Image

പുതുവത്സര സന്ദേശം: മുഖാവരണം അണിഞ്ഞു ഒരു വര്‍ഷം കൂടി (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 01 January, 2022
പുതുവത്സര സന്ദേശം: മുഖാവരണം അണിഞ്ഞു ഒരു വര്‍ഷം കൂടി (സുധീര്‍ പണിക്കവീട്ടില്‍)

പ്രായോഗികമാക്കണമെന്നു യാതൊരു നിര്‍ബന്ധവുമില്ലാത്ത താല്പര്യവുമില്ലാത്ത ദൃഢനിശ്ചയങ്ങളും,  പ്രതിജ്ഞകളും ചെയ്തു ആളുകള്‍ സന്തോഷിക്കുന്ന ഏതാനും മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആഘോഷമാണ് പുതുവത്സരം. അതിനുശേഷം എല്ലാം പഴയപടി. അതെ സൂര്യന്‍, നക്ഷത്രം, ഭൂമി. ബാങ്ക് ബാലന്‍സ് വരെ മാറുന്നില്ല.  ചില വിളംബരങ്ങള്‍ക്കും വീരവാദങ്ങള്‍ക്കും ഒരവസരം എന്ന് മാത്രം ഇതിനെ കരുതാം. എങ്കിലും ലോകം മുഴുവന്‍ ആ ദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വരാന്‍ പോകുന്ന മുന്നൂറ്റിഅറുപത്തഞ്ചേകാല്‍ ദിവസങ്ങള്‍ ഗംഭീരമാകും അല്ലെങ്കില്‍ ആക്കുമെന്ന ഒരു മോഹം മനുഷ്യരില്‍ വെറുതെ നിറയുന്നു.  എന്നാല്‍ വിട പറയുന്ന വര്‍ഷം നമ്മളോട് പറയുന്നത് കാലച്ചക്രത്തിന്റെ ഗതിയനുസരിച്ച് വര്‍ഷങ്ങള്‍ ഇങ്ങനെ മാറിപ്പോകും, മാറ്റങ്ങള്‍ ഉള്‍കൊണ്ട് അത് അനുഗ്രഹപ്രദമാക്കി ജീവിക്കേണ്ടത് മനുഷ്യന്റെ കര്‍ത്തവ്യമാണെന്നാണ്. 
ഗൃഹാതുരത്വം എപ്പോഴും പഴയകാലങ്ങളെ സന്തോഷകരമാക്കി കാണിച്ചുകൊണ്ട് നമ്മളില്‍ ഉണരുന്ന ഒരു വികാരമാണ്. കഴിഞ്ഞുപോയത് നല്ലത് എന്ന ചിന്തയാണ് അതിനു കാരണം. രണ്ടായിരത്തി ഇരുപത്തിയൊന്ന് അത്ര സുഖകരമായിരുന്നില്ലെങ്കിലും അതവസാനിക്കുമ്പോള്‍ ഇനി വരാന്‍ പോകുന്ന കാലത്തെക്കുറിച്ചുള്ള ആശങ്ക ഉണ്ടാകുന്നു. പുരാതന ഹിന്ദുസ്ഥാനില്‍ നിലനിന്നുപോന്ന, ഇപ്പോഴും നിന്നുകൊണ്ട് തന്നെയിരിക്കുന്ന അയിത്തവുമായി ഒരു രോഗം ലോകം മുഴുവനും പടര്‍ന്നുപിടിച്ച് നമ്മളെയെല്ലാം ഭീതിയിലാക്കിയിട്ട് രണ്ടു വര്‍ഷങ്ങള്‍ കടന്നുപോകുന്നു. പണ്ടത്തെ അയിത്തക്കാരെപോലെ 'തൊട്ടുകൂടാത്തവര്‍ തീണ്ടികൂടാത്തവര്‍' അങ്ങനെ വായും മൂക്കും മൂടിക്കെട്ടി നടന്നു മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചു കഴിയുന്നു. മുഖാവരണം അണിഞ്ഞുനടക്കുക ഇപ്പോള്‍ മനുഷ്യര്‍ക്ക് ശീലമായി. ഈ വര്‍ഷം അതഴിച്ചുവയ്ക്കാന്‍ കഴിയുമോ എന്ന മോഹം നമ്മളില്‍ ഉണരുന്നുണ്ട്. വിശ്വവ്യാപകമായ ഈ അയിത്തത്തില്‍ ജാതിയില്ലെന്നുള്ളതാണ് ഒരു വ്യത്യാസം. എല്ലാവരും ഇങ്ങനെ പ്രച്ഛന്നവേഷരായി നടക്കേണ്ടതുണ്ട്. ഇതിനിടയില്‍ പുതുവര്‍ഷങ്ങള്‍ വന്നും പോയുമിരുന്നു. വര്‍ഷങ്ങളുടെ വരവ് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ലെന്നു മനുഷ്യര്‍ മനസിലാക്കുന്നില്ല. ഗുണങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യരുടെ പ്രവര്‍ത്തിയിലാണ്.
ഇപ്പോള്‍ എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ അയിത്തം പാലിക്കേണ്ടിയിരിക്കുന്നു.. ആറടി അകലം പാലിക്കണം.  മരിച്ചാലും കിട്ടുന്നത് ആറടി എന്ന് ഒരു വിശ്വാസമുണ്ടല്ലോ. നമ്പൂതിരിയില്‍ നിന്നും നായര്‍ക്ക് ഏഴടിയും ഈഴവനു പതിന്നാലടിയും അകലം കല്പിച്ചതും അന്നത്തെ അയിത്തമെന്ന കോവിഡ് ആയിരിക്കും. ഒരു പക്ഷെ അയിത്തമെന്നത് രോഗങ്ങള്‍ പകരാതിരിക്കാന്‍ പണ്ടത്തെ മനുഷ്യര്‍ കണ്ടുപിടിച്ച സൂത്രമായിരിക്കാം. ജെയിന്‍ സന്യാസിമാര്‍ മുഖാവരണം എപ്പോഴും ഉപയോഗിക്കുന്നു. അതിനു കാരണമായി അവര്‍ പറയുന്നത് സൂക്ഷ്മജീവികള്‍ നമ്മുടെ ശ്വാസനിശ്വാസം മൂലം മരിക്കാതിരിക്കാനെന്നാണ്. നമ്മുടെ കണ്ണുകള്‍ക്ക് അഗോചരമായ അത്തരം ജീവികളോടുള്ള ദയയാണ് ഈ മതക്കാര്‍ പ്രകടിപ്പിക്കുന്നത്. അഹിംസാ പരമോധര്‍മ്മ. മുഖാവരണം ഉള്ളതുകൊണ്ട് കോവിഡ് അണുക്കള്‍ നമ്മളില്‍ പ്രവേശിക്കാതിരിക്കട്ടെ.
പഴയകാലങ്ങള്‍ നഷ്ടപ്പെടുകയല്ല അവ പുതിയതുമായി കൂടിച്ചേരുകയാണ്. പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് എന്തെങ്കിലും ലഭിക്കാന്‍ എന്തെങ്കിലും നമുക്ക് നഷ്ടപെടണമെന്നാണ്. പുതുവര്‍ഷം മാറി മാറി വരുന്നു. അതുകൊണ്ട് അതിന്റെ വരവില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ആവശ്യമില്ല. അവസരങ്ങളെ പ്രയോജനാത്മകമായി വിനിയോഗിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
auld lang syne (പഴയ നല്ല കാലം) എന്ന് പാടിക്കൊണ്ട് പഴയകാലത്തോട് വിട പറയാം പുതുവര്‍ഷത്തെ എതിരേല്‍ക്കാം.
ശുഭം

Join WhatsApp News
Jaydev 2022-01-01 14:14:54
ഭീകരമായൊരു മഹാമാരിയിലിന്ന് മാനുഷ്യർ പരിഭ്രാന്തരായിരിക്കെ മാറണം മാറ്റണം ദുരാചാരങ്ങളൊക്കവേ.. ജാതിയും മതവും രാഷ്ട്രീയവും മറ്റു പലതുമായി... അഭിനന്ദനംസുധീർജീ പുതുവത്സരാശംസകൾ...
Joseph Abraham 2022-01-01 14:33:51
ഇന്നലെകളെകുറിച്ചുള്ള നഷ്ട്ടബോധവും നാളെയെക്കുറിച്ചുള്ള ആശങ്കൾക്കിടയിൽ ഇന്നിനെ നഷ്ട്ടപ്പെട്ടു പോകുന്ന നമുക്ക് നാളെ നല്ലതു വരും എന്നൊരു ആശ്വാസമാണല്ലോ പുതുവർഷം
G. Puthenkurish 2022-01-01 15:49:34
“All the world’s a stage” BY WILLIAM SHAKESPEARE(from As You Like It, spoken by Jaquez) "All the world’s a stage, And all the men and women merely players; They have their exits and their entrances" ഈ കൊച്ചു ജീവിതത്തിൽ, ഈ തട്ടകത്തിൽ , എന്തെല്ലാം അഭിനയിക്കണം സുധീറേ ? ജീവിതം എന്ന് പറയുന്നത്' Life is a drama full of tragedy and comedy; you should learn to enjoy the comic episodes a little more.” Jeannette's mom in "Glass Castle' എല്ലാവിധ ആശംസകളും എപ്പോഴും .
American Mollakka 2022-01-02 21:33:25
അസ്സലാം അലൈക്കും ! സുധീർ സാഹിബ് ഇങ്ങള് എയ്തയിരിക്കുന്നു നമ്പൂതിരിയിൽ നിന്നും നായർ ഏഴടി അകലം പാലിക്കണമെന്ന്. നായർ സബർണ്ണനല്ലേ? ഓൻ എന്തിനു അകലെ പോയി നിൽക്കണം. ഓന്റെ പെണ്ണുങ്ങളെ നംപൂതിരി സംബന്ധം സെയ്യാറുണ്ട്. ഏഴടി അകലെ നിന്നുകൊണ്ട് ഇതൊക്കെ സാധിക്കുന്നത് , ഓ നമ്പൂതിരിയെ സമ്മതിക്കണം. ഇമ്മടെ പുത്തെന്കുരിശ് സാഹിബ് എയ്തിയപോലെ ഉലകമേ ഒരു നാടകവേദി. ഓരോരുത്തരും ഓരോ അകലം പാലിച്ച് കയ്യ തന്നെ. പക്ഷെ പെണ്ണുങ്ങളുടെ കാര്യം ബരുമ്പോൾ അകലം ബേണ്ട എന്നാകും.
Thuppan Namboothiri 2022-01-03 15:52:28
ഹലോ മൊല്ലാക്ക, നോം ഇപ്പോഴാണ് താങ്കളുടെ കമന്റ് കണ്ടത്. ഞങ്ങൾ നമ്പൂരിമാർക്ക് വിഷയകാര്യങ്ങളിൽ അകലം പ്രശ്നമല്ലെന്നു മനസിലാക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക