Image

സിൽവർ ലൈൻ - ദീർഘവീക്ഷണത്തിന്റെ രജതരേഖ (മുരളി തുമ്മാരുകുടി)

Published on 05 January, 2022
 സിൽവർ ലൈൻ - ദീർഘവീക്ഷണത്തിന്റെ രജതരേഖ (മുരളി തുമ്മാരുകുടി)

2021 ഫെബ്രുവരിയിൽ ഞാൻ നാട്ടിലുണ്ടായിരുന്ന സമയത്ത് കേരള സർക്കാർ പ്ലാൻ ചെയ്യുന്ന കെ റെയിൽ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വേഗതയേറിയ റെയിൽ സംവിധാനം ഉണ്ടാകുന്നതിനെ പൂർണമായും പിന്തുണച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. 

അതി വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ ഉള്ളതാണെന്നും ട്രെയിനിന്റെ വേഗത മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററിലേക്ക് കടക്കുന്ന സാങ്കേതിക വിദ്യകളാണ് നീ നൂറ്റാണ്ടിൽ ലോക രാജ്യങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ട്രെയിനിന്റെ വേഗത ശരാശരി ഇരുന്നൂറ് കിലോമീറ്റർ വരുന്ന സെമി ഹൈ സ്പീഡ് റെയിൽ വേണോ എന്നത് ഒരു തർക്ക വിഷയം പോലും ആകരുതെന്നായിരുന്നു അന്ന് ഞാൻ പറഞ്ഞത്.

കേരളത്തിൽ എവിടെയും വേഗത്തിൽ, പ്ലാൻ ചെയ്ത പോലെ എത്താവുന്ന ഒരു സാഹചര്യം വന്നാൽ അത് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ സമസ്ത തലങ്ങളേയും ഉണർത്തുമെന്നും ഞാൻ പറഞ്ഞു.

ലോകത്തെവിടെയിരുന്നും ജോലി ചെയ്യാനുള്ള സാഹചര്യം കോവിദാനന്തര ലോകം ഉണ്ടാക്കുമ്പോൾ ലോകത്ത് മറ്റിടങ്ങളിൽ ഉള്ളത്പോലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും നല്കാൻ പറ്റുന്ന കേരളത്തിന് ഏറ്റവും മിടുക്കരായ മലയാളികളെ മാത്രമല്ല മനോഹരമായ പ്രകൃതി, കാലാവസ്ഥ, സുരക്ഷ ഇതൊക്കെയുള്ള കേരളത്തിലേക്ക് ആകർഷിക്കാൻ പറ്റുമെന്നും ഞാൻ പറഞ്ഞു.

വർഷത്തിൽ നാലായിരം പേർ റോഡപകടങ്ങളിൽ മരിക്കുന്ന കേരളത്തിൽ റയിൽവേയിലേക്ക്  ആളുകൾ മാറിയാൽ അനിവധി ജീവൻ രക്ഷിക്കാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം നമ്മുടെ തലമുറ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കുന്ന കാലത്ത് കാർബൺ ഫുട്പ്രിന്റ് ഏറ്റവും കുറഞ്ഞ റെയിൽ യാത്ര അനുയോജ്യമാണെന്ന് ഞാൻ പറഞ്ഞു.

വീഡിയോ  ഒന്നാമത്തെ കമന്റിലുണ്ട്.

പിന്നീട് ഏറെ നാൾ അതേപ്പറ്റിയൊന്നും കേട്ടില്ല. കോവിഡ് കാരണം പ്രോജക്ട് വേഗത കുറഞ്ഞുവെന്നോ, പ്രോജക്ടിന് വലിയ എതിരഭിപ്രായമില്ലെന്നോ ഒക്കെ ഞാൻ കരുതി.

 എന്നാൽ കഴിഞ്ഞ ഡിസംബർ മാസം മുതൽ കെ റെയിലിനെതിരെ ഇപ്പോൾ ധാരാളം എതിർപ്പുകൾ വരുന്നുണ്ട്.  ചില ഉദാഹരണങ്ങൾ പറയാം.

ഇത്രയും ചിലവുള്ള ട്രെയിൻ യാത്രക്ക് ആവശ്യത്തിന് യാത്രക്കാർ ഉണ്ടാകുമോ?

റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അറുപതിനായിരം കോടി രൂപക്ക് പ്രോജക്ട് തീരുമോ?

പ്രോജക്ടിന്റെ പരിസ്ഥിതി ആഘാതം എന്താണ് ?

ഈ പ്രോജക്ടിന് ആവശ്യമായ നിർമ്മാണാവസ്തുക്കൾക്ക് വേണ്ടി കേരളത്തിൽ ഇനിയുംക്വാറികൾ ഉണ്ടാക്കേണ്ടി വരില്ലേ ?

ഈ പ്രോജക്ടിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തിയ കമ്പനിക്ക് അക്രെഡിറ്റേഷൻ ഉണ്ടോ ?

 പ്രോജക്ടിന് പണം എങ്ങനെ കണ്ടുപിടിക്കും ?

പ്രോജക്ടിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എങ്ങനെ പരിഹരിക്കും ?

ഇതൊക്കെ വളരെ ന്യായമായ ചോദ്യങ്ങൾ ആണ്

പോരാത്തതിന് പതിവ് പോലുള്ള ചില പ്രസ്താവനകളും വിമർശനങ്ങളും കാണുന്നു. 

ഈ റെയിൽ പോകുന്ന പത്തു  ജില്ലകളിൽ ഇനി  റോഡുകൾ ഉണ്ടാക്കാൻ സാധിക്കില്ല.

ഈ റെയിൽ പാളത്തിന് ഇരുവശവും വൻ മതിലുകളുണ്ടാകും. അത് കേരളത്തെ രണ്ടായി വെട്ടിമുറിക്കും.

റെയിൽ പാളത്തിന് വശങ്ങളിൽ ഉണ്ടാകുന്ന ബണ്ടുകൾ വെള്ളപ്പൊക്കമുണ്ടാക്കും.

പ്രോജക്ട് നടത്തുന്നവരുടെ പ്രധാന ഉദ്ദേശം കമ്മീഷൻ അടിക്കലാണ്.

പ്രോജക്ടിന് വേണ്ടി എടുക്കുന്ന ലോൺ വരും തലമുറകളെ കടക്കെണിയിൽ ആക്കും.

ഇതിന് പകരം റോഡുണ്ടാക്കിയാൽ പോരേ

കാസർഗോഡ് കാൻസർ ആശുപത്രി ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ

എല്ലാ വിമാനത്തവളങ്ങളും ബന്ധിച്ച് ഒരു ഷട്ടിൽ സർവ്വീസ് ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ

എന്നിങ്ങനെ

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ട്. ചിലരെങ്കിലും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു.

കേരളത്തിൽ ജീവിക്കുന്ന മലയാളികൾക്ക് ഒട്ടും പരിചയമില്ലാത്ത പ്രോജക്ടാണിത്. കേരളത്തിൽ പ്രോജക്ടുകൾ നടത്തുന്നതും അതിൽ അഴിമതി ഉണ്ടാകുന്നതും അനന്തമായി നീളുന്നതും ഒക്കെ നാട്ടുകാർ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ  ഈ പറഞ്ഞതിൽ കുറെ കാര്യങ്ങൾ പ്രസക്തവും പരിഗണിക്കപ്പെടേണ്ടതുമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ നേരിട്ട് ആളുകളുടെ ആശങ്ക അകറ്റാനും സംശയങ്ങൾ ദൂരീകരിക്കാനുമായി ജനസന്പർക്കം നടത്തുന്നുണ്ട്. ശരിയായ കാര്യം.

ഈ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ, ഉദാഹരണത്തിന്, ഈ റെയിൽ പാത കടന്നുപോകുന്ന പത്തു ജില്ലകളിൽ ഇനി റോഡുകൾ ഉണ്ടാക്കാനോ വികസിപ്പിക്കാനോ സാധ്യമല്ല, എന്നതിനൊന്നും അടിസ്ഥാനമില്ല. അറിഞ്ഞോ അറിയാതെയോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ പ്രോജക്ടിന്റെ അല്ല, അതിനെ എതിർക്കുന്നവരുടെ ക്രെഡിബിലിറ്റിയാണ് കളയുന്നത്.

ഈ പ്രോജക്ടിനെപ്പറ്റി വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയതിനാൽ ഞാൻ ആ വിഷയം സംസാരിക്കുന്നില്ല. പക്ഷെ ഹൈ സ്പീഡ് റെയിലിനെ പറ്റി വീഡിയോ ചെയ്തപ്പോൾ ഞാൻ ലോകത്തെ ആദ്യത്തെ ഹൈ സ്പീഡ് ട്രെയിനിനെ പറ്റി പറഞ്ഞിരുന്നു.  ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ. അപ്പോൾ ജപ്പാനും കേരളവും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കുമോ എന്ന് പലരും ചോദിച്ചിരുന്നു. ന്യായമായ ചോദ്യമാണ്.

ലോകത്തെ മുൻ നിര സാമ്പത്തിക ശക്തിയായ ജപ്പാൻ, ആളോഹരി വരുമാനം മുപ്പതിനായിരം ഡോളറിലും അധികമുള്ള ജപ്പാൻ, അവരുമായി എങ്ങനെയാണ് നമ്മെ താരതമ്യം ചെയ്യാൻ സാധിക്കുന്നത് ?

ജപ്പാൻ ഹൈ സ്പീഡ് റെയിൽ ഉണ്ടാക്കിയ കാലഘട്ടവും നമ്മൾ സെമി ഹൈ സ്പീഡ് റെയിൽ ഉണ്ടാക്കുന്ന കാലഘട്ടവും മനസ്സിൽ വക്കണം.

 1964 ഒക്ടോബർ ഒന്നിന് അതായത്,  ഒസാക്കയിൽ നിന്നും ടോക്കിയോയിലേക്ക് ആദ്യമായി shinkansen എന്ന് ജപ്പാനിലും ബുള്ളറ്റ് ട്രെയിൻ എന്ന്  ലോകത്തും അറിയപ്പെടുന്ന അതിവേഗ റെയിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്. 57 വർഷങ്ങൾക്ക് മുൻപ്.

ഇത്രയും വലിയ ഒരു പ്രോജക്ട് നടപ്പിലാക്കാൻ ഒരുപാട് സമയമെടുക്കുമല്ലോ. 1959 ലാണ് ബുള്ളറ്റ് ട്രെയിൻ ഓടാനുള്ള പ്രോജക്ടിന്റെ പണി ആരംഭിച്ചത്. അതായത് 62 വർഷങ്ങൾക്ക് മുൻപ്. കേരളത്തിലെ ജനസംഖ്യയുടെ പകുതിയും അന്ന് ജനിച്ചിട്ട് കൂടിയില്ല. 

1959 ൽ പ്രോജക്ട് തുടങ്ങണമെങ്കിൽ അതിന്റെ പ്രോജക്ട് പ്ലാൻ, പണം, സർക്കാർ അനുമതികൾ, എല്ലാം അതിനും മുൻപേ ഉണ്ടായിരിക്കണമല്ലോ. ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ   പകുതിയിലാണ് ഇത്തരത്തിലുള്ള ഡീറ്റൈൽഡ്‌പ്ലാനിങ്ങും സാന്പത്തിക ചർച്ചകളും ഒക്കെ നടക്കുന്നത് എന്നോർക്കണം.

അതിനും കുറച്ചു കൂടി മുൻപാണ് ഈ പ്രോജക്ടിന്റെ ആശയം അവിടുത്തെ റയിൽവേ കമ്പനി ജനങ്ങളുടെ മുന്നിൽ വക്കുന്നത്.

എന്തായിരുന്നു അന്നത്തെ ജപ്പാൻ?

1945 ൽ രണ്ടാം ലോകമഹായുദ്ധത്തിൽ തോറ്റ് ആറ്റം ബോംബുകളാൽ ആക്രമിക്കപ്പെട്ട് ശരീരം കൊണ്ടും മനസ് കൊണ്ടും സാന്പത്തികമായും തകർന്നു നിൽക്കുന്ന ജനത. 

1945 ൽ അമേരിക്കക്ക് കീഴടങ്ങിയതിനു ശേഷം ഏഴു വർഷം അമേരിക്കയുടെ സൈന്യാധിപത്യത്തിലായിരുന്നു ജപ്പാൻ. ഭരണം പോലും സ്വന്തം കയ്യിലല്ല.

എണ്ണ പോലുള്ള പ്രകൃതി വിഭവങ്ങൾ ഇല്ല. മറ്റു നാടുകളുമായി വൻ തോതിൽ ക്രയവിക്രിയങ്ങൾ ഇല്ല. ഇന്ന് ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാൻ അന്ന് ഇന്ത്യക്കും പുറകിലാണ്.

ജപ്പാന്റെ അന്നത്തെ ആളോഹരി വരുമാനം രണ്ടായിരം അമേരിക്കൻ ഡോളറിലും താഴെയാണ്.

എന്തായിരുന്നു അക്കാലത്ത് റയിൽവേയെക്കുറിച്ചുള്ള ലോകത്തിന്റെ ചിന്ത?

ലോകമഹായുദ്ധത്തിനു ശേഷം വൻശക്തിയായി നിറഞ്ഞുനിൽക്കുകയും ജർമനിയിലും ജപ്പാനിലും ഒക്കെ പുനർനിർമാണത്തിന്റെ മാർഗരേഖകൾ ഉണ്ടാകുകയും ചെയ്ത അമേരിക്കയിൽ  റയിൽവേ അന്ന്  വലിയൊരു പ്രാധാന്യമുള്ള ഗതാഗത മാർഗ്ഗമല്ല.

1930 കളിലെ വൻ സാന്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ അമേരിക്ക കണ്ട മാർഗം വൻതോതിൽ റോഡുകളും പാലങ്ങളും നിർമിക്കുക എന്നതായിരുന്നു. ആയിരക്കണക്കിന് കോടി രൂപ ചിലവിട്ട പൊതുപദ്ധതികളുണ്ടായി. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിച്ചു. ഹൈവേ അമേരിക്കൻ സന്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, അതിന്റെ പിൽക്കാല ജീവനാഡിയാകുകയും ചെയ്തു. യുദ്ധാനന്തര ലോകത്ത്  അമേരിക്കയെയാണ് അന്ന് ലോകം മാതൃകയായി  ആയി കാണുന്നത്. അതുകൊണ്ടുതന്നെ ഹൈവേ ഉണ്ടാക്കുക  എന്നതിനായിരുന്നു ജനപിന്തുണ മുഴുവൻ.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ലക്ഷക്കണക്കിന് സൈനികർ വിമാനം പറത്താൻ പഠിച്ചു. നൂറു കണക്കിന് വിമാനത്താവളങ്ങൾ ഉണ്ടായി.  യുദ്ധാവസാനം അവരുടെ സേവനം സൈന്യത്തിന് ആവശ്യമില്ലാതെ വന്നതോടെ ആളുകളെ കയറ്റിയുള്ള വിമാനക്കന്പനികൾ  സാധാരണമായി. ഗതാഗതത്തിൽ റെയിലിനല്ല, പ്ലെയിനിനാണ് ഭാവി എന്ന് മറ്റു രാജ്യങ്ങളിലുള്ളവരെ പോലെ ജപ്പാൻകാരും വിശ്വസിച്ചു. 

ഈ ജപ്പാനിലേക്കാണ് അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത, വൻശക്തിയായ അമേരിക്ക പോലും സ്വപ്നം കാണാത്ത,   ഒരു ഹൈസ്പീഡ് റെയിൽ ഉണ്ടാക്കുക എന്ന സ്വപ്ന പ്രോജക്ടുമായി ജാപ്പനീസ് നാഷണൽ റയിൽവേ മുന്നോട്ട് വരുന്നത്. അതും ലോകബാങ്കിൽ നിന്നൊക്ക ലോൺ എടുക്കാം എന്നുള്ള ആശയത്തോടെ !

 എത്ര എതിർപ്പുകൾ ഉണ്ടായിക്കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളു. യുദ്ധവും അമേരിക്കൻ ആധിപത്യവും കഴിഞ്ഞ ജപ്പാനിലെ നേതൃത്വം അന്നത്തെ സാഹചര്യത്തിനല്ല അതിനും പതിറ്റാണ്ടുകൾക്കിപ്പുറെ ലോകത്തെ വൻശക്തിയായി വീണ്ടും മാറുന്ന ജപ്പാനെയാണ് സ്വപ്നം കണ്ടത്.

ജനങ്ങളുടെ ചിന്തകൾക്കും എതിർപ്പുകൾക്കും അപ്പുറം മറ്റൊരു ജപ്പാൻ സാധ്യമാണെന്ന് അന്ന് ചിന്തിച്ച നേതാക്കളുടെ ജപ്പാനാണ് ഇന്ന് നമ്മൾ കാണുന്നത്.

അന്നത്തെ ജപ്പാനുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്നത്തെ കേരളം എത്ര മുന്നിലാണ്. പതിറ്റാണ്ടുകളായി നമ്മുടെ കാര്യം നമ്മളാണ് തീരുമാനിക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധികൾ ഒഴിച്ചാൽ അതിവേഗം വളരുന്ന സന്പദ്‌വ്യവസ്ഥ, നാലായിരം ഡോളറിന് മുകളിലുള്ള ആളോഹരി വരുമാനം, കോവിദാനന്തര സമ്പദ് വ്യവസ്ഥയിലെ വൻ സാദ്ധ്യതകൾ. പോരാത്തതിന്  നെടുനീളത്തിൽ കിടക്കുന്ന ഭൂപ്രകൃതി ഉള്ളതിനാൽ പല ബ്രാഞ്ചുകൾ ഒന്നും വേണ്ട കേരളത്തിലെ എല്ലാ പ്രദേശത്തും ഉള്ള  ആളുകൾക്കും പ്രയോജനം ചെയ്യുന്ന ഒരു റയിൽവേ സംവിധാനം ഉണ്ടാക്കാൻ.  

എന്നിട്ടും നമുക്ക് എതിർപ്പാണ്. ഇത് അതിസന്പന്നർക്ക് മാത്രം ഉപയോഗിക്കാവുന്ന ഒന്നാണ് എന്നൊക്കെയാണ് ആരോപണങ്ങൾ.

കൊച്ചി എയർപോർട്ടിൽ നിന്ന് രാവിലെ കൽക്കട്ടക്ക് നേരിട്ട് ഒരു വിമാനമുണ്ട്. അതിൽ പോകാനെത്തുന്ന ബഹുഭൂരിപക്ഷവും കേരളത്തിൽ സാധാരണ തൊഴിലെടുക്കുന്ന മറുനാടൻ തൊഴിലാളികളാണ്. എന്തുകൊണ്ടാണ് ഗൾഫിൽ നിന്നും കേരളത്തിലേക്ക് കപ്പൽ സർവീസുകൾ നടത്തിയിട്ട് വിജയിക്കാതെ പോയത് ?. കാരണം എല്ലാവരും അവരുടെ സമയത്തിന് വില കൽപ്പിക്കുന്നു.

തിരുവനന്തപുരത്തു നിന്നും കസർകോഡേക്ക് ട്രെയിനിൽ പതിനഞ്ചു മണിക്കൂർ നഷ്ടപ്പെടുത്താൻ ആർക്കാണ് ആഗ്രഹം? . ഇതൊരു തിരുവനന്തപുരം കാസർകോട് യാത്ര പ്രോജക്ട് അല്ല. കൊല്ലത്തുനിന്നും മലപ്പുറത്തേക്ക് തൃശൂർ നിന്നും കണ്ണൂരിലേക്ക് ഒക്കെ ആളുകൾ വിദ്യാഭ്യാസത്തിനും വിനോദത്തിനും വിവാഹത്തിനും ഒക്കെയായി ഒഴുകും. കണ്ണൂരിൽ നിന്നും ഒരു വിവാഹാലോചന വരുമ്പോൾ "അതൊക്ക ഏറെ ദൂരത്താണ്" എന്നുള്ള നമ്മുടെ ചിന്ത മാറും. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുമ്പോൾ കേരളത്തിൽ എവിടെനിന്നും ഉള്ളവർ രാവിലെ എത്തി വൈകിട്ട് തിരിച്ചുപോകുന്ന തരത്തിൽ കാര്യങ്ങൾ മാറും. നമ്മൾ ഇതുവരെ അറിയാത്ത രീതികൾ, നമ്മൾ ചിന്തിക്കാത്ത രീതിയിൽ ഇത് കേരളത്തെ ഒരുമിപ്പിക്കും. 

ഒസാകയും ടോക്കിയോയും തമ്മിലുള്ള പാതയിൽ ഇപ്പോൾ മണിക്കൂറിൽ പതിനേഴ് ട്രെയിനുകളാണ് ഓടുന്നത്. ഏകദേശം മൂന്നര മിനിറ്റിൽ ഒന്ന് വീതം. ഇതാണ് നാളെ കേരളത്തിലും സംഭവിക്കാൻ പോകുന്നത്.

കേരളം വളരുകയാണ്, നമ്മുടെ സന്പത്തും.

നമ്മുടെയെല്ലാം സമയം കൂടുതൽ വിലപിടിപ്പുള്ളതാകുകയാണ്. ഇന്ന് നമ്മൾ ചിന്തിക്കുന്നതിൽ നിന്നും എത്രയോ മടങ്ങ് ആളുകൾ ആധുനികമായ, സുഖകരമായ, വേഗതയേറിയ റെയിൽ സംവിധാനങ്ങൾ ഉപയോഗിക്കും. 

ഇന്നത്തെ കോവിഡ് കാലത്ത് നിന്ന് ചിന്തിക്കുന്പോൾ അങ്ങനൊരു ഭാവി സ്വപ്നം കാണുക എളുപ്പമല്ല. പക്ഷെ, ചുറ്റുമുള്ളവർ കാണുന്ന പ്രശ്നങ്ങൾക്കും ഏറെ മുകളിൽ നിന്ന് ദീർഘദൂരം കാണാൻ കഴിയുകയും അവിടേക്ക് ആളുകളെ നയിക്കുകയും ചെയ്യുന്നവരെയാണ് നാം നേതാക്കൾ (leaders)  എന്ന് പറയുന്നത്. ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ചുറ്റുമുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നവരെ മാനേജർമാർ എന്നാണ് വിളിക്കുന്നത്. ഇവിടെയാണ് നേതൃത്വം മാനേജ്‌മെന്റിൽ നിന്ന് വ്യത്യസ്തമാകുന്നത്.

ഈ കൊറോണക്കാലത്ത് വരുമാന സ്രോതസുകൾ കുറയുകയും അടയുകയും ചെയ്യുന്ന കാലത്ത് അറുപതിനായിരം കോടി രൂപ, അതും കടമെടുത്ത് ഒരു പ്രൊജക്ടുമായി കടന്നു വരാൻ എല്ലാവർക്കും ധൈര്യമോ ദീർഘ വീക്ഷണമോ ഉണ്ടാവില്ല.   അതാണ് നാം ഇവിടെ കാണുന്നത്.

ഇന്നത്തെ ജപ്പാൻ, ആളോഹരി വരുമാനം മുപ്പതിനായിരം ഡോളർ ഉള്ള ജപ്പാൻ വെറുതെയങ്ങ് ഉണ്ടായതല്ല. ഏറ്റവും മോശപ്പെട്ട സ്ഥിതിയിൽ നിൽക്കുന്പോഴും ലോകത്തിന് മാതൃകയായി കാര്യങ്ങൾ ചെയ്യണമെന്ന് ചിന്തിക്കാനും ആ വെല്ലുവിളികൾ ഏറ്റെടുക്കാനും കഴിവുള്ള നേതൃത്വം ഉണ്ടായത് കൊണ്ട് ഉണ്ടായതാണ്. ജപ്പാൻ സന്പദ്‌വ്യവസ്ഥ നന്നായതുകൊണ്ട് ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് വിജയമായതല്ല, സമ്പദ് വ്യവസ്ഥ നല്ലതല്ലായിരുന്ന കാലത്ത്  ബുള്ളറ്റ് ട്രെയിൻ പോലുള്ള പ്രോജക്ടുകൾ നടപ്പിലാക്കിയത് കൊണ്ട് കൂടിയാണ് ജപ്പാൻ പുനർജനിച്ച് വലിയ സാന്പത്തിക ശക്തിയായി മാറിയത്.

മാറേണ്ടത് "നാം മാറില്ല" എന്നുള്ള ചിന്താഗതിയാണ്. ഏതൊരു പ്രോജക്ടിലേയും പോലെ ഇവിടേയും വെല്ലുവിളികൾ ഉണ്ടാകും. പക്ഷെ അത് നേരിടാനുള്ള കഴിവുള്ള ഒരു ജനതയാണ് നാം എന്ന് വിശ്വസിക്കുകയാണ് വികസനത്തിന് ആദ്യം വേണ്ടത്. 

അമേരിക്കൻ പ്രസിഡന്റായിരുന്ന  ഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത്   "Yes, We Can "

Yes We can !

മുരളി തുമ്മാരുകുടി

Join WhatsApp News
Sudhir Panikkaveetil 2022-01-05 22:39:12
ജപ്പാനിൽ നോക്ക് കൂലിയുണ്ടോ? അവിടെ പൊതുസ്വത്ത് ജനം നശിപ്പിക്കുന്നുണ്ടോ? അവിടെ പണിയുന്ന പാലങ്ങൾ മൂന്നു മാസം മുണ്ടു തകർന്നു വീഴുന്നുണ്ടോ? കൈക്കൂലി രാജാവ് വാളും കൊണ്ട് നടക്കുന്നത് ജനത്തെ ഭയപ്പെടുത്തുന്നു. എതിർപ്പുകൾക്ക് കാരണം അഴിമതി രാജാക്കന്മാരെ തടയാനായിരിക്കും.
Thomas Abraham 2022-01-06 00:03:38
മോൺസെൻ മവൂൻകെലിന്റെ മുൻപിൽ ഓഛാനിച്ചു നിന്ന മുഖ്യന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ അഴിമതി കാണിക്കാൻ അല്ലാതെ.
Vayanakkaran 2022-01-06 01:59:06
തുമ്മാരുകുടിക്കും തലയിൽ മിന്നലേറ്റെന്നു തോന്നുന്നു.
JACOB 2022-01-06 11:39:57
This is a project to get commission for CPM. Kerala terrain will not allow speeds of 160 km/hr. The projected revenue will not be sufficient to pay interest on debt. CPM gets commission now and when the project is completed in 10 years, it will be another government. This will be another project just like Oommen Chandy's Palarivattam over bridge, it becomes somebody else's problem.
JOHN JOB 2022-01-07 22:14:22
I cannot understand the mathematics ? the present distance from Kasaragod to Kochuveli is 570 km. Indian Railway runs trains on present gauge at 180 kmph at some sections Why the same technic can be used on this section 570/180 =3.17. so they can easily run a train within 5 hours from kgd to kcvl duly strengthening the track and coaches. Then why this commotion ?amag no much expenses no damage to properties and a healthy GODS OWN COUNTRY
ജോസഫ്‌ എബ്രഹാം 2022-01-10 20:40:23
തുമ്മാരുകുടി സര്‍ ഒരു ദുരന്ത നിവാരണ വിദഗ്ദനാണു, അതിലെല്ലാം ഉപരി സര്‍ഗധനനായ ഒരു എഴുത്ത് കാരന്‍ കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വരുന്നതിനു മുന്‍പേ തന്നെ വിജ്ഞാന സാഹിത്യവും ജീവിതാനുഭവങ്ങള്‍ ഒക്കെ വളരെ ലളിതമായി എഴുതുകയും എനിക്ക് വളരെയേറെ ആദരവുള്ള വ്യക്തിയുമാണ്. എല്ലാ എഴുത്ത്കാരന്‍, എഞ്ചിനീയര്‍ എന്നീ നിലകളില്‍ നിന്നും അദ്ദേഹം ഒരു സെലിബ്രിറ്റി ആയി വളര്‍ന്നു കഴിഞ്ഞു. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വാസിക്കുകയും ധാരാളം ആളുകള്‍ അദേഹത്തിന്റെ കുറിപ്പുകള്‍ വായിക്കുകയും പത്രങ്ങള്‍ അതെല്ലാം അവരുടെ കോളത്തില്‍ വാര്‍ത്തയായി കൊടുക്കുകയും ചെയ്യ്തുവരുന്നു. അങ്ങിനെ വരവേയാണ് ഉണ്ടോണ്ടിരിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ചില വെളിപാട്‌ ഉണ്ടാകുംപോലെ സകലമാന വിഷയങ്ങളിലും കേറി തലയിടാന്‍ തുടങ്ങി. മറ്റു വിഷയങ്ങള്‍ ഒന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല, കെ റെയില്‍ കാര്യം തന്നെ പറയാം പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്തെങ്കിലും കൊട്ടക്കണക്ക് പറഞ്ഞല്ല പദ്ധതിയെ എതിര്‍ക്കുന്നത്, ഓരോ ഘനയടി പാതയുടെ നിര്‍മ്മാണത്തിനും വേണ്ടി ആവശ്യം വരുന്ന മണ്ണിന്റെയും, കല്ലിന്റെയും കോണ്‍ക്രീറ്റിന്റെയും കണക്കുകള്‍ നിരത്തിയാണ് അവര്‍ എതിര്‍ക്കുന്നത്? പാത നിര്‍മ്മാണത്തിനവശ്യമായ പാറയും മണ്ണും മണലുമൊക്കെ ജപ്പാനില്‍ നിന്നോന്നുമല്ലല്ലോ കൊണ്ടുവരുന്നത് അതിനൊക്കെ നമ്മുടെ പശ്ചിമഘട്ടത്തെ തുരക്കുക തന്നെ വേണം. വിഴിഞ്ഞം പദ്ധതി ഇപ്പോഴും പാതി വഴിയില്‍ നില്‍ക്കുകയാണ് അതിനു കാരണം പാറയുടെ ലഭ്യതക്കുറവാണ്, ആ പദ്ധതി പൂരത്തിയാകരുതെ എന്നാണ് തീരദേശ വാസികള്‍ ആഗ്രഹിക്കുന്നത്. ഇതിനകം തന്നെ അവര്‍ക്ക് അവരുടെ കടപ്പുറവും, മത്സ്യവും വീടുമെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞു, പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ സ്വാഭാവികമായും പലായനം ചെയ്യേണ്ടിവരും, അല്ലെങ്കില്‍ കടല്‍ കേറി മരിക്കും. താങ്കള്‍ ഇക്കര്യങ്ങളിലെ വിദഗ്ദന്‍ ആണല്ലോ വിഴിഞ്ഞം പരിസരവാസികളുടെ ദുരിതം താങ്കള്‍ പഠിച്ചിട്ടുണ്ടോ ? കഴിഞ്ഞ രണ്ടു വെള്ളപ്പോക്കങ്ങളിലും താങ്കളുടെ നിര്‍ദേശങ്ങളെയും അനുഭസമ്പത്തിനെയും കേരളത്തിലെ ജനങ്ങള്‍ വേദവാക്യം പോലെ ചെവിക്കൊണ്ടു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനു പ്രധാനമായ ഒരു കാരണം പ്രകൃതിയുടെമേല്‍ അതിക്രമം കാണിക്കുന്നത് കൊണ്ടാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ ? അതോ കെ റെയില്‍ അനുകൂലികള്‍ പറയുന്നത് പോലെ ആഗോളതാപനം കൊണ്ടു മാത്രമാണ് പ്രകൃതി ദുരന്തം ഉണ്ടാകുന്നതു, ഡല്‍ഹിയില്‍ ഓക്സിജന്‍ ഇല്ലാതെ വരുന്നത് പാറപൊട്ടിച്ചിട്ടാണോ ? ആഗോളതാപനം ഇല്ലാതാക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രെമം തുടങ്ങി അതുകൊണ്ട് നമ്മള്‍ സേഫ് ആണ് എന്നൊക്കെ. താങ്കള്‍ കേരള ജനതയെ ജപ്പാന്‍ ജനതയോട് ഉപമിച്ചതില്‍ ഞാന്‍ യാതൊരു അപാകതയും കാണുന്നില്ലെന്നു മാത്രമല്ല അതിനോട് യോജിക്കുകയും ചെയ്യുന്നു, ശരിയാണ് ബുദ്ധിയിലും ശക്തിയിലും നമ്മള്‍ ഒരു പക്ഷെ ജപ്പാന്‍ ജനതയ്ക്ക് മുന്‍പില്‍ തന്നെയാണ്, എന്നാല്‍ ജപ്പാന്‍ ജനതയുടെ ഏറ്റവും വലിയ ഒരു ഗുണമായ അച്ചടക്കം നമുക്കുണ്ടോ ? ഇന്നും പൊതുമുതല്‍ നശിപ്പിക്കാനും, ജാതിയും മതവും രാഷ്ട്രീയ വൈരവുംപൂണ്ടു ഗോത്രവര്‍ക്കക്കാരെപോലെ പരസപരം വെട്ടുകയും കൊല്ലുകയും അല്ലേ സാര്‍ നമ്മള്‍ ചെയ്യുന്നത്, ജോലി ചെയ്യാന്‍ മടിയും, ജോലി ചെയ്യാതിരിക്കാനുള്ള യൂണിയന്‍ പ്രവര്‍ത്തനവും. ചെയ്യാത്ത ജോലിക്ക് നോക്ക് കൂലി വാങ്ങുകയും, ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥത ഇല്ലാത്തവരുമായ ഈ ജനങ്ങളെക്കൊണ്ട് നമ്മള്‍ എങ്ങിനെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ജപ്പാനോടൊപ്പം ഉയരും? സര്‍ ഞാന്‍ ഒരു കേഴ്വി കേള്‍ക്കട്ടുമാ? താങ്കള്‍ പറഞ്ഞത് താങ്കളുടെ നിരീക്ഷണവും വിശ്വാസവും അതൊക്കെ ഒരു പക്ഷെ ശരി തന്നെ ആയിരിക്കാം, പക്ഷെ സര്‍ താങ്കള്‍ ഒരു എങ്ങിനീയറും ശാസ്ത്രവിശ്വാസിയും ആണല്ലോ? ശാസ്ത്രത്തിനു വേണ്ടത് തെളിവെന്നു താങ്കള്‍ക്കറിയാം, അങ്ങേയ്ക്ക് നമ്മുടെ കെ എസ ആര്‍ ടി സി യുടെ ചുമതല ഏറ്റെടുത്തു അതിനെ ഒരു ജപ്പാന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തികാട്ടാമോ ? അതിനു ഇനി പ്രത്യേക ഭൂമി ഏറ്റെടുക്കാലോ ഒന്നും ആവശ്യമില്ലല്ലോ? താങ്കള്‍ക്ക് കേരള മുഖ്യമന്ത്രിയോദുള്ള അടുപ്പവും അദ്ധേഹത്തിനും കേരള ജനതയ്ക്കും സര്‍ താങ്കളിലുള്ള വിശ്വാസം വച്ച് അതൊക്കെ നടക്കുന്ന കാര്യമേയുള്ളൂ,അങ്ങിനെ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ജപ്പാന്‍റെ തലയെടുപ്പോടെ നിരത്തില്‍ ഓടുമ്പോള്‍ താങ്കള്‍ ആളൊരു ജപ്പാന്‍ ആണെന്ന കാര്യത്തില്‍ ഒരു തരിമ്പും സംശയം ഉണ്ടാകില്ല, പിന്നെ ജപ്പാന്‍ റെയില്‍ താങ്കള്‍ നയിക്കും, ജനം കേരളത്തിനായി അവരുടെ വീടുകള്‍ താനെ ഒഴിഞ്ഞു നല്‍കും, പ്രിയപ്പെട്ട മുരളി സര്‍, താങ്കള്‍ വരൂ കേരളത്തെ നയിക്കൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക