Image

ധാർമ്മിക അപചയങ്ങളുടെ കൊടുങ്കാറ്റുകൾ ഇരമ്പുന്നു.......? (ജയൻ വർഗീസ്

Published on 02 January, 2022
ധാർമ്മിക അപചയങ്ങളുടെ കൊടുങ്കാറ്റുകൾ ഇരമ്പുന്നു.......? (ജയൻ വർഗീസ്

“ മാമലകൾക്കപ്പുറത്ത് 
മരതകപ്പട്ടുടുത്തു 
മലയാളമെന്നൊരു നാടുണ്ട്! “ 

മകരക്കുളിരും, മാംപൂമണവും നിറഞ്ഞുനിന്ന്, മണ്ണിൽ നിന്ന് ശുദ്ധജലവും, മനസ്സിൽ നിന്ന് ശുദ്ധസ്നേഹവുംകിനിഞ്ഞിരുന്ന നമ്മുടെ നാട്; പടിഞ്ഞാറൻ  ബൗദ്ധിക അധിനിവേശത്തിന്റെ അമൂർത്ത നുകത്തിനടിയിൽ സ്വന്തംകഴുത്തുകൾ പിണച്ചുകൊടുത്ത ഭരണവർഗ്ഗ വഞ്ചകന്മാരുടെയും, സാംസ്കാരിക ഷണ്ഡൻമ്മാരുടെയും കഴിഞ്ഞകാലങ്ങളിലെ പ്രവർത്തന ഫലമായി, സാമൂഹ്യ വളർച്ചയുടെ കൂമ്പുകൾ അടഞ്ഞ്, ധാർമ്മിക- സാംസ്കാരികതലങ്ങളിൽ നപുംസക വേഷം കെട്ടിയാടുന്ന മൂന്ന് കോടിയിലധികം വരുന്ന ആൾക്കൂട്ടങ്ങളുടെ നാടായിരിക്കുന്നുഇന്ന് കേരളം !

സാമൂഹ്യാവസ്ഥയുടെ സ്വച്ഛശീതളിമയിന്മേൽ ഇരമ്പുന്ന ഈ കൊടുങ്കാറ്റുകളെ ആരും കാണുന്നില്ല. കണ്ടവർതന്നെ കണ്ടതായി നടിക്കുന്നില്ലാ. കണ്ടതായി നടിച്ചുപോയാൽ, വാടക ഗുണ്ടകളുടെ കൊലക്കത്തികളിൽ കഴുത്ത്ചേർത്തു കൊടുക്കുവാനുള്ള മടികൊണ്ട് ആരും പ്രതികരിക്കുന്നില്ല. ഇനി, പ്രതികരിക്കുന്നവരെകീഴ്പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ പല രൂപത്തിലും, ഭാവത്തിലും തേടിയെത്തുമ്പോൾ, കൊലക്കത്തി മുതൽകോഴപ്പണം വരെയുള്ള ഓഫറുകളിൽ നിന്ന് കോഴപ്പണം തന്നെ പോക്കറ്റുകളിലൊതുക്കി പലരും മുങ്ങുന്നു!

ധാർമ്മിക അപചയങ്ങളുടെ ആധുനിക നാമമായ ' അടിപൊളി ' യുടെ ആമ്മേൻ പാടലുകാരായിഅധഃപതിച്ചുകൊണ്ട്, മത- രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലെ മഹാരഥന്മാർ സ്വയം ഷണ്ഡത്വം ഏറ്റുവാങ്ങിതൽസ്ഥാനങ്ങളിൽ വിലസുകയാണ്.

ജനങ്ങൾക്ക് നേരിട്ട് മദ്യം വിൽക്കുന്ന ലോകത്തിലെ ഒരേയൊരു ഗവർമെന്റാണ് കേരളത്തിലേത്. ആളോഹരികള്ളുകുടിയിൽ ലോക റെക്കോർഡ് സ്ഥാപിച്ചെടുത്ത വീരന്മാരുടെ നാടാണ് കേരളം? ഈ കള്ളും, വെള്ളിത്തിര- സ്വർണ്ണത്തിര സെക്സ്ബോംബുകളുടെ തള്ളും കൂടിയാവുമ്പോൾ, ആഴ്‌വാരി തംപ്രാക്കൾ മുതൽ അടിമപ്പുലയൻവരെ പീഠനക്കേസുകളിൽ കുടുങ്ങി മുഖത്ത്  മുണ്ടിട്ട് ചൂളി നിൽക്കുന്നു!

അദ്ധ്വാനിക്കുവാൻ ആർക്കും താൽപ്പര്യമില്ല. പാടത്തും, പറമ്പിലും പണിയെടുക്കുന്നവനെ ജനംപുച്ഛിക്കുകയാണ്.എല്ലാവർക്കും വേണ്ടത് വൈറ്റ് കോളർ ഉദ്യോഗമാണ്. അത് സാധിക്കാത്തവർ സ്വയം വൈറ്റ്കോളർ അണിഞ്ഞു എളുപ്പത്തിൽ 'ബ്രോക്കർ' ആവുകയാണ്. സമൂഹത്തിൽ ഇറങ്ങുന്ന പണത്തിന്റെ പത്തിൽഒന്നെങ്കിലും ഈ ബ്രോക്കർമാരുടെ പോക്കറ്റിൽ വീഴുന്നു. പെണ്ണുകെട്ടു മുതൽ പേറടിയന്തിരം വരെബ്രോക്കർമാരുടെ നിയന്ത്രണത്തിൽ നടക്കുന്നു. രാഷ്ട്രീയത്തോടും, മതത്തോടും, സാംസ്കാരിക രംഗത്തോടും ഒട്ടിനിന്നുകൊണ്ടും ചിലർ ബ്രോക്കറേജ് പിരിച്ചെടുക്കുന്നു. ഈ മേഖലകളിൽ പണമെറിഞ്ഞു പണം കൊയ്യുന്നത് മദ്യ- സ്വർണ്ണ മാഫിയകളാണ്. കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും തങ്ങളുടെ സ്റ്റാർബാറുകൾ സ്ഥാപിച്ചുകൊണ്ട്കടന്നുകയറിക്കൊണ്ടിരിക്കുന്നൂ മദ്യലോബികൾ. അവരെ അനുകരിച്ചു കേരളം 

കീഴടക്കുകയാണ് സ്വർണ്ണ മാഫിയകളും.  പഞ്ചായത്തു തല പട്ടണങ്ങളിൽ പോലും ഇന്ന് വൻകിട സ്വർണ്ണവ്യാപാരികളുടെ കൂറ്റൻ ഷോറൂമുകൾ കടന്നു കയറുകയാണ്. കുടുംബ നാഥയുടെ ശവം മറവു ചെയ്യാൻ ഇടംകിട്ടാതെ സ്വന്തം കുടിലിന്റെ അടുക്കള പൊളിച്ചു ശവമടക്കേണ്ടി വരുന്ന സാധുക്കളുടെ കൂടി നാടായകേരളത്തിലാണ് ഇത്തരം സ്വർണ്ണ- മദ്യ മാമാങ്കങ്ങൾ അരങ്ങേറുന്നത്   എന്നറിയുമ്പോളാണ്, സത്യത്തിന്റെ മുഖംഎത്ര വികൃതമാണ് എന്ന് നാം മനസിലാക്കുന്നത്?!

മദ്യമാഫിയകൾ രാഷ്ട്രീയത്തെയും, മതത്തെയും  നിയന്ത്രിക്കുമ്പോൾ, സ്വർണ്ണ മാഫിയകൾ സാംസ്കാരികരംഗത്തെ നിയന്ത്രിക്കുന്നു.പരസ്യങ്ങൾക്ക്  അവർ വലിച്ചെറിയുന്ന കോടികൾക്കായി ചാനലുകൾ അവരുടെകാലുനക്കുകയാണ്. സിനിമാ- സീരിയൽ രംഗങ്ങളിലെ ഖലാഹാരന്മാരും, ഖലാഹാരികളും സ്വർണ്ണ മാഫിയകളുടെവാലാട്ടിപ്പട്ടികളായി തരം താഴുകയാണ്. ‘ അണിഞ്ഞാസ്വദിക്കാനും, 

അവസാനം പണയം വയ്ക്കാനും ‘ കൂട്ടിക്കൊടുപ്പുകാരാവുകയാണ്. അതിലൂടെ അടിപൊളിയുടെ ത്രിശങ്കുസ്വാർഗ്ഗത്തിലെത്തിക്കുകയാണ്....അവസാനം ആത്‌മഹത്യ ചെയ്യിക്കുകയാണ്?

സ്വാമി വിവേകാനന്ദനെക്കൊണ്ട്  ' ഭ്രാന്താലയം' എന്ന് വിളിപ്പിക്കാൻ പാകത്തിന് ഒരിക്കൽഅന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്നു കേരളം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറംഈ അവസ്ഥ പാടേ മാറി. പല അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും നാം പടിയിറക്കി വിട്ടു. ധാർമ്മികവും, മാനവീകവുമായ അടിത്തറയിൽ നാം ഒരു സാമൂഹ്യക്രമം കെട്ടിപ്പൊക്കി. ഈ സാമൂഹ്യ ക്രമത്തിൽപച്ചയണിഞ്ഞു നിന്ന നമ്മുടെ നാടിനെയോർത്തിട്ടാണ്, ' മാമലകൾക്കപ്പുറത്തു മരതകപ്പട്ടുടുത്തു, മലയാളമെന്നൊരു നാടുണ്ട്.' എന്ന് നാം അഭിമാനത്തോടെ മൂളിയിരുന്നത്. ഈ സാമൂഹ്യക്രമംകെട്ടിപ്പൊക്കുന്നതിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, ആദർശ ധീരരായ സാംസ്കാരിക പ്രവർത്തകരും വഹിച്ചവലിയ പങ്ക്‌ ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്! 

ഇന്ന് ഞെട്ടലോടെ നാം തിരിച്ചറിയുകയാണ്, ഇതെല്ലാം തിരിച്ചൊഴുകുകയാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരുസമൂഹത്തെ ആർക്കും, ഒന്നിനും അടിമകളാക്കാനാവില്ലാ എന്ന തിരിച്ചറിവിൽ, മദ്യ- സ്വർണ്ണ മാഫിയകൾതന്നെയാവണം ഈ തിരിച്ചൊഴുകലിനുപിന്നിൽ പ്രവർത്തിക്കുന്നത്. അന്ധവിശ്വാസപരവും, അബദ്ധജടിലവുമായയക്ഷിക്കഥകളിൽ പോലും  ക്രൈസ്തവ തത്വദർശനം കുത്തിത്തിരുകി, പവിത്രമായ ക്രൈസ്തവ ദർശനത്തെ വരെആക്ഷേപിക്കുകയാണ് ചാനലുകൾ. കടമറ്റത്തു കത്തനാരും, കള്ളിയങ്കാട്ടു നീലിയും അരങ്ങു നിറഞ്ഞാടുന്നമിനിസ്ക്രീനുകൾക്ക് കിട്ടുന്ന ജനപ്രീതി, തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കേരളീയ സാമൂഹ്യാവസ്ഥയുടെ വൻദുരന്തത്തിലേക്കുള്ള വിരൽ ചൂണ്ടലാണ്. സ്വപ്‌നങ്ങൾ പൂട്ടിയ അശ്വ രഥങ്ങളുടെ കുളമ്പടികളോടെ ലോകംഅടുത്ത നൂറ്റാണ്ടിലേക്കു കുതിക്കുമ്പോൾ, കള്ളിയങ്കാട്ടു നീലിക്ക് ചുണ്ണാമ്പ്  ചുമക്കുന്ന ചണ്ണകോമരങ്ങളായിതരം താഴുകയാണ്  സമ്പൂർണ്ണ സാക്ഷരരായ നമ്മൾ കേരളീയർ?

ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന മിക്ക സീരിയലുകളുടെയും അവസ്ഥ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. അവിഹിത ഗർഭത്തിൽ അധിഷ്ഠിതമായ ഒരു കഥാതന്തുവാണ് മിക്ക സീരിയലുകളും പിന്തുടരുന്നത്. നിത്യ ഗർഭംപേറി കരഞ്ഞു തളരുന്ന  ചുണ്ണാമ്പ്  നായികമാരോടുള്ള സഹതാപത്തിൽ കേരളം കരഞ്ഞുറങ്ങുകയാണ്. അവിഹിത ഗർഭത്തിന്റെ ആളെ കണ്ടെത്തുമ്പോളേക്കും എപ്പിസോഡുകൾ ഇരുനൂറും, മുന്നൂറും പിന്നിട്ടുകഴിയും.ഇടക്കുള്ള കരച്ചിലിനും, പിഴിച്ചിലിനും ഇടക്ക് സ്വർണ്ണ മാഫിയകൾ തങ്ങളുടെ കച്ചവടംപൊടിപൊടിക്കുന്നു. 

അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ പരിണിത പ്രജ്ഞരായ സാംസ്കാരിക പ്രവർത്തകരുടെ മാനസപുത്രികളായി ക്ലാസിക് കലാ രൂപങ്ങൾ പിറന്നു വീണിരുന്ന കേരളത്തിൽ എന്ത് പറ്റി?  ഉന്നത കലാസൃഷ്ടിയായ ' ചെമ്മീൻ' പോലും വിരചിച്ചെടുത്ത കാലഘട്ടം. മലയാള സിനിമക്ക് ഈ പോയ കാല പതിറ്റാണ്ടുകൾക്കിടയിൽ നല്ലചിത്രങ്ങൾ ഉണ്ടായില്ല എന്ന് ഇവിടെ അര്ഥമാക്കുന്നില്ല. എങ്കിലും, ഈ കാലഘട്ടത്തിൽ പിറന്നുവീണതിലധികവും വെറും ചാപിള്ളകളായിരുന്നു. പ്രതികൂലങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള കഴിവും, കരുത്തും മനുഷ്യനേകുന്നതാവണം യഥാർത്ഥ കലയും, സാഹിത്യവും എന്നതിനാൽ തന്നെ, ഇപ്പോൾആത്‌മഹത്യാ മുനമ്പിലേക്കു കുതിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പ്രചോദന കേന്ദ്രം ഈ ചാപിള്ളസിനിമകൾ ആയിരുന്നില്ലേ എന്ന് ന്യായമായും സംശയിക്കണം?

ആദർശങ്ങളെ അപ്പത്തിനുള്ള ഉപാധിയാക്കുകയാണ് രാഷ്ട്രീയക്കാർ. അവരുടെ കാലുനക്കിക്കൊണ്ട്ആനുകൂല്യങ്ങൾ അടിച്ചെടുത്ത് വിശ്വാസത്തെ വോട്ടാക്കി മാറ്റുകയാണ് മതങ്ങൾ. ഒരു വലിയ കൂട്ടംകോമാളികളുടെ കുരങ്ങുകളിയാണ് ഭരണം. കുന്നുകൂടുന്ന പൊതുസ്വത്ത് തന്ത്രപൂർവം എങ്ങിനെ സ്വന്തംപോക്കറ്റിലാക്കാം എന്നുള്ള കാസർത്തു കളി മാത്രമാണ് ഇവരുടെ പ്രകടനങ്ങൾ.

ഒരു മാറ്റം അനിവാര്യമാണ്. എങ്കിലും അതത്ര എളുപ്പമല്ല. അനേകർ അടിപൊളിയുടെ നുകത്തിനടിയിൽ സ്വന്തംകഴുത്തുകൾ പിണച്ചു കഴിഞ്ഞു. അറവു ശാലകളുടെ അരികിലേക്കാണ് തങ്ങൾ ആട്ടിത്തെളിക്കപ്പെടുന്നതെന്ന്ഇവർ പോലുമറിയുന്നില്ല. ഇവരുടെ തിരിച്ചുപോക്ക് യജമാനവർഗ്ഗം തടയുക തന്നെ ചെയ്യും.അതിനുള്ള അവരുടെപുതിയ ആയുധങ്ങൾ തോക്കും, ലാത്തിയും, ബോംബുമല്ല; ബുദ്ധിയാണ്. ബൗദ്ധികമായ അധിനിവേശമാണ്. അതിനുള്ള ഏജൻസികളെ അവർ വിലകൊടുത്ത് വാങ്ങിക്കഴിഞ്ഞു. പത്രങ്ങളും, റേഡിയോയും, ടെലിവിഷനും. ചാനലുകളും. എല്ലാറ്റിനുമുപരി സിനിമയും. ഇവരുടെ കാലുനക്കികളായ മാധ്യമ പ്രഭൃതികളും, പേനയുന്തുകാരും, ഖലാഹാരന്മ്മാരും, ഖലാഹാരികളും അവർക്കു വേണ്ടി കുരക്കുന്നു. ( ഇത് എല്ലാവരെയും കുറിച്ചല്ല ) തങ്ങളുടെനായകർ കുരയ്ക്കുമ്പോൾ പൊതുജനം എങ്ങിനെ മിണ്ടാതിരിക്കും?- അവരും കുരക്കുന്നു! 

ഈ കുര കേരളത്തിൽ സൃഷ്ടിച്ച സാമൂഹ്യ വിപത്തുകൾ വളരെയാണ്. നാടിന്റെ നായകർ മുഖ്യ പ്രതികളാവുന്നസ്ത്രീ പീഠനങ്ങൾ, സ്വയം ദൈവങ്ങൾ ചമഞ്ഞുകൊണ്ട് കോടികൾ കൊയ്‌തു വിലസുന്ന വെറും പച്ച മനുഷ്യർ, പണമെറിഞ്ഞു പണം കൊയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗം, പച്ചിലച്ചാറിൽ കറി പൗഡർ കലർത്തിക്യാപ്‌സൂളുകളാക്കി അത് മഹാ രോഗങ്ങൾക്കുള്ള മരുന്നാണെന്ന് കള്ളപ്പരസ്യത്തിലൂടെ  മാർക്കറ്റ് ചെയ്ത്കോടികൾ കൊള്ളയടിക്കുന്നവർ, ആരെക്കൊന്നും പണമുണ്ടാക്കിയാൽ കരഗതമാവുന്ന ഉയർന്ന സാമൂഹ്യമാന്യത, മൂന്നു വയസുകാരി മുതൽ മുത്തശ്ശി വരെ നേരിടേണ്ടി വരുന്ന ലൈംഗികാക്രമണ ഭീഷണികൾ, വൻ  വാഗ്‌ദാനങ്ങളുടെ വലയിൽ കുടുങ്ങി ശ്വാസം മുട്ടി മരിക്കുന്ന സാധാരണ പൊതുജനം.  സംശയിക്കേണ്ട, കഴിഞ്ഞനൂറ്റാണ്ടു ചവിട്ടിത്താഴ്‌ത്തിയ ഫ്യൂഡലിസം അതിശക്തമായി പുനർജനിച്ചു കഴിഞ്ഞു!

മാറ്റം ഒരു സ്വപ്നമാണ്. മാറ്റത്തിന്റെ ഈ കാറ്റ് വിതക്കാൻ ആർക്ക്‌ കഴിയും എന്നതാണ് സമ കാലീനസാഹചര്യങ്ങളുടെ സമ്പൂർണ്ണ സ്വപ്നം. യജമാന വർഗ്ഗം ചുഴറ്റിയെറിഞ്ഞ ദാരിദ്ര്യരേഖയുടെ മിന്നല്പിണറിന്നടിയിൽവരാനിരിക്കുന്ന മാറ്റത്തിന്റെ രഥചക്ര 'രവ ' കാരങ്ങൾ കാതോർത്ത് കാത്തിരിക്കുകയാണ് ജനകോടികൾ!

ധാർമ്മിക അപചയങ്ങളുടെ പുത്തൻ കൊടുങ്കാറ്റുകൾ ഇരമ്പുന്നു. നാടോടുമ്പോൾ നടുവേ' എന്ന് പറഞ്ഞിരുന്നാൽഈ കാറ്റ് നമ്മളെയും ചുഴറ്റിയെറിയും. ഒറ്റക്ക് നിൽക്കുവാനുള്ള ആത്‌മബലം നാം നേടിയെടുത്തേ തീരൂ. ഒഴുക്കിനെതിരേ നീന്തുവാൻ വലിയ പ്രയാസവുമാണ്. എങ്കിലും നമുക്ക് ശ്രമിക്കാം, കഠിനമായി ശ്രമിക്കാം. വെളിച്ചംകാത്തിരിക്കുന്നുണ്ട്. നാം മനസുവച്ചാൽ നമുക്കും വെളിച്ചം ഏറ്റുവാങ്ങാവുന്നതേയുള്ളു, ആശംസകൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക