Image

കെ. റയിൽ: കൺഫ്യുഷൻ തീർക്കണമേ (നിങ്ങൾ എന്ത് പറയുന്നു?? ഞങ്ങൾക്ക് എഴുതുക)

Published on 09 January, 2022
കെ. റയിൽ: കൺഫ്യുഷൻ തീർക്കണമേ (നിങ്ങൾ എന്ത് പറയുന്നു?? ഞങ്ങൾക്ക് എഴുതുക)

അമേരിക്കയിൽ ജീവിക്കുന്ന നമുക്ക് നല്ല റോഡും വേഗതയുള്ള ട്രെയിനും വിമാനയാത്രയുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അത് പോലൊക്കെ കേരളത്തിലും ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നുമുണ്ട്. നമ്മുടെ നാടിനോടുള്ള  സ്നേഹം തന്നെ  കാരണം.

ഈ സാഹചര്യത്തിൽ കെ. റെയിൽ വരുന്നതിനെ നാം സ്വാഗതം ചെയ്യേണ്ടതാണ്. തിരുവന്തപുരത്തുനിന്ന് കാസർകോട്ട് നാല് മണിക്കൂർ കൊണ്ട് എത്തുക എന്നത് മഹാകാര്യം തന്നെ. ഇപ്പോൾ ട്രെയിനിൽ 10 -12 മണിക്കൂർ എടുക്കും. മൂന്നു നാല് മണിക്കൂർ എടുക്കുന്ന തിരുവനന്തപുരം-കൊച്ചി യാത്രക്ക് ഒന്നര മണിക്കൂർ. ഹാ എത്ര നല്ല കാര്യം.

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കേരളത്തിൽ പല ഭാഗത്തും മലയാളം പല രീതിയിലാണ് സംസാരിക്കുന്നത്. കോട്ടയത്തു ഒന്ന്, തൃശൂറിൽ മറ്റൊന്ന്, കോഴിക്കോട്ടും കാസർകോട്ടും വേറൊന്ന്. എന്ത് കൊണ്ടാണിത്? നാം ചെറിയ  സംസ്ഥാനമാണെങ്കിലും നമ്മൾ ജീവിക്കുന്നത് വളരെ അകലത്തിലാണ് എന്നർഥം . 

തിരുവന്തപുരത്തെ നിന്ന് കാസർകോട് വരെ 570  കിലോ മീറ്റർ അതായത് 354 മൈൽ. ന്യു യോർക്കിൽ നിന്ന് വാഷിംഗ്ടൺ  ഡി.സി. വരെയുള്ള ദൂരം. ന്യു യോർക്കിൽ നിന്നും പലരും കാറോടിച്ച് രാവിലെ ഡിസിയിൽ . പോയി വൈകിട്ട് മടങ്ങി വരാറുണ്ട്. അത്രയും ദൂരമേയുള്ളു  കേരളത്തിന്റെ രണ്ടറ്റം തമ്മിൽ. അത്  വേഗത്തിലാവണ്ടെ?

ഈ ചിന്തകളൊക്കെ ഉള്ളതിനാൽ കെ.റെയിലിന്റെ വലിയ ആരാധകനായിരുന്നു ഈ ലേഖകൻ. കെ. ഫോൺ വന്നപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചവരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നു പറയാൻ ഈ ലേഖകന് മടി  ഉണ്ടായിരുന്നില്ല. ആ പദ്ധതി  ഇലക്ട്രിക് പോസ്റ്റിലൂടെ ഒരു കേബിൾ കൂടി വലിച്ച് എല്ലാ വീട്ടിലും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് എത്തിക്കുക എന്നതായിരുന്നു. എത്ര നല്ല പദ്ധതി. ഇലക്ട്രിക് പോസ്റ്റ് വെറുതെ നിൽക്കുകയാണ്. ഒരു കേബിൾ കൂടി അതിൽ ഇടുന്നത് ചെറിയ  കാര്യമാണ്. എന്നിട്ടും എതിർപ്പ് വന്നു. ചില എഞ്ചിനീയര്മാര് വരെ. എതിർക്കുന്നതിനു പകരം മാറ്റങ്ങൾ നിര്ദേശിക്കുകയല്ലേ വേണ്ടത്?

ഈ ചിന്തയുമായാണ് ഈയിടെ കേരളത്തിൽ പോയത്. അതോടെ ആകപ്പാടെ കൺഫ്യുഷനായി.   കെ.റെയിലിനോടുള്ള പഴയ ആരാധന കുറഞ്ഞു.

തൃശൂർ  നിന്ന് കോഴിക്കോടിന് സഞ്ചരിക്കുമ്പോൾ റോഡിന്റെ രണ്ട് വശവും  തകർന്നു  കിടക്കുന്നു. യുദ്ധഭൂമി പോലെ വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ...  എന്ന് വേണ്ട പെറ്റ  തള്ള പോലും കണ്ടാൽ സഹിക്കാത്ത  കാഴ്ച. (ബാലചന്ദ്രമേനോൻ  ഭാഷ) 

അക്ഷരാർഥ്ത്തിൽ ചങ്കു പൊടിഞ്ഞു പോയി. റോഡ്  വികസനത്തിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല. എത്ര ആയിരം മനുഷ്യർ അവരുടെ ആവാസ സ്ഥലത്ത് നിന്ന്  ഒഴിയേണ്ടി വന്നു? അവരെ പുനരധിവസിപ്പിക്കാൻ ആ മേഖലകളിലൊക്കെ ഫ്‌ലാറ്റ്  സമുച്ചമൊക്കെ ഉണ്ടാക്കേണ്ടതായിരുന്നില്ലേ? അതിനു ശേഷം  വേണ്ടിയിരുന്നില്ലേ  അവരെ ഒഴിപ്പിക്കാൻ? പണ്ടോക്കെ  പൊന്നും വില എന്ന പറഞ്ഞു നക്കാപ്പിച്ച കൊടുത്ത്  ആളുകളെ ഇറക്കി വിടുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ അതില്ലെന്നു കരുതുന്നു.

കെ റെയിൽ വരുമ്പോൾ ഏതാണ്ട് 7000 ഏക്കറോളം  ഭൂമി വേണം. അവിടത്തെ ജനതയെ ഒഴിപ്പിക്കണം. അതിനെതിരെയാണ് ശബ്ദം ഉയരുന്നത്. അത് പോലെ അവിടെ നിർമാണം നടക്കുമ്പോൾ അത് പരിസ്ഥിതിയെ ബാധിക്കും. ട്രെയിൻ സർവീസ് വരുമ്പോഴും അത് തുടരും.

ഒരുപാട് പാലങ്ങളും തുരങ്കങ്ങളും ഒക്കെ വേണം. അതിനുള്ള  നിർമാണവും  പരിസ്ഥിതിയെ ബാധിക്കും. ട്രെയിൻ ഏകദേശം 350  കിലോ മീറ്റർ  നിലത്തു കൂടിയാണ് പോകുന്നത്. ബാക്കി തൂണുകളിൽ ഉയരുന്ന പാത വഴി. നിലത്തു കൂടി പോകുമ്പോൾ രണ്ട് സൈഡിലും മതിൽ കെട്ടണം.  പശുവോ മനുഷ്യനോ കുറുകെ ചാടാൻ പാടില്ല. മതിൽ കെട്ടുമ്പോൾ വെള്ളം ഒഴുകിപ്പോവില്ല. വെള്ളപ്പൊക്കം വരാം .ആൾക്കാർക്ക് അങ്ങോട്ടും ഇങ്ങോട്ടും കടക്കുക വിഷമകരമാവും.

ഇനി ഈ ട്രെയ്ൻ ചെറിയ ട്രെയിൻ ആണ് . സ്റ്റാൻഡേർഡ് ഗേജ്. ബ്രോഡ്ഗേജ് അല്ല. അതിനാൽ ഇപ്പോഴത്തെ ട്രെയ്നുമായി ബന്ധപ്പെടുത്താനാവില്ല.

ഇനി ഈ ട്രയിൻ ആര്  ഉപയോഗിക്കും? ചെറുപ്പക്കാർ, ഉദ്യോഗസ്ഥർ ഒക്കെ ഉപയോഗിക്കാം. പക്ഷെ സാധാരണക്കാർ ചാർജ് കുറഞ്ഞ സംവിധാനമേ ഉപയോഗിക്കൂ  എന്ന് കൊച്ചി  മെട്രോ തന്നെ നമ്മെ പഠിപ്പിക്കുന്നു.

മാത്രവുമല്ല, കാസർകോട്ട് നിന്ന് എത്ര പേർക്ക് അടിയന്തരമായി തിരുവന്തപുരത് എത്തണം? അല്ലെങ്കിൽ കണ്ണൂരോ കോഴിക്കോട്ടെ എത്തണം? മലയാളികൾ സഞ്ചാരപ്രിയരാണെങ്കിലും പൊതുവിൽ അതത് സ്ഥലത്തു തന്നെ  കഴിയുന്നവരാണ്. ഉദാഹരണത്തിന് എത്ര കോട്ടയംകാർ  ഒരു വർഷം  സമീപ നഗരമായ കൊച്ചിക്കു  പോകുന്നു? സാധാരണക്കാർ വല്ലപ്പോഴും   ഒന്ന് പോയാലായി.

ഈ സാഹചര്യത്തിൽ ഇത്രയും വലിയ തുകക്ക് റെയിൽ വന്നാൽ  അത് വിജയകരമാകുമോ? അത് ഗുണകരമാകുമോ?

ആകെ കൺഫ്യുഷൻ. 
ഇപ്പോഴും റെയിലിനോട് പൂർണമായ എതിർപ്പില്ലെങ്കിലും ഒരു നിർദേശമുണ്ട്. ഈ റെയിൽ പാത പൂർണമായും എലിവേറ്റഡ് ട്രാക്കിലൂടെ ആകണം. അതായത് തൂണുകൾക്ക് മുകളിലൂടെ റെയിൽ പാത. അപ്പോൾ അത് ജനത്തെ അത്ര ബാധിക്കില്ല. പരിസ്ഥിതിക്ക് ദീര്ഘകാല ദ്രോഹം  ചെയ്യില്ല. ന്യു യോർക്കിലും മറ്റും ഭൂമിക്കടിയിലൂടെ റെയിൽ പാത ഉണ്ടാക്കിയയത് പോലെ എന്ത് കൊണ്ട് എലിവേറ്റഡ് പാത നമുക്ക് ആയിക്കൂടാ? 

നിങ്ങളുടെ പ്രതികരണങ്ങൾ ക്ഷണിക്കുന്നു: editor@emalayalee.com

Join WhatsApp News
JACOB 2022-01-09 22:27:07
Economically not feasible. This is for CPM to get commission from land acquisition, consultants and contractors. The project will take minimum 25 years, by that time it will be somebody else's problem. Oommen Chandy Govt. started the Palarivattom bridge, had to be rebuilt by the next Govt and Engineer E. Sreedharan. Mr. E. Sreedharan is against this project.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക