Image

കാലുകളില്ലെങ്കിലും കൃഷിതന്നെ ജീവിതം; മാതൃകയായി ഹനീഫ

Published on 25 January, 2013
കാലുകളില്ലെങ്കിലും കൃഷിതന്നെ ജീവിതം; മാതൃകയായി ഹനീഫ
മാള: ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുമാറ്റിയ, അസുഖംമൂലം ഒരു കൈപ്പത്തിയും നഷ്ടമായ ഹനീഫ കൃഷിചെയ്തു ജീവിച്ചു മലയാളിക്കു മാതൃകയാകുന്നു. 

ഒപ്പം, പുകവലിക്കെതിരായ അപായസൂചനയുമാണ് ഈ കര്‍ഷകന്റെ ജീവിതം. കാരണം, അദ്ദേഹത്തിന്റെ ദുരിതജീവിതത്തിനുപിന്നില്‍ പുകവലിയെന്ന ദുശ്ശീലമായിരുന്നു. പുത്തന്‍ചിറ പഞ്ചായത്ത് ഓഫീസിനു സമീപം അറയ്ക്കല്‍ അലിയാരുടെ മകനാണു ഹനീഫ(54). 

രാവിലെ മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ സ്വന്തം പറമ്പില്‍ തൂമ്പ കിളച്ചാണ് ഹനീഫയുടെ ജീവിതം. ജാതി, വാഴ, തെങ്ങ്, കവുങ്ങ്, മുളക് എന്നിവയെല്ലാം നട്ടുനനച്ച് വളര്‍ത്തുന്നത് ഈ മനുഷ്യന്‍തന്നെയാണ്. കൈപ്പത്തിയുടെ ഒരു ഭാഗവും മൂന്നു വിരലുകളും ഇല്ലാത്ത വലതുകൈയില്‍ പിടിക്കാനാവുന്ന ഒരു കൊച്ചുതൂമ്പയാണ് പണിയായുധം. തട്ടുകളായി കിടക്കുന്ന പറമ്പിലേക്ക് ഹനീഫ ഇറങ്ങിയെത്തുന്നതുതന്നെ ഒരു സാഹസമാണെന്നിരിക്കെയാണ് കൃഷിപ്പണി. അരക്കാലില്‍ റബര്‍ഷീറ്റും തുണിയും വച്ചുകെട്ടി, ഭാര്യ തിളപ്പിച്ചുനല്കുന്ന കട്ടന്‍ചായയും കുടിവെള്ളവുമായി പറമ്പിലേക്കിറങ്ങുന്ന ഇദ്ദേഹം മണിക്കൂറുകള്‍ക്കുശേഷമേ തിരിച്ചെത്തൂ. തന്റെ കൃഷിയില്‍ വിളയുന്ന ഫലങ്ങളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നിറകണ്ണുകളോടെ ഹനീഫ പറയുന്നു.

വീട്ടിലെ ആട്ടിന്‍കൂട്, മുയല്‍ക്കൂട്, വിറകുപുര എന്നിവയൊക്കെ ഹനീഫയുടെ നിര്‍മിതികളാണ്. നല്ലൊരു കൊത്തുപണിക്കാരനുമാണ് കക്ഷി. വേരുകള്‍ പിഴുതെടുത്ത് ഭംഗിയായി കൊത്തിയൊരുക്കാറുണ്ട്. വീട്ടിലെ കസേരകള്‍, ടീപ്പോയ് എന്നിവ ഹനീഫ പണിതെടുത്തതാണ്. മരവേരില്‍ കൊത്തിയെടുത്ത ടീപ്പോയ് സ്വന്തമാക്കാന്‍ പലരും സമീപിച്ചെങ്കിലും കൊടുക്കാന്‍ മനസുവന്നില്ലെന്നും ഹനീഫ പറഞ്ഞു.

കപ്പല്‍ജീവനക്കാരനായ വാപ്പയുടെ തണലിലായിരുന്നു ചെറുപ്പം. പിന്നെ ഗള്‍ഫില്‍ ജോലി. കിട്ടുന്ന കാശുകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചപ്പോള്‍ പുകവലി കൂടെക്കൂടി. വിവാഹത്തിനുശേഷം ഗള്‍ഫില്‍ തിരിച്ചെത്തിയപ്പോള്‍ ശരീരത്തില്‍ ശക്തമായ വേദന. നാട്ടില്‍ തിരിച്ചെത്തി നിരവധി ചികിത്സ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ പരിശോധനയില്‍ കാരണം വ്യക്തമായി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുന്നു. ശരീരത്തില്‍ അമിതമായ അളവില്‍ നിക്കോട്ടിന്‍ കയറിക്കൂടിയതാണ് കാരണം.

കാലു മുറിച്ചുകളയാതെ നിവൃത്തിയില്ലാതെ വന്നു. 14 വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു ശസ്ത്രക്രിയ. പിന്നീടു കൈവിരലുകളും മുറിക്കേണ്ടിവന്നു. തുടര്‍ച്ചയായ പുകവലിയാണ് തന്നെ ഈ ദുരിതത്തിലേക്കു തള്ളിവിട്ടതെന്ന് ഏറ്റുപറയുന്ന ഹനീഫ, തന്റെ ജീവിതം കണെ്ടങ്കിലും മറ്റുള്ളവര്‍ അതില്‍നിന്നു പിന്മാറണമെന്നും ഉപദേശിക്കുന്നു. 

വീട്ടില്‍നിന്നു ഹനീഫ അധികം പുറത്തുപോവാറില്ല. മറ്റുള്ളവര്‍ക്ക് അധികം ഭാരമാകാനിഷ്ടമില്ലാത്തതാണ് കാരണം. രണ്ടു പെണ്‍മക്കളേയും വിവാഹം ചെയ്തയച്ചു. പ്ലംബറായ മകനും ജീവിതദുരിതങ്ങളില്‍ എന്നും താങ്ങും തണലുമായ ഭാര്യയുമാണ് ഹനീഫയോടൊപ്പമുള്ളത്. ഫോണ്‍: 98468 78289

(ദീപിക)

കാലുകളില്ലെങ്കിലും കൃഷിതന്നെ ജീവിതം; മാതൃകയായി ഹനീഫ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക