Image

ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

ജോബിന്‍സ് Published on 17 January, 2022
ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലേയ്ക്ക് ഒരാളെ കൊന്ന് വലിച്ചെറിഞ്ഞ ഗുണ്ട അട്ടഹസിച്ചതിങ്ങനെ ' ഞാനൊരാളെ തീര്‍ത്തു '. ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

നിന്റെ ആരാണ് സൂര്യന്‍ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഷാന്‍ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോന്‍, 'ഞാനൊരാളെ തീര്‍ത്തു' എന്ന് അട്ടഹസിച്ചു. സ്റ്റേഷനില്‍ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാള്‍. സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് പോയതെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

കാപ്പ ചുമത്തി നാടുകടത്തിയതാണ് ജോമോനെ. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ അപ്പീല്‍ കൊടുത്ത് ഇയാള്‍ കോട്ടയത്തേക്ക് തിരികെ വന്നു. എല്ലാ ശനിയാഴ്ചയും സ്റ്റേഷനില്‍ ഒപ്പിടണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു.

എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മര്‍ദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് എസ്പി ഡി ശില്‍പ. കൊല്ലാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് എതിര്‍ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആള്‍ക്കാരെ കണ്ടെത്താനുമായിരുന്നു ജോമോന്റ ആക്രമണം. 

സ്വന്തം മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജോമോന്‍ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്റെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോള്‍ ജില്ലയില്‍ സ്വാധീനം കുറഞ്ഞു.

ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്റെ സംഘത്തില്‍ മുമ്പുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രദേശത്ത് ഇവര്‍ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക