Image

രാഷ്ട്രീയ കൊലപാതകങ്ങളല്ല, ആദര്‍ശ ജീവിതമാണു പ്രധാനം. കൊല്ലും കൊലയ്ക്കും എന്നാണറുതി വരുക? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 10 January, 2022
രാഷ്ട്രീയ കൊലപാതകങ്ങളല്ല, ആദര്‍ശ ജീവിതമാണു പ്രധാനം. കൊല്ലും കൊലയ്ക്കും എന്നാണറുതി വരുക? (ദുര്‍ഗ മനോജ് )

വീണ്ടും അരുതാത്തതു സംഭവിച്ചിരിക്കുന്നു. ഇടുക്കിയില്‍ കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ കൂടി പാതിവഴിയില്‍ പൊഴിഞ്ഞിരിക്കുന്നു. കൗമാരം, യുവത്വത്തിനു വഴിമാറുന്ന കാലഘട്ടത്തിലാണ് നമ്മുടെ കുട്ടികള്‍ പ്രൊഫഷണല്‍ കോളേജുകളിലേക്കു കാലെടുത്തു വയ്ക്കുന്നത്. ഭാവിയെക്കുറിച്ചുള്ള സ്വന്തം സ്വപ്നങ്ങളും കുടുംബത്തിന്റെ സ്വപ്നങ്ങളും യുവത്വത്തിന്റെ ആവേശവും നെഞ്ചിലേറ്റി, കലാലയങ്ങളിലേക്ക് കടന്നു ചെല്ലുന്ന വിദ്യാര്‍ത്ഥികള്‍ കേവലം രാഷ്ട്രീയ വെല്ലുവിളികളുടെ തര്‍ക്കം മുറുകുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരാകുന്ന കാഴ്ച! ഇത് ഏറ്റവും സംസ്‌ക്കാര സമ്പന്നര്‍ എന്ന് അഭിമാനത്തോടെ ചിന്തിക്കുന്ന മലയാളി സമൂഹത്തിലാണ്.

രാഷ്ട്രീയ കൊലപാതകം! ഒറ്റവാക്കില്‍ ഉത്തരം കിട്ടിക്കഴിഞ്ഞു മാധ്യമങ്ങള്‍ക്ക്. രാഷ്ട്രീയ ഗൂഢാലോചന, എതിര്‍ പാര്‍ട്ടിക്കാരുടെ ആസൂത്രിത നീക്കം. ആശുപത്രിയില്‍ രണ്ടു കുട്ടികള്‍ ജീവനു വേണ്ടി മല്ലിടുന്നുണ്ട് ഇതെഴുതുമ്പോള്‍. ഇവിടെ ആരാണ് നേടിയത്?ഏതു പക്ഷമാണു വിജയിച്ചത്? ഏതൊരു യുദ്ധത്തിനൊടുവിലും അക്രമം കൊണ്ടു കൊയ്യുവാനാകുന്നതല്ല വിജയമെന്നു കാലമെത്ര തെളിയിച്ചു. എന്നിട്ടും വീണ്ടും കേവല ജയങ്ങള്‍ക്കായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന നേതൃത്വവും ചാവാനും കൊല്ലാനും തയ്യാറായി പുറത്തേക്കിറങ്ങുന്ന അണികളും അവസാനിക്കുന്നില്ലല്ലോ.
ഒരു കാലഘട്ടം ഉണ്ടായിരുന്നു, കലാലയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമായിരുന്ന കാലം. സമരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കു മാത്രം സാക്ഷ്യം പറഞ്ഞിരുന്ന അക്കാലം, പ്രീഡിഗ്രി കലാലയങ്ങളുടെ ഭാഗമല്ലാതായി മാറുകയും സ്‌ക്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനവും വന്നതോടെ ഒന്നു നേര്‍വഴിയില്‍ വന്നു തുടങ്ങിയതാണ്. എന്നാല്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കലാലയങ്ങളില്‍ മയക്കുമരുന്നുകള്‍ അധ്യാപകരുടെ കണ്ണുവെട്ടിച്ചു കടന്നു ചെല്ലുന്നതും, അതിന്റെ ഭാഗമായുള്ള അടിപിടി അക്രമങ്ങളും, മറ്റൊരു പ്രശ്‌നമായി രൂപപ്പെട്ടു വരുന്നുമുണ്ട്. വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളില്‍ സൂക്ഷിക്കുമ്പോഴും ഒരു മനുഷ്യനായി പുലരാനുള്ള കേവല വിദ്യാഭ്യാസമെങ്കിലും എന്നാണു നമ്മുടെ നേതൃത്വങ്ങള്‍ അണികള്‍ക്കു പകര്‍ന്നു നല്‍കുക?

കലാലയങ്ങളിലെ ജയപരാജയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ തല മുതിര്‍ന്ന നേതാക്കളുടെ ജയപരാജയമായി എണ്ണിത്തുടങ്ങുമ്പോള്‍, പരാജയഭീതിയില്‍ മറ്റൊരു കാരണവും ഇല്ലാതെ ഒരു സഹജീവിയെ കുത്തി വീഴ്ത്തുമ്പോള്‍ ആ പാവം നങ്ങേലിയെ ഓര്‍മ വരുന്നു. പൂതം കട്ടെടുത്ത കുഞ്ഞിനെ ഓര്‍ത്ത്, ''എഴുതുവാന്‍ പോയ കിടാവു വന്നീലെവിടെപ്പോയ് നങ്ങേലി നിന്നു തേങ്ങീ... '

ഇനി, കണ്ടു കൊതി തീരും മുന്‍പു കൊഴിഞ്ഞു വീണ മക്കള്‍ക്കായ് അമ്മമാര്‍ കണ്ണു ചൂഴ്‌ന്നെടുത്തു നിവേദിക്കേണ്ടി വരുമോ? തരികെന്റെ കുഞ്ഞിനെ, തിരികെത്തരികെന്റെ കുഞ്ഞിനെ എന്ന വിലാപം ഏതു ബധിരകര്‍ണ്ണത്തിലാണ് ചെന്നു പതിക്കുന്നത്?
കണ്ണേ മടങ്ങുക.... പൊന്‍ കുഞ്ഞേ മടങ്ങുക...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക