടർന്ന് പങ്കിലമായ രാഷ്ട്രീയം, പൊതുവേ സമാധാനത്തിന്റെ ഇടങ്ങളായി കരുതപ്പെടുന്ന ആലപ്പുഴയുടെയും തിരുവല്ലയുടേയുമൊക്കെ മണ്ണിലേക്കും അക്രമത്തിന്റെ ചാല് തീർക്കാതിരിക്കട്ടെ. നിഷ്കളങ്കരായ പിഞ്ച് ബാല്യങ്ങൾ കത്തിമുനയിൽ പിടയുന്ന അച്ഛന്മാരെ  കണ്ട് വേദനിക്കാതിരിക്കട്ടെ.    

തിരുവല്ലയില്‍ കൊല്ലപ്പെട്ട  സന്ദീപിനും ആലപ്പുഴയിലെ രഞ്ജിത്തിനും ഷാനിനുമെല്ലാം ഉണ്ടായിരുന്നു ഏറെ സ്വപ്‌നങ്ങൾ, തങ്ങളുടെ കുടുംബത്തെ ഓർത്ത് , കുഞ്ഞുങ്ങളെ ഓർത്ത് . ചോരയിൽ അവയൊക്കെ ഒഴുക്കി വിട്ടപ്പോൾ ആരുടെ ഹൃദയങ്ങളാണിവിടെ ശാന്തമായത് . 

ആസൂത്രിതമായി നടത്തപ്പെടുന്ന ഇത്തരം കൊലപാതകങ്ങൾക്കൊടുവിൽ  പ്രഹസനമായി ചേരുന്ന സമാധാനയോഗങ്ങൾ ആർക്ക് വേണ്ടിയാണ്  ...ചാനൽ ചർച്ചകളിൽ പരസ്പരം ചെളി വാരിയെറിയുന്നവർ...  ചിരിച്ചുകൊണ്ട്  സഹോദരന്റെ കഴുത്തറുക്കുന്നവർ .. രാഷ്ട്രീയ കാപാലികതയുടെ പൈശാചിക ദംഷ്ട്രകളിൽ നിന്ന് നമ്മുടെ നാട് ഇനിയെന്ന് മോചിക്കപ്പെടും. 

രാഷ്ട്രീയമായി പല പക്ഷങ്ങളിൽ നിൽക്കുമ്പോഴും സൗഹൃദങ്ങള്‍ തുടരാൻ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർക്ക് സാധിക്കില്ലന്നാണ് ഇന്നാട്ടിലെ അവസാനിക്കാത്ത രാഷ്ട്രീയ കൊലപാതകങ്ങൾ  പറയുന്നത്  . അധികാരവഴികളിൽ കണ്ണുംനട്ടുകഴിയുന്ന രാഷ്ട്രീയ പാർട്ടികൾ പരസ്പരം   ശത്രുത വച്ചുപുലർത്തുന്നത് നാടിന്റെ തന്നെ ഐക്യത്തെ ഇല്ലാതാക്കുകയാണ് .

കണ്ണൂർ, കാസർകോട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലുമായി  മൂന്നു പതിറ്റാണ്ടായി ഒതുങ്ങി നിന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ന് തെക്കൻ പ്രദേശങ്ങളിലെയും സമാധാനാന്തരീക്ഷം ഇല്ലാതാക്കിയിരിക്കുന്നു. കൊലക്കത്തിയുമായി  രാഷ്ട്രീയ കാപാലികർ ഇരകളെ തേടി നടക്കുകയാണ് . കൊലയ്ക്ക് പകരം കൊല എന്നതിലേക്കാണ് നമ്മുടെ രാഷ്ട്രീയം ഇന്നെത്തി നിൽക്കുന്നത്.  ഒരു കൊലപാതകം നടന്നാൽ മണിക്കൂറുകള്‍ കൊണ്ട് തിരിച്ചടിച്ച്  മറ്റൊന്ന് പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ ഈ  രാഷ്ട്രീയകൊലയാളികൾക്ക് കൃത്യമായ പദ്ധതികളുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത് .

 രാഷ്ട്രീയമെന്നത് പൊതു നന്മക്ക് വേണ്ടിയാകണം,  ആശയങ്ങളെയാണ്  എതിർക്കേണ്ടത്, വ്യക്തികളെ ഇല്ലാതാക്കിയല്ല  പ്രസ്ഥാനത്തെ വളർത്തേണ്ടത് .ചര്‍ച്ചകളും  ആശയ സംവാദങ്ങളുമാണ് വേണ്ടത് . അവയെ എതിര്‍ക്കേണ്ടതും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാകണം.  വാളും കത്തിയും ബോംബുമല്ല ആശയത്തിനെതിരെ പ്രയോഗിക്കേണ്ടതെന്ന്  നേതാക്കൾക്കൊപ്പം അണികളും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനുള്ള ബോധവത്കരണമാണ് പാർട്ടികൾ നൽകേണ്ടത് , അല്ലാതെ ആയുധമെടുക്കാനല്ല പഠിപ്പിക്കേണ്ടത്. 

രാഷ്ട്രീയത്തിനൊപ്പം മതവും കൂടി ചേരുന്നതോടെ വർഗീയതയും വിഭാഗീയതയും പിടിമുറുക്കുകയായി . മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് ആപത്താണ് . വഴിപിഴച്ചുപോകുന്നവരെ നേരിലേക്ക് തിരിച്ചു നടത്താനും അക്രമങ്ങളിൽ നിന്ന് സമാധാനത്തിലേക്ക് നയിക്കാനും രാഷ്ട്രീയ  നേതൃത്വങ്ങൾക്ക് ബാധ്യതയുണ്ട് . അത് അവർ മറക്കാതിരിക്കട്ടെ. 

കത്തിയും  വാളുമല്ല സുഹൃത്തുക്കളേ നമുക്ക് വേണ്ടത് , എതിരാളികളെയും സ്നേഹിക്കാനുള്ള മനസാണ് . രാഷ്ട്രീയ കാരണങ്ങളാലായാലും അല്ലെങ്കിലും കൊലപാതകസംസ്കാരം സംസ്കാരചിത്തരായ ഒരു ജനതക്ക് ഒട്ടും ഭൂഷണമല്ല. നാടിൻറെ സമാധാനവും സാഹോദര്യവുമാണ് ഓരോ രാഷ്ട്രീയ കൊലപാതകങ്ങളിലും ഇല്ലാതാവുന്നത് . പൊതുപ്രവർത്തനത്തിനും രാഷ്ട്രനിര്മാണത്തിനുമായി രൂപപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ ചോരക്കളി നടത്തുകയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കെൽപ്പില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരം ഈ നാടിനെ എവിടെയും എത്തിക്കില്ല. അപരന്റെ നേരെ കത്തിയുയർത്തുന്ന  ഹിംസയുടെ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാവുന്നതല്ല .

 2016 ജനുവരി മുതൽ ഇത്  വരെയുളള കണക്ക് പ്രകാരം സംസ്ഥാനത്ത് നടന്നത് 37  രാഷ്ട്രീയ കൊലപാതകങ്ങളാണ് . 2016 - ൽ 15 - 2017 - ൽ 5 - 2018 - ല്‍ 4 - 2019 - ൽ 4 - 2020 - ൽ 4 - 2021 ൽ 5 എന്നിങ്ങനെയാണ് രേഖകൾ. ചോര വീണ് പങ്കിലമായ കണ്ണൂരിന്റെ വീഥികൾ കുറച്ചു നാളുകളായി അല്പം ശാന്തതയിലാണെന്നത് ആശ്വാസം നൽകുന്നു. വെട്ടിക്കൊലകളും ബോംബെറിഞ്ഞുള്ള കൊലപാതകങ്ങളും ഏറെ കണ്ട മന്നാണത്  

ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആഹ്ളാദം പ്രകടിപ്പിച്ചതും. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിനടക്കം വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

ഈ വർഷം ഫെബ്രുവരി 24ന് നന്ദു കൃഷ്ണ എന്ന ആർഎസ്എസ് നേതാവിനെ ചേർത്തലയിൽ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയാണ് കേസ്.  ഇതിന് തിരിച്ചടി എന്ന നിലയിലാണ് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആലപ്പുഴയിൽ കൊലപ്പെടുത്തിയതെന്നാണ്  വിവരം. തുടര്‍ന്ന് OBC മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടിനുളളിൽ വെട്ടിക്കൊന്നു.  ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ അഞ്ചംഗ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ വ്യക്തി വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നും രാഷ്ട്രീയ കാരണമില്ലെന്നുമാണ് പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്.

നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

2020 തിരുവോണ നാളിൽ  വെഞ്ഞാറമൂട്  ഡിവൈഎഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ  കൊല്ലപ്പെട്ടതിൽ  കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

2019 ഫെബ്രുവരി 17-നാണ് സിപിഎം പ്രവർത്തകർ പ്രതികളായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം നടന്നത്.  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷുമാണ് കൊല്ലപ്പെട്ടത്.  സിപിഎം പ്രാദേശിക  നേതാക്കളും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും ഈ കേസിൽ പ്രതിപട്ടികയിലുണ്ട്.

എതിരാളികളെ ഇല്ലാതാക്കാനല്ല , ആയുധങ്ങൾ താഴെയിട്ട് അവരുമായി ആശയ യുദ്ധം നടത്താൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾ പഠിക്കട്ടെ, എങ്കിലേ ഇവിടെ ചോരക്ക് പകരം സ്നേഹമൊഴുകൂ ...

 ഈ ക്രിസ്തുമസും പുതുവത്സരവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിപൊഴിക്കട്ടെ, ഇനിയീ നാടിനെ   രക്തപ്പുഴകൾ  ചുവപ്പിക്കാതിരിക്കട്ടെ  .
Join WhatsApp News
മാത്യു joyis 2021-12-24 15:34:36
എതിരാളികളെ ഇല്ലാതാക്കുന്നതല്ല രാഷ്ട്രീയം .കൊലപാതകസംസ്കാരമല്ല് രാഷ്ട്രീയത്തിൽ വേണ്ടത് , പകരം ആശയങ്ങളെ. ആശയങ്ങൾകൊണ്ടും നന്മനിറഞ്ഞ പൊതു പ്രവർത്തനങ്ങൾകൊണ്ടുമാണ്. തോല്പിക്കേണ്ടതെന്ന പ്രത്യയശാസ്ത്രം വിവറ്റിക്കുന്ന സിൽജിയുടെ ലേഖനം നല്ല ഒരു ക്രിസ്തുമസ് ദൂത് ആയിരിക്കുന്നു . പാവം വിവരം അറിയാത്ത. പാവപ്പെട്ട അണികളെ ക്വട്ടേഷൻ തൊഴിലാളികൾ ആക്കിയിട്ട് , നേതാക്കൾ. അന്യോന്യം. മതിമറന്നു ഒരുമിച്ചിരുന്നു നക്ഷത്രഹോട്ടലുകളിൽ അര്മാദിക്കുന്നു . ഹാ ഹാ എത്ര സുന്ദരം എന്റെ കേരളം , രാഷ്ട്രീയക്കാർ കുട്ടി ച്ചോ റാക്കിക്കൊണ്ടിരിക്കും കേരളം !
HAPPY NEWYEAR !!! 2021-12-31 11:44:02
ഏതാണ് പിശാചിന്റെ മതം? ഡിസംബർ 25, 2021 കല ശാസ്ത്രത്തിലേക്കുളള വാതിലാണ് ശാസ്ത്രം അറവിലേക്കുളള വാതിലാണ് അറിവ് നന്മ യിലേക്കുളള വാതിലാണ് നന്മ വിജയത്തിലേക്കുളളവാതിലാണ് വിജയം സ്വർഗ്ഗീയതിലേക്കുളള വാതിലാണ് ഈ വിശുദ്ധ ഗ്രന്ഥത്തിലെ പദങ്ങളിൽ നിന്നു തന്നെ പിശാചിൻറെ മതം ഏതാണെന്ന് കണ്ടെത്താം നമ്മളൊരു വനത്തിലകപ്പെടുകയും അവിടന്ന് നമുക്ക് പെട്ടെന്നൊരു പല്ല് വേദന വരികയും ചെയ്താൽ നാം ശാസ്ത്രം പഠിച്ചൊരു ഡോക്ടറുടെ അടുത്തെത്താൻ ശ്രമിക്കും കാരണം ശാസ്ത്രം ദൈവീകമാണ് ശാസ്ത്രം ദൈവീകമാകുമ്പോളെന്താണ് പൈശാചികത പൈശാചികതയെന്തെന്നാൽ അറിവില്ലായ്മയേയും അജ്ഞതയേയും മുറുകെ പിടിക്കലും പ്രോത്സാഹിപ്പിക്കലുമാണ്. അറിവില്ലായ്മയേയും അജ്ഞതയേയും പ്രോത്സാഹിപ്പിക്കുന്ന പല പ്രവർത്തനങ്ങളും പൈശാചിക ശക്തികളിൽ നിന്നുണ്ടാവും അത് പൈശാചികത നിറഞ്ഞ അന്യഗ്രഹജീവികളുടെ വലയിലകപ്പെട്ട ചില മനുഷ്യർ മൂലമാണ് സംഭവിക്കുക അവരതറിഞ്ഞു കൊണ്ടായിരിക്കണമെന്നില്ല കാരണം ഈ പ്രപഞ്ചവും അതിലെ സകല വസ്തുക്കളും ഉണ്ടായിട്ടുള്ളത് പൈശാചികതയും ദൈവീതയും ചേർന്നാണ് പക്ഷേ രണ്ടു വസ്തുക്കൾചേർന്ന് പുതിയതൊന്നുണ്ടാകുമ്പോൾ ചേരുന്ന രണ്ടു വസ്തുക്കളും തുല്യ അളവിലായിക്കൊള്ളണമെന്നില്ല (ഉദാഹരണം സിമൻറും മണലും ) ഇങ്ങനെ പ്രപഞ്ചത്തിൽ പലയിടത്തുമുള്ള പൈശാചികത അധികമുള്ള ജീവികൾ അതായത് സാങ്കേതികമായി പുരോഗതിയിലെത്തിയ പൈശാചികതയധികമുള്ള അന്യഗ്രഹജീവികൾ ക്വാണ്ടം എൻറാഗിൾമെന്റിലൂടെ ചില മനുഷ്യരുടെ തലച്ചോറിനെ സ്വാധീനിക്കുകയും മനുഷ്യസമൂഹത്തിന് ശാസ്ത്രീയ പുരോഗതിയുണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാക്കി അവരെ മാറ്റുകയും ചെയ്യും. മനുഷ്യരുടെ ശാസ്ത്ര പുരോഗതിയെ നേരിട്ട് തടസ്സപ്പെടുകല്ലയവർ ചെയ്യുക അവർ ആദ്യം കലയേയും കലാപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുകയും അതിലൂടെ മനുഷ്യരുടെ അറിവിനെ പരിമിതപ്പെടുത്തുകയും ചെയ്യും ശേഷം വിഡ്ഢിത്തരങ്ങളും കപടശാസ്ത്രങ്ങളും പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരെ സൃഷ്ടിക്കുകയും ചെയ്യും കാരണം കലാപ്രവർത്തനം മനുഷ്യന് ശാസ്ത്രപുരോഗതിയും സാമൂഹികപുരോഗതിയും ഉണ്ടാക്കും അതിലൂടെ മനുഷ്യർ ശാസ്ത്രീയമായി ഉന്നതിയിലെത്തും ഇങ്ങനെ ശാസ്ത്രീയ പുരോഗതിയിൽ എത്തുന്ന മനുഷ്യർ ഏലിയൻസിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തേക്കാം എന്ന് തെറ്റിദ്ധാരണയാണ് അവരെ മനുഷ്യപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നവരാക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്ര പുരോഗതി ഉണ്ടാകുന്ന കാര്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവരെ സഹായിക്കുന്ന എല്ലാ പ്രവർത്തികളും പൈശാചികമാണ് മനുഷ്യരേ നിങ്ങൾ ശാസ്ത്രപുരോഗതി ഉണ്ടാക്കുന്നവരെ സഹായിക്കുക അവർക്ക് തടസ്സം സൃഷ്ടിക്കരുത്. പിശാചിൻറെ അനുയായികളാണ് കലയേയും കലാ പ്രവർത്തനങ്ങളെയും അതിലൂടെ ശാസ്ത്രപുരോഗതിയേയും തടസ്സപ്പെടുത്തുന്നവർ. തുടരും-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക