Image

പി.ടി. ഉയര്‍ത്തിയ കൊടുങ്കാറ്റ് (നടപ്പാതയില്‍ ഇന്ന്- 16: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 27 December, 2021
പി.ടി. ഉയര്‍ത്തിയ കൊടുങ്കാറ്റ് (നടപ്പാതയില്‍ ഇന്ന്- 16: ബാബു പാറയ്ക്കല്‍)
പി. ടി. തോമസ് എന്ന പി.ടി. അന്തരിച്ചു. ജീവിച്ചിരുന്നപ്പോള്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ നട്ടെല്ലുള്ള ഒരു വ്യക്തിത്വം. അതുകൊണ്ടുതന്നെ കാര്യമായ സ്ഥാനമാനങ്ങളൊന്നും ലഭിക്കാതെ പോയി. ആ നഷ്ടങ്ങളില്‍ അദ്ദേഹം വിലപിച്ചിട്ടില്ല. നല്ലൊരു പ്രകൃതിസ്‌നേഹിയായിരുന്നതു കൊണ്ട് പ്രകൃതിയെ വ്യഭിചരിക്കുന്നവര്‍ക്ക് ഓശാന പാടുന്ന സഭാ നേതൃത്വത്തിന്റെ ശത്രുവാകേണ്ടി വന്നു. അതിന് അദ്ദേഹം കൊടുക്കേണ്ടി വന്ന വിലയും വലുതായിരുന്നു. 

ശക്തമായ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ നട്ടെല്ലില്ലാത്ത പാര്‍ട്ടി നേതൃത്വവും സഭയെ പ്രീതിപ്പെടുത്താന്‍ വേണ്ടി അദ്ദേഹത്തെ തഴഞ്ഞു. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് പശ്ചിമ ഘട്ടത്തിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പിന് അവശ്യമാണെന്നുറച്ചു വിശ്വസിക്കയും അതിനുവേണ്ടി കര്‍ക്കശ്യമായി നിലകൊള്ളുകയും ചെയ്തപ്പോള്‍ സഭ അദ്ദേഹത്തിനെതിരായി വാളെടുത്തു. ക്വാറി രാജാക്കന്മാരും കള്ളപ്പട്ടയക്കാരും കൊടുക്കുന്ന ലക്ഷങ്ങള്‍ കണ്ടു കണ്ണു മഞ്ഞളിച്ച സഭാനേതൃത്വം പി.ടി ക്ക് എതിരായി പരസ്യമായി പടയൊരുക്കം നടത്തി. 

സഭയോടു കളിച്ചാല്‍ അവന്റെ അവസ്ഥ എന്തായിരിക്കുമെന്നു കാണിക്കാന്‍ വേണ്ടി പ്രതീകാത്മകമായി പി.ടി.യുടെ മൃതദേഹം പേറുന്ന ശവപ്പെട്ടിയും വഹിച്ചുകൊണ്ട് ഘോഷയാത്ര നടത്തി. അതിന് അകമ്പടി സേവിച്ചുകൊണ്ടു ളോഹക്കുള്ളില്‍ കയറി നില്‍ക്കുന്ന പുരോഹിതവര്‍ഗം കൈകൊട്ടിക്കൊണ്ടു ഡാന്‍സ് ചെയ്ത് പ്രബുദ്ധരായ കേരള സമൂഹത്തെ ഞെട്ടിച്ചു. എന്നിട്ടുപോലും പാര്‍ട്ടിയോട് അക്ഷരാര്‍ഥത്തില്‍ കൂറുപുലര്‍ത്തിയിരുന്ന ഈ നേതാവിനുവേണ്ടി പാര്‍ട്ടി നേതൃത്വത്തിലുള്ള ആരും ഒരു ചെറുവിരല്‍പോലും അനക്കിയില്ല. 

സഭാനേതുത്വത്തിലുള്ളവരുടെ അടിവസ്ത്രം പോലും അലക്കികൊടുക്കാന്‍ ക്യൂ നില്‍ക്കുന്ന പാര്‍ട്ടി നേതാക്കളില്‍ നിന്നും പി.ടി. മറിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനം മനസ്സിലാക്കി. അത് അദ്ദേഹത്തിന്റെ യശസ്സ് ഉയര്‍ത്തുക മാത്രമേ ചെയ്തുള്ളൂ. എന്നാല്‍ സഭ ചെയ്ത ഹീനമായ പ്രവര്‍ത്തിയില്‍ പുരോഹിതവര്‍ഗം അഭിമാനം കൊണ്ടെങ്കില്‍ അവരോടുള്ള വെറുപ്പ് പി.ടി. യുടെ മനസ്സില്‍ കനല്‍ പോലെ എരിഞ്ഞുകൊണ്ടിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സ്വയസിദ്ധമായ ശാന്തത അദ്ദേഹം കൈവിട്ടില്ല. അതൊരു കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത ആയിരുന്നുവെന്നു മനസ്സിലാക്കാനുള്ള ബോധം സഭാനേതൃത്വത്തിനുണ്ടായില്ല.

സത്യത്തിനു വേണ്ടി പി.ടി. എടുത്ത നിലപാടിനോടു യോജിക്കുവാനാകാത്ത സഭാനേതൃത്വം പ്രതീകാത്മകമായി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നു കൊണ്ടു ഘോഷയാത്ര നടത്തി കേരളത്തെ ഞെട്ടിച്ചെങ്കില്‍ മരിച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചു സഭക്കിട്ടു പി.ടി. എട്ടിന്റെ പണികൊടുത്തു പുരോഹിതവര്‍ഗ്ഗത്തിന്റെ മുഖത്തടിച്ചുകളഞ്ഞു. ഇത് സഭ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവിച്ചിരുന്നപ്പോള്‍ പി.ടി.യെ ഭയപ്പെടാതിരുന്ന സഭാനേതൃത്വം ഇന്ന് ഭയന്നു വിരണ്ടിരിക്കയാണ്. കാരണം അമ്മാതിരി ഒരു പണിയാണ് അദ്ദേഹം കൊടുത്തത്. 

പുരോഹിതന്മാരുടെ യാതൊരു ശുശ്രൂഷയും സ്വീകരിക്കാതെ, പുകഴ്ത്തിയുള്ള ചരമപ്രസംഗങ്ങള്‍ക്ക് അവസരം നല്‍കാതെ, പരമ്പരാഗതമായ വിലാപഗാനങ്ങള്‍ കേട്ട് കണ്ണീരണിയാതെ പി.ടി. യാത്രയായി. അനശ്വരനായ വയലാറിന്റെ ഹൃദയസ്പര്‍ശിയായ ഗാനം ശ്രവിച്ചുകൊണ്ട് 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി' എന്നു ചോദിച്ചുകൊണ്ട് സ്വന്തം ശരീരം അഗ്‌നിനാവുകള്‍ക്കു നുണയുവാന്‍ കൊടുത്ത പി.ടി. ഉയര്‍ത്തി വിട്ടിരിക്കുന്ന കൊടുങ്കാറ്റ് സഭക്ക് അവഗണിക്കാനാവില്ല.

സത്യവും കാരുണ്യവും മുഖമുദ്രയാക്കിയ യേശുദേവനെ പ്രതിനിധീകരിച്ചു വെളുത്ത ളോഹയും ധരിച്ചു കുഞ്ഞാടുകളെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവരുടെ കയ്യില്‍ അഹങ്കാരവും ധാര്‍ഷ്ട്യതയുമാണ് ഇന്നു കൈമുതലായുള്ളത്. ഒരുകാലത്തു പുരോഹിതന്മാര്‍ സമൂഹത്തിനു മാര്‍ഗദര്‍ശികളായിരുന്നു. പാവപ്പെട്ടവരോട് അനുകമ്പയുണ്ടായിരുന്നു. അന്ന് ജനങ്ങള്‍ അവരെ ജാതിമതഭേദമെന്യേ ബഹുമാനിച്ചിരുന്നു. 

എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും സുഖലോലുപതയുടെയും പര്യായമാണ് ഇന്ന് പുരോഹിതര്‍, ചുരുക്കം ചിലരൊഴികെ. സാധാരണക്കാര്‍ക്ക് നല്‍കുന്ന ബഹുമാനം പോലും ഇന്ന് ജനങ്ങള്‍ അവര്‍ക്കു നല്‍കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ദേവാലയങ്ങള്‍ അടഞ്ഞു കിടന്നു. അഥവാ നാമമാത്രമായിട്ടാണ് പലയിടത്തും പ്രവര്‍ത്തിച്ചത്. പുരോഹിതന്മാരുടെ ആശിര്‍വാദമില്ലെങ്കിലും മനുഷ്യര്‍ക്കു ജീവിക്കാനാകുമെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചുകഴിഞ്ഞു പുരോഹിതന്‍ ഒപ്പീസ് ചൊല്ലിയാല്‍ മാത്രം ആത്മാവിനു മോക്ഷം കിട്ടും എന്ന വിശ്വാസം മിഥ്യയാണെന്നു വിശ്വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

മൃതദേഹം കുഴിച്ചിട്ടാല്‍ മാത്രമേ നിത്യതയിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കൂ എന്ന ധാരണ കുഞ്ഞന്‍ കൊറോണ മാറ്റിയെടുത്തു. പുരോഹിതന്മാരെ പോലും ദഹിപ്പിക്കേണ്ടി വന്നു. പി.ടി. ഉയര്‍ത്തിവിട്ട നിലപാടും ആദര്‍ശവും ഒരു കൊടുങ്കാറ്റുപോലെ യുവ ഹൃദയങ്ങളിലേക്ക് പടരുകയാണ്. അതും വയലാര്‍ എഴുതിവച്ചിട്ടുണ്ട്. കായലിലെ വിളക്കുമരത്തെപോലും കെടുത്താന്‍ കഴിവുള്ള കാറ്റ്. ഇതൊക്കെ സഭ കാണാതെ പോകയാണോ? ഇല്ലാത്ത സിംഹാസനങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുകയും കുര്‍ബാന എങ്ങോട്ടു തിരിഞ്ഞു നിന്ന് ചൊല്ലണം എന്നതാണ് സഭയുടെ ഏറ്റവും വലിയ പ്രശ്‌നം എന്ന് കരുതുകയും ചെയ്യുന്ന സഭാനേതൃത്വങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നതു നല്ലത്. പി.ടി. യുടെ ചിതയില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകള്‍ വയലാറിന്റെ അനശ്വര ഗാനത്തിലൂടെ ജനഹൃദയങ്ങളില്‍ മുദ്രയിട്ടു കുമാരനാശാനില്‍ക്കൂടി മാറ്റൊലിക്കൊള്ളുന്നു. 'മാറ്റുവിന്‍ ചട്ടങ്ങളെ .......'

Join WhatsApp News
Sudhir Panikkaveetil 2021-12-27 14:25:41
മരിക്കുന്നതിനുമുമ്പ് വന്ന വാർത്തകളിൽ ഒരു വില്ലൻ വേഷമായിരുന്നല്ലോ. കിറ്റെക്സ് എന്ന കമ്പനി പൂട്ടിച്ച് അനേകായിരങ്ങളുടെ ജോലി കളയിച്ച ആൾ, എന്നത് പ്രധാനം. ഇപ്പോൾ വാർത്തകൾ എല്ലാം മുമ്പ് പറഞ്ഞതിന് വിപരീതം. രാഷ്ട്രീയം അതല്ലേ എല്ലാം. ഈ വാർത്തകൾ എങ്ങനെ വിശ്വസിക്കും. ജീവിച്ചിരിക്കുമ്പോൾ ഒന്ന് മരിക്കുമ്പോൾ വേറൊന്നു.
Peter Basil 2021-12-27 15:03:55
Great article, Moncy… Keep up the good work!! 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക