Image

കോവിഡ്  കാലത്ത്  പാവങ്ങളെ മറന്ന്  മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം (ജോർജ് എബ്രഹാം)

Published on 06 January, 2022
കോവിഡ്  കാലത്ത്  പാവങ്ങളെ മറന്ന്  മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം (ജോർജ് എബ്രഹാം)

കോവിഡ്-19 ന്റെയും വകഭേദങ്ങളുടെയും ആക്രമണത്തോട് പൊരുതുന്നതിനിടയിൽ, ലോകത്തിലെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എന്നാൽ, സ്വന്തം ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനുപകരം ഏകപക്ഷീയവും വിചിത്രവുമായ പ്രവർത്തനങ്ങളിലൂടെ അവയെ പെരുപ്പിക്കുകയോ തീവ്രമാക്കുകയോ ചെയ്യുന്ന  നേതൃത്വത്തെ  ഇന്ത്യയിലല്ലാതെ മറ്റെവിടെയും കാണാനാകില്ല. വിദ്യാഭ്യാസം, ജീവകാരുണ്യം, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് സഹായഹസ്തം നീട്ടുന്ന എൻജിഒകളുടെയും   വിവിധ മത സംഘടനകളുടെയും 6000  എഫ്‌സിആർഎ (വിദേശ കറൻസി റെമിറ്റൻസ് ആക്‌ട്) റദ്ദാക്കിക്കൊണ്ട് മോഡി ഭരണകൂടം ചെയ്തത് അതാണ്. മഹാമാരി മൂലമുള്ള ക്ലേശങ്ങൾ കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഇല്ലെന്ന് മനസിലാക്കി  ഇത്തരം  പൗര സംഘടനകൾ  മുന്നിട്ടിറങ്ങി ദരിദ്രർക്കുള്ള   ഭക്ഷണവും മറ്റ് അവശ്യ സഹായങ്ങളും ചെയ്യുന്നതിൽ  നേതാക്കൾ അസ്വസ്ഥരാണ്!

ഈ നടപടിയുടെ ദോഷഫലം അനുഭവിക്കുന്ന സംഘടനകളിൽ ശ്രദ്ധേയമായ ഒന്നാണ് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി. ദരിദ്രരുടെയും  അവശത അനുഭവിക്കുന്നവരുടെയും നിരയിൽ   പട്ടിണി കിടക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകാനും, കാശടയ്ക്കാൻ സാധിക്കാതെ ചികിത്സ നിഷേധിക്കപ്പെട്ട്  മരണാസന്നനായ രോഗിക്ക്  അടിയന്തിര വൈദ്യസഹായം നൽകാനുമുള്ള പണം കൈമാറാനും   പട്ടികയിൽ ഈ  സംഘടനകൾക്ക് കഴിയാതെ വരും. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ചുറ്റുവട്ടത്ത് ബൈബിൾ പകർപ്പുകൾ കണ്ടെത്തിയതാണ്  ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള  കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

1950-ൽ കൽക്കത്തയിലെ തെരുവുകളിൽ ആരംഭിച്ച മാനുഷിക സേവനത്തിന്റെ വിശിഷ്ടവും സുദീർഘവുമായ ചരിത്രസാക്ഷ്യമാണ്  മിഷനറീസ് ഓഫ് ചാരിറ്റീസിനുള്ളത്. അൽബേനിയയിൽ നിന്നെത്തി ഇന്ത്യയെ സ്വന്തം വീടായിക്കണ്ട മദർ തെരേസയെന്ന ക്രിസ്തീയ സന്യാസിനിയുടെ  കീഴിൽ പ്രവർത്തിച്ചതിന്റെ പേരിലാണ്  ഈ സംഘം ലോകമെമ്പാടും ആദരവ് പിടിച്ചുപറ്റിയത്. അഗതികളെ സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചതിന്  സമാധാനത്തിനുള്ള നൊബേൽ  പുരസ്കാരവും മദർ നേടി. ആ മഹതി പകർന്നുനൽകിയ സേവനപരതുടെ പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  സമാനമായ ദൗത്യങ്ങൾ  നിരവധി പേർ പിന്തുടർന്നുപോകുന്നത്.

പ്രസിദ്ധീകൃത്യമായ  പട്ടികയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സംഘടനകൾ ഉൾപ്പെടുന്നുണ്ട്. സംഘടനകളുടെ സുതാര്യതയുടെയും  ഉത്തരവാദിത്തത്തിന്റെയും  ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുമെങ്കിലും, ഏകപക്ഷീയമായ ഈ തീരുമാനത്തിന്റെ ഫലമായി നിസ്സഹായരായ അത്യാവശ്യക്കാർക്കുള്ള   സേവനങ്ങൾപോലും  നിഷേധിക്കപ്പെടുകയും  നിരാലംബർക്കുമുന്നിൽ നന്മയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തേക്കാം.  ക്രിസ്തുമസിന്റെ തലേനാൾ തന്നെ  ഈ ലിസ്റ്റ് പുറത്തിറക്കിയതിലൂടെ, മോദി ഭരണകൂടം ഇന്ത്യയിലെ ക്രിസ്ത്യാനികളെ സാമൂഹിക വികസന രംഗത്ത് പങ്കാളിയായി ഇനി സ്വാഗതം ചെയ്യുന്നില്ല എന്ന  സന്ദേശമാണ്  വ്യക്തമാക്കുന്നത്.

മുഖ്യധാരയിൽ നിന്ന് ക്രിസ്തീയമത വിശ്വാസികളെ വകഞ്ഞുമാറ്റി രാഷ്ട്രനിർമ്മാണത്തിൽ അവർക്കുള്ള സ്വാധീനം കുറയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ അജണ്ട.

ലോകമെമ്പാടുമുള്ള ആളുകൾ  വൈറസിന്റെ വകഭേദങ്ങളുമായി മല്ലടിക്കുമ്പോൾ,  ദുഷ്ട മനസ്സുള്ളവർക്ക്  മാത്രമേ ഇത്തരത്തിലുള്ള ഓർഡിനൻസിനെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ.

ന്യൂനപക്ഷങ്ങളോടുള്ള അധികാരികളുടെ വർദ്ധിച്ചുവരുന്ന വിരോധത്തിന്റെ തുടർച്ചയെന്നോണം , ഈ അവധിക്കാലത്തും  ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ നീണ്ടനിര തന്നെ നാം കണ്ടു. നിലവിലെ നേതൃത്വത്തിന്റെ വാക്കിന്റെയും ചെയ്തികളുടെയും  പിൻബലത്തിൽ  ധൈര്യം കാണിക്കുന്ന തീവ്ര  വലതുപക്ഷ വർഗീയവാദികൾ, കരോൾ സംഘത്തെ തടസ്സപ്പെടുത്തുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്തീയദേവാലയങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖന്റെ  നേതൃത്വത്തിൽ ഒരു സംഘം ആളുകൾചേർന്ന് ഗുഡ്ഗാവിലെ സ്വകാര്യ സ്‌കൂളിൽ അതിക്രമിച്ച് കയറി ക്രിസ്മസ് കാർണിവൽ തടസ്സപ്പെടുത്തുകയും 'ജയ് ശ്രീ റാം, ഭാരത് കീ ജയ്' എന്ന മുദ്രാവാക്യത്തോടൊപ്പം 'ക്രൈസ്തവ വിശ്വാസങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ' സംഘാംഗം ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിച്ചു.

ചരിത്ര പ്രാധാന്യമുള്ളതും  നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ  പഞ്ചാബിലെ ഹോളി റിഡീമർ ചർച്ചിന്റെ പ്രവേശന കവാടത്തിൽ ക്രിസ്തുവിന്റെ ക്രൂശിതരൂപം  നശിപ്പിക്കപ്പെട്ടതാണ് മറ്റൊരു ദാരുണസംഭവം. ഉത്തർപ്രദേശിലെ വാരണാസിയിലെ ചന്ദ്മാരി ജില്ലയിൽ, മാതൃധാം ആശ്രമത്തിന് പുറത്ത് കാവി പതാകയുമായി ഒരു കൂട്ടം വലതുപക്ഷക്കാർ ക്രിസ്മസ് പരിപാടി നടക്കുന്നതിന് മുമ്പെത്തി ആഘോഷങ്ങൾ  തടഞ്ഞു. 20-30 പേരടങ്ങുന്ന സംഘം "ജയ് ശ്രീറാം" എന്നുറക്കെ വിളിച്ച്    പ്രതിഷേധിച്ചതോടൊപ്പം  "ചർച്ച് മുർദാബാദ്" (പള്ളികളുടെ അന്ത്യം), "മതപരിവർത്തനം അവസാനിപ്പിക്കുക" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മുഴക്കി.  

അസമിലെ സിൽചാറിൽ, ക്രിസ്മസ് രാവിന്റെ  ആഘോഷങ്ങൾ ബജ്റംഗ്ദൾ പ്രവർത്തകർ  തടസ്സപ്പെടുത്തി. അന്നേദിവസം  ‘തുളസി ദിവസ്’ കൂടിയായതിനാൽ ക്രിസ്മസ് ആഘോഷം നിർത്തിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടവർ പള്ളിയിൽ അതിക്രമിച്ചുകയറി.

ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ  ക്രിസ്ത്യാനികളെ  ആശങ്കയിലാക്കിക്കൊണ്ട് അവിടത്തെ  നിയമസഭയിൽ  മതപരിവർത്തന വിരുദ്ധ ബിൽ പാസായതിനെ തുടർന്നാണ്  മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള സംഭവങ്ങൾ അരങ്ങേറിയത്.

1967-ൽ ആദ്യത്ത  മതപരിവർത്തന വിരുദ്ധ നിയമം ഒഡീഷയിൽ പാസായതിനെത്തുടർന്ന്  ക്രിസ്ത്യാനികൾക്കെതിരായ ആക്രമണൾ ഉടലെടുക്കുകയും, 2008-ലെ കാണ്ഡമാൽ അക്രമത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. സമാനമായ നിയമമുണ്ടാക്കിയ  മറ്റ് ആറ് സംസ്ഥാനങ്ങളിലും  ക്രിസ്ത്യാനികൾക്കെതിരായ അക്രമം വർധിച്ചു. 

ഭയപ്പെടുത്തുന്നതും മതേതരത്വത്തെക്കുറിച്ചുള്ള സങ്കടകരമായ വ്യാഖ്യാനവുമാണിതെന്നും കർണാടകയിൽ ക്രിസ്ത്യാനികൾക്ക്  ഇതത്ര  നല്ല സമയമല്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്നുമാണ് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. പീറ്റർ മച്ചാഡോ തന്റെ ഹൃദയംഗമമായ വികാരങ്ങളെ  സംഗ്രഹിച്ചത്. 
ആരോപിക്കപ്പെടുന്നതു പോലെ വ്യാപകമായി  മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ, കർണാടകയിലെ ക്രിസ്ത്യൻ ജനസംഖ്യ 2001 ലെ സെൻസസ് പ്രകാരം 1.91%  ആയിരുന്നത് 2011 ലെ കണക്കനുസരിച്ച് 1.87% ആയി കുറഞ്ഞത്  എന്തുകൊണ്ടാണ്?

എന്തുകൊണ്ടാണ് ഇത്തരം  ആക്രമണങ്ങളുടെ എണ്ണം അടുത്തിടെയായി  നാൾക്കുനാൾ പെരുകുന്നത്?ഇന്ത്യയെ  ഹിന്ദു രാഷ്ട്രമാക്കുക എന്നുള്ള  തങ്ങളുടെ ദീർഘകാല സ്വപ്നം  സാക്ഷാത്കരിക്കുന്നതിനായി  ബിജെപി നടത്തിവരുന്ന  ശ്രമങ്ങളിൽ ഒന്നാണിതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വ്യക്തമാകും.

സനാതന ധർമ്മത്തിന്റെ പേരിൽ അടുത്തിടെ ഹരിദ്വാറിൽ നടന്ന ധർമ്മ  സൻസദ്, ആ ഉദ്ദേശം നേടിയെടുക്കാൻ  അവർ ഏതറ്റംവരെയും പോകും എന്ന സൂചനയാണ് നൽകുന്നത്. സൻസദിന്റെ പ്രധാന സംഘാടകരിലൊരാളായ പ്രബോധാനന്ദ ഗിരി, റോഹിങ്ക്യൻ മുസ്‌ലിംകളെ കൊന്നൊടുക്കിയതിനും പുറത്താക്കിയതിനും മ്യാൻമർ ജനതയെ പ്രശംസിക്കുന്നതായും  കേട്ടു. ഇന്ത്യയിലെ ഹിന്ദുക്കൾ ബുദ്ധമതക്കാരെ അനുകരിക്കണമെന്നും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നുമാണ്  സ്വാമിയുടെ ആഗ്രഹം. സ്വാമിയുടെ ചിന്തയെയും കടത്തിവെട്ടുന്ന തരത്തിലാണ് ഒരു സ്ത്രീ സംസാരിച്ചത്. ഓരോ ഹിന്ദുവും  വാളെടുത്ത് മുസ്ലീങ്ങളെ കൊല്ലണമെന്നാണ്  അവരുടെ  ആവശ്യം . ആ ലക്‌ഷ്യം  നിറവേറ്റാനുള്ള തത്രപ്പാടിനിടയിൽ യാദൃച്ഛികമായി പൊലിഞ്ഞുപോകാവുന്ന ജീവൻ എന്ന നിലയ്ക്കാണ്  അവർ ക്രിസ്ത്യാനികളെ കണക്കാക്കുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിലെ ജൂതന്മാർക്ക് സംഭവിച്ചതുമായി ഈ മുറവിളികൾക്ക് ഭീതിദമായ സാമ്യമുണ്ട്. ഒരു സമുദായത്തെ നിശേഷം നശിപ്പിക്കാൻ വേണ്ടി നേരിട്ടിറങ്ങാതെ പരോക്ഷമായാണ് ഹിറ്റ്ലർ പോലും കരുക്കൾ നീക്കിയിരുന്നത്.. എന്നാൽ,  ഇന്ത്യയിലെ മതതീവ്രവാദികൾ അതിനെ വെല്ലുന്ന  ഭീകരമായ ആഹ്വാനങ്ങളുമായാണ്  മുന്നോട്ട് പോകുന്നത്. ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണിപ്പോൾ നിൽക്കുന്നത്. കാതടപ്പിക്കുന്ന മൗനം പാലിച്ചുകൊണ്ട്  നിലവിലെ ഭരണകർത്താക്കൾ, ഈ ദുഷ്ടശക്തികളുടെ ഒച്ചപ്പാടും  വികാരവിസ്ഫോടനങ്ങളും അനുവദിച്ചുകൊടുക്കുകയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

Join WhatsApp News
എന്ന് ദൈവം, ഒപ്പ് 2022-01-06 16:03:53
എല്ലാ ഉടായിപ്പ് വിശ്വാസികൾക്കുമായി "ദൈവം" എഴുതുന്നത് ദേ... പിള്ളാരേ... ഒരു കാര്യം പറഞ്ഞേക്കാം. ചത്ത്‌ കെട്ടിയെടുക്കുമ്പോൾ ഞാൻ ഇങ്ങ് സ്വർഗ്ഗത്തിൽ കള്ള് തരും കഞ്ചാവ് തരും, പെണ്ണ് കെട്ടിച്ചു തരും എന്നൊക്കെ കരുതി ഒറ്റയവനും കഷ്ടപ്പെട്ട് നന്മ ചെയ്യണം എന്നില്ല... നീയൊക്കെ ചെയ്യുന്ന നന്മയും തിന്മയും ഉറക്കമിളച്ച് നോക്കിയിരുന്ന്, ഇവിടെ നിനക്കൊക്കെ സ്റ്റാർ ഫെസിലിറ്റി അറേഞ്ച് ചെയ്യലല്ല എൻറെ പണി... നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിപ്പത്തിൽ ഈ അണ്ഡകടാഹം ഉണ്ടാക്കിയിട്ട്, അതിൻറെ ഒരു കടുകുമണിയോളം പോലുമില്ലാത്ത ഒരു ഉണക്ക ഭൂമിയിലെ ആയിരകണക്കിന് മൃഗവർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ എന്ന നീ, തിന്നുന്നതും കുടിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി, റിയാലിറ്റി ഷോ ജഡ്ജിനെ പോലെ ഇരുന്ന് മാർക്കിടാൻ എൻറെ തലേൽകൂടെ വണ്ടി ഒന്നും ഓടുന്നില്ല... അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ അവൻറെ ഉദ്ദേശം വേറെയാണ്... നിനക്കൊക്കെ ഒക്കുമെങ്കിൽ നല്ലത് ചെയ്താ മതി... നല്ലത് വല്ലതും ചെയ്താൽ അതിന്റെ ഫലം അവിടെ തന്നെ കിട്ടും... അല്ലാതെ ചെയ്തതിൻറെ കണക്കുംകൊണ്ട് കൂലി ചോദിച്ച് ഇങ്ങോട്ട് വന്നേക്കരുത്... മടല് വെട്ടി അടിക്കും ഞാൻ...!! എടാ വിവരംകെട്ടവരേ* എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് സത്യാവസ്ഥ പരിശോധിക്കേണ്ടതാണ്. കുറേ നാൾ മുമ്പു് അമ്പലമുറ്റത്തും പള്ളിയങ്കണത്തും ഭയങ്കര വെടിക്കെട്ടപകടം നടന്നത് എന്റെ കഴിവുകേട് കൊണ്ടാണെന്നും ഞാന്‍ ജനത്തെ രക്ഷിച്ചില്ലെന്നും നിങ്ങളിൽ ചിലർ ആക്രോശിച്ചു കേട്ടു വെടികെട്ട് നടത്താന്‍ ഞാൻ പറഞ്ഞോ ? മത്സരകംബം നടത്താന്‍ പറഞ്ഞോ ? എന്നെ സുഖിപ്പിക്കാൻ ഒരു കോപ്പും നടത്താൻ ഞാൻ പറഞ്ഞിട്ടില്ല ... നിങ്ങള്‍ നിങ്ങടെ ഇഷ്ടത്തിന് എന്റെ പേരും പറഞ്ഞ് ഓരോന്ന് തോന്നുന്ന പോലെ ചെയ്യുന്നു ... നേരെ ചൊവ്വേ ചെയ്യാനറിയാത്തതുകൊണ്ട് ദുരന്തം ഉണ്ടാകുമ്പോൾ കുറ്റം മുഴുവന്‍ എന്റെ തലക്ക് നിങ്ങളേക്കാള്‍ നല്ലവന്‍മാര്‍ അവിശ്വാസികളാണ് ... അവര്‍ എന്നെ പ്രീതിപ്പെടുത്താനായി ഒന്നും ചെയ്യാത്തതുകൊണ്ട് വേണ്ടാതീനത്തിന് ഞാനാണ് ഉത്തരവാദി എന്ന് പറയാറില്ല ഇനി അടുത്ത മുഴുത്ത പണിതരുന്നത് ആനയായിരിക്കും എടാ വിവരംകെട്ടവന്മാരേ... ഈ കൊടും ചൂടത്ത് കാട്ടരുവികളിൽ കിടന്ന് ശരീരം തണുപ്പിക്കേണ്ട ജീവിയെ പിടിച്ച് കൊട്ട വെയിലത്ത് നിർത്തി ... പെരുമ്പറയും ചെണ്ടയും കൊട്ടി വട്ടാക്കിയാൽ അതെല്ലാം കൂടി ഓടി നിന്റെയൊക്കെ നെഞ്ചത്തോട്ട് കേറുമ്പോൾ ഞാനാണോടാ ഉത്തരവാദി? ഞാൻ ആരോടും പറഞ്ഞിട്ടില്ല ആനപ്പുറത്ത് കേറിയിരുന്നു കൊട മാറ്റി കളിക്കാൻ ഇതിനൊക്കെ നിന്റെയൊക്കെ വീട്ടിൽ പറഞ്ഞിട്ട് ഇറങ്ങിക്കോണം നിങ്ങടെ വിചാരം ഞാന്‍ മായാവിയേയും ഡിങ്കനെയും പോലെ പറന്നുവന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു സെറ്റപ്പാണെന്നാണ് എന്നാല്‍ ഞാനങ്ങനല്ല എന്ന് നിങ്ങള്‍ക്ക് ഇതുവരേയും മനസ്സിലായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ സ്നേഹമാണ് വെറും സ്നേഹം... ഒരു മതക്കാരെയും ഒഴിവാക്കാത്ത സ്നേഹം അതായത്, എല്ലാവരോടും എല്ലാത്തിനോടുമുള്ള സ്നേഹം ഓരോ മതക്കാർ എനിക്ക് ഒരുപാട് പേരുകളിട്ടിട്ടുണ്ട്. അതില്‍ ഓരോരോ പേരുകള്‍ പറഞ്ഞ് നിങ്ങള്‍ തോന്ന്യാസങ്ങള്‍ കാണിക്കുന്നൂ വീടില്ലാത്ത മനുഷ്യര്‍ കടതിണ്ണകളില്‍ കിടക്കുബോള്‍ നിങ്ങള്‍ എനിക്കാണെന്നും പറഞ്ഞ് കൊട്ടാരങ്ങള്‍ പണിയുന്നു അയല്‍കാരന്റെ മക്കള്‍ പട്ടിണി കിടക്കുബോള്‍ നീയൊക്കെ എനിക്കാന്നും പറഞ്ഞ് പാലഭിഷേകം നടത്തുന്നു; കുരിശിന്റെ പുറത്ത് എണ്ണയൊഴിക്കുന്നു; പള്ളിയിൽ ചെന്ന് നേർച്ചയിടുന്നു; കാശു കൊടുത്ത് കർബാനയും ഒപ്പീസും പെരുന്നാളുകളും നടത്തുന്നു എന്തിനുവേണ്ടിയാണടാ ഇത്തരം തെണ്ടിത്തരങ്ങള്‍ ? ഞാന്‍ വന്ന് നിന്നേം നിന്റെ കുടുംബത്തേം മാത്രം രക്ഷിക്കുമെന്ന് കരുതിയിട്ടോ.?? എനിക്കതല്ല പണി. നിന്റെ കൈമണിയും സ്ത്രോത്രം പാടലും അല്ലേലൂയയും ഞാൻ ശ്രദ്ധിക്കന്നേയില്ല അതുകൊണ്ട് പരസ്പരം സ്നേഹിച്ച് ഭൂമിയെ സംരക്ഷിച്ച്, പിള്ളേർക്ക് വിവേകം പറഞ്ഞുകൊടുത്ത്, നേരെചൊവ്വേ ജീവിക്കുക ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബുദ്ധിയുപയോഗിച്ച് ജീവിക്കുക ... തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുക... പറ്റുന്നവർക്കെല്ലാം നന്മചെയ്യുക. എന്നു വച്ചാൽ, എല്ലാത്തിനേയും സ്നേഹിക്കുക.. ചിലര്‍ എന്റെ പേരില്‍ പോത്തിനെകൊല്ലും ചിലര്‍ എന്റെ പേരില്‍ പശുവിനെ കൊന്നവനെ കൊല്ലും, ചിലര്‍ എന്റെ പേരില്‍ മനുഷ്യന്റെ കഴുത്തറുക്കും ചിലര്‍ കക്കും, മുക്കും, കട്ടവന്റെയും മുക്കിയവൻറയും ബിസിനസ് നന്നാക്കാൻ അവന്റെ ഊളപ്പത്രവും പരസ്യവും വാങ്ങിക്കൂട്ടും; അവർ പറയുന്നിടത്ത് വോട്ട് ചെയ്യും ... എല്ലായിടത്തും പേര് എന്റെത്..!!! ഇതൊന്നും ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടില്ല..!! ആയതിനാല്‍ മേലില്‍ തോന്ന്യവാസം ചെയ്തിട്ട് എന്റെ പേര് വലിച്ചിഴച്ചാലുണ്ടല്ലോ ... ആ... പറഞ്ഞില്ലാന്ന് വേണ്ടാ.. എന്ന് സ്വന്തം നിങ്ങള്‍ "ദൈവം" എന്ന് വിളിക്കുന്ന ആ "സംഭവം"..!!
PG 2022-01-06 19:35:20
we are Deaivathinde Makkala
I don't believe 2022-01-07 04:43:56
പൊന്നു സാറെ , ഏതു രാജ്യത്തും, ഏതു സമൂഹത്തിലും, ഏതു മതത്തിലും , ഏതു ജാതിയിലും കുറെ വിടു വായത്തരം പറയുന്ന വട്ടന്മാർ കാണും. കൊല്ലണം , കത്തിക്കണം എന്നൊക്കെ വിളിച്ചു കൂവുന്നവന്മാർ . അത്തരക്കാർ പറയുന്ന പുലഭ്യങ്ങളൊക്കെ ക്രോഡീകരിച്ചു , ഇതൊക്കെ , രാജ്യത്തെ പ്രധാന മന്ത്രിയുടെ കുറ്റമാണെന്ന് ലേഖനം എഴുതുന്ന നിലവാരത്തെ ഓർത്തു ലജ്ജ തോന്നുന്നു.
TODAY'S THOUGHTS 2022-01-09 10:38:53
TODAY'S THOUGHTS പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ തടവറകളിൽ നമ്മൾ അടഞ്ഞു കിടക്കാനും ഉപാധികളോടെ പരോളുകളിൽ ഇറങ്ങാനും തുടങ്ങിയിട്ട് വർഷം 3 ആയി. എന്നിട്ട് എന്തുണ്ടായി.. അടിക്കടി gene mutation സംഭവിച്ചു കൊണ്ടിരിക്കുന്ന വൈറസിനോടാണ് നമ്മുടെ യുദ്ധം. അത് അവസാനിക്കുന്നില്ല.. Survival of the fittest ന് വേണ്ടിയുള്ള എലിമിനേഷൻ റൗണ്ടുകൾ തീരുന്നില്ല. ലോക്ക്ഡൗൺ എന്ന് കേൾക്കുമ്പോഴേക്കും മിനിലോറി വിളിച്ചു പോയി ഒരു വർഷത്തേക്കുള്ള സാധന സാമഗ്രികൾ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റുകളിൽ പോയി വാങ്ങി. മൂന്നാല് നെറ്റ് കണക്ഷൻ റെഡിയാക്കി. Smart phone മുതൽ ഹോം തിയറ്റർ വരെയുള്ള ബൗദ്ധിക സ്വത്തുകൾ update ചെയ്തു വച്ചു. കൊളസ്ട്രോളും പ്രഷറും ഷുഗറും കൂടി. Fittest കൾ ഇങ്ങനെയൊക്കെ കഴിഞ്ഞു കൂടുമ്പോൾ മറുവശത്ത് ഒരുപാട് പേര് പിടിച്ചു നിൽക്കാനായി ഏത് വേഷവും കെട്ടാൻ തയ്യാറായി. എത്തിക്സും ഈഗോയും ഒക്കെ നാലായി മടക്കി പോക്കറ്റിലിട്ടു രണ്ടും കല്പിച്ചിറങ്ങിയ ഒരുപാട് പേരുണ്ട്. എന്നിട്ടും പിടിച്ചു നിൽക്കാനാവാതെ ആത്മഹത്യ ചെയ്തവരും ഒരുപാട്.. അന്നന്നത്തെ വരുമാനത്തിൽ നിന്ന് ലോണ് അടച്ചും അരി വാങ്ങിയും കഴിഞ്ഞു കൂടുന്ന ചെറുകിട കച്ചവടക്കാർ, ബസ്-ടാക്സി-ഓട്ടോ ഡ്രൈവർമാർ, പാരലൽ കോളേജ് ജീവനക്കാർ, ട്യൂഷൻ സെന്ററുകാർ...തുടങ്ങി സ്ഥിരവരുമാനം ഇല്ലാത്ത എത്രയോ പേര് ആയുധം വച്ചു കീഴടങ്ങി. വീട്ടുപണിക്കാർ, കൂലി തൊഴിലാളികൾ...തുടങ്ങിയ വിഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ പട്ടിണിയിൽ ആയി. 500 രൂപയും കിറ്റും അവർക്ക് ഒരിക്കലും തമാശ ആയില്ല. അന്നം തരുന്നവൻ തന്നെ ദൈവം. എന്നാൽ, Fittest വിഭാഗത്തിലും unfit വിഭാഗത്തിലും പെടുന്ന മറ്റൊരു വിഭാഗമാണ് ഇനി കോവിഡാനന്തര ലോകത്തെ അടുത്ത ദുരന്തമാവാൻ പോവുന്നത്. -chanakyan
TODAY'S THOUGHTS #2 2022-01-09 10:41:59
TODAY'S THOUGHTS #2 വിദ്യാർഥികൾ. കഴിഞ്ഞ മാസം സ്‌കൂളുകൾ തുറന്നപ്പോൾ പല അധ്യാപകരും കണ്ടത് രണ്ട് വർഷം മുൻപ് കണ്ട കുട്ടികളെ അല്ല. ഒരു ടീച്ചർ പോയി അടുത്ത ടീച്ചർ വരുന്ന ഇടവേളകളിൽ ആരവമുണ്ടാക്കിയിരുന്ന കുട്ടികൾ ഇന്നില്ല. അവർക്ക് പരസ്‌പരം തുറന്ന് സംസാരിക്കാൻ കളിക്കാൻ ആനന്ദിക്കാൻ ഒന്നും പഴയ പോലെ കഴിയുന്നില്ല. പല സ്‌കൂളുകളും നിശ്ശബ്ദമാണ്. കളിക്കാൻ സ്ഥലമില്ലാതെ, കൂട്ടുകാരില്ലാതെ, സദാ നിയന്ത്രണങ്ങളുമായി മാതാപിതാക്കളും സർക്കാരും ചുറ്റിലും നിന്ന് അവരിലെ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നിരിക്കുന്നു. 24x7 മിന്നുന്ന ചതുരത്തിന്റെ അകത്തു കൂടി മാത്രം ലോകം കാണാൻ പഠിച്ചപ്പോൾ തൊട്ടടുത്ത് കിടക്കുന്നവനെ കാണാനോ മിണ്ടാനോ അവർക്ക് താത്പര്യം ഇല്ലാതായിരിക്കുന്നു. വിസ്മയം തുളുമ്പി നിന്നിരുന്ന കണ്ണുകളെ മിക്കവരും കട്ടി കണ്ണടയ്ക്ക് പിന്നിൽ ഒളിപ്പിച്ചിരിക്കുന്നു. തുറന്ന് കിടക്കുന്ന സ്കൂളുകളെക്കാൾ സുരക്ഷിതം അടഞ്ഞു കിടക്കുന്ന വീടുകൾ ആണെന്ന പൊതുധാരണകളെ തെറ്റിക്കുന്ന ചില exceptions ചില കുഞ്ഞു ജീവിതങ്ങളെയെങ്കിലും വികലമാക്കിയിരിക്കുന്നു. മറ്റൊരു ദുരന്തമാവാൻ പോവുന്നത് പ്രഫഷനൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളാണ്. ഫൈനൽ സെമിൽ മാത്രം കോളേജ് കാണാൻ കഴിഞ്ഞ ഹൗസ് സർജന്മാർ രോഗികളെ ആദ്യമായി മുഖാമുഖം കണ്ട അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ഞെട്ടലോടെയാണ് അവരെ കേട്ടിരുന്നത്. Micro controller കൾ നേരിട്ട് കാണാതെ അതിന്റെ software program മാത്രം ചെയ്ത് ലാപ്ടോപ്പ് മുതൽ ഡ്രോണുകളും റോക്കറ്റും വരെ നിയന്ത്രിക്കാൻ ഒരുമ്പെടുന്ന technocrat കളും എത്രമാത്രം അപകർഷതാ ബോധത്തോടെയാണ് സ്വന്തം പ്രഫഷനുകളിൽ ഇടപെടുക എന്നതും ചിന്ത്യം. 2019 മുതൽ പ്രഫഷനൽ കോഴ്‌സുകൾ ചെയ്‌തവരെ ജോലിക്ക് എടുക്കാൻ കൊള്ളില്ല എന്നൊരു തീരുമാനം അപ്രഖ്യാപിതമായിട്ടെങ്കിലും കമ്പനികൾ എടുത്താൽ അവരെ കുറ്റം പറയാനാവില്ല. Rebuilding the nation, Rebuilding the world ഒക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം ആവുകയാണ്. പോസ്റ്റൽ വഴി നീന്തൽ പഠിച്ച പ്രഫഷനലുകളെയാണ് കഴിഞ്ഞ രണ്ട് വർഷമായി നമ്മുടെ യൂണിവേഴ്‌സിറ്റികൾ വിരിയിച്ച് വിടുന്നത്. ഇന്ത്യ ഒട്ടാകെയുള്ള കാര്യമാണ്. ഇനിയൊരു അടച്ചിടൽ ആർക്കും താങ്ങാനാവില്ല. സ്വയം നിയന്ത്രണം മാത്രമേ പ്രായോഗികമാവൂ. സർക്കാർ നിയന്ത്രണം എന്നാൽ അയവ് വരുമ്പോൾ unlocking എന്ന ആക്രാന്തമാണ് ഉണ്ടാക്കുന്നത് എന്ന് ചില ആൾക്കൂട്ടങ്ങളെങ്കിലും നമുക്ക് മനസിലാക്കി തരുന്നുണ്ട്. പട്ടിണി കിടന്നാൽ മരിക്കാനുള്ള സാധ്യത 100% വും കൊറോണ വന്നാൽ മരിക്കാനുള്ള സാധ്യത 0.03% വും ആണത്രേ. ഏത് വേണമെന്ന് ഇനി നമുക്ക് തന്നെയങ്ങ് തീരുമാനിച്ചാലോ.-chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക