Image

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധി ആണെന്ന് കോടതി (പി  പി മാത്യു)

Published on 14 January, 2022
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധി ആണെന്ന് കോടതി  (പി  പി മാത്യു)

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കുറ്റം ചുമത്തപ്പെട്ട കത്തോലിക്കാ സഭയിലെ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധി ആണെന്ന് കോടതി വിധിച്ചു. കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ആണ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒറ്റ വരിയിൽ വിധി പ്രസ്താവിച്ചത്.

"ദൈവം കാത്തു" എന്ന് ഒറ്റ വാക്കിൽ പ്രതികരിച്ച ബിഷപ് കോടതി മുറിയിൽ സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു. 
പുറത്തു സഭാ വിശ്വാസികൾ ആരവം മുഴക്കുന്നതിനിടയിൽ ബിഷപ് ഫ്രാങ്കോ കോടതി മുറി വിട്ടു കാറിൽ കയറി പോയി. 

അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചപ്പോൾ, വിപുലമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വിധിന്യായത്തെ വിമർശിച്ചു. 

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു ബിഷപ്പിനെതിരെ പരാതി നൽകിയത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നാടുകുന്നിലെ  സെയിന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസി ആയിരുന്നു സിസ്റ്റർ. മിഷൻ ഹോമിൽ വച്ച് 2014 - 2016 കാലഘട്ടത്തിൽ 13 തവണ തന്നെ ബലാത്സംഗം ചെയ്തു എന്ന് കന്യാസ്ത്രീ ആരോപിച്ചിരുന്നു. 
അവർക്കു വേണ്ടി കന്യാസ്ത്രീകളുടെ ഭാഗത്തു നിന്ന് പോരാട്ടം നയിച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ കോടതി വിധിയെ തള്ളിപ്പറഞ്ഞു. ഇരയ്ക്കു നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് അവർ വ്യക്തമാക്കി. "നീതി കിട്ടാനുള്ള നടപടികൾ തീർച്ചയായും ഉണ്ടാവണം," അവർ പറഞ്ഞു.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. "സിസ്റ്ററിന് നീതി ലഭിക്കും വരെ പോരാട്ടം തുടരും. പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. 
"പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് മനസിലാക്കേണ്ടത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല."
സഭയുടെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. 

പരാതിക്കാരിക്ക് നീതി തേടി 13 ദിവസം കൊച്ചിയിലെ തെരുവിൽ നിരാഹാര വൃതം അനുഷ്ടിച്ചവരിൽ സിസ്റ്റർ ലൂസിയും സിസ്റ്റർ അനുപമയും ഉണ്ടായിരുന്നു.   

കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ സമരം ചെയ്യുന്നതിനിടെയാണ് 10 മാസത്തെ അന്വേഷണം അവസാനിപ്പിച്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 
മൊത്തം 81 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ 39 പേരെ കോടതി വിസ്തരിച്ചു. ഒരാൾ പോലും പ്രതിഭാഗത്തേക്കു ചേർന്നിരുന്നില്ല. എല്ലാ സാക്ഷികളും പറഞ്ഞത് നുണയാണെന്ന് കോടതിയിൽ തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. 

പരാതിക്കാരിക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരു അന്വേഷണം തുടങ്ങി വച്ചിരുന്നു എന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്നു അഭിഭാഷകൻ പറഞ്ഞു. ബിഷപ് നടപടി എടുത്തു രണ്ടു വര്ഷം കഴിഞ്ഞാണ് കന്യാസ്ത്രീ പരാതിയുമായി വന്നത്. 
സുപ്രധാന സാക്ഷിയായ സിസ്റ്റർ അനുപമയുടെ മൊഴിയിൽ പറഞ്ഞത് ബിഷപ്പിനെതിരെ കേസ് വന്ന ശേഷമാണു കന്യാസ്ത്രീയുടെ ആരോപണം അറിഞ്ഞത് എന്നായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

എന്നാൽ നൂറു ശതമാനം ശിക്ഷ പ്രതീക്ഷിച്ച കേസാണിതെന്നു മുൻ പോലീസ് സൂപ്രണ്ട് എസ്.ഹരിശങ്കർ പറഞ്ഞു. രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ ഏറ്റവും വിചിത്രമായ വിധിയാണിത്. 
"പ്രതീക്ഷിക്കാത്ത വിധി" എന്ന് അഭിപ്രായപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു, അപ്പീൽ ഉണ്ടാവുമെന്ന് വെളിപ്പെടുത്തി. എങ്ങിനെയാണ് ഇത്തരത്തിൽ ഒരു വിധി ഉണ്ടായതെന്ന് മനസിലാവുന്നില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു. 

അധികാരത്തിന്റെ ബലം ഉപയോഗിച്ച് സ്ത്രീയെ കീഴടക്കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റമാണ് ബിഷപ്പിന്റെ മേൽ ചുമത്തിയിരുന്നത്. മൊത്തം ഏഴു വകുപ്പുകൾ. 
കോളിളക്കം സൃഷ്‌ടിച്ച കേസിൽ നാലു വർഷത്തിനു ശേഷമാണു വിധി ഉണ്ടാവുന്നത്. വിചാരണ 105 ദിവസം നീണ്ടു നിന്നു. 2021 ഡിസംബർ 29 നാണു വിചാരണ അവസാനിച്ചത്. 16 ദിവസത്തിനു ശേഷം വിധി വന്നു. 

കന്യാസ്ത്രീ മദർ സുപ്പീരിയറിനു പരാതി നൽകിയത് 2017 മാര്‍ച്ചിലാണ്. ജൂൺ 27 നു ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി കൈമാറി. പിറ്റേന്ന് തന്നെ ഡി വൈ എസ് പി കെ. സുഭാഷിനെ അന്വേഷണ ചുമതല ഏല്പിച്ചു. 
കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നു എന്ന് പാലാ ബിഷപ്പ് മൊഴി നൽകുകയുണ്ടായി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. 

കേസ് പിൻവലിക്കാൻ സഭ അഞ്ചു കോടി രൂപ വാഗ്‌ദാനം ചെയ്തുവെന്ന് പരാതിക്കാരിയുടെ സഹോദരൻ ആരോപിക്കയുണ്ടായി. 
ദേശീയ വനിതാ കമ്മിഷൻ കന്യാസ്ത്രീയെ സന്ദർശിച്ചു. ബിഷപ് രാജ്യം വിടാതിരിക്കാൻ വിമാന താവളങ്ങളിൽ അറിയിപ്പ് നൽകി. 

ജലന്ധറിലും ഡൽഹിയിലും ഉൾപടെ അന്വേഷണം നടത്തിയ ശേഷം 2018 സെപ്റ്റംബർ 21 നു കൊച്ചിയിൽ ബിഷപ്പിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച നീണ്ട ജയിൽ വാസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. അതിനിടെ കുറവിലങ്ങാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയിരുന്നു. ബിഷപ് എല്ലായ്‌പോഴും കുറ്റം നിഷേധിക്കുകയായിരുന്നു ചെയ്തത്. 

Join WhatsApp News
പീഡകൻ 2022-01-14 19:14:04
ഈ വിധിയെ ചില നേതാക്കൾ സ്വാഗതം ചെയ്തു എന്ന് കേട്ടല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക