Image

കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

Published on 14 January, 2022
കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

ലോകത്തെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളുടെ രചയിതാക്കളിൽ ഒരാളാണ് കവി സച്ചിദാനന്ദൻ. ഇംഗ്ളീഷ്, ഐറിഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ചൈനീസ്, അറബിക് മുതലായ വിദേശ ഭാഷകളിലേക്കും, രാജ്യത്തെ എല്ലാ പ്രമുഖ ഭാഷകളിലേക്കും അദ്ദേഹത്തിൻറെ കൃതികൾ  മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 

പാബ്ലോ നെരൂദ, അൻറോണിയോ ഗ്രാംഷി, മെഹ്മൂദ് ഡാർവിഷ് മുതലായ പുരോഗമനവാദികളായ വിശ്വസാഹിത്യകാരന്മാരെ സച്ചിദാനന്ദൻ തൻറെ ലളിതവും സമഗ്രവുമായ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. ഈയ്യിടെ അദ്ദേഹം ഭക്തി-സൂഫി പ്രസ്ഥാനങ്ങളുടെ ചേതനയായ കുറെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ദാർശനികമായ പുതിയ വഴിയിലെ സർഗാത്മഗത കവി ഇവിടെ പങ്കുവയ്‌ക്കുന്നു: 

🟥 'ദൈവവുമായുള്ള സംഭാഷണങ്ങൾ' എന്ന നാമത്തിൽ വിപണിയിലുള്ള താങ്കളുടെ കബീർ വിവർത്തനങ്ങൾ വായനക്കാർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ളൊരു വിവർത്തനത്തിനു പ്രേരണ എന്തായിരുന്നു? 
💎 എൻറെ കഴിഞ്ഞ മുപ്പതു വർഷത്തെ കവിതകൾ പിന്തുടർന്നവർക്കറിയാം, 1990 മുതലെങ്കിലും ഞാൻ ഭക്തി-സൂഫി കവികളുടെ രചനകൾ ശ്രദ്ധയോടെ വായിച്ചിട്ടുണ്ടെന്നും അവരിൽ ഒരു സമാന്തര ആത്മീയതയുടെ ജ്വലനങ്ങൾ ഞാൻ കണ്ടിട്ടുണ്ടെന്നും. 

1990-ൽ, ബാബറി മസ്ജിദ് തകർപ്പെടുന്നതിന്നും മുമ്പ് അയോദ്ധ്യ പുകഞ്ഞു കൊണ്ടിരുന്ന ഒരു കാലത്താണ് ഞാൻ 'പറയുന്നു കബീർ' എന്ന കവിത എഴുതുന്നത്‌. രാമനെയും സീതയേയും മാത്രമല്ല, ആത്മീയതയെത്തന്നെ പുതുതായി നിർവചിക്കുന്ന ഒരു കവിതയായിരുന്നു അത്. അന്ന് ഞാൻ കേരളത്തിൽ തന്നെയായിരുന്നു എന്നോർക്കുക. പിന്നീടാണ് 'മീര പാടുന്നു' എഴുതുന്നത്‌. അവിടെ മീരാബായി അധികാരവും ആഡംബരവും വിട്ടു ആത്മീയ വിമോചനം അന്വേഷിക്കുന്ന ശക്തയായ ഒരു സ്ത്രീയാണ് -- കൊട്ടാരത്തിൻറെ തടവറ വിട്ടു തെരുവിലിറങ്ങി നൃത്തം ചെയ്യുന്നവൾ. 

1992-ൽ ഞാൻ 'ഇന്ത്യൻ ലിറ്ററേച്ചർ' പത്രാധിപരായി ഡൽഹിയിലേക്കു താമസം മാറ്റി. സാഹിത്യ അക്കാദമി ലൈബ്രറിയിൽ ഞാൻ ആദ്യം തേടിയത് മറ്റു ഇന്ത്യൻ  ഭക്തി-സൂഫി കവികളുടെ ഇംഗ്ലീഷ്-ഹിന്ദി വിവർത്തനങ്ങളാണ്. ഒപ്പം ഇന്ത്യ എമ്പാടുമുണ്ടായ, നൂറ്റാണ്ടുകൾ നീണ്ട, ആ പ്രസ്ഥാനങ്ങളുടെ പഠനവും ആരംഭിച്ചു. ഞാൻ‍ എഡിറ്റ്‌ ചെയ്ത മാസികയിലും അത് പ്രതിഫലിച്ചു. 'ഇന്ത്യൻ ലിറ്ററേച്ചർ' ദ്വൈമാസികത്തിൽ ഞാൻ 'രണ്ടാം പാരമ്പര്യം' (ദി സെക്കൻ്റ്  ട്രെഡിഷൻ) എന്ന ഒരു പംക്തി ആരംഭിച്ചു. അതിൽ ഈ കവികളുടെ തിരഞ്ഞെടുത്ത കാവ്യഭാഗങ്ങൾ പ്രകാശിപ്പിക്കാൻ  തുടങ്ങി. 
തുടർന്ന് പല വർഷങ്ങളിലായി ബസവ, അക്ക മഹാദേവി, ആണ്ടാൾ, ത്യാഗരാജൻ, തുക്കാറാം, നാമദേവൻ, ലാൽ ദെദ്ദ്, ബുള്ളേ ഷാ തുടങ്ങിയവരെ വർത്തമാന സന്ദർഭത്തിലേക്ക് ആനയിക്കുന്ന ഒരു കൂട്ടം കവിതകൾ എഴുതി. എന്നാൽ എൻറെ വായന അവർക്കപ്പുറം ഒട്ടേറെ കവികളിലേക്ക് നീണ്ടു. അല്ലാമ പ്രഭു, ദാസിമയ്യ, അന്നമയ്യ, അന്നമാചാര്യ ചണ്ഡീദാസ്, കൻഹോ പത്ര, സലബെഗാ, സൂർ ദാസ്, തുളസീ ദാസ്, നമ്മാൾ വാർ, നിവൃത്തി നാഥ്, നരസി മെത്ത, അപ്പർ, സുന്ദരാർ, തിരുമൂലർ, റഹീം, രസഖാൻ, ലാലൻ ഫക്കീർ, രവി ദാസ്, ആഖോ, ജ്ഞാനദേവൻ, ചൊഖാ മേള, കർമ്മ മേള, ഗംഗവ്വേ, ഗംഗാസതി, വിദ്യാപതി, ജയദേവൻ, ഗുരു നാനാക്ക്, അങ്ങിനെ ഏറെ പേർ. 
അതേ സമയത്താണ് ബനാറസ്‌ ഹിന്ദു സർവ്വകലാശാല എന്നെ അവരുടെ മൂന്നു വർഷമായി മുടങ്ങിക്കിടന്ന പുരോഹിത് സ്വാമി പ്രഭാഷണങ്ങൾ മൂന്നു ദിവസമായി ചെയ്യാൻ ക്ഷണിച്ചത്. അവിടെ ഞാൻ  ഭക്തിപ്രസ്ഥാനത്തെക്കുറിച്ചാണ് സംസാരിച്ചത്. അന്നൊന്നും പക്ഷെ ഭക്തി കവിത പരിഭാഷ ചെയ്യാനുള്ള ആലോചനയോ സാവകാശമോ ഉണ്ടായിരുന്നില്ല. ഈ മഹാമാരിയുടെ കാലത്ത് യാത്രകൾ ഒഴിഞ്ഞ സമയം കുറെയൊക്കെ അങ്ങിനെ ഒന്നിനായി ചിലവിടാം എന്നു തോന്നി. കബീർ ഒരു നല്ല തുടക്കമാകുമെന്നും. പിന്നീട് ബുള്ളേ ഷായുടെ രചനകൾ 'നാലു വചന കവികൾ' എന്ന പേരിൽ വിവർത്തനം ചെയ്തു. തുക്കാറാമിൻറെ കവിതകളാണ് തുടർന്നു വിവർത്തനം ചെയ്തത്. അഞ്ചാമത്തെ  ഭക്തികവിതയുടെ സമാഹാരം,'നീയും ഞാനും' തൊട്ടു മുന്നെയാണ് എഴുതിത്തീർന്നത്. പ്രസാധകർക്ക് അയച്ചു കൊടുത്തതേയുള്ളൂ. മഹാമാരിക്കാലത്ത് സ്വയം ഏറ്റെടുത്ത ഒരു നിയോഗം ഇവിടെ അവസാനിക്കുന്നു. ഇരുണ്ട കാലത്തെ പ്രത്യാശാനിർഭരമാക്കിയ ഒരു പ്രവർത്തനമായിരുന്നു ഇത്. 
സമയമുണ്ടെങ്കിൽ മറ്റു കവികളുടെ തിരഞ്ഞെടുത്ത കൃതികളുടെ ഒരു സമാഹാരം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. 

🟥 ഭക്തി-സൂഫി കവികളിൽ ഒരു സമാന്തര ആത്മീയതയുടെ ജ്വലനങ്ങൾ താങ്കൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ. വിശദീകരിക്കാമോ? 
💎 ഇന്ത്യൻ ഭക്തി കവിതയും അനുബന്ധ സാഹിത്യ-കലാ രൂപങ്ങളും പൊതുവേ അറിയപ്പെടുന്നത് ‘ഭക്തി പ്രസ്ഥാനം’ എന്ന പേരിലാണ്. ഇത് ഇന്നിൽ നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോഴുള്ള ഒരു പ്രതീതി മാത്രമാണെന്ന് വാദിക്കാവുന്നതാണ്. കാരണം, അതിൽ പങ്കെടുത്തവർക്ക് തങ്ങൾ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന സ്വാത്മബോധം ഇല്ലായിരുന്നു എന്നു വേണം കരുതാൻ. ഉദാഹരണത്തിന്, മദ്ധ്യേന്ത്യയിലെയും ഉത്തരേന്ത്യയിലെയും പൂർവ്വേന്ത്യയിലെയും ഭക്തകവികൾക്ക് തമിഴ്, കന്നഡ ഭാഷകളിൽ‍വളരെ മുൻപേ തന്നെ ഉണ്ടായ ശൈവ-വൈഷ്ണവ കവികളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല. കബീർ, മീര, നാമദേവൻ തുടങ്ങിയവരെപ്പോലെ, അവർ പലരും ബഹുഭാഷികൾ  ആയിരുന്നെങ്കിലും ദ്രാവിഡഭാഷാഗോത്രത്തിൽ പെടുന്ന ഏതെങ്കിലും ഭാഷയിൽ നൈപുണ്യം നേടിയതിനും തെളിവുകളില്ല. 
ഭക്തി കവികളുടെ ദാർ‍ശനിക സമീപനങ്ങൾ, ആരാധനാമൂർത്തികൾ, അവർ‍ ഉപയോഗിച്ചിരുന്ന കാവ്യരൂപങ്ങൾ, ശൈലികൾ  മുതലായവയും ഏകരൂപമായിരുന്നില്ല. ശൈവരും വൈഷ്ണവരും (അവരിൽ തന്നെ രാമഭക്തരും കൃഷ്ണഭക്തരും) ശാക്തേയരും അവരിൽ‍ ഉണ്ടായിരുന്നു. ദ്വൈതികളും അദ്വൈതികളും ഉണ്ടായിരുന്നു, അപൂർവ്വമായെങ്കിലും തുളസീദാസനെപ്പോലെ വർണ്ണവ്യവസ്ഥയെ ചോദ്യം ചെയ്യാത്തവർ ഉണ്ടായിരുന്നു, ബ്രാഹ്മണ ലോക വീക്ഷണം അംഗീകരിച്ച ബ്രാഹ്മണരും, സ്വയം അബ്രാഹ്മണീകരിച്ച ബ്രാഹ്മണരും, ശൂദ്രരും, ‘അതിശൂദ്ര’രും, മുസ്ലിംങ്ങളും, ഏകഭാഷികളും ബഹുഭാഷികളും, സഗുണോപാസകരും, നിർഗുണോപാസകരും, പാരമ്പര്യ രൂപങ്ങൾ പ്രയോജനപ്പെടുത്തിയവരും, നവരൂപങ്ങൾ കണ്ടെത്തിയവരും ഉണ്ടായിരുന്നു. എന്നല്ല, ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള, നാമദേവൻ മുതൽ ശ്രീനാരായണൻ വരെയുള്ള, ഒരു ദീർഘ കാലഘട്ടത്തിൽ പലപ്പോഴായാണ് ഇന്നത്തെ കാശ്മീരം മുതൽ കേരളം വരെയുള്ള പ്രദേശങ്ങളിൽ ഈ കവികൾ പ്രത്യക്ഷപ്പെട്ടത്. 


🟥 വിവിധ പ്രദേശങ്ങളിൽ ജീവിച്ച ഭക്തി കവികളുടെ താത്ത്വികമായ ഏകശിലാ സ്വഭാവങ്ങൾ എന്തൊക്കെയായിരുന്നു? 
💎 ഇവരെല്ലാം ഒരു ബദൽ ജനകീയ ആദ്ധ്യാത്മികതയ്ക്ക് രൂപം നല്കാൻ ശ്രമിച്ചു. ജന ഭാഷകളിൽ രചന നടത്തുകയും അങ്ങിനെ ആ ഭാഷകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്തു. തമിഴിലെ ശൈവ കവികളെപ്പോലെ ഇവരിൽ മിക്കവരും സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിന്ന് വന്നവരായിരുന്നു. മതം, വർണ്ണം, ജാതി, ലിംഗം, തൊഴിൽ ഇവയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവർ. ഭക്തി, ആ അർത്ഥത്തിൽ‍, കീഴാള ആത്മീയതയുടെ ആവിഷ്കാരമായിരുന്നു. മതമാത്സര്യത്തെ ഭക്തി തിരസ്കരിച്ചു, ഭിന്നമതങ്ങൾ ഈശ്വരനിലേക്കുള്ള ഭിന്നമാർഗ്ഗങ്ങൾ മാത്രമെന്ന് സിദ്ധാന്തിച്ചു (കബീർ), ചിലപ്പോൾ മതസമന്വയങ്ങൾക്ക് ശ്രമിച്ചു (ഗുരു നാനാക്ക്). തുളസീദാസനെപ്പോലെ അൽപ്പം അപവാദങ്ങളൊഴിച്ചാൽ, ഭക്തർ വർണ്ണ-ജാതി വ്യവസ്ഥയെ നിരാകരിച്ചു. അതു കൊണ്ടു തന്നെ ബ്രാഹ്മണരുടെ ആധിപത്യം, പൌരോഹിത്യത്തിന്റെ സാംഗത്യം, സംസ്കൃതത്തിന്റെ മേൽക്കോയ്മ മുതലായവ ഇല്ലാതായി. 
ആധുനിക ഭാഷയിൽ പറഞ്ഞാൽ, വിമോചനത്തിൻറെതായ ഒരു ദൈവശാസ്ത്രം ‘ഹിന്ദു’ എന്ന് ഇന്നു ലളിതവൽകരിക്കപ്പെടുന്ന ഇന്ത്യൻ മതങ്ങൾക്കകത്ത് ഭക്തർ സൃഷ്ടിച്ചു, നവോത്ഥാനങ്ങളുടെ വിത്തു പാകി. 


🟥 ഭക്തി പ്രസ്ഥാനമെന്തെന്ന് കുറെയൊക്കെ ഭാരതീയ ജനതയ്ക്ക് അറിഞ്ഞേക്കാം. സൂഫി പ്രസ്ഥാനത്തെ കവി എങ്ങനെയാണ് അവർക്ക് പരിചയപ്പെടുത്തുക? 
💎 സൂഫിസം പിറവിയെടുത്തത് ഒൻ‍പതാം നൂറ്റാണ്ടിലെ അറേബ്യയിലാണ്. എന്നാൽ‍ ശുഷ്കമായ ജീവിത നിരാസമല്ല അതിൽ‍കാണുക, സർവ്വ ശക്തനുമായുള്ള വൈകാരിക സംവാദമാണ്. ഇറാനിയൻ‍-ഇന്ത്യൻ‍ തത്വചിന്തകളുമായുള്ള ഇസ്ലാമിൻ്റെ സംഭാഷണത്തിലൂടെയാണ് സൂഫിസം ഇന്നത്തെ രൂപം നേടുന്നതെന്ന് പറയാം. സന്യാസം, ശാരീരികമായ അച്ചടക്കം മുതലായവയിലായിരുന്നു അറബികളുടെ ഊന്നൽ‍. എന്നാൽ, ‍ഗ്രീക്ക് ചിന്ത, പ്ലാറ്റോവിന്റെ ദർശനം, ക്രിസ്തുമതം, ഇന്ത്യൻ ‍ വേദാന്തം, ബുദ്ധദർശനം ഇവയുടെയൊക്കെ സ്വാധീനം സൂഫികളിൽ‍ പ്രകടമായിരുന്നു. വൈകാരിക സമൃദ്ധിയുള്ള  സംഗീതവും നൃത്തവും സ്നേഹവും നിറഞ്ഞ, ഒരു ആധ്യാത്മികതയായിരുന്നു സൂഫികൾ മുന്നോട്ടുവച്ചത്‌. അവർ ‍മദ്യപിച്ചു നൃത്തമാടുകയും ശാരീരിക പ്രണയം ആദ്ധ്യാത്മിക പ്രണയമായി ഉദാത്തീകരിക്കപ്പെടുമെന്ന് വിശ്വസിക്കുകയും ചെയ്തു. അവർ‍ ദൈവത്തിൽ‍ വിശ്വസിച്ചു, പ്രവാചകനെ സ്നേഹിച്ചു, മുർഷിദ് അഥവാ ഗുരു ദൈവ സാക്ഷാത്കാരം സാദ്ധ്യമാക്കുമെന്നും വിശ്വസിച്ചു. പുതച്ചു മൂടിയ പരിശുദ്ധൻ‍ എന്ന ഇമേജാണ് പ്രബുദ്ധനായ സൂഫിക്കുള്ളത്. 
സൂഫി വിശ്വാസത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ‍ ഇങ്ങിനെ സംഗ്രഹിക്കാം: ദൈവം എല്ലാറ്റിലുമുണ്ട്, എല്ലാം ദൈവത്തിലും. മതം ഒരു ജീവിത രീതിയാണ്, അത് മോക്ഷം തരണമെന്നില്ല. ദൈവം ഇച്ഛിക്കാതെ ഒന്നും നടക്കുന്നില്ല. ആത്മാവ് ദേഹത്തിൽ ‍ നിന്നും വ്യതിരിക്തമാണ്; സത്കർമ്മങ്ങൾ‍ ചെയ്‌താൽ അത് ഈശ്വരനിൽ ലയിക്കും. ഗുരുവിന്റെ അനുഗ്രഹമാണ് ദൈവത്തിലേക്കുള്ള വഴികാട്ടി. 
സാക്ഷാത്കാരത്തിലേക്ക് നാലു വഴികളുണ്ട്: ഇസ്ലാം നിയമ പ്രകാരമുള്ള നല്ല ജീവിതം നയിക്കുക (ശരിയത്ത്); ഗുരുവിന്റെ വഴി പിന്തുടരുക (തരീക്കത്); ബോധോദയം പ്രാപിക്കുക (ഹകീക്കത്); സത്യം തിരിച്ചറിഞ്ഞു ദൈവത്തിൽ‍ വിലയം കൊള്ളുക (മർഫത്). 
സൂഫികൾ‍ ആദ്യം ഇന്ത്യയിലെത്തിയത് ഇസ്ലാം മതം പ്രചരിപ്പിക്കാനാണ്. അന്നത്തെ പഞ്ചാബിൽ‍ ലാഹോറും മുൽ‍താനും ഉൾപ്പെടെ അനേകം കേന്ദ്രങ്ങൾ‍ അവർ‍ സ്ഥാപിച്ചു. അവരിൽ‍ ഏറ്റവും പ്രചാരം നേടിയ വിഭാഗം എല്ലാ മതങ്ങളിൽ‍ നിന്നും ഉത്തമമായ അംശങ്ങൾ സ്വീകരിച്ച സൂഫികളായിരുന്നു. അവരിൽ‍ ഒരാളായിരുന്നു ബുള്ളേ ഷാ. 
മനുഷ്യർ‍ സ്നേഹിക്കണം, സേവിക്കണം, സന്യസിക്കണം, ദൈവത്തിൽ‍ ലയിക്കണം. ഇന്ത്യൻ‍ സൂഫികൾ‍ ജപം, ശ്രദ്ധ, ധ്യാനം മുതലായവയ്ക്ക് ഊന്നൽ‍ നൽകി. പാപം ചെയ്യാതിരിക്കുക, ചെയ്‌താൽ‍ പശ്ചാത്തപിക്കുക, ലളിതവും സംതൃപ്തവുമായ ജീവിതം നയിക്കുക, ഗുരുവിന്റെ അനുഗ്രഹം നേടുക -- ഇതാണ് സൂഫികളുടെ ഭക്തിമാർഗ്ഗം. 
ആത്മാവ് വിരഹിയാണ്, ദൈവത്തോട് ചേരലാണ് അതിന്റെ നിയോഗം. ഇറാനിലെ സൂഫികൾ ലൈലാ-മജ്നു, യൂസഫ്‌-സുലൈഖാ, ഷിരീൻ‍-ഫർ‍ഹദ് തുടങ്ങിയ ജോടികളെ പ്രകീർത്തിച്ച പോലെ, പഞ്ചാബിലെ സൂഫികൾ ഹീർ‍-രഞ്ഛാ, സോഹ്നി-മഹിവാൾ‍, സസ്സി-പുന്നുൻ തുടങ്ങിയവരുടെ പ്രണയത്തെ ആദർശവത്കരിച്ചു. അവർ‍ ചർക്ക, തോണി, സ്ത്രീധനം തുടങ്ങി ചുറ്റുപാടിൽ‍നിന്ന് സ്വീകരിച്ച പ്രതീകങ്ങൾ ഉപയോഗിച്ച്, ആദ്ധ്യാത്മികമായ ആശയങ്ങൾ‍ ആവിഷ്കരിച്ചു. അവരുടെ പ്രിയ കാവ്യരൂപങ്ങൾ കാഫി, ബാരാ മാ (സ), അഥ്വാരാ, സിഹാർഫി, ദോഹാ, ബയിൻറ്റ്, ദ്യോത് തുടങ്ങിയവയായിരുന്നു. ഭാഷ ലഘുവും സുഗമവും ഗാനാത്മകവും സംഭാഷണാത്മകവുമായിരുന്നു. പഞ്ചാബി ജനമനസ്സുകളിൽ‍ അവരുടെ പ്രാഭാവം ഇന്നും കുറഞ്ഞിട്ടില്ല. പഞ്ചാബിയിൽ‍ എഴുതിയ മറ്റു സൂഫികൾ‍ ഷാ ഹുസൈൻ‍, സുൽ‍ത്താൻ‍ ബഹു, ഷാ ഷരഫ് എന്നിവരായിരുന്നു (16-17 നൂറ്റാണ്ടുകൾ‍). അവർക്ക് മുമ്പ് പന്ത്രണ്ടാം നൂറ്റാണ്ടിൽ‍ ബാബാ ഫരീദ് ഉണ്ടായിരുന്നു. അവർക്ക് ശേഷം വന്നവരാണ് ബുള്ളേ ഷാ (1680-1757), അലി ഹൈദർ‍, ഹാഷിം ഷാ തുടങ്ങിയ 17-18 നൂറ്റാണ്ടുകളിലെ കവികൾ‍. പഞ്ചാബികളെ സ്വാധീനിച്ച പ്രധാന സൂഫി സന്യാസികൾ‍ ദത്താ ഗഞ്ച് ഭക്ഷ്, ഷെയ്ഖ് ഫരീദ്, ഷക്കർ ഗൻജ്ജ്, കുത്തബുദ്ദീൻ‍ ബഖ്തിയാർ‍ കാക്കി, മൊയിനുദീൻ ചിഷ്തി, നിസാമുദ്ദീൻ‍ ഔലിയാ, മിയാൻ‍ മീർ‍, സർ‍മ്മദ് എന്നിവരായിരുന്നു. 


🟥 പ്രായോഗിക ആത്മീയതയിൽ ഭക്തി-സൂഫി പ്രസ്ഥാനങ്ങൾ‍ തമ്മിലുള്ള സമാനതകൾ‍ ഒന്നു വ്യക്തമാക്കാമോ?  
💎 ചില ഭക്തി കവികൾക്കെന്നപോലെ, സൂഫികൾക്ക് ദൈത്തോടുള്ളത് പ്രണയ ഭാവമായിരുന്നു. ഈശ്വരൻ‍ ഭർത്താവും മനുഷ്യവംശം ഭാര്യയും എന്ന പോലെയായിരുന്നു അവരുടെ കാഴ്ചപ്പാട്. പൗരോഹിത്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും രണ്ടു വിഭാഗങ്ങളും നിരാകരിച്ചു. ദൈവത്തോട് സംസാരിക്കാൻ‍ മനുഷ്യർ‍ക്ക്‌ മാദ്ധ്യസ്ഥം ആവശ്യമില്ലയെന്ന് വിശ്വസിച്ചു. ഗുരു എന്ന  സങ്കല്‍പം രണ്ടു കൂട്ടർക്കും പൊതുവായിരുന്നു. പുതിയ രൂപങ്ങൾ സൂഫികളും സൃഷ്ടിച്ചു. ദോഹാ, ബീജക്, ഉലട്ട് ബാസി, കസീദാ, ബാരാമാസ, ഖവ്വാലി തുടങ്ങിയ രൂപങ്ങൾ ഉദാഹരണം. ഉപനിഷത്തുകളിൽ‍ നിന്നും മറ്റും പല ചിന്തകളും സൂഫികൾ ‍ സ്വീകരിച്ചിട്ടുണ്ട്. ഭക്തി കവികളെപ്പോലെ തന്നെ അവരിൽ‍ പലരും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 
'ഞാൻ‍ ബ്രഹ്മമാകുന്നു' എന്നത് രണ്ടു പ്രസ്ഥാനങ്ങളുടെയും പ്രഖ്യാപനമാണ്. എല്ലാവരിലും ദൈവാംശമുണ്ട് എന്നാണ് അവർ ‍ അർത്ഥമാക്കിയത്. എന്നാൽ‍, അത് അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെട്ടു. രണ്ടു കൂട്ടരെയും അധികാരികൾ‍ ഭയന്നു. എല്ലാവരും ദൈവത്തെ പരമാധികാരിയായി കണ്ടാൽ, മനുഷ്യരായ ഭരണാധികാരികളെ ധിക്കരിക്കാൻ‍ അവർ‍ ധൈര്യം കാണിക്കുമല്ലോ!  
ചുരുക്കത്തിൽ‍, ഭക്തി-സൂഫി കവികളും ദാർശനികരും ജനകീയമായ, അത് കൊണ്ട് തന്നെ വിമോചകവും സമത്വാധിഷ്ഠിതവുമായ, ഒരു ആത്മീയത സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ആ പാരമ്പര്യമാണ് ശ്രീനാരായണ ഗുരുവിലും ചട്ടമ്പി സ്വാമികളിലും മഹാത്മാ ഗാന്ധിയിലും നാം കണ്ടത്. അവർ‍ ഭക്തിയിൽ‍ കർമ്മം കൂടി ചേർ‍ത്ത് ആത്മീയതയെ മനുഷ്യ  സേവനമാക്കി. അങ്ങനെയാണ് ഈ പാരമ്പര്യം ഇന്ന് മതങ്ങളുടെ പേരിൽ‍ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ സകല രൂപങ്ങൾക്കും കടക വിരുദ്ധമാകുന്നത്. 


🟥 ഭക്തി പ്രസ്ഥാനം നമ്മുടെ സാഹിത്യത്തെയും കലയെയും വിശ്വാസത്തെയും എത്രകണ്ട് സ്വധീനിച്ചു? 
💎 വരമൊഴി സാഹിത്യത്തിന്നുമേൽ‍ വാമൊഴിയുടെ ആധിപത്യം സ്ഥാപിച്ചതാണ് ഈ മേഖലയിൽ ഭക്തി പ്രസ്ഥാനത്തിൻറെ ഏറ്റവും വലിയ സ്വാധീനം. ഭക്തി പ്രസ്ഥാനക്കാരിൽ പലരും പല ദേശങ്ങളിൽ‍ സഞ്ചരിച്ച് പല ഭാഷകളിൽ‍ എഴുതി, ബഹുഭാഷാ സാഹിത്യത്തിനു തുടക്കമിട്ടു. കാവ്യഘടനയെയും രൂപത്തെയും പരിഷ്കരിക്കുക വഴി അവർ കാവ്യ ചരിത്രവും സൗന്ദര്യ ശാസ്ത്രവും മാറ്റിയെഴുതി. അഭംഗ്, ഭാരൂദ്‌, വാഖ്, വചനം, രാസ, പ്രബന്ധം തുടങ്ങിയ കാവ്യരൂപങ്ങൾ‍ നിർമ്മിക്കുകയോ, പുറത്തു നിന്ന് കടമെടുക്കുകയോ ചെയ്തു. കൂടാതെ, ഭജൻ‍, കീർത്തൻ‍, ധുൻ‍, ജാത്ര, ഹരികഥ, ബുറകഥ, രാംലീല, കൃഷ്ണലീല, നഗരസംകീർത്തൻ, തുംഗി, അംഗീയ നാട്, ലീലാ ഭാഗവത് തുടങ്ങിയ ആലാപന-ആഖ്യാന-അഭിനയ കലകൾക്ക് ജന്മം നൽകി. ഇവ ഭരതനാട്യം, കുച്ചിപ്പുടി, മണിപുരി, ഒഡീസ്സി, യക്ഷഗാനം, കഥകളി, തുള്ളൽ‍, രാമനാട്ടം, കൃഷ്ണനാട്ടം, കൂത്ത്, പാഠകം, കൂടിയാട്ടം തുടങ്ങിയ ക്ലാസിക്കൽ‍-അർ‍ദ്ധ ക്ലാസ്സിക്കൽ‍ കലാരൂപങ്ങളുടെ അടിസ്ഥാനമായിത്തീർ‍ന്നു. 


കവിതയും തത്വചിന്തയും തമ്മിലുള്ള വക ഭേദം അവസാനിപ്പിച്ച്, ഭൗതിക-അധിഭൗതികങ്ങളുടെ ഒരു സംവാദം ഇവർ ‍ ആരംഭിച്ചു. പ്രകൃതിയിൽനിന്നും സ്വന്തം തൊഴിലുകളിൽനിന്നും പ്രതീകങ്ങൾ‍ സ്വീകരിച്ചു, പുതിയ കാവ്യഭാഷകൾ‍ നിർമ്മിച്ച്‌, ഒരേ സമയം ചിന്താശക്തവും ജനകീയവുമായ, സംസ്കൃത കാവ്യമീമാംസ കൊണ്ട് മാത്രം വിശദീകരിക്കാൻ‍ പ്രയാസമായ കവിതാ സമ്പ്രദായങ്ങൾക്കും ജന്മം നൽകി. 
ഇന്ദ്രൻ‍,വരുണൻ, മിത്രൻ, യമൻ തുടങ്ങിയ വൈദിക ദേവതകൾക്ക് പകരം വേദപൂർവ്വഗോത്രദേവതമാരായി ഗണിക്കപ്പെടുന്ന (പിന്നീട് സംസ്കൃതവത്കരണത്തിന് വിധേയമായി ഇവരിൽ‍ ചിലർ‍ അവതാരങ്ങളായി മാറ്റപ്പെട്ടെങ്കിലും) ശിവൻ, കൃഷ്ണൻ, (വിഷ്ണു), കാളി (ദുർഗ്ഗ, ശക്തി) തുടങ്ങിയ ദേവതമാരെ പുനരാനയിച്ചു. വേദപ്രാമാണ്യവും, ഗീതയുടെ ആധിപത്യവും നിരാകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക