Image

നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ, ലോകം എന്നെ മറന്നു കൊള്ളട്ടെ (മൃദുമൊഴി 36: മൃദുല രാമചന്ദ്രൻ)

Published on 17 January, 2022
നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ, ലോകം എന്നെ മറന്നു കൊള്ളട്ടെ (മൃദുമൊഴി 36: മൃദുല രാമചന്ദ്രൻ)

വിൽക്കലും, വാങ്ങലും നടത്തുന്ന ഏക ജീവിവർഗമാണ് മനുഷ്യൻ.ഇത് എന്റെയാണ്, ഇത് നിനക്ക് വേണമെങ്കിൽ എനിക്ക് ആവശ്യമുള്ള മറ്റെന്തെങ്കിലും നീ എനിക്ക് തരണം എന്ന വളരെ അടിസ്ഥാനപരമായ സമവാക്യത്തിൽ നിന്ന് തുടങ്ങുന്നതാണ് മനുഷ്യന്റെ ഏറ്റവും ലളിതമായതിൽ നിന്ന് തുടങ്ങി, ഏറ്റവും സങ്കീർണ്ണമായ കൊടുക്കൽ വാങ്ങലുകൾ വരെ...വഴിയോരക്കച്ചവടങ്ങൾ മുതൽ രാജ്യത്തലവന്മാർ തമ്മിൽ ഒപ്പു വയ്ക്കുന്ന അന്താരാഷ്ട്ര ഉടമ്പടികൾ വരെ ഈ പ്രാചീനവും, എന്നാൽ ഒരിക്കലും കാലഹരണപ്പെടാത്തതുമായ കൈമാറ്റ സൂത്രവാക്യത്തിൽ അധിഷ്ഠിതമാണ്.

കൊടുക്കൽ-വാങ്ങലുകളുടെ ജനിതകം അത്രമേൽ ബലവത്തായി മനുഷ്യനിർമിതിയിൽ ഉള്ളത് കൊണ്ടാകാം വസ്തുക്കളുടെ വിപണനത്തിൽ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ വേരുറപ്പിക്കുന്നതിലും ഈ കൊടുക്കലും,വാങ്ങലും ഒരു ശക്തമായ അന്തർധാരയായി വർത്തിക്കുന്നുണ്ട്.

ഒരു നായ്കുഞ്ഞിന് രണ്ട് നേരം ചോറു കൊടുത്താൽ പിന്നെ അത് നമ്മളെ കാണുമ്പോൾ വാലാട്ടി വിധേയത്വം പ്രകടിപ്പിക്കണം എന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്.ഇല്ലെങ്കിൽ "നന്ദിയില്ലാത്ത നായ" എന്നു നമ്മൾ പറഞ്ഞു കളയും.

മനുഷ്യരോട് പോകട്ടെ ,ദൈവത്തിനോടുള്ള നമ്മുടെ ഇടപാടുകളും ഇങ്ങനെയാണ്."ദൈവമേ, നീ എനിക്ക് ഈ കാര്യം സാധിച്ചു തന്നാൽ, ഞാൻ നിനക്ക് ഇത് തന്നേക്കാം" എന്ന തരത്തിലുള്ള ഉപാധി വർത്തമാനങ്ങളാണ് നമ്മുടെ പ്രാർത്ഥനകൾ .നമ്മുടെ ആവശ്യത്തിന്റെ വലിപ്പ ചെറുപ്പങ്ങൾക്ക് അനുസരിച്ച് ദൈവത്തിന് നമ്മൾ കൊടുക്കുന്ന വാഗ്ദാനങ്ങളും, വഴിപാടുകളും മാറും.ഉദാഹരണത്തിന്, സാധാരണ ഒരു ക്‌ളാസ് പരീക്ഷ ജയിക്കാൻ പത്ത് രൂപ വഴിപാട് വയ്ക്കുന്ന നമ്മൾ , പി.എസ്.സി പരീക്ഷ പാസ്സ് ആകാൻ പതിനായിരം രൂപ വഴിപാട് വയ്ക്കും.ഒരു വലിയ കണക്ക് പുസ്തകവും മുന്നിൽ വച്ച് നമ്മളുടെ ആവശ്യം, അത് നിറവേറി കിട്ടാൻ വേണ്ടി നമ്മൾ കൊടുക്കാൻ നിശ്ചയിച്ച പണം, നമ്മുടെ അതേ ആവശ്യം ഉന്നയിക്കുന്ന മറ്റൊരാൾ കൊടുക്കാം എന്ന് കരുതുന്ന പണം ഇതെല്ലാം കൂട്ടി, കുറച്ചു താരതമ്യം ചെയ്ത് മികച്ച വഴിപാട് പ്രാർത്ഥന നടത്തിയ ആളോട് "എന്നാൽ അങ്ങനെ ആകട്ടെ" എന്ന് പറയുന്ന ദൈവത്തെ മനുഷ്യൻ നിർമിച്ചത് തന്റെ അതേ രൂപത്തിൽ ആണ്.നമ്മളുടെ അതേ മാതൃകയിൽ ആണ് ദൈവവും കണക്ക് കൂട്ടുന്നത് എന്ന വിശ്വാസത്തിൽ.

ലോകത്ത് എന്തിനും ഒരു വിലയിട്ട് വിൽക്കാൻ വയ്ക്കാനും, ഏത് സാധനവും വില പേശി വാങ്ങാനും സാമർത്ഥ്യം കാണിക്കുന്ന മനുഷ്യർ പക്ഷെ ചോദിച്ചു വാങ്ങാൻ  വല്ലാതെ മടിക്കുന്ന ഒന്നുണ്ട്-സ്നേഹം.സ്നേഹത്തിന്റേതായി  പ്രകടമാകുന്ന മനുഷ്യഭാവങ്ങൾ: കരുതൽ, കനിവ്, ചേർത്തു പിടിക്കൽ, ചിരികൾ, മൊഴികൾ, മിഴിയനക്കങ്ങൾ, തൊടലുകൾ,ചുംബനങ്ങൾ..അങ്ങനെ ചിലത്.

പ്രിയമുള്ള ഒരാൾ നോക്കാതെ, ചിരിക്കാതെ പോയതിന്റെ പേരിൽ ഉള്ള് പുകയുമ്പോഴും, എന്നെ നോക്കി നീ ചിരിക്കാത്തത് എന്തേ എന്ന് ചോദിക്കാൻ, എന്നെ നോക്കി ചിരിച്ചാൽ നിനക്ക് ഞാൻ വേറെ എന്തെങ്കിലും തരാം എന്ന് പറയാൻ നമ്മൾ അശക്തർ ആണ്.സ്നേഹത്തിന് തുല്യം വിനിമയ മൂല്യമുള്ള ഒന്ന് നമ്മൾ ഇനിയും കണ്ടെത്തണം.

"ഞാൻ അത്രമേൽ തളർന്നിരിക്കുന്നു, എന്നെ ഒന്ന് ചേർത്തു പിടിക്കൂ, വിയർപ്പ് തണുത്ത എന്റെ നെറ്റിയിൽ ഉമ്മ വെച്ച് എന്നെ ഒന്ന് ആശ്വസിപ്പിക്കൂ" എന്ന് ഉള്ള് അത്രമേൽ ഒച്ച വച്ചു കരയുമ്പോഴും, പുറമേക്ക് ഒരു നെടുവീർപ്പിനാൽ പോലും മുറിപ്പെടാത്ത മൗനം ദീക്ഷിക്കും നമ്മൾ.അളവ് പറഞ്ഞു ചോദിച്ചു വാങ്ങാൻ കഴിയാത്ത എന്തോ ഒന്ന് ആണ് സ്നേഹമെന്ന ബോധ്യം ഉള്ളത് കൊണ്ട്...

ഉയർന്ന കോപത്താൽ, കടുത്ത വാക്ക് എന്തോ പറഞ്ഞു കറുത്ത മുഖത്തോടെ തിരിഞ്ഞു നടക്കുമ്പോൾ ഒരു പിൻവിളി പുറകിൽ നിന്ന് ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു തുടങ്ങിയിരിക്കും നമ്മൾ.കോപവും, കനപ്പും കണ്ണീർ ആയി ഉറയുമ്പോഴും, ഒന്നു വിളിക്കാതെ എങ്ങനെ തിരിച്ചു ചെല്ലാൻ എന്ന് നിസഹായരാകുന്നു നമ്മൾ.ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒന്നല്ല ആയിരം തവണ വിളിക്കാം എന്ന് തയ്യാർ എടുത്തായിരിക്കും മറ്റേ ആൾ നിൽക്കുന്നുണ്ടാകുക.പക്ഷെ തിരിഞ്ഞു നോട്ടങ്ങളോ, തിരിച്ചു വിളിക്കലുകളോ ഇല്ലാതെ വഴി പിരിഞ്ഞു പോകുന്നു.വജ്ര കാഠിന്യമുള്ള സ്നേഹവും,കാക്കപൊന്നിന്റെ വിലയുള്ള വാശിക്കു മുന്നിൽ മൂല്യമില്ലാത്തത് ആകുന്നു.അവിടെ മാത്രം മനുഷ്യർ മോശം കച്ചവടക്കാർ ആകുന്നു.

എത്ര പൊള്ളുമ്പോഴും, സ്നേഹത്തിന്റെ ലേപനം നമുക്ക് ചോദിച്ചു വാങ്ങാൻ വയ്യ, അത് ആരോ മനസ്സറിഞ്ഞ് പുരട്ടി തരേണ്ടത് ആണ്.

"നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ പിന്നെ മറ്റെല്ലാവരും എന്നെ മറന്നാലും എനിക്ക് ഒന്നുമില്ല" എന്ന് മുറകാമി എഴുതിയിട്ടുണ്ട്.പക്ഷെ നീ എന്നെ ഓർക്കുന്നുവോ എന്ന് ഞാൻ എങ്ങനെ അറിയാൻ ആണ്? അത് കൊണ്ട് ഞാൻ ഈ ലോകത്തെ തന്നെ മറന്ന് നീ എന്നെ ഓർക്കുന്നുവോ എന്ന് വേപഥു കൊള്ളുന്നു.എങ്കിലും ചോദിക്കാൻ വയ്യ, "ഓർമയുണ്ടോ എന്ന്".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക