Image

കാരുണ്യത്തിനായി ബിനോ കേഴുന്നു

Published on 18 June, 2013
കാരുണ്യത്തിനായി ബിനോ കേഴുന്നു
കുറിച്ചി(കോട്ടയം): യുവത്വത്തിന്റെ രക്തത്തിളപ്പോടുകൂടി, ആരോഗ്യദൃഢഗാത്തനായി ചുറുചുറുക്കോടുകൂടി അയല്‍ക്കാരുടെയും നാട്ടുകാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഓടിനടന്നയാളായിരുന്നു ചങ്ങനാശേരി കുറിച്ചി ചതുരത്തുണ്ടിയില്‍ ബിനോ ജോര്‍ജ്. ഭാര്യയും ആറു വയസും രണ്ടു വയസുമുള്ള രണ്ടു മക്കളെ പോറ്റുവാന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് വരുമാനം കണെ്ടത്തിയത്. ചെറിയ വരുമാനംകൊണ്ട് കുടുംബം പോറ്റി സന്തോഷമായി ജീവിച്ചുവരികയായിരുന്നു 35 വയസുള്ള ബിനോ. 

2012 മാര്‍ച്ചിലാണ് കിഡ്‌നി സംബന്ധമായ രോഗം ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി പല ആശുപത്രികള്‍ കയറിയിറങ്ങി. രണ്ടു കിഡ്‌നികളും പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. 

ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിനു മാത്രം 1400 രൂപ ചെലവുവരും. പിന്നെ മരുന്നുകള്‍ക്കു വേറെയും. ഓരോ ദിവസം പിന്നിടുമ്പോഴും ആരോഗ്യനില വഷളായി വരികയാണ്. പൂര്‍ണമായും തകരാറിലായ രണ്ടു കിഡ്‌നികളും ഉടന്‍തന്നെ മാറ്റിവയ്ക്കണമെന്നാണ് ചികിത്സിച്ചുകൊണ്ടിരിക്കുന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍മാര്‍ പറയുന്നത്. 

65 വയസുള്ള അമ്മയ്ക്കു മകനു തന്റെ കിഡ്‌നി നല്കാന്‍ പൂര്‍ണ സമ്മതമാണ്. ഇതിനായുള്ള ക്രോസ് മാച്ചിംഗും മറ്റു പരിശോധനകളും എല്ലാം പൂര്‍ത്തിയായി ഡോക്ടറുടെ അനുമതിയും ലഭിച്ചിരിക്കുകയാണ്. 

ശസ്ത്രക്രിയ ചെയ്യുവാന്‍ ഏറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനാല്‍ ഭാര്യക്കു കൂലിവേലയ്ക്കുപോലും പോകാന്‍ സാധിക്കുന്നില്ല. നാട്ടുകാരുടെയും അയല്‍ക്കാരുടെയും ഇടവകക്കാരുടെയും ഉള്‍പ്പെടെ നല്ലവരായ ആള്‍ക്കാരുടെ സഹായത്തോടുകൂടിയാണ് ഇത്രയുംനാള്‍ ചികിത്സ തുടര്‍ന്നത്. അഞ്ചു ലക്ഷം രൂപ എന്ന ഭാരിച്ച തുകയില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. 

ബിനോ ജോര്‍ജിന്റെ ചികിത്സയ്ക്കായി കുറിച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി വികാരി സേവ്യര്‍ മാമൂട്ടിലച്ചന്റെ നേതൃത്വത്തില്‍ ഇടവകക്കാരില്‍നിന്നും പരമാവധി തുക സ്വരൂപിക്കാന്‍ ശ്രമിച്ചുവരുന്നു. 

ഊര്‍ജസ്വലനായ ബിനോയുടെ ജീവന്‍ നിലനിര്‍ത്താന്‍ കുഞ്ഞുമക്കള്‍ക്ക് സ്‌നേഹസമ്പന്നനായ പിതാവിനെ തിരിച്ചു നല്കാന്‍ കരുണാദ്രഹൃദയമുള്ളവരുടെ കാരുണ്യം തേടുന്നു. 
ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കുറിച്ചി ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 67130817051. ഐഎഫ്എസ് കോഡ്: SBTR0000262. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9946802738.

കാരുണ്യത്തിനായി ബിനോ കേഴുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക