Image

പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

Published on 16 January, 2022
പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായിരുന്ന ബലാത്സംഗ കേസിൽ ഇരയായ കന്യാസ്ത്രീ രംഗത്ത് വരുമെന്നും അപ്പീൽ പോകുമെന്നുമുള്ള റിപ്പോർട്ടുകൾ കേരള സമൂഹത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കയാണ്. കന്യാസ്ത്രീയുടെ പോരാട്ടത്തിന് നേതൃത്വം നൽകിയ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് അവർ പരസ്യമായി രംഗത്ത് വരുമെന്ന്  സൂചിപ്പിച്ചത്. സേവ് ഔർ സിസ്റ്റേഴ്സ് ഫോറം അവർക്കു പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം, കന്യാസ്ത്രീയുടെ കുടുംബം പറയുന്നത് അതിനെ അനുകൂലിക്കുന്നില്ല എന്നാണ്. കേസ് ഒതുക്കാൻ അഞ്ചു കോടി രൂപ സഭ വാഗ്‌ദാനം ചെയ്തു എന്ന് ആരോപിച്ച സഹോദരൻ തന്നെ പറയുന്നത് കന്യാസ്ത്രീ രംഗത്ത് വരുന്നതിനെ അനുകൂലിക്കുന്നില്ല എന്നാണ്.

പ്രോസിക്യൂഷൻ ആവട്ടെ, വേഗത്തിൽ തന്നെ അപ്പീൽ നൽകാൻ നീക്കങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. നിയമോപദേശം തേടിയിട്ടുണ്ടെന്നു കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശിൽപ വെളിപ്പെടുത്തി. 
കന്യാസ്ത്രീയുടെ രംഗപ്രവേശം ഉണ്ടാവുമോ എന്ന് അടുത്ത ദിവസങ്ങളിൽ തന്നെ അറിയാം. അതുണ്ടായാൽ കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ രണ്ടാം ഭാഗം കൂടുതൽ സംഘർഷഭരിതവും സംഭവബഹുലവുമാവും. 
സഭയുടെ കരുത്തും സമ്പത്തും സ്വാധീനവുമൊക്കെ ചെറുത്തു തോൽപ്പിക്കാനുള്ള ഊർജം കന്യാസ്ത്രീക്കുണ്ടോ  എന്ന ചോദ്യം ഉയരുന്നുണ്ട്. അവരുടെ പരാതി കാറ്റിൽ പറത്തി വിട്ട പോലെ അപ്രത്യക്ഷമായി എന്നതാണ് അതിനു കാരണം. 

കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹത്തിന്റെ സെയിന്റ് ഫ്രാൻസിസ് മിഷൻ കോൺവെന്റിൽ വച്ച് കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്തു എന്ന ആരോപണം തള്ളി ഒറ്റ വാചകത്തിൽ ബിഷപ്പിനെ കുറ്റവിമുക്തനാക്കുകയായിരുന്നു കോട്ടയം ജില്ലാ അഡിഷണൽ മജിസ്‌ട്രേറ്റ് ജി. ഗോപകുമാർ.  "ദൈവത്തിനു നന്ദി" എന്നു പ്രതികരിച്ചു ബിഷപ് കോടതി മുറിയിൽ നിന്ന് ഇറങ്ങുമ്പോഴേക്ക് കോടതി വിധിയെ പുകഴ്ത്തിക്കൊണ്ടു ജലന്ധർ രൂപതയുടെ പത്രക്കുറിപ്പ് വിതരണം ചെയ്തു കഴിഞ്ഞിരുന്നു. അത്ര വേഗത്തിൽ ആ കുറിപ്പ് പുറത്തു വന്നതു തന്നെ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. വിധി എന്തായിരിക്കുമെന്ന് അവർ ഉറപ്പാക്കിയിരുന്നോ എന്നതാണ് പ്രസക്‌തമായ ചോദ്യം. 

വിധിന്യായത്തിന്റെ വിശദാംശങ്ങൾ മണിക്കൂറുകൾക്കു ശേഷമാണു പുറത്തു വന്നത് എന്നോർക്കണം. 
ഈ കോടതി വിധി സഭാവിശ്വാസികളിൽ ഒരു വിഭാഗത്തിലും ജനസാമാന്യത്തിലും ഏറെ രോഷം ഉണർത്തിയിട്ടുണ്ട്. അസി. സെഷൻസ് ജഡ്‌ജി  ഗോപകുമാറിനെതിരെയും നീതിന്യായ വ്യവസ്ഥിതിക്കെതിരെയും കേസ് അന്വേഷിച്ച പോലീസ് സംവിധാനത്തിന് എതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സഭയുടെ ചില നിയമ വിദഗ്ധരാണ് വിധി എഴുതിയതെന്നു വരെ ആരോപണങ്ങൾ ഉയർന്നു. 

ആദരണീയനായ ജസ്റ്റിസ് കമൽ പാഷ (റിട്ടയേർഡ്) പറഞ്ഞത്, കന്യാസ്ത്രീ പറഞ്ഞത് മുഴുവൻ നുണയാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണമാണ് കോടതി നടത്തിയത് എന്നാണ്. "നീതി ന്യായ വ്യവസ്ഥയെ ഇത് 40 കൊല്ലം പിന്നോട്ടടിക്കുന്നു." 

അതേ സമയം, ബിഷപ്പിനെ സ്ഥിരമായി പിന്തുണച്ചു നിന്ന സഭാ വിഭാഗങ്ങൾ അദ്ദേഹത്തിന് നീതി കിട്ടി എന്ന് അവകാശപ്പെട്ടു ആഘോഷത്തിലുമാണ്.

ബിഷപ്പ് ഈ കേസിൽ ശിക്ഷിക്കപ്പെടും എന്ന ഉറച്ച വിശ്വാസമാണ് പൊതുവെ ഉണ്ടായിരുന്നത് എന്നു  കരുതുന്നതിൽ തെറ്റില്ല. അത്രയധികം ആരവങ്ങളോടെയാണ് ഡി വൈ എസ് പി കെ. സുഭാഷ് നയിച്ച സംഘം കേസ് അന്വേഷിച്ചത്. സഭയുടെ കോട്ടകളിൽ തന്നെ കടന്നു കയറി നടത്തിയ ദീർഘമായ അന്വേഷണം ശിക്ഷയിലേക്കു നയിക്കുമെന്ന പ്രതീക്ഷ ന്യായമായിരുന്നു. ഫ്രാങ്കോ വിചാരണ നേരിട്ടേ തീരൂ എന്ന് സുപ്രീം കോടതി വരെ തീർപ്പു കൽപിച്ചു. വിധിക്കെതിരെ ജനരോഷം ഉയരുന്നത് അതൊക്കെ കാരണമാണ്. ദേശീയ തലത്തിൽ പോലുമുള്ള വാർത്താ മാധ്യമങ്ങൾ ഈ വിധി റിപ്പോർട്ട് ചെയ്‌തതും സംശയത്തിന്റെ മേമ്പൊടി തൂകിയാണ്. 

തൊപ്പിയില്ലാ പോലീസ് 

പോലീസിന്റെ നിഷേധിക്കാൻ കഴിയാത്ത പരാജയം കോടതി തുറന്നു കാട്ടുന്നുണ്ട്. മതിയായ തെളിവുകൾ ഇല്ലാതെ കോടതിക്ക് ശിക്ഷിക്കാൻ കഴിയില്ല എന്നിരിക്കെ, തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിന് പോലീസ് പറയുന്ന ന്യായങ്ങൾ ഞെട്ടിക്കുന്നതാണ്. 

കന്യാസ്ത്രീയുടെ ഫോണിലേക്കു ബിഷപ് അശ്‌ളീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണം ആണ് കേസിൽ സുപ്രധാന തെളിവ് ആവശ്യപ്പെടുന്നത്; എന്നാൽ ആ ഫോൺ തെളിവ് ഹാജരാക്കിയില്ല. ഈ സന്ദേശങ്ങൾ കന്യാസ്ത്രീ ഒരു ബന്ധുവിനു അയച്ചുവെന്നു പറയുന്നു. അപ്പോൾ ആ ഫോണും കോടതിയിൽ വരേണ്ടതാണ്. അതും ഉണ്ടായില്ല. കന്യാസ്ത്രീ തന്റെ ഫോൺ വീട്ടിലേക്കു കൊടുത്തയച്ചെന്നും അത് ആക്രി കടയിലേക്ക് പോയി എന്നുമൊക്കെയാണ് പോലിസിന്റെ വിശദീകരണം. ഈ വിശദീകരണം പൊളിക്കുന്ന തെളിവുകൾ പിന്നീടുണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. 

പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചത് ഇങ്ങിനെ: അന്വേഷണ ഉദ്യോഗസ്ഥൻ ഫോൺ വിളികളുടെ വിശദാംശങ്ങൾ കിട്ടാൻ ശ്രമിച്ചിരുന്നു. പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകി. എന്നാൽ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ല എന്ന് മൊബൈൽ ഫോൺ കമ്പനികൾ അറിയിച്ചു.  

ഉമ്മൻ ചാണ്ടിയുടെ ഡിസ്‌ക് തേടി തമിഴ് നാട്ടിലേക്കും ദിലീപ് കേസിലെ ദൃശ്യങ്ങൾക്ക് നാടൊട്ടുക്കും ഓടിയ പോലീസിന് ഈ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് അദ്‌ഭുതം. 

ലാപ്ടോപിന്റെ കഥയും അങ്ങിനെ തന്നെ. ലാപ്ടോപ്പിൽ നിന്ന് സന്ദേശങ്ങൾ മാറ്റിയെന്ന് കണ്ടതായി പോലീസ് പറയുന്നു. കോടതി പറഞ്ഞത്: "ലാപ്ടോപിന്റെ ഹാർഡ് ഡിസ്ക് കേടായി എന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അത് കൊണ്ട് അതിൽ നിന്ന് ആവശ്യമായ തെളിവുകൾ എടുക്കാൻ കഴിഞ്ഞില്ല." 

ചുരുക്കം പറഞ്ഞാൽ ഫോണിലും ലാപ്ടോപ്പിലും മറഞ്ഞിരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിയാതെ വന്നതിനാൽ കന്യാസ്ത്രീയുടെ ആരോപണങ്ങൾ ശരി വയ്ക്കുന്ന തെളിവുകൾ ഇല്ലാതായി .
ഇതൊന്നും ആരോപണങ്ങൾ അല്ല. കോടതി തന്നെ പറയുന്ന സത്യങ്ങൾ ആണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥനെ പഴി ചാരി തീർക്കാവുന്ന വിഷയമല്ല ഇത്. നമ്മുടെ പോലീസ് എങ്ങിനെ പ്രവർത്തിക്കുന്നു എന്നത് രഹസ്യമൊന്നുമല്ല. മുകളിൽ നിന്നുള്ള ഉത്തരവിന് വഴങ്ങാത്ത പോലീസാണ് നമ്മുടേതെന്നു പറഞ്ഞാൽ അത് കൂട്ടച്ചിരി മാത്രമേ ഉണർത്തൂ. 

തെളിവ് പോരാ 

തന്റെ തീർപ്പു വിശദീകരിച്ചു മജിസ്‌ട്രേറ്റ് ഇറക്കിയ കുറിപ്പിൽ പ്രതി നിരപരാധി ആണ് എന്ന നിഗമനത്തിൽ എത്തിയതിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്. മൊത്തം 289 പേജുള്ള വിധിന്യായത്തിന്റെ പ്രധാന നിഗമനം ബലാത്സംഗ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടായിരുന്നില്ല എന്നാണ്. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളും അതിശയോക്തിയും ഉണ്ടെന്നു കോടതി പറയുന്നു. പറഞ്ഞ കാര്യങ്ങളിൽ അവർ ഉറച്ചു നിന്നില്ല എന്നാണ് വിധിയിൽ പറയുന്നത്. കോടതിയുടെ നിരീക്ഷണം ഇങ്ങിനെയാണ്‌: 

  • ആദ്യം പറഞ്ഞ പരാതിയിൽ ബിഷപ് തന്നെ "കിടക്ക പങ്കിടാൻ ക്ഷണിച്ചു" എന്നാണ് കന്യാസ്ത്രീ പറയുന്നത്. അപ്പോൾ, ബലാത്സംഗം അല്ലെങ്കിൽ ലൈംഗിക അക്രമം ഉന്നയിച്ചിട്ടില്ല. 
  • പിന്നീട് 2017 മെയ് 26 നു നൽകിയ മൊഴിയിലും ലൈംഗിക അതിക്രമ പരാതി ഇല്ല. 
  • ബിഷപ് കുരിയൻ വലിയകണ്ടത്തിലിന് കന്യാസ്ത്രീ നൽകിയ മൊഴിയിലും ബലാത്സംഗമോ ലൈംഗിക അതിക്രമമോ ഉന്നയിച്ചിട്ടില്ല. കിടക്ക പങ്കിടാൻ വിസമ്മതിച്ചതിന്റെ പേരിൽ ദ്രോഹിക്കയാണ് എന്ന് മാത്രമേ പറയുന്നുള്ളൂ. 
  • കർദിനാൾ മാർ ആലഞ്ചേരിക്ക് അയച്ച പരാതിയിൽ കന്യാസ്ത്രീ പറയുന്നത് ബിഷപ്പിന്റെ ഫോൺ സംഭാഷണങ്ങളിലും മെസേജുകളിലും അശ്‌ളീല ചുവ ഉള്ളതു കൊണ്ട് അദ്ദേഹവുമായി നേരിട്ട് ഇടപെടാൻ കഴിയില്ല എന്നാണ്. കന്യാസ്ത്രീകൾക്കു ഫ്രാങ്കോ അയക്കുന്ന സന്ദേശങ്ങൾ അശ്ലീലവും ലൈംഗിക ചുവ ഉള്ളതുമാണ്. തന്റെ ദുരിതങ്ങൾ വിശദീകരിക്കാൻ കർദിനാളിനെ കാണാൻ അവസരം നൽകണമെന്ന് അവർ അപേക്ഷിക്കുന്നു. എന്നാൽ കർദിനാളിനെ നേരിട്ട് കണ്ടപ്പോൾ ബിഷപ് ഫ്രാങ്കോ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പറഞ്ഞില്ല. 
  • കർദിനാൾ മാർക്കിനുള്ള കത്തിൽ, 2018 മെയ് 14 നു, കന്യാസ്ത്രീ പറയുന്നത് 2014 മെയ് അഞ്ചിന് ബിഷപ് ആദ്യമായി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ്. പിന്നെ പല കുറി അത് ആവർത്തിച്ച് എന്ന് പറഞ്ഞെങ്കിലും 13 തവണ ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. 
  • ജില്ലാ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിലും ബലാത്സംഗം തുറന്നു ആരോപിച്ചിട്ടില്ല. സെക്ഷൻ 376 അനുസരിച്ചുള്ള കുറ്റകൃത്യം നടന്നു എന്ന് മാത്രമേ പറയുന്നുള്ളൂ. 
  • ബിഷപ് തന്റെ ലൈംഗിക അവയവം യോനിയിൽ കടത്തിയതായി കന്യാസ്ത്രീ ആദ്യ മൊഴിയിൽ പറയുന്നില്ല. വദന സുരതത്തിനു നിർബന്ധിച്ചു എന്നാണ് പരാതി. സുരക്ഷിതമായി എടുത്ത മൊഴിയാണ് ഇതെന്ന് കന്യാസ്ത്രീ പിന്നീട് പറഞ്ഞെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു.
  • ഡോക്ടറോടും കന്യാസ്ത്രീ സംഭോഗം നടന്നു എന്ന് പറഞ്ഞില്ല. എന്നാൽ പിന്നീട് 12 തവണ അത് സംഭവിച്ചു എന്നു അവർ പറയുന്നു. ആദ്യ തവണ ബിഷപ് യോനിയിൽ വിരൽ കടത്തുക മാത്രമേ ചെയ്‌തുള്ളൂ എന്നാണ് മൊഴി. 
  • ഇമെയിലുകളും ഫോട്ടോകളും മറ്റു ദൃശ്യങ്ങളും നൽകുന്ന തെളിവ് ബലാത്സംഗം നടന്നതായി പറയുന്ന ദിവസം കഴിഞ്ഞും കന്യാസ്ത്രീ ബിഷപ്പുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ്.  കന്യാസ്ത്രീയുടെ കന്യാചർമം ഛേദിക്കപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടിലുണ്ട്. എന്നാൽ അത് ബിഷപ് ബലാത്സംഗം ചെയ്തപ്പോൾ സംഭവിച്ചതാണെന്നു തെളിഞ്ഞിട്ടില്ല.   

"നെല്ലും പതിരും വേർതിരിക്കാൻ കഴിയാത്ത വിധം ഇട കലർന്ന കേസ്" എന്ന് കോടതി പറയുന്നുണ്ട്. ചില സത്യങ്ങൾ മറച്ചു വയ്ക്കാൻ കന്യാസ്ത്രീ തുടർച്ചയായി ശ്രമിച്ചു എന്ന് മജിസ്‌ട്രേറ്റ് പറയുന്നു. ബിഷപ്പിനോടു  എതിർപ്പുള്ള ചില നിക്ഷിപ്ത താൽപര്യക്കാരുടെ കൈയ്യിൽ അവർ ആയുധമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക