Image

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മരിച്ചോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 28 December, 2021
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മരിച്ചോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
ഈ ചോദ്യം ചോദിച്ചത് ഇന്‍ഡ്യയുടെ മുഖ്യന്യായാധിപനായ ജസ്റ്റീസ് എന്‍.വി. രമണയാണ്. ഡിസംബര്‍ 15-ാം തീയതി മാതൃസംസ്ഥാനമായ ആന്ധ്രപ്രദേശില്‍ അന്വേഷണാത്മകപരമായ ഒരു പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കവെ ആണ് അദ്ദേഹം ഈ സന്ദേശം പ്രകടിപ്പിച്ചത്. അദ്ദേഹം പറഞ്ഞു നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയില്‍ ഇന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എന്ന ആശയം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 'ആദ്യമായി ചെയ്ത ജോലി മാധ്യമപ്രവര്‍ത്തകന്റേതാണെന്ന നിലയിലുള്ള സ്വാതന്ത്ര്യത്തോടെയാണ് ഇതു സംബന്ധിച്ച് ചില ചിന്തകള്‍ ഞാന്‍ പങ്കിടുന്നത്' അദ്ദേഹം മുഖവുരയായി പറഞ്ഞു. ജസ്റ്റീസ് രമണയുടെ ആദ്യത്തെ ജോലി ഈ നാട് എന്ന തെലുങ്കു മാധ്യമത്തില്‍ ആയിരുന്നു , 1970കളുടെ അവസാനഘട്ടത്തില്‍. ലേഖകനും ഈ നാട് ഗ്രൂപ്പില്‍ ജോലി ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ട് ദശകത്തോളം. ഈ ഗ്രൂപ്പ് ഇന്ന് ഇന്‍ഡ്യയിലെ ശക്തമായ ഒരു മാധ്യമ സമുച്ഛയം ആണ്. രമോജിറാവു ആണ് ഇതിന്റെ ഉടമയും മുഖ്യപത്രാധിപരും. ഈ നാട്, ന്യൂസ് ടൈം(ഇംഗ്ലീഷ് ദിനപ്പത്രം) വിവിധ പ്രാദേശികഭാഷാ  ടെലിവിഷന്‍ ചാനലുകള്‍ എല്ലാം ഈ ഗ്രൂപ്പിന്റേതാണ്. തെലുങ്കു മാധ്യമലോകത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വിപ്ലവവല്‍ക്കരിച്ച ഒരു മാധ്യമഭീമന്‍ ആണ് ഈ ഗ്രൂപ്പ്.

ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന്റെ മാധ്യമകാല ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു കോളിളക്കം സൃഷ്ടിച്ചുകൊണ്ടുള്ള അഴിമതിസംബന്ധിയായ വാര്‍ത്തകള്‍ അക്കാലത്ത് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം ഗൗരവമായിട്ടാണ് എല്ലാവരും കണ്ടിരുന്നത്. ഇന്ന് അങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ വളരെ വിരളം ആണ്. ഇപ്പോഴത്തെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നമ്മുടെ തോട്ടത്തിലുള്ള എല്ലാം വര്‍ണ്ണാഭമാണ്. ഇതിനെക്കുറിച്ച് ഒരു അന്തിമനിഗമനത്തില്‍ എത്തുവാന്‍ ഇത് ഇവിടെ നിങ്ങള്‍ക്കു വിടുന്നു, മുഖ്യന്യായാധിപന്‍ പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം വളരെ നേരത്തെ തന്നെ പ്രബലപ്പെട്ടിരുന്നെങ്കിലും ഇന്‍ഡ്യയില്‍ വൈകിയാണ് ഇത് എത്തുന്നത്. അമേരിക്കയില്‍ കാള്‍ ബേണ്‍സ്റ്റെയിനും ബോബ് വുഡ് വാഡും വാഷിംങ്ങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച വാട്ടര്‍ഗെയിറ്റ് കുംഭകോണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പുലിസ്റ്റര്‍ സമ്മാനം ലഭിച്ച ഒട്ടേറെ അത്തരം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ അന്ന് മാധ്യമങ്ങളില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അവ വൈറ്റ് ഹൗസിനെയും അതിലെ അന്തേവാസികളെയും പിടിച്ച് കുലുക്കിയിരുന്നു. ഇപ്പോഴും ഈ പ്രക്രിയ ഇവിടെ തുടരുന്നു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. 1980 കളോടെ ആണ് ഇന്‍ഡ്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ശക്തമായത്. അരുണ്‍ഷൂറിയും(ഇന്‍ഡ്യന്‍ എക്‌സ്പ്രസ്)എന്‍.റാമും(ദഹിന്ദു) ഇതില്‍ നല്ല പങ്കുവഹിച്ചു. സിമന്റ് കുംഭകോണവും, കമല പെണ്‍വാണിഭവും, ബോഫേഴ്‌സ് പീരങ്കിക്കോഴക്കേസും, സായുധസേനയിലെ ആയുധകച്ചവടകുഭകോണവും, വെസ്റ്റ്‌ലാന്റ് ചോപ്പര്‍ വാങ്ങലും, ഭാഗല്‍പ്പൂര്‍ ബ്ലൈന്റിംങ്ങും, പനാമ പേപ്പേഴ്‌സും, പെഗസസ് ചാരനിരീക്ഷണ ചോര്‍ത്തലും, ശവപ്പെട്ടി കുംഭകോണവും എല്ലാം അന്വേഷാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനം അറിഞ്ഞത്. രാഷ്ട്രീയമായി ഇവയെല്ലാം ഇന്‍ഡ്യയില്‍ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.

മാധ്യമസ്വതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യയുടെ സ്ഥാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ 142 ആണെന്ന ഔദ്യോഗിക കണക്ക് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പതനത്തിന് ഒരു കാരണം മാത്രം ആണ്. കാരണങ്ങള്‍ വേറെയും ഉണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് വെറും ഒരു മിഥ്യ ആണ്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കച്ചവടതാല്‍പര്യങ്ങളുടെയും രാഷ്ട്രീയകരുനീക്കങ്ങളുടെയും അടിമകള്‍ ആണ്. ധനവും അധികാരവും ആണ് ഇതിന്റെ എല്ലാം മൂലാധാരം. വായനക്കാര്‍ സാധാരണയായി ഇതൊന്നും മനസിലാക്കാറില്ല എന്നുമാത്രം. മനസിലാക്കുന്ന പ്രബുദ്ധരായ വായനക്കാരും ഉണ്ട്. പക്ഷേ, മനസിലാക്കുന്നവനും മനസിലാക്കാത്തവനും നിസഹായരാണ്. അതാണ് പണത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും ശക്തി. മാധ്യമസ്വാതന്ത്ര്യം മാധ്യമവ്യവസായിയുടെ കുത്തകയാണ്. ഒപ്പം ഭരണാധികാരികളുടെയും. ഇതിനെയെല്ലാം സഹായിക്കുന്ന നിയമങ്ങളും ഉണ്ട്. പലതും കോളനികാല നിയമങ്ങളുടെ പിന്തുടര്‍ച്ചയാണ്. ഉദാഹരണം, ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്, 1924, രാജ്യദ്രോഹം, (ഇന്‍ഡ്യന്‍ ശിക്ഷാനിയമം 124-എ) യു.എ.പി.എ. എത്രയെത്ര മാധ്യമപ്രവര്‍ത്തകര്‍ ആണ് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഇതിന്റെയെല്ലാം ഇരകളായി ജയിലില്‍ ജാമ്യം ലഭിക്കാതെ നരകിക്കുന്നത്? ഇവിടെ എവിടെയാണ് മാധ്യമസ്വാതന്ത്ര്യം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തെ 142-ാം സ്ഥാനത്ത് നിറുത്തിയത് ആരാണ്? ആരാണ് സ്വതന്ത്രമായ അന്വേഷണത്മക മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടത്? അതിന് ഭരണാധികാരിയും മാധ്യമവ്യവസായിയും ഇവരുടെ സൃഷ്ടിയായ നട്ടെല്ലില്ലാത്ത പത്രാധിപരും ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന ജസ്റ്റീസ് രമണയുടെ കോടതിയും ഉത്തരവാദികള്‍ അല്ലേ?

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ മരണത്തിന് മാധ്യമങ്ങളുടെ വ്യവസായവല്‍ക്കരണവും ഭരണാധികാരികളുടെ കരിനിയമങ്ങളും മാത്രമല്ല കാരണങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ ഭരണാധികാരികളുടെയും മാധ്യമവ്യവസായിയുടെയും ചുരുക്കെഴുത്തുകാര്‍ ആയി മാറുന്ന ലജ്ജാകരമായ അവസ്ഥയും ഇതില്‍പ്പെടും. മാധ്യമപ്രവര്‍ത്തകര്‍ കുരയ്ക്കാത്ത നായ്ക്കള്‍ ആണെന്നും കാരണം കുരച്ചാല്‍ വായിലെ എല്ലിന്‍ തുണ്ട് താഴെപോകുമെന്ന ഭയമാണെന്നും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഉജ്ഞാതാക്കളില്‍ ഒരാളായ അരുണ്‍ഷൂറി പറഞ്ഞിട്ടുണ്ട്. ഇത് സാധാരണ റിപ്പോര്‍്ട്ടര്‍മാര്‍ക്കുമാത്രം അല്ല നട്ടെല്ലില്ലാത്ത പത്രാധിപ-•ാര്‍ക്കും ബാധകം ആണ്. പത്രവ്യവസായികള്‍ അവരുടെ കച്ചവടലാഭത്തിനായി ആദ്യം നശിപ്പിച്ചത് പത്രാധിപര്‍  എന്ന മാന്യമായ സ്ഥാനത്തെയാണ്. സ്വതന്ത്രരായ പത്രാധിപര്‍ ഇന്ന് തുലോം വിരളം ആണ്. പത്രവ്യവസായികള്‍ ഭരണാധികാരികളുടെ താളത്തിന് ഒപ്പം തുള്ളുന്നു. പ്ത്രാധിപ-•ാര്‍, മാധ്യമവ്യവസായിയുടെ ഇംഗിതത്തിന് ഒപ്പം വര്‍ത്തിക്കുന്നു. ഇത്രമാത്രം.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് പണത്തിന്റെയും സമയത്തിന്റെയും ആവശ്യകതയുണ്ട്. ഇതിന് പത്രാധിപരും മാധ്യമവ്യവസായിയും തയ്യാറാകണം. സാധാരണഗതിയില്‍ മാധ്യമ വ്യവസായി ഈ ചിത്രത്തില്‍ വരേണ്ടതില്ല. പക്ഷേ, ഈ വക റിപ്പോര്‍ട്ടുകള്‍ ഭരണാധികാരിയെ പിണക്കുമെങ്കില്‍ അതിന് മാധ്യമ വ്യവസായിയുടെയും പത്രാധിപരുടെയും പിന്തുണ ഉണ്ടാവുകയില്ല. ആ സ്റ്റോറി വെളിച്ചം കാണുകയുമില്ല.
എത്രയെത്ര നിര്‍ഭയരായ മാധ്യമപ്രവര്‍ത്തകര്‍ ആണ് കാരാഗൃഹത്തില്‍ നരകയാതന അനുഭവിക്കുന്നത്? സിദ്ദിക്ക് കാപ്പന്‍ ഹാത്തരാസ് കൂട്ടബലാല്‍സംഗക്കേസ് കവര്‍ ചെയ്യുവാന്‍ പോയതാണ്. അദ്ദേഹം ഇന്നും ജയിലില്‍ ആണ്. അദ്ദേഹത്തിന്റെ പേര് അദ്ദേഹത്തിന് വിനയായി. എത്രയെത്ര നിര്‍ഭയരായ മാധ്യമപ്രവര്‍ത്തകരെയാണ് ക്രൂരമായി വധിച്ചത്? ഗൗരിലങ്കേഴും, ഷജായത്ത് ബുക്കാരിയും, നരേന്ദ്രദാബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയും, എം.എം.കാല്‍ബുര്‍ഗിയും ചില ഉദാഹരണങ്ങള്‍ മാത്രം. പെയ്്ഡ് ന്യൂസും, ഇംബെഡഡ് ജേര്‍ണലിസവും ഇന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ മാറ്റി ആ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. കരാര്‍കാല നിയമനങ്ങള്‍ അഥവാ ദിവസക്കൂലി മാധ്യമപ്രവര്‍ത്തനം മാധ്യമ പ്രവര്‍ത്തകരെ അനിശ്ചിതാവസ്ഥയുടെ അസുരക്ഷിതത്വത്തിന്റെയും നിഴലില്‍ നിര്‍ത്തുന്നു. ഭരണാധികാരികളുടെ അഴിമതിയും ജനകീയ പ്രക്ഷോഭണങ്ങളും ഇവര്‍ക്ക് അതിനാല്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് വിഷയം അല്ല. അന്നന്നത്തെ അപ്പം അഥവാ നിലനില്‍പ് മാത്രം പ്രശ്‌നം.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് മുമ്പ് പത്രനോട്ടും, പ്രസ് കോണ്‍ഫ്രന്‍സും, മീറ്റിംങ്ങുകളും ആയിരുന്നു വാര്‍ത്തക്കുള്ള പ്രധാന ശ്രോതസ്. പക്ഷേ, അതിനെയൊക്കെ മാറ്റി മറിച്ച് റിപ്പോര്‍ട്ടര്‍ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് വലിയ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെയാണ്. പെണ്‍വാണിഭം കണ്ടുപിടിക്കുവാന്‍ ഒരു സ്ത്രീയെത്തന്നെ വിലക്ക് വാങ്ങി ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ഓഫീസിലേക്ക് കൊണ്ടുവരുവാനാണ് അരുണ്‍ഷൂറി റിപ്പോര്‍ട്ടറായ അശ്വനിസറീനോട് പറഞ്ഞത്. അയാള്‍ അതു ചെയ്യുകയും ചെയ്തു. അത് പ്രസിദ്ധമായ കമലസ്റ്റോറഇ. ആ സ്‌റ്റോറി ഇങ്ങനെയാണ് സറിന്‍ ആരംഭിച്ചത്. ഇന്നലെ ഞാന്‍ ഒരു സ്ത്രീയെ വിലക്ക് വാങ്ങിച്ചു. 500 രൂപക്ക്. അത് മാധ്യമചരിത്രത്തില്‍ തന്നെ നടുക്കമുണ്ടാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങ് ആയിരുന്നു. അതേ റിപ്പോര്‍ട്ടര്‍ തന്നെ തീഹാര്‍ ജയിലിലെ തടവുകാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ മദ്യപിച്ച് പോലീസിന്റെ പിടിയിലായി അവിടെത്തന്നെ ചെന്നെത്തുകയും പ്രശ്‌നങ്ങള്‍ പഠിച്ച് വലിയ ഒരു ജയില്‍ പരിഷ്‌ക്കരണത്തിന് വഴിയരുക്കുകയും ചെയ്തു. ഇന്ന് പല അന്വേഷണാത്മക റിപ്പോര്‍ട്ടുകളും സ്ഥാപിത താല്‍പര്യക്കാരായ രാഷ്ട്രീയക്കാരുടെ പ്ലാന്‍ുകള്‍ ആണ്. ഇതെല്ലാം ഫെയിക്ക് ന്യൂസിനേക്കാള്‍ ദ്രോഹം ചെയ്യുന്നതും തെറ്റിദധരിപ്പിക്കുന്നതും ആണ്.
ജസ്റ്റീസ് രമണയുടെ വിമര്‍ശനം സമയോചിതം ആണ്. മാധ്യമപ്രവര്‍ത്തകര്‍ ഒരു ആത്മപരിശോധനക്ക് തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജസ്റ്റീസ് രമണ പ്രതിനിധാനം ചെയ്യുന്ന ജുഡീഷറിക്കും ഈ നാലാം തൂണിനെ അല്ലെങ്കില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റിനെ സംരക്ഷിക്കുവാന്‍ പല കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക