Image

ഏമാന്‍ എന്നും ഏമാന്‍തന്നെ (ചിതറിയ ചിന്തകള്‍ സാം നിലമ്പള്ളില്‍)

Published on 02 January, 2022
ഏമാന്‍ എന്നും ഏമാന്‍തന്നെ (ചിതറിയ ചിന്തകള്‍ സാം നിലമ്പള്ളില്‍)

കേരളത്തിലെ പോലീസിനെപറ്റി രസകരവും അതേസമയം ജനം ഭയത്തോടുകൂടി പറഞ്ഞിരുന്നതുമായ ചില കഥകളുണ്ട്. പലരും കേട്ടിട്ടുള്ളതാണെങ്കിലും ഓര്‍മ്മപുതുക്കാന്‍വേണ്ടി ഒരിക്കല്‍കൂടി കേള്‍ക്കാന്‍ തയ്യാറാകണം. വാദിക്കും പ്രതിക്കും പോലീസ്റ്റേഷനില്‍ ചെന്നാല്‍ അടി ഉറപ്പായിരുന്ന ഒരുകാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരാതിയുമായി സ്റ്റേഷനില്‍പോകാന്‍ സാധാരണക്കാര്‍ ഭയപ്പെട്ടിരുന്നു. പോലീസുകാരനെ ഏമാന്‍ എന്നുവേണ്ടിയിരുന്നു സംബോധന ചെയ്യാന്‍. സാറെ എന്നുവിളിച്ചാല്‍ നിന്നെ ഏതുപള്ളിക്കൂടത്തിലാടാ ഞാന്‍ പഠിപ്പിച്ചിട്ടുള്ളത് എന്നുചോദിച്ചയിരിക്കും അടിവരുന്നത്. വലതുകാലുവച്ച് കയറിച്ചെന്നാല്‍ നീയിവിടെ പൊറുക്കാന്‍ വന്നതാണോടാ എന്നും ഇടതുകാല്‍ ചവിട്ടിക്കയറിയാല്‍ നീയിവിടെ മുടിക്കാന്‍ വന്നതാണോ എന്നൊക്കെയാണ് ചോദ്യം. അടി പിന്നാലെവരുമെന്ന് ഉറപ്പുള്ളതുകൊണ്ട് നാട്ടിലെ ഏതെങ്കിലും ഡൂക്കിലിരാഷ്ട്രീയക്കാരനെ കൂട്ടിയായിരിക്കും സാധാരണക്കാര്‍ പോലീസ് സ്റ്റേഷനില്‍ പോയിരുന്നത്. ഇന്നും തല്‍സ്ഥിതിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നുവേണം ചിലഏമാന്മാരുടെ പെരുമാറ്റംകണ്ടാല്‍ തോന്നുക.


ഇപ്പോള്‍ ജനത്തിന്റെ കയ്യില്‍ ഫോട്ടോയെടുക്കാനുള്ള ഫോണ്‍ ഉള്ളതുകൊണ്ട് ഏമാന്മാരുടെ പൊതുജനസേവനം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍കൂടി പ്രചരിപ്പിക്കുന്നത് നമുക്ക് കാണാം.. അത്തരത്തിലുള്ള ഒരുസംഭവം ആറ്റിങ്ങല്‍ എന്നസ്ഥലത്ത് ഒരു ഏമാനത്തിയുടെ പെരുമാറ്റംകണ്ട് സായൂജ്യമടയാന്‍ സാധിച്ചു. .തന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുള്ള ഒരുകുട്ടിയെയും അവളുടെ അഛനെയുംപബ്‌ളിക്ക്‌റോഡില്‍വച്ച് പോലീസുകാരി ചോദ്യംചെയ്യുന്നരംഗം ഒരുവിരുതന്‍ ചിത്രീകരിച്ച് സോഷ്ല്‍മീഡിയയില്‍ ഇട്ടത് കേരളംകണ്ടു. അവസാനം മോഷ്ടിക്കപ്പെട്ടെന്ന് പറയുന്ന ഫോണ്‍ ഏമാനത്തിയുടെ ബാഗില്‍നിന്ന് വീണ്ടെടുക്കയുണ്ടായി. തെറ്റായി മോഷണം ആരോപിക്കപ്പെട്ട കുട്ടിയോട് ക്ഷമചോദിച്ചില്ലെങ്കിലും മാന്യമായി സംസാരിച്ച് അവളെ ആശ്വസിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നം വഷളാകത്തില്ലായിരുന്നു. 'പോട്ടെ മോളെ, ആന്റിക്ക് ഒരുതെറ്റുപറ്റിയതാ'  എന്നുപറഞ്ഞ് അടുത്തകടയില്‍നിന്ന് അന്‍പതുപൈസയുടെ ഒരുമിഠായി വാങ്ങിക്കൊടുക്കാനുള്ള മര്യാദപോലും ഏമാനത്തിക്ക് ഇല്ലാതെപോയി. മാസ്‌കുവെച്ച് മുഖംമറച്ചിട്ടുണ്ടെങ്കിലും അവരുടെ കണ്ണുകളില്‍നിന്നറിയാം അവളൊരു അഹങ്കാരിയാണെന്ന്. അവസാനം ഹൈക്കോടതിയില്‍നിന്ന് കണ്ണീര്‍പൊഴിച്ചുകൊണ്ട് നിലവിളിച്ചു പറഞ്ഞു 'എന്നെ ശിക്ഷിക്കരുതേ, ഞാന്‍ നാലുകുഞ്ഞുങ്ങളുടെ അമ്മയാണ്.' ഈ അമ്മക്കാണോ എട്ടുവയസുള്ള കുട്ടിയോട് ക്രൂരതകാണിക്കാന്‍ തോന്നിയത്.


ഇക്കഴിഞ്ഞദിവസം കോവളത്ത് കുറെ ഏമാന്മാര്‍ ഒരുവിദേശടൂറിസ്റ്റിനോട് മോശമായി പെരുമാറിയതും മറ്റൊരുവിരുതന്‍ ക്യാമറയില്‍ പകര്‍ത്തിയതും ഞമ്മളുകണ്ടു. പ്രസ്തുത വിദേശി ന്യൂഇയര്‍ ആഘോഷിക്കാന്‍വേണ്ടി ബീവറേജ് കോര്‍പ്പറേഷനില്‍നിന്ന് മൂന്നുകുപ്പി മദ്യംവാങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോള്‍ ഏമാന്മാര്‍ അദ്ദേഹത്തെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യല്‍ ആരംഭിച്ചു. കുതിരവട്ടം പപ്പു ചോദിച്ചതുപോലെ 'ബില്ലെവിടെയെടേ?' എന്നായി ഏമാന്‍. ബല്ല് താന്‍ വാങ്ങിയല്ലെന്ന്ി വിദേശി. എന്നാല്‍ കുപ്പികള്‍ അവിടെ വച്ചിട്ട്‌പൊക്കോ എന്ന് ഏമാന്‍. തെറ്റുപറയരുതല്ലോ ഏമാന് അല്‍പസ്വല്‍പം ഇംളീഷ് പറയാനറിയാവുന്നതുകൊണ്ട് സംഭാഷണം സുഗമമായി. കുപ്പികള്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഏറിയാനാണ് ഏമാന്‍ പറഞ്ഞത്. തങ്ങള്‍ പിന്നീടുവന്ന് അതെടുത്ത് സേവിച്ചുകൊള്ളാം എന്നൊരു ധ്വനികൂടി അതിലുണ്ടായിരുന്നിരിക്കണം. എന്നാല്‍ വിദേശി കുപ്പികളിലെ മദ്യം റോഡില്‍ തൂകിക്കളയുകയാണ് ഉണ്ടായത്. മേല്‍പറഞ്ഞ വിരുതന്‍ ഫോട്ടോയെടുക്കുന്നത് കണ്ടപ്പോള്‍ ഏമാന്മാര്‍ പാരൂഷ്യഭാവംവെടിഞ്ഞ് മര്യദരാമന്മാരായി. തിരികെപ്പോയി ബില്ലുമായിവന്നാല്‍ ബാക്കിവന്ന മദ്യവുമായി പോകാന്‍ അനുവദിക്കമെന്ന് വിനീതവിധേയന്‍. വിദേശിക്ക് പ്രകൃതിസ്‌നേഹമുള്ളതുകൊണ്ട് കാലിയായ പ്‌ളാസ്റ്റിക്ക്കുപ്പി വലിച്ചെറിഞ്ഞില്ല. അത് തന്റെ ബാഗിലാക്കി കൊണ്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്. പ്‌ളാസ്റ്റ്കുപ്പികളും ബാഗുകളും വലിച്ചെറിയുന്ന പ്രബുദ്ധരായ മലയാളികള്‍ക്ക് ഒരു ട്യൂഷന്‍കൂടി എടുത്തിട്ടാണ് അദ്ദേഹം പോയത്.
വിദേശ ടൂറിസ്റ്റകളെ ആകര്‍ഷിക്കാന്‍ കേരളത്തെപറ്റി ദൈവത്തിന്റെ നാടെന്നും അതിഥിദേവോ ഭവ എന്നൊക്കെ കൊട്ടിഘോഷിക്കുമ്പോള്‍ പോലീസ് ഏമാന്മാര്‍ അവരെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നത് ടൂറിസംമന്ത്രി റിയാസിനെ കോപിഷ്ടനാക്കി. മുഖ്യമന്ത്രിക്കും പോലീസുകാരുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല. ടൂറിസംകൊണ്ടാണ് കേരളത്തിന് കഞ്ഞികുടിക്കാനുള്ള നക്കാപ്പിച്ച കിട്ടുന്നത്. വിദേശിയെ വിരട്ടിയ ഏമാനിപ്പോള്‍ സസ്‌പെന്‍ഷനിലാണെന്നാണ് കേള്‍ക്കന്നത്.
ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചിട്ടുപോയ ബ്യറോക്രാറ്റിക്ക് സംസ്‌കാരമാണ് കേരളത്തിലെ പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്. പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യഗസ്ഥന്മാരെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ സ്ഥിതി മാറ്റിയെടുക്കാവുന്നതാണ്. പക്ഷേ, ജനാധിപത്യത്തില്‍ അതിനുള്ള സാധ്യതയില്ലല്ലോ. 


നിയമം എങ്ങനെ നടപ്പിലാക്കണമെന്ന് ഇംഗ്‌ളീഷ് എഴുത്തുകാരന്‍ എ. ജി. ഗാര്‍ഡിനര്‍ (A.G. Gardiner) തന്റെയൊരു കൃതിയില്‍ വിവരിക്കുന്നുണ്ട്. All About A Dog  എന്ന ലേഖനം കേരളയൂണിവേര്‍സിറ്റിയിലെ ഡിഗ്രിക്‌ളാസ്സില്‍ പഠിക്കാനുണ്ടായിരുന്നു. ഞനത് പഠിപ്പിച്ചിട്ടുമുണ്ട്. ഗാര്‍ഡിനര്‍ ഒരുരാത്രിയില്‍ സിറ്റിബസ്സില്‍ ലണ്ടനിലൂടെ യാത്രചെയ്യുകയായിരുന്നു. ബസ്സ് ആറൂട്ടിലെ അവസാനത്തേതായിരുന്നു. അധികം യാത്രക്കാരൊന്നുംമില്ലാത്ത ബസ്സില്‍ ഇടക്കുവച്ച് ഒരുയുവതി തന്റെ പട്ടിയുമായി കയറി. സീലിന്റെ തോലുകൊണ്ടുള്ള ഉടുപ്പ്ധരിച്ച സ്ത്രീയെ സീല്‍സ്‌കിന്‍ ലേഡി(Sealskin lady) എന്നാണ് ഗാര്‍ഡിനര്‍ പരാമര്‍ശ്ശിക്കുന്നത്. പട്ടിയെ ബസ്സില്‍കണ്ട കണ്ടക്ട്ടര്‍ സ്ത്രീയോട് ബസ്സില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീല്‍സ്‌കിന്‍ ലേഡി വഴങ്ങാന്‍ കൂട്ടാക്കിയില്ല. കണ്ടക്ട്ടര്‍ ബെല്ലടിച്ച് ബസ്സ്‌നിറുത്തി. ഈസ്ത്രീ ഇറങ്ങാതെ ബസ്സ് പോകില്ല എന്ന് അയാള്‍ വിളംബരം ചെയ്തു  രണ്ടുപേരും വാശിപിടിച്ചതിന്റെ ഫലമായി യാത്രക്കാരെല്ലാം ദുരിതത്തിലായി. അവസാനം സ്ത്രീ ബസ്സില്‍നിന്ന് ഇറങ്ങി മറ്റൊരു വണ്ടിയില്‍ യാത്ര ചെയ്തു. ഗാര്‍ഡിനര്‍ ആയിരുന്നു അതിലെ അവസാനത്തെ യാത്രക്കാരന്‍. കണ്ടക്ട്ടര്‍ തന്റെഭാഗം ന്യായീകരിക്കാനായി താന്‍ നിയമം പാലിക്കയാണ് ചെയ്തതെന്ന് അദ്ദേഹത്തോട്  പറഞ്ഞു .മൃഗങ്ങളെ യാത്രക്കാര്‍ സഞ്ചിക്കുന്ന വണ്ടിയില്‍ കൊണ്ടുപോകാന്‍ നയമം അനുവദിക്കുന്നില്ല. 
അന്നേരമാണ് ഗാര്‍ഡിനര്‍ക്ക് സംസാരിക്കാനുള്ള അവസരം കിട്ടിയത്. അദ്ദേഹം പറഞ്ഞു. നിയമം ജനങ്ങളുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്, അസൗകര്യം സൃഷ്ട്ടിക്കാനുള്ളതല്ല. നിയമം നിങ്ങളുടെ കയ്യില്‍ തന്നിരിക്കുന്ന ചാട്ടവാറല്ല. ഈ ചാട്ടാവാറുപയോഗിച്ച്  നിങ്ങള്‍ ആ പാവം സ്ത്രീയെ അടിക്കയാണ് ഉണ്ടായത്. രാത്രിയില്‍ ഒരുസ്ത്രീയെ റോഡില്‍ ഇറക്കിവിട്ടതുകൊണ്ട് നിങ്ങള്‍ നിയമം പാലിക്കയല്ല ലംഘിക്കയാണ് ചെയ്തത്. താന്‍ പറഞ്ഞത് കണ്ടക്ട്ടര്‍ക്ക് മനസിലായെന്നുള്ള വിശ്വാസത്തോടെ ഗാര്‍ഡിനര്‍ തന്റെ സ്റ്റോപ്പില്‍ ഇറങ്ങി.


കേരള പോലീസിനെ ട്രെയിന്‍ചെയ്യുമ്പള്‍ ഗാര്‍ഡിനറുടെ ലേഖനംകൂടി പഠിപ്പിക്കേണ്ടതാണ്.


samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക