Image

മജ്‌ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ നളിനി അമ്പാടി കാരുണ്യം തേടുന്നു

Published on 17 April, 2013
മജ്‌ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ നളിനി അമ്പാടി കാരുണ്യം തേടുന്നു
കൗമാരപ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികള്‍... അവരുടെ വളര്‍ച്ച സ്വപ്‌നം കണ്ടുറങ്ങുന്ന അമ്മ. ഇനി എട്ട്‌ ആഴ്‌ച കൂടിയേ ആ അമ്മയ്‌ക്ക്‌ ജീവിക്കാന്‍ കഴിയൂ. കാന്‍സറിന്റെ അതിഭീകരമായ അവസ്‌ഥയില്‍ ദൈവം പിടിവള്ളിയായി ഒരവസരം ഇട്ടുകൊടുത്തു. എട്ടാഴ്‌ചയ്‌ക്കുള്ളില്‍ മജ്‌ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയില്ലെങ്കില്‍ സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ഗവേഷകയും പ്രഫസറുമായ നളിനി അമ്പാടിയെന്ന പ്രതിഭാശാലിക്ക്‌ ലോകത്തെ വിട്ടു പോകേണ്ടി വരും.

2004 ല്‍ ഇതേ രോഗവുമായി പടപൊരുതി നളിനി വിജയം നേടിയെന്ന്‌ എല്ലാവരും കരുതിയതാണ്‌. പക്ഷേ, വിധിയുടെ കളിയാട്ടം അവിടെ അവസാനിച്ചിരുന്നില്ല. ജീവിതത്തിന്റെ മറ്റൊരു കോണില്‍ കളിപ്പാട്ടം പോലെ ഇട്ട്‌ അമ്മാനമാടാന്‍ വിധി അവരെ കാത്തുവച്ചു. മജ്‌ജ മാറ്റിവയ്‌ക്കുന്നതിന്‌ രാജ്യാന്തര ഡോണര്‍ ഏജന്‍സികളില്‍ റജിസ്‌റ്റര്‍ ചെയ്‌തെങ്കിലും ദക്ഷിണേന്ത്യക്കാരുടെ മജ്‌ജയുമായി സാമ്യമുള്ളവ കണ്ടെത്താനായില്ല.

മായയ്‌ക്കും ലീനയ്‌ക്കും ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്‌ടപ്പെടുന്ന സ്‌ഥിതിയാണ്‌. ഇതു നളിനിയുടെ മാത്രം അവസ്‌ഥയല്ല. ഇത്തരം റജിസ്‌ട്രികളില്‍ പേരു ചേര്‍ക്കുന്നതു കൂടുതലും വിദേശികളാണ്‌. സ്‌റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍/മജ്‌ജ മാറ്റിവയ്‌ക്കല്‍ എന്നിവയെക്കുറിച്ചുള്ള അജ്‌ഞതയാകാം ഇത്തരം ഡോണര്‍ ഏജന്‍സികളില്‍ റജിസ്‌റ്റര്‍ ചെയ്യുന്നതില്‍ നിന്നു നമ്മെ പിന്നോട്ടടിക്കുന്നത്‌. ഓരോ ആളുകളുടെയും മജ്‌ജ അവരവരുടെ വംശത്തില്‍ പെട്ടവരുടേതുമായാണ്‌ സാമ്യം. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 18 നും 45 വയസ്സിനും ഇടയിലുള്ള സുമനസ്സുകളുടെ സഹായമാണ്‌ നളിനിക്ക്‌ വേണ്ടത്‌.

വിജയസാധ്യത കുറവായതിനാല്‍ കാന്‍സര്‍ രോഗശമനത്തിനു മറ്റൊരു വഴിയും തെളിയാത്തപ്പോഴാണ്‌ സ്‌റ്റെം സെല്‍ മാറ്റിവയ്‌ക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുക. മറ്റൊരാളില്‍ നിന്നു സ്വീകരിക്കുന്ന സ്‌റ്റെം സെല്ലുകള്‍ ശരീരം ത്യജിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്‌. ഇത്തരമൊരു സാധ്യതയും വെല്ലുവിളിയുമാണ്‌ നളിനിയുടെ മുന്‍പിലുള്ളത്‌. എങ്കിലും നളിനി പഠിപ്പിച്ച ഹാര്‍വാര്‍ഡ്‌, സ്‌റ്റാന്‍ഫോര്‍ഡ്‌, ടഫ്‌റ്റ്‌ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സഹ അധ്യാപകരും നളിനിക്കു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്‌. പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും മജ്‌ജ നല്‍കാന്‍ തയാറുള്ളവരെ കണ്ടെത്താനായി ക്യാംപെയ്‌നുകള്‍ നടത്തിയും ഓണ്‍ലൈന്‍ വഴിയായും ഇവര്‍ സജീവമാണ്‌.

നളിനിയുടെ മാതാപിതാക്കള്‍ എറണാകുളത്താണ്‌ താമസം. നളിനി പഠിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ്‌. ബിരുദാനന്തര ബിരുദത്തിനായാണ്‌ നളിനി യുഎസിലെത്തുന്നത്‌.

നളിനിയെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ http://ambadylab.stanford.edu/helpnalininow/story.html എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക