Image

ഇന്ത്യ  ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നല്‍കുന്നു; ദാവോസ് ഉച്ചകോടിയില്‍ മോദി

Published on 18 January, 2022
ഇന്ത്യ  ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നല്‍കുന്നു; ദാവോസ് ഉച്ചകോടിയില്‍ മോദി

ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറം ഉച്ചകോടിയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ടുനല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിനമായ തിങ്കളാഴ്ച വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു മോദിയുടെ പ്രസംഗം. കോവിഡ്, കാലാവസ്ഥാവ്യതിയാനം, രാജ്യത്തെ വ്യാപാരസൗഹൃദമാക്കാന്‍ തന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം എടുത്തുത്തുകാട്ടി.

ഇതുവരെ കോവിഡ് വാക്‌സിന്റെ 160 കോടി ഡോസ് കൊടുത്ത് ഇന്ത്യ ഒരു മഹായത്‌നം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ''മഹാമാരിയുടെ സമയത്ത് മറ്റു രാജ്യങ്ങള്‍ക്ക് മരുന്നുകളും വാക്‌സിനുകളും നല്‍കി ഇന്ത്യ ഒട്ടേറെജീവനുകള്‍ രക്ഷിക്കുകയാണ്. ഇന്ന് ലോകത്തെ മൂന്നാമത്തെ മരുന്നുത്പാദകരാജ്യമാണ് ഇന്ത്യ. 

കോര്‍പ്പറേറ്റ് നികുതിനിരക്ക് ഇളവുചെയ്ത് വ്യവസായരംഗത്ത് ഇന്ത്യ കൂടുതല്‍ മത്സരക്ഷമമാവുകയാണ്. ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവുംമികച്ച സമയമാണിത്. ആഭ്യന്തര യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് നികുതിയിളവു കൊടുക്കുന്ന 2600 കോടി ഡോളറിന്റെ (1.9 ലക്ഷം കോടി രൂപ) പദ്ധതി 14 മേഖലകളില്‍ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ ജനാധിപത്യത്തിലും സാങ്കേതികവിദ്യയിലും സ്വഭാവഗുണത്തിലും പ്രതിഭയിലുമുള്ള വിശ്വാസമാണത്. ഞങ്ങളുടെ ഭാഷാവൈവിധ്യവും സംസ്‌കാരവും ഞങ്ങളുടെമാത്രം ശക്തിയല്ല, ലോകത്തിന്റെയും ശക്തിയാണ്. കൊറോണയുടെ ഈ കാലത്ത് രാജ്യത്തെ 80 കോടിയിലേറെപ്പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കി ഇന്ത്യ സ്വന്തം ശക്തി വെളിവാക്കി' -അദ്ദേഹം പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല ഫൊണ്‍ഡെ ലെയ്ന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ തുടങ്ങി ഒട്ടേറെനേതാക്കള്‍ ഉച്ചകോടിയെ അഭിസംബോധനചെയ്യും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക