Image

യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി

Published on 27 December, 2021
 യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി


ലണ്ടന്‍: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. നടന വിസ്മയം അനശ്വര നടന്‍ നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള നഗറില്‍ മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരി പ്രഫ. സാറാ ജോസഫ് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.

കല സൗന്ദര്യമാണ്, കല നീതിക്കു വേണ്ടിയും ആണ്‍ പെണ്‍ വിത്യാസമില്ലാതെ സമത്വത്തിനു വേണ്ടി നിലകൊള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സാറ ജോസഫ് ഓര്‍മിപ്പിച്ചു. ലോകമെങ്ങുമുള്ള ദുരിത ബാധിതര്‍ക്കിടയില്‍ ഏത് തരത്തിലുമുള്ള കലാപ്രവര്‍ത്തനങ്ങളും മനുഷ്യനെ ദുഃഖത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും കുറച്ച് നേരത്തേക്കെങ്കിലും മാറി നില്‍ക്കുവാന്‍ സഹായിക്കുമെന്നും കല സംസ്‌ക്കാരികമായി ഉന്നയിലെത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും സ്വന്തം നാടിന്റെ മണമുള്ള കലാസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും, തുടര്‍ച്ചയായി പന്ത്രണ്ടാമത്തെ തവണ യുക്മ സംഘടിപ്പിച്ചിരിക്കുന്ന കലാമേള കോവിഡ് കാലഘട്ടത്തിലും മുടക്കമില്ലാതെ നടത്താന്‍ മുന്‍കൈയ്യെടുത്ത യുക്മ നേതൃത്വത്തെ സാറ ജോസഫ് അഭിനന്ദിക്കുകയും ചെയ്തു.

യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ച സമ്മളനത്തില്‍ യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. യുകെയിലെ പ്രശസ്ത നര്‍ത്തകി മഞ്ജു സുനിലിന്റെ വെല്‍ക്കം ഡാന്‍സ് അവതരിപ്പിച്ചു. കലാമേളയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ നിലവിളക്ക് തെളിച്ചു. യുക്മ കലാമേള 2021 നെക്കുറിച്ച് കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ അവലോകനം നടത്തി. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചു. യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ ടിവി ആര്‍ട്ടിസ്റ്റും നര്‍ത്തകിയുമായ അനുശ്രീ എസ് . നായര്‍ അവതാരകയായിരുന്നു.

ജൂണിയര്‍ വിഭാഗം ഫോക്ക് ഡാന്‍സ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തു. കലാമേളയിലെ ഇനിയും സംപ്രേക്ഷണം ചെയ്യുവാനുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ ഡിസംബര്‍ 27 തിങ്കള്‍ മുതല്‍ യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യും. സമയം പിന്നീട് അറിയിക്കും. തുടര്‍ന്നു വിധി നിര്‍ണയം പൂര്‍ത്തിയാക്കി വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തും.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തില്‍, തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് കഴിഞ്ഞ ശനിയാഴ്ച തിരിതെളിഞ്ഞത്. ലോകമെങ്ങും കോവിഡിന്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ചു നിന്ന കാലഘട്ടത്തില്‍ പോലും യുക്മ കലാമേളകള്‍ക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാര്‍ഹമായ കാര്യമാണ്.

യുകെയിലെ മലയാളി സമൂഹത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ ശിരസിലെ പൊന്‍ കിരീടമാണ് യുക്മ കലാമേളകള്‍. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതില്‍ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികള്‍ക്ക് പ്രതീക്ഷയുടെ അണയാത്ത പൊന്‍കിരണങ്ങള്‍ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് യുകെയില്‍ യുക്മയുടെ നേതൃത്വത്തില്‍ കോവിഡ് കാലഘട്ടങ്ങളില്‍ സംഘടിപ്പിച്ചത്.

യുക്മ ദേശീയ കലാമേള 2021 ന്റെ ഉദ്ഘാടന പരിപാടികളില്‍ സംബന്ധിച്ച യുകെയിലെയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്‌നേഹികള്‍ക്കും സഹൃദയര്‍ക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക