Image

സെഞ്ചൂറിയനിൽ തകർത്തു--മണ്ടേല-ടുട്ടു യുഗാന്ത്യത്തിൽ ഇന്ത്യയുടെ  ഹർഷബാഷ്പം (കുര്യൻ പാമ്പാടി)

Published on 01 January, 2022
സെഞ്ചൂറിയനിൽ തകർത്തു--മണ്ടേല-ടുട്ടു യുഗാന്ത്യത്തിൽ ഇന്ത്യയുടെ  ഹർഷബാഷ്പം (കുര്യൻ പാമ്പാടി)

Photo: കേപ് ടൗണിൽ ടുട്ടുവിന്റെ സംസ്കാരം; പങ്കെടുത്ത മലയാളി തോമസ് ചക്കാലയും ഭാര്യ പുഷ്പമ്മയും

സെഞ്ചുറിയൻ സൂപ്പർസ്‌പോർട് പാർക്ക് സ്റ്റേഡിയത്തിൽ  സൗത്താഫ്രിക്കക്കെതിരെ ആദ്യടെസ്റ്റിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയം ആഘോഷിക്കുന്ന തിരക്കിനിടയിലാണ് അവരുടെ ആധ്യാത്മിക നേതാവ്  ആർച്ച്ബിഷപ് ഡെസ്മണ്ട്  ടുട്ടുവിനു ആദരാഞ്ജലി അർപ്പിക്കാൻ ഒരുമ്പെടുന്നത്. പത്തുവർഷം മുമ്പ് മണ്ഡേലയുടെയും ഇപ്പോൾ ടുട്ടുവിന്റെയും മരണത്തോടെ സൗത്താഫ്രിക്കയുടെ ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുകയാണ്.

ബ്രസീലിൽ ടുട്ടുവിനോടൊപ്പം  ഡോ. പോൾ മണലിൽ

ഈസ്റാഫ്രിക്കയിൽ പര്യടനം നടത്തി, ലൂസാക്കയിൽ ഉണ്ടായിരുന്ന അനുജൻ മാത്യൂസും ഭാര്യ ഉഷയുമൊത്ത് സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലെ കറമ്പന്മാരുമായി ഇടപഴകി, ടാൻസാനിയ, കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ അവരുടെ ആതിഥ്യം സ്വീകരിച്ച് എന്നിവയാണ് എനിക്ക് അതിനുള്ള യോഗ്യത. മറ്റനേകം പേരെപ്പോലെ അനുജനും ഭാര്യയും  മക്കൾ മനോയും മഞ്ജുവും പിന്നീട് സിഡ്‌നിയിലേക്കു കുടിയേറി.    

ലോക ക്രിക്കറ്റിൽ മികച്ചു നിൽക്കുന്നവരാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഐസിസി ടെസ്റ്റ് റാങ്കിൽ ഇന്ത്യയാണ് ഒന്നാമത്. ന്യൂസീലൻഡ്, ആസ്‌ട്രേലിയ കഴിഞ്ഞു ആറാം സ്ഥാനത്ത് സൗത്ത് ആഫ്രിക്ക. വൺഡേ ഇന്റർ ഷനലിൽ ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ഇന്ത്യ മുന്നിട്ടു നിൽക്കുന്നു. ടി 20യിൽ ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസ്‌സിലാൻഡ്, സൗത്ത് ആഫ്രിക്ക മുന്നിൽ.  

കറുത്തവരെ തീണ്ടിക്കൂടാ എന്ന് പ്രഖ്യാപിച്ചു അപ്പാർതീഡ് ഭരണകൂടം ഇരുപത്തേഴുവർഷം നെൽസൺ മണ്ടേലയെ കാരാഗൃഹത്തിൽ അടച്ച കാലത്ത് അദ്ദേഹത്തിന്റെ വിമോചനത്തിനും വർണ രഹിത ഭരണത്തിനും വേണ്ടി ലോകമനസാക്ഷി ഉണർത്താൻ ജീവിതം ഉഴിഞ്ഞു വച്ച മഹാത്മാവായിരുന്നു  ആംഗ്ലിക്കൻ സഭാ ആസ്ഥാനമായ കേപ് ടൗണിൽ അന്തരിച്ച  ടുട്ടു (90). മണ്ടേല മരിക്കുമ്പോൾ 95.  

പീറ്റർ മാരിസ്ബർഗിൽ  ഗാന്ധി ശിൽപ്പത്തോടൊപ്പം മാത്യു പാലമറ്റം, കുസുമം, കുടുംബം

ഏഴഴകുള്ള മഴവിൽ രാഷ്ട്രം  (റെയിൻബോ നേഷൻ) ആണു സൗത്താഫ്രിക്ക എന്ന് പ്രഖ്യാപിച്ച ആർച്ച്ബിഷപ്  ഡെസ് മന്ഡ്   ടുട്ടുവിനെ  അധികാരമേറ്റയുടൻ മണ്ടേല വർണവിവേചനകാലത്ത് നടന്ന അക്രമങ്ങളെപ്പറ്റി പഠിക്കാനുള്ള ട്രൂത്  ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞതെല്ലാം മറക്കണം എന്നായിരുന്നു മണ്ഡേലയുടെ തത്വശാസ്ത്രം. തന്നെ ജയിലിൽ അടച്ച  എഫ്‌. ഡബ്ലിയൂ' ഡിക്ലാർക്കിനെപ്പോലും  അദ്ദേഹം വൈസ് പ്രസിഡന്റ് ആക്കി.

സൗത്താഫ്രിക്കയിൽ രണ്ടര ശതമാനം പേർ--15 ലക്ഷം പേർ--ഇന്ത്യാക്കാരാണ്.മണ്ടേല മന്ത്രിസഭയിൽ പല ഇൻഡ്യാക്കാരും പങ്കാളികൾ ആയി. എഎൻസിയുടെ ട്രേഡ് യൂണിയൻ നേതാവ് ജെയ്  നായിഡു (67)  അവരിൽ ഒരാൾ. പൂനയിൽ വേരുകൾ ഉള്ള  പാഴ്സി ഫ്രനി നോഷിർ ഗിൻവാല  സ്പീക്കറായി.  ഓക്സ്ഫോർഡിൽ നിന്ന് ഡോക്ട്രേറ് ഉള്ള ഫ്രനി (89 ) 2005ൽ ക്വസലു നാറ്റാൽ യുണിവേഴ്സിറ്റിയുടെ ചാൻസലർ ആയി.    

വാണിജ്യ തലസ്ഥാനമായ ജൊഹനാസ്ബർഗിൽ നിന്ന് 1398 കിമീ തെക്കു ആഫിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്താണ് ആഗ്ലിക്കൻ ചർച്ചിന്റെ ആസ്ഥാനമായ കേപ്‌ടൗൺ. അവിടെ സെന്റ്  ജോർജ് കത്തീഡ്രലിൽ (ആംഗ്ലിക്കൻ സഭയുടെ ലോക ആസ്ഥാനമായ ബ്രിട്ടന്റെ പേട്രൺ സെയിന്റ് ആണ് സെന്റ് ജോർജ്. അരുവിത്തുറയിലും എടത്വയിലും ഗീവർഗീസ് പുണ്യവാളൻ ഉണ്ട്) ദർശനത്തിനു വച്ച ടുട്ടുവിന്റെ ഭൗതിക ദേഹം മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ സന്ദർശിച്ചു. ശനിയാഴ്‌ച ഔദ്യോഗിക  ബഹുമതികളോടെ കബറടക്കി. പ്രസിഡന്റ് സിറിൽ രാമഫോസ ആദ്യന്തം പങ്കെടുത്തു.

ജീവിതകാലം മുഴുവൻ സമരവീര്യം കാത്തുസൂക്ഷിച്ച ടുട്ടുവിന്റെ ആഗ്രഹപ്രകാരം ലളിതമായിരുന്നു സംസ്കാരം.  പോളിഷ്‌  ചെയ്യാത്ത വെറും പലക കൊണ്ടുള്ള പെട്ടി. അതിൽ പുഷാർച്ചനയോ പൂവിതറലോ ഉണ്ടായിരുന്നില്ലെന്നു ആർച്ചുബിഷപ്പുമായി ദീഘകാലത്തെ ഊഷ്മള ബന്ധം ഉണ്ടായിരുന്ന  തോമസ് ചക്കാല കേപ് ടൗണിൽ നിന്ന് അറിയിച്ചു. ഭാര്യ പുഷ്പമ്മയും മകൾ ഡോ. എയ്ഞ്ചലീനുമൊത്തു ടുട്ടുവിനെ സന്ദർശിച്ച സന്ദർഭങ്ങൾ  അവർ ഓർമയിൽ സൂക്ഷിക്കുന്നു.


 പിആർ. അനുവദിക്കണമെന്ന നിവേദനം മാത്യു പാലമറ്റം മണ്ടേലക്ക് നൽകിയപ്പോൾ.  

മണ്ടേലക്കും ടുട്ടുവിനും ഒരുപോലെ പ്രിയങ്കരനായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഇംഗ്ലണ്ടിൽ പഠിച്ചു ബാരിസ്റ്റർ ആയശേഷം പ്രാക്ടീസ് തുടങ്ങിയത് സൗത്ത് ആഫ്രിക്കയിലാണ്.  സമാധാനപരമായ സഹന സമരം ആയിരുന്നു ഗാന്ധിജിയുടെ ആയുധം. ഒരുപാടു കാലം സഹന സമരവുമായി മുന്നോട്ടു നീങ്ങിയിട്ടും മർദ്ദന ഭരണത്തിന് അയവു വന്നില്ല. സമരം രക്തരൂഷിതമായി.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 44 രാജ്യങ്ങളിൽ ഏറ്റവും സമ്പൽ സമൃദ്ധം തെക്കേ അറ്റത്ത് കിടക്കുന്ന സൗത്ത് ആഫ്രിക്കയാണ്.  സ്വർണവും പ്ലാറ്റിനവും ഇരുമ്പും കൽക്കരിയും ധാരാളമുള്ള ഭൂമി. കേരളത്തിലേറെ 31 ഇരട്ടി വലിപ്പം, ഏകദേശം ഇരട്ടി--6  കോടി--ജനം.  തണുത്ത കാലാവസ്ഥ. 23 വിമാനത്തവാളങ്ങൾ, 58  ഫുടബോൾ സ്റ്റേഡിയങ്ങൾ. 60  ക്രിക്കറ്റ് ഗ്രൗണ്ടുകൾ. 2010ൽ ഫിഫ വേൾഡ്‌ കപ് വിജയകരമായി നടത്തി.  

 തോമസ് ചക്കാല, പുഷ്പമ്മ, മകൾ ഏഞ്ജലീന ട്യൂട്ടുവുമൊത്ത്

സ്വാതന്ത്ര്യ സമരകാലത്ത്  കറുത്തവരുടെ കോളനികളിൽ പഠിപ്പിക്കാൻ പോയ മലയാളികളിൽ ചിലരെങ്കിലും "വൈറ്റ് ഒൺലി" (വെള്ളക്കാർക്കു മാത്രം) എന്ന ബോർഡുകൾ കണ്ടിട്ടുണ്ടാവും. റെസ്റ്റോറന്റുകളിലും ബീച്ചുകളിലുംട്രെയിനുകളിലുംകറുത്തവരെയുംഇൻഡ്യാക്കാരുൾപ്പെടെയുള്ള ഇരുനിറക്കാരെയും  ഭരണകൂടം അകറ്റി നിറുത്തി. ഗാന്ധിജിക്കും ആ അനുഭവം ഉണ്ടായി.

ഗാന്ധിജി 1983 ജൂൺ 7നു  ജൊഹാനസ്ബർഗിനിൽ നിന്ന് ഡർബനിലേക്കുള്ള നാറ്റാൽ ഗവർമെന്റ് വക ട്രെയിനിൽ ഒന്നാം ക്‌ളാസ്‌  കമ്പാർട്മെന്റിൽ യാത്രചെയ്യുകയായിരുന്നു. രാത്രിയിൽ വെള്ളക്കാരനായ ടിക്കറ്റ് പരിശോധകൻ  എത്തി. വെള്ളക്കാരനല്ലാത്ത ഒരാൾക്ക് ഒന്നാംക്‌ളാസിൽ കയറാൻ പാടില്ലെന്ന് ഉദ്യോഗസ്ഥൻ ശഠിച്ചു. മൂന്നാം ക്‌ളാസിലേക്കു മാറണം. എതിർത്തപ്പോൾ അവർ അദ്ദേഹത്തെ പ്ലാറ്റഫോമിലേക്കു തള്ളിയിട്ടു.

കറമ്പർക്ക് തീണ്ടലും തൊടീലും കൽപ്പിച്ച ബോർഡുകൾ

വർണ വിവേചനത്തിനെതിരായ ഗന്ധിജിയുടെ സഹന സമരം അന്ന് അവിടെയാണ് ആരംഭിക്കുന്നത്. ഒരുനൂറ്റാണ്ടിനു ശേഷം സ്ഥിതികൾ ആളാകെ മാറി. കറുത്തവരുടെ ഭരണം വന്നു. മാരിസ്ബർഗിലെ  പ്ലാറ്റ് ഫോമിൽ  അദ്ദേഹത്തിന് സ്മാരകശില ഉണ്ടായി. തെരുവിൽ അദ്ദേഹത്തിന്റെ പിച്ചളയിലുള്ള ആജാനുബാഹുവായ ശില്പവും സ്ഥാപിക്കപ്പെട്ടു.

മണ്ടേല പ്രസിഡണ്ട് ആയതിനു ശേഷം  ആദ്യം നടന്ന ഔദ്യോഗിക ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്. ആർച്ച്ബിഷപ് ടുട്ടുവും ചടങ്ങിൽ പങ്കെടുത്തു. "ഇന്ത്യ സൗത്ത് ആഫ്രിക്കക്കും  സൗത്താഫ്രിക്ക ഇന്ത്യക്കും നൽകിയ മഹത്തായ സംഭാവനയാണ് ഗാന്ധിജി} എന്ന് മണ്ടേല  പ്രഖ്യാപിച്ചു.ഗാന്ധിജിയിലൂടെ  പരസ് പരം ബന്ധിതരായ സമാധാന പ്രേമികളാണ് മണ്ടേല, ടുട്ടു, മദർ തെരേസ, ദലൈ ലാമ. നാലുപേർക്കും സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു. മദർ തെരേസ 1979, ടുട്ടു 1984, ദലൈ ലാമ  1989,, മണ്ടേല 1993.

ഒരു നൂറ്റാണ്ടിനു ശേഷം സൗത്താഫ്രിക്കയിലെ  ഒന്നേമുക്കാൽ നൂറ്റാണ്ടിന്റെ ച രിത്രമുള്ള 'ദി വിറ്റ്‌നസ്  എന്ന ഇംഗ്ലീഷ് ഡെയ്‌ലിയുടെ  പത്രാധിപ സമിതിയിൽ കോട്ടയംകാരനായ ഏബ്രഹാം ജോർജ് കല്ലൂർ സേവനം ചെയ്യുന്നു എന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്ന് കരുതണം. ആഫ്രിക്കയിലെ ആദ്യത്തെ പത്രമാണ്. മനോരമ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യയേക്കാൾ മുമ്പേ തുടങ്ങിയ പത്രം.
 
ഈസ്റ്റേൺ കേപ്പിലെ മൗണ്ട് ഫ്രേയിൽ പഠിപ്പിച്ചിരുന്ന എന്റെ സഹോദരി ലളിതയുടെയും ഭർത്താവ്  കാഞ്ഞിരപള്ളിയിലെ ജോർജ് കല്ലൂരിന്റെയും മകനാണ് എബ്രഹാം.  മദ്രാസ് ക്രിസ്ത്യൻ കോളജിൽ കൂടെപ്പഠിച്ച നിസിനും മാരിസ്ബർഗിൽ  ജോലി. എബ്രഹാമിന്റെ സഹോദരി ഡോ. പ്രീതി ജോർജ്  മാരിസ്ബർഗിൽ ഗൈനക്കോളജിസ്റ് ആയിരുന്നു. ഓസ്ടേലിയയിലേക്ക് കുടിയേറി. അഡലൈഡിൽ.  ലളിതയും ഭർത്താവും  മടങ്ങിപ്പോന്നു.

ഫാ. ഫിലിപ്  മങ്ങാട്ട്, മാത്യു-ടോമി പാലമറ്റം സഹോദരങ്ങൾ ക്രൂഗർ പാർക്കിൽ

ആർച്ബിഷപ്പിനെ  ബ്രസീലിലെ പോർട്ടോ  അലിഗെയിൽ വച്ച് അടുത്ത് പരിചയപെട്ടു ഒന്നിച്ചു കഴിഞ്ഞ ആളാണ് മലയാള മനോരമയുടെ മുൻ അസിസ്റ്റന്റ് എഡിറ്റർ ഡോ. പോൾ  മണലിൽ.  2006ൽ  സഭകളുടെ ലോകകൗൺസിൽ ജനറൽ അസംബ്ലിയായിരുന്നു അവസരം.

"ചെറുപ്പത്തിൽ എന്നെ പഠിപ്പിക്കാൻ വേണ്ടി എന്റെ അമ്മ വെള്ളക്കാരുടെ ഭവനങ്ങളിൽ പണിക്കു പോകുമായിരുന്നു. ചിരിച്ചു കൊണ്ട് ദാരിദ്ര്യത്തെ നേരിട്ട അമ്മയിൽ നിന്ന് ഞാൻ പാഠങ്ങൾ പഠിച്ചു.. ചിരി കൊണ്ടു ഞാൻ ലോകത്തെ നേരിടുന്നു. ചിരിച്ചുകൊണ്ട് ഞാൻ ശത്രുക്കളെ നിർവീര്യരാക്കുന്നു. തികച്ചും ഗാന്ധിയൻ രീതീയിൽ," ടുട്ടു പോളിനോട് പറഞ്ഞു.

പാലായിൽ നിന്നു ദൈവ ശാസ്ത്രം പഠിക്കാൻ റോമിൽ പോയി ബ്രിട്ടനിലെ ലിങ്കൺഷെയറിൽ ആംഗ്ലിക്കൻ സഭാ വൈദികനായി സേവനം ചെയ്യുന്ന റവ. ഡോ. സെബാസ്റ്റിയൻ മറ്റപ്പള്ളിയും അതേവികാരം എന്നോട് പങ്കു വച്ചു. "ക്രിസ്തുവിന്റെ പരിത്യാഗമമാണ് ടുട്ടുവിനെ ചലിപ്പിച്ചത്. ആ സഹനം ഗാന്ധിജിയും മാതൃകയാക്കി. ആളുകളിൽ ചിരി പടർത്തിക്കൊണ്ടു അദ്ദേഹം രാഷ്ട്രീയപ്രതിയോഗികളെ നേരിട്ടു," ഡോ  മറ്റപ്പള്ളി പറഞ്ഞു.

ടുട്ടുവിനെപ്പോലെ  തികഞ്ഞ എക്യൂമെനിസ്‌റ് ആണ് മറ്റപ്പള്ളി. ഇറ്റലിയിൽ പരിചയപെട്ട അലിഡയെ അദ്ദേഹം വിവാഹം ചെയ്‌തു.

ജോബർഗിൽ നിന്ന് 490 കിമീ തെക്കു ചരിത്രം ഉറങ്ങിക്കിടക്കുന്ന പീറ്റർമാരിസ്ബർഗിലേക്കു നടത്തിയ തീർത്ഥാടനം ഒരിക്കലും മറക്കാനാവാത്ത  അനുഭവമായിരുന്നുവെന്നു ഇന്ത്യൻ  അസോസിയേഷൻ സെക്രട്ടറി ആയിരുന്ന കോട്ടയം ഗാന്ധിനഗർ സ്വദേശി മാത്യു പാലമറ്റം പറയുന്നു.  ഭാര്യ കുസുമവും മക്കൾ റോബിനും റോജറും ഒപ്പമുണ്ടായിരുന്നു.

കാൺപൂരിൽ നിന്ന് ഇംഗ്ലീഷ് മാസ്റ്റേഴ്‌സുമായി എത്തി എത്തി   നൈജീരിയ, കെനിയ എന്നിവിടങ്ങളിൽ പഠിപ്പിച്ച ശേഷമാണ് മാത്യു സൗത്താഫ്രിക്കയിലെ ഉംറ്റാറ്റായിൽ എത്തുന്നത്. കറുത്തവരെ കോളനികളാക്കി പാർപ്പിച്ചിരുന്ന  ഈസ്റ്റേൺ കേപ്പിന്റെ തലസ്ഥാനമാണ് ഉംറ്റാറ്റ.  നാടിനു പഴയ പേർക്ക് ട്രാൻസ്‌കി. ഇന്ത്യൻ മഹാ സമുദ്രത്തോട്‌ ചേർന്ന് കിടക്കുന്ന ഡർബനിൽ നിന്ന് 433 കി മീ തെക്കു മലകളുടെ നടുവിൽ.  

മാത്യുവും മറൈൻ ബയോളജി എംഎസികാരിയായ കുസുമവും റിട്ടയർ ചെയ്യുന്നതു വരെ അവിടെ പഠിപ്പിച്ചു. മക്കളെ അവിടത്തെ വാൾട്ടർ സുസുലു യൂണിവേഴ്സിറ്റിയിൽ ചേർത്തു. റോബിൻ ഡോക്ടറായി ഗവ, സർവീസിൽ. നാട്ടുകാരി ഡോ.മാറിയാണ്  ഭാര്യ രണ്ടാമത്തെ മകൻ റോജർ എൻജിനീയറാണ്. ഭാര്യ അനിതയും എൻജിനീയർ.

പന്ത്രണ്ടു മക്കളുള്ള കുടുംബത്തിലെ അംഗമാണ് മാത്യു.  ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ കേരള സമാജം  പ്രസിഡന്റ് ആയിരുന്ന   ജോസ് പാലമറ്റമാണ് വിദേശത്ത് പോയ ആദ്യ സഹോദരൻ. മാത്യുവിനോടൊപ്പം സഹോദരൻ ജോര്ജും സൗത്താഫ്രിക്കയിൽ എത്തി. ജോസിന്റെ മകൻ രെഞ്ജിയും സഹോദരൻ സ്‌കറിയയുടെ മകൻ മിഥുനും എത്തി. ഇരുവരും എഞ്ചിനീയർമാർ.

ഇന്ത്യക്കാർക്ക് സൗത്താഫ്രിക്കയിൽ സ്ഥിരമായി താമസിക്കാനുള്ള പെര്മിറ്റ്  (പിആർ) നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ടു പ്രസിഡണ്ട് മണ്ടേലക്കു നിവേദനം നൽകിയതും മാത്യു ഓർമ്മിപ്പിച്ചു. മലയാളി അസോസിയേഷന്റെ പ്രസിഡന്റും ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയും ആയിരുന്നു മാത്യു. അഭ്യര്ഥനക്ക്  ഫലമുണ്ടായി.

 ഭരണരംഗത്തെ ഭാരതീയർ--സ്പീക്കർ  ഡോ. ഫ്രനെ ഗിൻവാല. മന്ത്രി ജെയ് നായിഡു

ആദ്യകാലത്ത് ഇന്ത്യൻ പാസ് പോർട്ടിൽ സൗത്താഫ്രിക്കയിൽ പ്രവേശനം തന്നെ ഉണ്ടായിരുന്നില്ല. ഈസ്റേൺ കേപ് മുതലായ കോളനികളിലേക്കു വിസ കിട്ടും. ഒട്ടേറെ കഴിഞ്ഞു അവിടങ്ങളിൽ നിന്ന് വെള്ളക്കാരുടെ മേഖലകളിൽ പോകാൻ  പ്രത്യേകം പാസ് നൽകിത്തുടങ്ങി. ഒടുവിൽ ബെർലിൻ വാൾ പോലെ എല്ലാ മതിലുകളും ഇടിഞ്ഞു.  

സ്വാതന്ത്ര്യം കിട്ടിയതോടെ വന്ന മാറ്റം അദ്ഭുതകരമായിരുന്നു.  സ്വാതന്ത്ര്യ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസിലെ പ്രമുഖരായ പല  ഇൻഡ്യാക്കാരും മന്ത്രിമാരായി. സ്പീക്കർ പോലും ഭാരത വംശജ. ഇപ്പോൾ ജോലിയുള്ള ഏതു ഇന്ത്യക്കാരനും  സ്ഥിരമായി താമസിക്കാം. ഭൂമിയും വീടും സ്വന്തമാകാം. മക്കൾക്ക് ജോലി നേടാം.

മാത്യുവും ജോര്ജും റിട്ടയർ ചെയ്ത ശേഷം ജൊഹാനസ് ബർഗിന്റെ പ്രാന്തത്തിൽ വീടുകൾ  വാങ്ങി താമസം ഉറപ്പിച്ചു.  ജൊബർഗിൽ നിന്ന് 30  കിമീ. അകലെ ബലോണി എന്ന മുനിസിപ്പൽ മേഖലയിൽ. വിശാലമായ പുൽത്തകിടിയും നീന്തൽകുളവും ഉള്ള വീട്. വിരിചൊരുക്കിയ ഓഫീസ് മുറി.

ചങ്ങാത്തം--മോദിയും പ്രസിഡണ്ട് സിറിൽ രാമഫോസയും

ജോർജ് പാലമറ്റവും റിട്ടയർമെന്റ് ആഘോഷിക്കുന്നു. ഭാര്യ ഫിലോമിനയും ഉംറ്റാറ്റായിൽ കൂടെ പഠിപ്പിച്ചു. എംഎസി സുവോളജിയാണ് ഫില്ലി. അവർക്കും രണ്ടു ആൺമക്കൾ. ജെറിയും ഭാര്യ ഫിയോണയും  ഡോക്ടർമാർ. ജെഫ്രി എൻജിനീയർ, ഭാര്യ ദിവ്യ ഒപ്‌റ്റോമെട്രിസ്റ്.

പെട്രോളിനും ഡീസലിലും കേരളത്തിലെ വില തന്നെ. ലിറ്ററിൻറിന് 20 റാൻഡ്. ഒരു റാൻഡ് അഞ്ചു രൂപ. മുപ്പതു കി മീ അകലെ മാക്രോ, പിക്എൻപേ, ചെക്കേഴ്സ്  തുടങ്ങിയ സൂപ്പർമാർക്കറ്റുകളും ഈസ്റ് റാൻഡ്, ഈസ്റ് ഗേറ്റ്, മാൾ ഓഫ് ആഫ്രിക്ക തുടങ്ങിയ മാളുകളും 30  കി മീ. ഉള്ളിൽ ഉണ്ട്. വൈകുന്നേരങ്ങളിൽ മലയാളി സുഹുത്തുക്കളുമായി നടക്കാൻ പോകും.   തിരികെ നാട്ടിലേക്കു വരുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. മക്കളും അവരുടെ മക്കളും അവിടെയാണല്ലോ!

സൗത്താഫ്രിക്കയിൽ ആകെക്കൂടി പതിനായിരത്തിൽ താഴെ മലയാളികൾ ഉണ്ടാവുമെന്നാണ് ഏകദേശ കണക്കു, പ്രധാന നഗരങ്ങളിൽ എല്ലാം മലയാളികൂട്ടായ്‍മകൾ ഉണ്ട്. ഡോക്ടർമാരും നഴ്‌സുമാരും എൻജിനീയർമാരും അദ്ധ്യാപകരും കംപ്യൂട്ടർ വിദഗ്ദ്ധരും എല്ലാം ഉണ്ട്. അടുത്തകാലത്ത് ധാരാളം മലയാളി നഴ്‌സുമാരെ കണ്ടുമുട്ടാറുണ്ട്. മലയാളികൾ നടത്തുന്ന റസ്റ്റോറന്റുകൾ ധർറാളം ഉണ്ട്. ഒരു ദോശ ഹട്ട് , മറ്റൊന്ന് തവ. ഒരു മസാലദോശക്കു 50 മുതൽ 100 വരെ റാൻഡ് (2500--5000  രൂപ) വിലയാകും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക