Image

വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 07 January, 2022
 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )

അര ലക്ഷത്തോളം വിഷപ്പാമ്പുകളെ നാട്ടില്‍ നിന്ന് പിടിച്ചു കാട്ടിലുപേക്ഷിച്ച് ജനങ്ങളുടെ ഭീതിയകറ്റുകയും, മുന്നൂറിനുമേല്‍ മാരകമായ സര്‍പ്പദംശനങ്ങള്‍ സ്വയം അതിജീവിയ്ക്കുകയും ചെയ്ത വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍, ഉരഗങ്ങളുമൊത്ത് അല്‍പനേരം അടുത്ത് ഇടപഴകുന്നതിനു സമാനം! സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പാമ്പുകടിയേറ്റു മരിച്ച പാവം അഞ്ചാം ക്ലാസ്സുകാരിയും, രാജവെമ്പാലയെക്കാള്‍ വിഷമുള്ള ഒരു മനുഷ്യന്‍ മൂന്നു തവണ രണ്ടിനം സര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ച് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ നിഷ്‌കളങ്കയായ യുവതിയും ചിന്തയില്‍ സാന്ദ്രമാകും. 

കോടതി വിധി മാനിയ്ക്കുന്നുണ്ടെങ്കിലും, ഉത്രയോടു കാട്ടിയ കൊടുംക്രൂരതയ്ക്ക് ഇരട്ടജീവപര്യന്തവും പോരെന്നു പറഞ്ഞ 'സ്‌നേക് മാസ്റ്റര്‍', വിഷസര്‍പ്പങ്ങളെ ധാരാളമായി കണ്ടുവരുന്ന കേരളത്തില്‍, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിക്കൊണ്ട് എങ്ങനെ കഴിയാമെന്ന്, തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നു: 


?? ചെറുപ്പം തൊട്ടേ പാമ്പുകള്‍ക്കൊപ്പം 
കുഞ്ഞുന്നാളു മുതല്‍ സര്‍പ്പങ്ങളുമൊത്ത് സമയം ചിലവിടുന്നവനാണ് ഞാന്‍. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു കൊച്ചു മൂര്‍ഖനെ പിടിച്ചത് പാമ്പുകളെ ഒന്ന് അടുത്തറിയുവാനായിരുന്നു. അവയുടെ സൂഷ്മമായ സ്വഭാവ വിശേഷങ്ങളും, ശരീര ഘടനയും പഠിക്കുവാനായിരുന്നു. താമസിയാതെ നാട്ടുകാര്‍ എന്നെ പാമ്പിനെ പേടിയില്ലാത്ത പയ്യനായി ചിത്രീകരിക്കാന്‍ തുടങ്ങി. പിന്നെ വൈകിയില്ല, പരിസരത്ത് എവിടെയെങ്കിലും പാമ്പു ശല്യമുണ്ടായാല്‍,  അതിനെ പിടിച്ചു കളയാന്‍ എന്നെ വിളിയ്ക്കാന്‍ തുടങ്ങി. ഞാനൊരു പിടുത്തക്കാരനായത് പ്ലേന്‍ ചെയ്തിട്ടൊന്നുമല്ല. ഞാനൊരു പരിസ്ഥിതി സ്‌നേഹിയാണ്. പാമ്പുകളും നമ്മുടെ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. അതിനാല്‍ അവയെ തല്ലിക്കൊല്ലുന്നതിനു പകരം അവയ്ക്ക് കൂടുതല്‍ ആശ്വാസകരമായി വസിക്കാന്‍ സൗകര്യമുള്ള കാട്ടുപ്രദേശങ്ങളില്‍ കൊണ്ടുപോയി വിടുകയാണ് ചെയ്യുന്നത്. സര്‍പ്പങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാനേ ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളൂ. പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ് എനിയ്ക്ക് ഏറെയിഷ്ടം. നാട്ടില്‍നിന്ന് പിടിച്ച് കാട്ടില്‍ കൊണ്ടുപോയി വിടുന്നതിനാല്‍ പാമ്പുകളെയും സംരക്ഷിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഇതുമൊരു പാരിസ്ഥിക പ്രവര്‍ത്തനമല്ലേ? 

?? പ്രകോപനമില്ലെങ്കില്‍ നിരുപദ്രവകാരി      
എന്റെ പാമ്പ് നിരീക്ഷണങ്ങളും അനുഭവങ്ങളുമാണ് എന്റെ മുതല്‍ക്കൂട്ട്. എനിയ്ക്കാരും ഒരു പരിശീലനവും തന്നിട്ടില്ല. ഒരു കാര്യം വ്യക്തമാണ്, അതിനെ നാം പ്രകോപിപ്പിച്ചില്ലെങ്കില്‍, പാമ്പ് നിരുപദ്രവകാരിയാണ്. പ്രശ്‌നങ്ങളില്‍ നിന്നൊഴിഞ്ഞുമാറി രക്ഷപ്പെട്ടോടാനാണ് അതിനിഷ്ടം. നാം അറിയാതെ അതിനുമേല്‍ ചവിട്ടുകയോ, നമ്മുടെ പെരുമാറ്റം കൊണ്ട് അത് അസ്വസ്ഥമാകുകയോ ചെയ്യുമ്പോഴാണ് പാമ്പ് നമ്മെ കടിക്കുന്നത്. നിരവധി തവണ എനിയ്ക്കും പാമ്പുകടിയേറ്റിട്ടുണ്ട്. പാമ്പിന്റെ ശരീരത്തില്‍ നാം തൊടുന്നതും, അതിനെ പിടിയ്ക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അതിനെ ക്ഷോഭിപ്പിക്കുന്ന കാര്യങ്ങളല്ലേ? കടിയേല്‍ക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. പാമ്പിനെ നാം ചൊടിപ്പിച്ചില്ലെങ്കില്‍, അതിന് നമ്മോട് ശത്രുതയൊന്നുമില്ല. ആത്മരക്ഷാര്‍ത്ഥം മാത്രമാണ് പാമ്പ് മനുഷ്യരെ കടിക്കുന്നത്. 

?? ഷോകള്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗം 
പാമ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഒരു അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ ചാനല്‍ ഷോകളും മറ്റും നടത്തുന്നത്. പലപ്പോഴും അജ്ഞതയാണ് അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നത്. എന്നാല്‍, എന്റെ പ്രകടനങ്ങള്‍ കണ്ട് ആകര്‍ഷിക്കപ്പെട്ട് പാമ്പു പിടിക്കാനൊരുങ്ങരുതെന്ന് ഞാന്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. കൃത്യതയോടും, ഉത്തരവാദിത്വബോധത്തോടും ചെയ്യേണ്ടൊരു കാര്യമാണിത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിവരുന്ന പരിശീലന കോഴ്‌സുകളിലാണ് താല്‍പര്യമുള്ളവര്‍ പങ്കെടുക്കേണ്ടത്. ഡിപ്പാര്‍ട്ടുമെന്റ് പത്തുമുന്നൂറ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ ഈയ്യിടെ ട്രൈനിങ് നല്‍കിയിട്ടുണ്ട്. 

?? ഉഗ്രവിഷമുള്ള ബാന്‍ഡഡ് ക്രെയ്റ്റ് 
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്തുള്ള കരിപ്പൂര്‍ എന്ന പ്രദേശത്തുണ്ടായത് ഒരു പുത്തന്‍ അനുഭവമാണ്. രാത്രിയില്‍ ബൈക്കോടിച്ച് പോയ പ്രദേശവാസികളാണ് വഴിയില്‍ കുറുകെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ ആദ്യം കണ്ടത്. അവര്‍ക്കത് രാജവെമ്പാലയാണെന്ന് തോന്നിയെങ്കിലും, സാധനം അപൂര്‍വ സ്പീഷീസില്‍ പെടുന്ന ഒന്നായിരുന്നു. ഉഗ്രവിഷമുള്ള ബാന്‍ഡഡ് ക്രെയ്റ്റ് ആയിരുന്നു അത്. മിന്നിത്തിളങ്ങുന്ന മഞ്ഞയും കറുപ്പും ബേന്‍ഡുകള്‍ ചിട്ടയില്‍ ദേഹത്തുണ്ട്. ശംഖുവരയന്‍, അല്ലെങ്കില്‍ മഞ്ഞവരയന്‍ ഇനങ്ങളോട് സാമ്യമുള്ളത്. ഞാന്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒന്നിനെ പിടികൂടുന്നത്. അത് ശക്തിയായി കുതറിക്കൊണ്ടിരുന്നു. വളരെ സൂക്ഷിച്ചും പാടുപെട്ടുമാണ് അതിനെ കീഴ്‌പെടുത്തിയത്. അസാധാരണക്കാരന്‍ ആയതിനാല്‍, പിന്നീടതിനെ തിരുവനന്തപുരം മ്യൂസിയം അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ചൈനയിലും മറ്റുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. പുതിയൊരിനം നാട്ടില്‍ കണ്ടു തുടങ്ങുമ്പോള്‍, വിവരം ജനം അറിയേണ്ടേ? അതെങ്ങനെ ഇവിടെയെത്തിയെന്നും തിരക്കേണ്ടേ? മഞ്ഞ വരകള്‍ കാണുന്നതിനാല്‍, മൂര്‍ഖനേക്കാള്‍ അപകടകാരിയായ ഒരു വിഷപ്പാമ്പിനെ ചേരയാണെന്നൊ മറ്റോ തെറ്റിദ്ധരിക്കപ്പെടരുതല്ലൊ! 


?? പാമ്പുകളെ അകറ്റുക പ്രായോഗികമല്ല 
കേരളത്തിന്റെ ഭൂമിശാസ്ത്രം പാമ്പുകള്‍ക്കു പാര്‍ക്കാന്‍ അനുയോജ്യമാണ്. പുല്ലുകളും, ചെടികളും, ഇടതൂര്‍ന്നു വളരുന്ന വൃക്ഷങ്ങളും, കൊച്ചു കൊച്ചു പൊന്തക്കാടുകളും, കുണ്ടും കുഴിയും വിടവുകളും പൊത്തുകളുമുള്ള ഇടങ്ങളും, കൃഷിപ്പാടങ്ങളും മറ്റും പാമ്പുകളുടെ സ്വാഭാവികമായ വാസസ്ഥലങ്ങളാണ്. മലമ്പ്രദേശങ്ങളിലും കാടിനോട് അടുത്തു കിടക്കുന്ന ദിക്കുകളിലും അവയെ സാധാരണയായി കണ്ടുവരുന്നു. കാപ്പിത്തോട്ടങ്ങളും, ചായത്തോട്ടങ്ങളും, റബ്ബര്‍ തോട്ടങ്ങളും പാമ്പുകളുടെ വിഹാര ഭൂമിയാണ്. വര്‍ഷത്തില്‍ ആറു മാസം മഴയും കൂടിയാകുമ്പോള്‍, കേരളത്തില്‍ ഇഴജന്തുക്കള്‍ക്ക് പഞ്ഞമുണ്ടാകില്ല. അതിനാല്‍, ശ്രദ്ധയോടെയുള്ളൊരു സഹവര്‍ത്തിത്വമാണ് വേണ്ടത്. പാമ്പുകളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ളൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. പാമ്പിന്റെ സാമീപ്യം മനസ്സിലാക്കി അധിവസിച്ച്, അപായങ്ങള്‍ ഒഴിവാക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ. രാത്രിയില്‍ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. രാജവെമ്പാല (King Cobra) മാത്രമാണ് പകല്‍ സമയത്ത് ഇരപിടിക്കുന്നത്. ബാക്കിയുള്ളവയെല്ലാം ഭക്ഷണം തേടി വെളിയിലിറങ്ങുന്നത് രാത്രിയിലാണ്. കാലുകൊണ്ടോ, അല്ലെങ്കില്‍ വടിയോ മറ്റോ ഉപയോഗിച്ച് നിലത്തടിച്ചോ ശബ്ദമുണ്ടാക്കി മാത്രമേ രാത്രിയില്‍ ഗ്രാമ പ്രദേശത്ത് നടക്കാവൂ. പാമ്പുകള്‍ക്ക് മനുഷ്യ ശബ്ദം ശ്രാവ്യമല്ല. ചുറ്റുമുള്ള സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞാണ് പാമ്പുകള്‍ പ്രതികരിക്കുന്നത്. 

?? നാട്ടിലെ പാമ്പുകള്‍ 
കേരളത്തില്‍ മൊത്തം നൂറിനുമേല്‍ ഇനം പാമ്പുകളുണ്ടെന്നാണ് കണക്കെങ്കിലും, അഞ്ചെണ്ണത്തിനു മാത്രമേ മാരകമായ വിഷമുള്ളൂ. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ (ശംഖുവരയന്‍), അണലി (ചേനത്തണ്ടന്‍), ചുരുട്ടമണ്ഡലി (Saw-scaled Viper), മുഴമൂക്കന്‍ കുഴിമണ്ഡലി (Hump-nosed Viper) എന്നിവയില്‍ നിന്നാണ് മരണത്തില്‍ കലാശിക്കുന്ന വിഷബാധകള്‍ ഏല്‍ക്കുന്നത്. ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ് (Krait). അണലിയ്ക്ക് (Viper) മൂര്‍ഖനേക്കാളും (Cobra) വീര്യം കൂടിയ വിഷമാണുള്ളത്. മൂര്‍ഖനും മുഴമൂക്കന്‍ കുഴിമണ്ഡലിയുമാണ്, യഥാക്രമം ഏറ്റവും അധികവും കുറവും മരണങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. സംസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന കടലിലും നാലഞ്ചിനം വിഷപാമ്പുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ലോകത്താകെയുള്ള അറുന്നൂറോളം വരുന്ന വിഷപാമ്പു വര്‍ഗ്ഗങ്ങളില്‍, പത്തെണ്ണത്തില്‍ നിന്നുള്ള ഭീഷണി മാത്രമേ നമുക്കുള്ളൂ. 

?? വിഷം തീണ്ടിയാല്‍... 
സര്‍പ്പദംശനമേറ്റാല്‍ ഭയന്നോടരുത്. ശരീരത്തില്‍ പെട്ടെന്ന് വിഷം വ്യാപിക്കാന്‍ ശീഘ്ര ചലനങ്ങള്‍ സഹായിക്കും. ഉടനെ ഒരിടത്ത് ഇരിക്കുകയാണ് വേണ്ടത്. കടിയേറ്റതിന്റെ അല്‍പം മുകള്‍ ഭാഗത്തായി തുണിയോ സമീപത്ത് ലഭ്യമായ വള്ളിയോ ഉപയോഗിച്ചു ബന്ധിച്ച് (Tourniquet) രക്തസഞ്ചാരം നിയന്ത്രിതമാക്കണം. കെട്ട് ആവശ്യത്തിലേറെ ഇറുകുകയോ അയയുകയോ അരുത്. എത്രയും പെട്ടെന്ന് രോഗിയെ വിഷചികിത്സയുള്ള ആശുപത്രിയിലേക്ക് എത്തിക്കണം. പ്രാഥമിക ചികിത്സയാണ് (First Aid) രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നമ്മുടെ രാജ്യത്ത് പ്രതിവിഷം (Antivenom) തയ്യാറാക്കിയിരിക്കുന്നത് പൊതുവെ കണ്ടുവരുന്ന നാല് പാമ്പുകളുടെ വിഷം നിര്‍വീര്യമാക്കാനാണ്. വിഷം തീണ്ടിയാല്‍ വൈകാതെയുള്ള ചികിത്സയ്ക്ക് ഒരു ജീവനോളം വിലയുണ്ട്. ബത്തേരിയിലെ ബാലികയുടെ ദാരുണ മരണത്തിന് ഇടവരുത്തിയത് വൈകി നല്‍കിയ ചികിത്സയാണ്. 

?? ലോക പാമ്പ് ദിനം 
വിവിധയിനം പാമ്പുകളെക്കുറിച്ചും, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും സമൂഹത്തിന് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. സര്‍പ്പക്കാവുകളും, അതിനോടു ബന്ധപ്പെട്ട വിശ്വാസങ്ങളും, പാമ്പ് കേന്ദ്രസ്ഥാനത്തുള്ള  അന്ധവിശ്വാസങ്ങളും വിഷയത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. എന്നാല്‍, സര്‍പ്പങ്ങളെ ഇഷ്ടപ്പെടുന്നവരും ഭയപ്പെടുന്നവരും സമൂഹത്തിലുണ്ട് എന്നത് നിസ്തര്‍ക്കമാണ്. ഒരുപക്ഷെ, വാസ്തവങ്ങള്‍ ഇപ്പറഞ്ഞതിനെല്ലാം അപ്പുറത്തുമായിരിക്കും. പാമ്പുകള്‍ക്കറിയാം മനുഷ്യരാണ് അവയുടെ ബദ്ധശത്രുക്കളെന്ന്. ബലം പ്രയോഗിച്ച് പാമ്പിനെകൊണ്ടു കൊത്തിച്ച് മനുഷ്യരെ കൊല്ലുന്നതും മനുഷ്യരല്ലേ? സത്യധര്‍മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണമെന്നാണ് മഹത് മൊഴി. കീരി, മയില്‍, മൂങ്ങ, പരുന്ത് മുതലായവയെല്ലാം സര്‍പ്പങ്ങളുടെ നിസ്സാര വൈരികള്‍ മാത്രം! പാമ്പിനെക്കുറിച്ചുള്ള ഭീതി ഇല്ലാതാക്കുക, അതിനെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആവാസ വ്യവസ്ഥയെ നാം സ്വീകരിക്കുക, സര്‍പ്പദംശനം മൂലമുള്ള വിപത്ത് ഒഴിവാക്കുക മുതലായ ഉദ്ദേശ്യങ്ങളോടെയാണ് വര്‍ഷം തോറും ജൂലൈ-16 ലോക പാമ്പ് ദിനമായി (World Snake Day) ആചരിക്കപ്പെടുന്നത്.

 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )
 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )
 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )
 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )
 വാവ സുരേഷുമായി സംസാരിക്കുകയെന്നാല്‍...  (വിജയ് സി. എച്ച് )
9, Banded Krait, recently caught by him in Karippur, Tvpm
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക