Image

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

Published on 14 January, 2022
മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

ഫാൻസിഡ്രസ് മത്സരത്തിന് ഒരുമ്പെട്ട് ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കോവിഡ് 19. അത് ഡെൽറ്റയായും, ഒമിക്രോൺ ആയും പല രൂപത്തിലും ഭാവത്തിലും ലോകത്തെ വീണ്ടും തടവിലാക്കാൻ ശ്രമിക്കുന്നു. ചില രാജ്യങ്ങൾ കോവിഡിനൊപ്പം ജീവിതം എന്ന രീതിയിൽ കാര്യങ്ങളെ സമീപിച്ചു തുടങ്ങിയിരിക്കുന്നു. ആവശ്യത്തിലേറെ അവബോധം നൽകിക്കഴിഞ്ഞു. ഇനി ജനങ്ങൾ സ്വയം നിയന്ത്രിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകട്ടെ. ഇനിയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ജനങ്ങൾക്കതു താങ്ങാനാകില്ല എന്നും ഭരണാധികാരികൾ തിരിച്ചറിയുന്നുണ്ട്.


കാര്യങ്ങൾ ഇങ്ങനെ ആയിരിക്കുമ്പോഴും ചൈനയിൽ നിന്നുയരുന്ന ചില കാഴ്ചകൾ ഭയപ്പെടുത്തുന്നവയാണ്. ക്വാറൻ്റീൻ കേന്ദ്രങ്ങളിൽ നിരനിരയായ് വച്ചിരിക്കുന്ന മെറ്റൽ ബോക്സുകളും രോഗികളെ ക്യാമ്പുകളിലേക്കു കൊണ്ടുപോകുവാനെത്തുന്ന ബസ്സുകളും ഇപ്പോൾ ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു. ഉദ്ദേശം നല്ലതു തന്നെ. സീറോ കോവിഡ് നയമാണ് സർക്കാരിൻ്റേത്. പക്ഷേ, അതിന് അവലംബിക്കുന്ന രീതിയാണു വിമർശനത്തിനു കാരണമാകുന്നത്. അടുത്ത മാസം ആരംഭിക്കുന്ന വിൻ്റർ ഒളിംപിക്സിനു മുന്നോടി ആയി സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന കടുത്ത നിയന്ത്രണങ്ങളിൽപ്പെട്ടു രണ്ടു ലക്ഷത്തോളം വീട്ടുകാർ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ സാധിക്കാതെ അടച്ചു പൂട്ടിയിരിപ്പാണ്. കോവിഡ് ബാധിച്ചതിൻ്റെ പേരിൽ ആവശ്യമായ അടിയന്തിര ചികിത്സ നിഷേധിക്കപ്പെടുന്നതും ജനരോഷം വർധിപ്പിക്കുന്നു.

ഒരു പ്രദേശത്ത് ഒരാൾക്കു കോവിഡ് വന്നാൽ അവിടുത്തുകാർ മുഴുവൻ കോറൻ്റീനിൽ കഴിയണം. രോഗം വന്നവരെ കൊണ്ടുപോകാൻ ബസ്സുകൾ പാഞ്ഞുവരും.അതിൽക്കയറിപ്പോയാൽ കാത്തിരിക്കുന്നത് ഒരു ചെറിയ തടിക്കട്ടിലും ശുചിമുറിയും പുറത്തേക്കൊരു കിളിവാതിലും ഉള്ള ലോഹക്കൂടാണ്. ഗർഭിണികൾക്കും കുട്ടികൾക്കും ഒക്കെ മാനദണ്ഡം ഒന്നു തന്നെ. പാതിരാത്രി ആയാലും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടാൽ ഉടുതണിയോടെ അധികാരികൾക്കൊപ്പം പോകുകയല്ലാതെ മാർഗമില്ല.

 നമ്മൾ മനസ്സിലാക്കിയിടത്തോളം കോവിഡ് ഒരു രോഗമാണ്. അല്ലാതെ ഒരു കുറ്റകൃത്യമല്ല. ആ നിലയ്ക്ക് ഒരു പരിഷ്കൃത സമൂഹത്തിൽ രോഗികൾക്കു വേണ്ടതു സഹാനുഭൂതിയോടെയുള്ള ഇടപെടൽ അല്ലേ? മനുഷ്യത്വരഹിതമായ ഇടപെടൽ നിരന്തരം ഉണ്ടാകുമ്പോൾ ജയിൽ ചാട്ടത്തിനു സമാനമായ വിധത്തിൽ മനുഷ്യർ അധികൃതരുടെ കണ്ണുവെട്ടിച്ചു ഓടിപ്പോകാൻ ശ്രമിക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. നായക്കൂടുകൾക്കു തുല്യമായ സാഹചര്യത്തിലെ ജീവിതം ഒരു ദിവസത്തേക്ക് ആയാൽപ്പോലും ജീവിതകാലം മുഴുവൻ ആ അനുഭവം ഒരു ദുഃസ്വപ്നം പോലെ വേട്ടയാടാതിരിക്കില്ല.

 പറഞ്ഞു കേട്ടിട്ടുണ്ടു പണ്ടു വസൂരി വന്നവരെ ചെറ്റപ്പുരയിലേക്കു മാറ്റിക്കിടത്തി ചാകാൻ വിട്ടു കൊടുത്തിരുന്ന രീതികളെക്കുറിച്ച്. അന്നു മരണത്തിനെ മുഖാമുഖം കണ്ടു തിരികെ ജീവിതത്തിലേക്കു വന്നവർക്ക് അറിയാം അത്തരം രീതികളുടെ മനുഷ്യത്വമില്ലായ്മ. കോവിഡ് ബാധിക്കുന്നവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, "രോഗികളാണ്. ഞങ്ങളും മനുഷ്യരാണ് " എന്നുമാണ് ജനങ്ങൾ ചൈനീസ് ഭരണകൂടത്തിനോട് അപേക്ഷിക്കുന്നത്.

 

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക