Image

 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

ജോബിന്‍സ് Published on 17 January, 2022
 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി വെച്ചു. നേരത്തെ ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാല്‍ ഇതിന് പകരം ഫെബ്രുവരി 20 ലേക്ക് വോട്ടെടുപ്പ് നീട്ടി.

ഫെബ്രുവരി 16 ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

നേരത്തെ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി നടത്താനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോള്‍ 20 ലേക്ക് മാറ്റിയിരിക്കുന്നത്. ഗുരു രവിദാസ് ജയന്തിക്ക് ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് പോകുന്ന ഭക്തര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കുറഞ്ഞത് ആറ് ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി ചന്നി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.

പട്ടികജാതി സമുദായത്തിന്റെ പ്രതിനിധികളാണ് വിഷയം തന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രി ചന്നി പറഞ്ഞിരുന്നു. 2022 ഫെബ്രുവരി 10 മുതല്‍ ഫെബ്രുവരി 16 വരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 20 ലക്ഷത്തോളം പട്ടിക ജാതി വിഭാഗക്കാരായ ഭക്തര്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി 16ന് ഗുരു രവിദാസ് ജയന്തി ആഘോഷിക്കും. ഈ ദിവസം സന്യാസി ഗുരു രവിദാസിന്റെ 645-ാം ജന്മവാര്‍ഷികമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക