Image

 പ്രോസിക്യൂഷൻ വിജയം അപായ സൂചന (പി പി മാത്യു)

Published on 17 January, 2022
 പ്രോസിക്യൂഷൻ വിജയം അപായ സൂചന (പി പി മാത്യു)

ദിലീപിനെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ കൈവരിച്ച വിജയം നടന് അപായ സൂചനയാണ്. ഒരു പക്ഷെ നടന്റെ അറസ്റ്റ് ഉടൻ ഉണ്ടാവാം എന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആലുവ പറവൂർ കവലയിലുള്ള ദിലീപിന്റെ പദ്‌മസരോവരം വസതിക്കു സമീപം അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ യൂണിഫോമില്ലാത്ത പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന പുതിയ കേസിൽ ദിലീപ് തേടിയ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവാഴ്ച്ച ഹൈക്കോടതി തള്ളിയാൽ അറസ്റ്റ് ഭയന്ന് അദ്ദേഹം മുങ്ങിക്കളയും എന്ന് പോലീസിന് ആശങ്കയുണ്ട്. 


എന്നാൽ താൻ ഇവിടെ തന്നെ ഉണ്ടാവുമെന്നും എന്ത് വെല്ലുവിളി നേരിടാനും തയാറാണെന്നും ദിലീപ് പറഞ്ഞു. കാവ്യയെ കൂടി ചോദ്യം ചെയ്യാനും പഴുതു കിട്ടിയാൽ അറസ്റ്റ് ചെയ്യാനും പോലീസ് ചിന്തിക്കുന്നുണ്ട്. നടിയെ തട്ടിക്കൊണ്ടു പോയ ശേഷം പ്രതി പൾസർ സുനി കാക്കനാട്ട് കാവ്യയുടെ സ്ഥാപനമായ 'ലക്ഷ്യ'യിൽ പണം വാങ്ങാൻ ചെന്നു എന്ന ആരോപണത്തിൽ മതിയായ തെളിവില്ലാതെ കുഴങ്ങിയ പ്രോസിക്യൂഷൻ ഇപ്പോൾ സുനിയെ കൊണ്ട് തന്നെ അക്കാര്യം പറയിപ്പിക്കാം എന്ന പ്രതീക്ഷയിലാണ്. 


നടിയെ ആക്രമിച്ച  കേസിൽ മൂന്നു മാസത്തെ ജയിൽ റിമാണ്ടിനു ശേഷം ദിലീപ് പുറത്തു വന്നതിനെ തുടർന്നുള്ള നാലു വർഷങ്ങൾക്കിടയിൽ ഇരുപതോളം സാക്ഷികൾ കൂറ് മാറിയിരുന്നു എന്നത് പ്രോസിക്യൂഷന്റെ മുഖം നഷ്ടപ്പെടുത്തിയിരുന്നു. പതിനാറു സാക്ഷികളെ വിസ്തരിക്കാൻ അനുമതി വേണം എന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.  കൂറ് മാറിയവരിൽ മൂന്നു പേരെയും പുതുതായി അഞ്ചു പേരെയും സാക്ഷികളായി വിസ്തരിക്കാൻ വിചാരണ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.  
പുതിയൊരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കണം. 


പതിനാറു സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ അപേക്ഷ വിചാരണ കോടതി നേരത്തെ നിരസിച്ചിരുന്നു. അതിനു പുറമെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാനുള്ള അനുമതിയും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതി അക്കാര്യം അനുവദിച്ചിട്ടുണ്ട്. 


ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പി ആരെന്നു പോലീസിന് ഇപ്പോഴും ഉറപ്പില്ല എന്നതാണ് സത്യം. ശരത് എന്ന് ദിലീപിന്റെ വീട്ടിലെ കുട്ടിയും 'ഇക്ക' എന്ന് കാവ്യയും വിളിച്ചു എന്ന് കുമാർ പറഞ്ഞതിനാൽ ഒരു ശരത്തിനെയും കോട്ടയത്തെ വ്യവസായി മെഹ്ബൂബിനെയും കണ്ടു വച്ചിട്ടുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും എന്ന് പോലീസ് പറയുന്നു. ദിലീപിന്റെ 'ദേ പുട്ട്' കടയുടെ ഖത്തറിലെ ഫ്രാഞ്ചൈസി ആണ് മെഹ്ബൂബ്. അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുന്നു.


ശരത് ആരാണെന്നു പോലീസ് പറയുന്നില്ല. ആൾ വി ഐ പി ഒന്നുമല്ല എന്ന് വരെ ഇപ്പോൾ പറയുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക