Image

കുറ്റവാളിക്കും, ഇരക്കും ചുറ്റുമുള്ളോർ (ലേഖനം-ലതികാശാലിനി)

Published on 06 January, 2022
കുറ്റവാളിക്കും, ഇരക്കും ചുറ്റുമുള്ളോർ (ലേഖനം-ലതികാശാലിനി)

പീഡീതനും, കൊലപാതാകിക്കും, മദ്യപാനിക്കും, എല്ലാം ചുറ്റിലൊരു ലോകമുണ്ട്. അമ്മയും, ഭാര്യയും, സഹോദരരുമൊക്കെയടങ്ങുന്ന, കൂട്ടുകാരുടെയും പരിചിതരുടെയും ലോകം. എങ്കിലും കള്ളനെക്കാൾ, കൊലപാതകിയേക്കാൾ പ്രചാരം ലഭിക്കുന്നതും , ശിക്ഷിക്കപ്പെടുന്നതും അവരുടെ കുടുംബമാകും. അതിനാൽ തന്നെ ഉറപ്പിച്ചു പറയാം, എന്തെല്ലാം മാനസീക പിരിമുറുക്കങ്ങളും, സമ്മർദ്ദവുമുണ്ടെങ്കിലും കുടുംബസ്നേഹമെന്ന കരുതലുണ്ടെങ്കിൽ യാതൊരടിയറവിനും തയ്യാറാകില്ല. ഭർത്താവിനക്കിടി പറ്റിയാൽ ഭാര്യ കെണിയിലകപ്പെടുകയും, മകളുടെ വിവാഹം മുടങ്ങുകയും , മകനാത്മഹത്യ ചെയ്യുകയും പതിവാകുമ്പോൾ, പങ്കു പറ്റീ എന്ന കുറ്റത്തിനുള്ള ശിക്ഷ അനുഭവിച്ചു തീരുന്നില്ല.അവൻറെയോ അവളുടെയോ,  സഹോദരനോ, അമ്മയോ, മകനോ ഒക്കെയായി  ആ "പ്രതിനിധി" തലമുറകളോളം ആ നാട്ടിൽ ചിരംജീവിയാകുന്നൂ. കാലങ്ങൾക്കപ്പുറവും,  അവരുടെ കുടുംബത്തിലൊരു കൊലപാതകി, പീഢിത, കള്ളൻ ജീവിച്ചിരുന്നൂ എന്നത് ചരിത്രത്തേക്കാൾ നന്നായി രേഖപ്പെടുത്തുകയാണ് ആ നാടും,  നാട്ടുകാരും. 

ഭർത്താവെവിടെ പോകുന്നൂ എന്തൊക്കെ ചെയ്യുന്നൂ എന്നന്വേഷിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്വമാണ് എന്ന് സംഭവങ്ങൾക്ക് ശേഷം മാത്രം പരാതിപ്പെടുന്നവർ -  വിവാഹമോചനമോ, വഴക്കുകളിലേക്കോ ഇവ തെന്നിവീഴുമ്പോൾ കുറച്ചൊക്കെ കണ്ടില്ലാ കേട്ടില്ല എന്ന് നടിക്കാനോ,അഡ്ജസ്റ്റ്മെൻഡിനെ ചേർത്ത് പിടിക്കാനോ ഉപദേശിച്ചേക്കാം. "അവനെവിടുന്നായാലും, എങ്ങനായാലും യെവർക്ക് കൊണ്ടു കൊടൂക്കുന്നില്ലേ.. അതിപ്പോ കട്ടിട്ടായാലും,മോഷ്ടിച്ചിട്ടായാലും ...."പിന്നെന്താ...അങ്ങനെ പോലും ചെയ്യാത്ത ഏന്തോരം മനുഷ്യേരുണ്ട്??? "എന്നും പിൻതാങ്ങി അഭിപ്രായം ഒപ്പിച്ച് ഇവരൊക്കെ മാറിപ്പോകുന്നൂ. ഭർത്താവ്  ജോലി ചെയ്യുന്ന സ്ഥലമോ, സ്ഥാപനമോ വരുമാനമോ, അറിയാത്ത എത്ര ഭാര്യമാരുണ്ടെന്നറിയാമോ?കൃത്യമായി പറയാത്തവരും , അതിലും കള്ളത്തരവും, പൊള്ളത്തരവും പേറുന്നോരുമുണ്ട്.ഈ പേറുന്നോരെ , മകനെന്നോ, ഭാര്യയെന്നോ, മരുമകളെന്നോ ഒക്കെ പേരു ചേർക്കാം. മ

റുനാടുകളിൽ ജോലി ചെയ്യുന്ന എത്രയോ പേർ, ജില്ല വിട്ടു ജോലി ചെയ്യുന്ന എത്രയോ പേർ , ഇത്തരത്തിൽ വീടുകളിലറിയിക്കാതെ , വീട്ടുകാരെ പറ്റിച്ച് ജീവിക്കുന്നുണ്ട്. എന്തിനധികം ഒരുമിച്ചൊരു വീട്ടിൽ ഐക്യത്തോടെ ജീവിക്കുന്നെന്ന് പൊതുജനം കരുതുന്ന എത്ര പേർ  മനോഹരമായി പങ്കാളിയെയും,കുടുംബത്തെയും പറ്റിക്കുന്നൂ. ഈയിടെ ബിസിനസ്  മീറ്റിങ്ങിനെന്ന് പറഞ്ഞു വീട്ടിൽ നിന്നു പുറപ്പെട്ട് കോഴിക്കോട് ഡെസ്റ്റിനേഷൻ പറഞ്ഞിറങ്ങിയ ഒരു മനുഷ്യൻ , സുഹൃത്തക്കളോടൊപ്പം മൂന്നാർ പ്രത്യക്ഷപ്പെട്ട അദ്ഭുതക്കാഴ്ച ഒരു സുഹൃത്ത്  സാക്ഷ്യപ്പെടുത്തുകയുണ്ടായി. അങ്ങനെ എത്ര എത്ര അനുഭവസ്ഥർ. 

രാത്രി വൈകിയെത്തുകയോ,രാവിലെ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്ന മകൻ ഒരു കംപയിൻ സ്റ്റഡിയുടെ കഥ പറഞ്ഞാൽ മാതാപിതാക്കൾ വിശ്വസിച്ചു പോയേക്കാം. ഹാൾ ടിക്കറ്റ് വാങ്ങാൻ പോകുന്ന മകളെ അമ്മയെങ്ങനെ അവിശ്വസിക്കും. ബിസിനസ് ചർച്ചകളും, യാത്രകളും പതിവാക്കുന്ന,വൈകിയ രാത്രിയിലോ,വെളുപ്പിനോ വീട്ടിലെത്തുന്ന ഭർത്താവിനെ എങ്ങനെ ഭാര്യ സംശയിക്കും.? ആരോടു പറയും...? ഇതൊക്കെയൊരു പ്രശ്നമായി കാണേണ്ടതില്ലെന്നല്ലേ മറുപടി കിട്ടൂ....?? മക്കളെ ഡാൻസ് ക്ളാസ്സിലും,ട്യൂഷൻ ക്ളാസ്സിലും കൊണ്ടു വിടുകയും,  വീട്ടിലെ കാര്യങ്ങൾ കൃത്യതതയോടെ ചെയ്യുകയും ചെയ്യുന്ന ഭാര്യയെ , ഭർത്താവെങ്ങനെ സംശയിക്കും. 

പക്ഷെ....ഇതിനിടയിലൊരു "വലിയ...വലിയ പക്ഷെയുണ്ട്".......പൊയ്മുഖവുമായി നടക്കുന്ന ആ പക്ഷെയാണ് നാളെ ഉത്തരമില്ലാതായി നിൽക്കുക. വഞ്ചനയും, ചതിയും,കൊലപാതകവുമെല്ലാം ചെയ്തവരേക്കാൾ അവരുടെ ആശ്രിതർ കടന്നു പോകുന്നതിതിൻറെയൊക്കെ പ്രത്യാഘാതമായി വരുന്ന  ആ മാനസീക ആഘാതമാണ് ഇവിടെ കാലങ്ങളോളം പൊള്ളിക്കുക...എത്ര കാലം കഴിഞ്ഞാലും ഉണങ്ങാത്ത മുറിവായി, അവശേഷിക്കുന്ന പാടായി അതങ്ങനെ അവിടെ അടയാളപ്പെടുത്തും.പലപ്പോഴും യാഥാർത്ഥ്യമാണോ എന്നിപ്പോഴും തിരിച്ചറിയാനികാതെ,സത്യത്തോട് പൊരുത്തപ്പെടാനാകാതെ പല കുടുംബങ്ങളും മരണംകൂടെ കൂട്ടും വരെ ഈ നീറ്റലിൽ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കും. 

ഐഡൻറിറ്റി  വെളിപ്പെടുത്താതെ എത്രയോ കള്ളൻമാരിപ്പോഴും ഭാര്യയെ , മകളെ, മകനെ ഒക്കെ പറ്റിച്ചു കൊണ്ടേയിരിക്കുന്നൂ....എത്രയോ സ്ത്രീകൾ സമർത്ഥമായി കുടുംബത്തെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നൂ....പ്രശസ്തരുടെയോ, സമൂഹത്തിലൊരു മാന്യത നേടിയവരുടെയോ കുടുംബമാണിത്തരത്തിലെ കശക്കലിൽ കൂടുതൽ കല്ലെറിയപ്പെടുക. ആ ഡോക്ടറുടെ, വക്കീലിൻറെ, ടീച്ചറിൻറെ, രാഷ്ട്രീയനേതാവിൻറെയൊക്കെ -  മകനായോ, മകളായോ, ഭർത്താവോ, ഭാര്യയോ ആയൊക്കെ അങ്ങനെയങ്ങനെ.....കാലങ്ങളോളം ഓർമ്മപ്പെടുത്തലുകൾ.

കുടുംബമല്ലേ...? പങ്കുപറ്റുകാരേക്കാളുപരി ആരൊക്കെയോ ആയിരുന്നല്ലോ..സമർത്ഥമായി വഞ്ചിച്ചവർ നാലഴിക്കുള്ളിലൊന്നുമറിയാതെ ജീവിക്കുമ്പോഴിവിടെ തുറന്ന ലോകത്ത് കൂരമ്പുകളേറ്റുവാങ്ങുന്നതോ കൂട്ടായ്മയിലെ അംഗങ്ങൾ.പലപ്പോഴും കുറ്റവാളികളേക്കാൾ ശിക്ഷിക്കപ്പെടുന്ന കുടുബാംഗങ്ങൾ.സമർത്ഥ വഞ്ചനയുടെ പങ്കു പറ്റുകാർ.

ഇതൊരു വാർത്താശകലമാണ്.
വാർത്ത :  "ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്കു വിളിക്കുമ്പോൾ മകൻ മുകളിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. രാത്രിയിൽ എപ്പോഴാണ് മകൻ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല... "

കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളെന്ന് കുറ്റപ്പെടുത്താം.പക്ഷെ , സ്വന്തം സുഖത്തിനും, സന്തോഷത്തിനും വേണ്ടി സൗകര്യപൂർവ്വം വഞ്ചന ശീലമാക്കിയവരുടെ കാര്യം ഒഴിച്ചു നിർത്തുക.എത്ര ചേർത്ത് നിർത്തിയാലും വഴുതിപോകുന്നവരുണ്ട്.ഉപേക്ഷിക്കാനാവാത്തതിനാൽ മാത്രം കുടുംബത്തിലിടം നേടുന്നവർ. സ്വന്തം മകനോ, ഭാര്യയോ , ഭർത്താവോ കുറ്റം ചെയ്തു പിടിക്കപ്പെടും വരെ കഥ മനസ്സിലാകാതെ ആട്ടം കാണുന്നവരാകും അധികം പേരും. അറിഞ്ഞുകൊണ്ടു കൂട്ടു നിൽക്കുന്നവർ വിരലിലെണ്ണാകുന്നവർ പോലും കാണില്ലായിരിക്കാം. കൂടെ ജീവിക്കുന്നവനെ അത്രമേൽ വിശ്വസിക്കുന്നവർക്ക്,  അവനൊരു കള്ളനൊ, കൊലപാതകിയോ, വഞ്ചകനോ ആയി മാറിയത് പെട്ടന്ന് ഉൾക്കൊള്ളാനാകുമോ? അവരുടെ മാനസീകാവസ്ഥ എത്ര ഭീകരമാണ്.. ?ഏത് സംഭവത്തിന് ശേഷവും പഴി പേറി " പ്രതീകങ്ങളായി " കാലങ്ങളോളം ഇവരൊക്കെ പേറി നടക്കുന്നത് മറ്റൊരാളുടെ പാപക്കറയാണ്. കുടിയൻറെ മകനായോ, കഞ്ചാവിൻറെ പെങ്ങളായോ, കള്ളൻറെ ഭാര്യയായോ, പീഢനവീരൻറെ പിതാവായോ, കൊലപാതകിയുടെ അമ്മയായോ ഒക്കെ ഈ പാപഭാരം ഏറ്റി നടക്കുന്നവരുടെ അവസ്ഥ,  ഒരു തവണ ഓർത്താൽ  പിന്നെ ജയിലൊക്കെ കാലിയായേക്കാം..

ഏത് കാലഘട്ടത്തിലും പ്രസക്തമായതും, നിലവിൽ ചില വാർത്തകളിൽ നിന്ന് ചിന്തിച്ചെടുത്തമായ കാര്യങ്ങളെയാണ് ഇവിടെ പകർത്താൻ ശ്രമിച്ചിട്ടുള്ളത്.

കൂടെ കിടന്നുറങ്ങുന്ന ഭർത്താവ് പാമ്പിനെക്കൊണ്ട് കൊത്തിക്കൊല്ലിക്കുമെന്നോ, ഒരു കുടുംബത്തെ മുഴുവനും വധിക്കാൻ ഒറ്റൊക്കൊരു സ്ത്രീക്ക് കഴിയുമെന്നും വാർത്തയാകുംവരെ ആരും കരുതിയല്ലല്ലോ...!!! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക