Image

സ്വപ്‌നഭൂമിക(നോവല്‍: 24- മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 09 May, 2015
സ്വപ്‌നഭൂമിക(നോവല്‍: 24- മുരളി ജെ നായര്‍)
ഇരുപത്തിനാല്
വിനോദ് വാച്ചില്‍ നോക്കി. മണി പതിനൊന്നു കഴിഞ്ഞ് അഞ്ചുമിനിറ്റ്.
ഇന്നു ചെക്കൗട്ട് ചെയ്യേണ്ടിയിരുന്നവര്‍ മിക്കവാറും റൂം വെക്കേറ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേര്‍ കൂടിയേ ഉള്ളൂ. നൂറ്റിപ്പതിനൊന്നും എഴുപത്തിയാറും. രജിസ്റ്ററില്‍ നോക്കി ഉറപ്പുവരുത്തി.
പതിനൊന്നു മണിക്കകം  ചെക്ക്ഒഔട്ട് ചെയ്യേണ്ടിയിരുന്നവര്‍ മിക്കവാറും റൂം വേക്കേറ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേര്‍ കൂടിയേ ഉള്ളൂ. നൂറ്റിപ്പതിനൊന്നും എഴുപത്തിയാറും. രജിസ്റ്ററില്‍ നോക്കി ഉറപ്പുവരുത്തി.
പതിനൊന്നു മണിക്കകം  ചെക്ക്ഔട്ട് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. എങ്കിലും ചില ഇളവുകള്‍ അനുവദിക്കാറുണ്ട്.
അല്പം മുമ്പ് ഫോണ്‍ ചെയ്ത് ഉറപ്പുവരുത്തിയിരുന്നു. ഇന്നുതന്നെ റൂം വെക്കേറ്റ് ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിച്ചു.
ഇനി അല്പനേരത്തേക്ക് വിശ്രമിക്കാന്‍ അവസരം കിട്ടും. ഈ മോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരാഴ്ചയായെങ്കിലും ഇന്നാണ് ഒറ്റയ്ക്ക് റിസപ്ഷന്‍ കൈകാര്യം ചെയ്യുന്നത്. ഇതുവരെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സഹായിക്കാന്‍ മാനേജര്‍ ഹോം ഹിക്‌സ് അടുത്ത ഓഫീസ് മുറിയിലുണ്ട്. അതൊരു ആശ്വാസം തന്നെ.
ഈ ജോലിയുടെ കാര്യം ആദ്യം പറഞ്ഞു കേട്ടപ്പോള്‍ത്തന്നെ കൗതുകം തോന്നി, 'മോട്ടല്‍' എന്ന വാക്കിനോട് പ്രത്യേകിച്ചും. താമസിക്കാന്‍ മുറികള്‍ വാടയ്ക്കു കൊടുക്കുന്ന സ്ഥാപനത്തെ ഹോട്ടല്‍ എന്നോ ലോഡ്ജ് എന്നോ അല്ലേ പറയുക, പിന്നെന്താണീ മോട്ടല്‍?
പിന്നീടാണു മനസിലായത് മോട്ടല്‍ എന്നാല്‍ 'മോട്ടോര്‍ ഹോട്ടല്‍' എന്നത് ലോപിച്ചുണ്ടായതാണ്. അതായത് താമസിക്കാന്‍ മുറിയും  വാഹനം പാര്‍ക്കുചെയ്യാനുള്ള സൗകര്യവും കിട്ടുമെന്ന് സൂചന. വേറൊരു പ്രത്യേകത കണ്ടത്, പാര്‍ക്കിങ്‌ലോട്ടില്‍ നിന്ന് നേരിട്ട് റൂമിലേക്ക് പ്രവേശിക്കാനുള്ള സംവിധാനവും. അതായത് റിസപ്ഷന്‍ കൗണ്ടര്‍ വഴി പോകേണ്ട ആവശ്യം വരില്ല. നാട്ടിലായിരുന്നെങ്കില്‍ തന്റേയും കൂട്ടുകാരുടേയും ചില വിനോദപ്രവൃത്തികള്‍ക്ക് വളരെ സൗകര്യപ്രദമായ അന്തരീക്ഷം. റൂമില്‍ ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും മറ്റുള്ളവര്‍ അറിയേണ്ടല്ലോ.
ഇന്റര്‍കോം ബെല്ലടിച്ചു.
'റിസപ്ഷന്‍, ക്യാന്‍ ഐ ഹെല്‍പ്പ് യൂ?'
'എവിടെയാണു നിങ്ങളുടെ ഐസ് മെഷീന്‍?'
അങ്ങേത്തലയ്ക്കല്‍ പരുക്കന്‍ ശബ്ദം.
'ഫസ്റ്റ്ഫ്‌ളോറിലും സെക്കന്റ് ഫ്‌ളോറിലും ഉണ്ട്. സ്‌റ്റെയേഴ്‌സിന് അടുത്തായി.'
തറപ്പിച്ചൊന്നു നോക്കി ദൊരൈസ്വാമി തുടര്‍ന്നു. 'കൊണ്ടുവന്നവന്‍ എന്തായാലും പോയി. ഇനിയുള്ള സമയവും വേണ്ടവിധത്തില്‍ മുതലാക്കാന്‍ ഇരയെ തപ്പുകയാണ്. സൂക്ഷിക്കണം.'
'ഇതൊക്കെ ഇങ്ങനെ അനുവദിച്ചു കൊടുക്കാമോ?'
'അവര്‍ ഒരു രാത്രിയിലെ മുറിവാടക തന്നിട്ടില്ലേ? എന്തു വേണേല്‍ ചെയ്‌തോട്ടെ.'
തന്റെ ആശ്ചര്യം കണ്ട് ദൊരൈസ്വാമി തുടര്‍ന്നു. ബാറിലോ ക്ലബ്ബിലോ പോയി ആരെങ്കിലും തപ്പിക്കൊണ്ടു വരും. 'പോക്കറ്റു മണിക്കുള്ളത് സംഘടിപ്പിക്കാമല്ലോ.'
ദൊരൈസ്വാമിയുടെ പ്രവചനം ശരിയായോ എന്നറിയാന്‍ കഴിയുന്നതിനു മുമ്പ് തന്റെ ഡ്യൂട്ടി സമയം തീര്‍ന്നിരുന്നു.
ഇനി ഈവനിങ് ഷിഫ്റ്റു ചെയ്യുന്ന അവസരത്തില്‍ താനൊറ്റയ്ക്കായിരിക്കും!
ഫ്രാഞ്ചൈസ് ഫുഡ്‌സ്റ്റോറിലെ ജോലിയേക്കാള്‍ രസമുള്ള പണിതന്നെ ഇത്, സംശയമില്ല.
വീണ്ടും ഇന്റര്‍ക്കോം ശബ്ദിച്ചു.
റിസീവറിലൂടെ ഒഴുകിവന്ന ശബ്ദം മനസിലാക്കാന്‍ വിഷമമുണ്ടായില്ല. മിസിസ് പട്ടേല്‍. അഥവാ പൂനം.
'ആ നൂറ്റിപ്പതിനൊന്ന് വെക്കേറ്റ് ചെയ്‌തോ?'
ഇല്ല ഉടനെ ചെയ്യുമെന്നാ പറഞ്ഞത്.'
അല്പനേരത്തെ നിശ്ശബ്ദത.
'എഴുപത്തിയാറും ഉടനെ വെക്കേറ്റു ചെയ്യും.'
'ഐ വില്‍ ടേക് കേര്‍ ഓഫ് ദാറ്റ്.....' ശബ്ദം ഒന്നുകൂടി മൃദുവായതു പോലെ. ജോലി എങ്ങനെയുണ്ട്?'
'ഫൈന്‍, താങ്ക് യൂ....'
അങ്ങേത്തലയ്ക്കല്‍ ചിരി. 'ഐ വില്‍ ബി ദേര്‍ സൂണ്‍.'
ഫോണ്‍ വയ്ക്കുന്ന ശബ്ദം.
മിസിസ് പട്ടേല്‍. മനസിലാക്കാനാവാത്ത പ്രഹേളിക.
ആദ്യമായി കണ്ട ദിവസം. ജോലിചെയ്യാന്‍ തുടങ്ങിയതിന്റെ തലേദിവസം.
അങ്കിളിന്റെ കൂടെ പത്തുമണിയോടെ മോട്ടലിലെത്തി.
'മിസ്റ്റര്‍ ആന്റ് മിസിസ് പട്ടേല്‍ ഷുഡ് ബി ഹിയര്‍ എനി റ്റൈം. പ്ലീസ് വെയിറ്റ്.'
കൗണ്ടറിലെ സുന്ദരി മധുരശബ്ദത്തില്‍ മൊഴിഞ്ഞു.
ലോഞ്ചില്‍ പത്തുമിനിറ്റോളം കാത്തിരിക്കേണ്ടി വന്നു, പട്ടേല്‍ ദമ്പതികളെത്താന്‍.
കാഴ്ചയില്‍ മുപ്പതിലധികം പ്രായം തോന്നാത്ത സാല്‍വാര്‍ കമ്മീസുകാരി മുമ്പിലും മുഴുക്കഷണ്ടിയും അല്പം കുടവയറുമുള്ള മദ്ധ്യ വയസ്‌കന്‍ പിന്നിലും.
'അയാം പൂര്‍ണ്ണിമ,' കൈകള്‍ കൂപ്പിക്കൊണ്ട് സാല്‍വാര്‍ കമ്മീസുകാരി പറഞ്ഞു.
'അയാം അശ്വിന്‍ പട്ടേല്‍,' അങ്കിളിന് ഹസ്തദാനം ചെയ്തുകൊണ്ട് മദ്ധ്യവയസ്‌കന്‍.
അങ്കിള്‍ തന്നെ പരിചയപ്പെടുത്തി.
തനിക്കാകെ ചിന്താക്കുഴപ്പമായിരുന്നു. ഇതു തന്നെയോ മിസ്സ് പട്ടേല്‍?
രണ്ടുപേരെയും മാറിമാറി നോക്കി.
മദ്ധ്യവയസ്‌കരായ ഗുജറാത്തി ദമ്പതികള്‍ നടത്തുന്ന മോട്ടല്‍ എന്നു കേട്ടപ്പോള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത്.
വര്‍ക്കിച്ചന്റെ ഒരു പരിചയക്കാരന്‍ വഴിയാണ് ഇതു സംഘടിപ്പിച്ചത്. അങ്കിളും അശ്വിനും വര്‍ക്കിച്ചനെപ്പറ്റി സംസാരിച്ചു.
അശ്വിന്‍ പട്ടേലിനു നാല്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കും. കഷണ്ടിയും കുടവയറും ഉയരക്കുറവും കൂട്ടുപുരികവും എല്ലാം കൂടി വല്ലാത്തൊരു കോംബിനേഷന്‍.
രണ്ടുപേരെയും കൂടി കാണുമ്പോള്‍ എന്തോ പന്തികേടുപോലെ!
'ലെറ്റസ് ഗോ റ്റു ദി ഓഫീസ്.'
മിസിസ് പട്ടേലിന്റെ മധുരമൊഴി വീണ്ടും.
ഓഫീസ് മുറിയില്‍ വച്ച് കാര്യങ്ങളൊക്കെ വിശദീകരിച്ചു വരാന്‍ കൂടുതല്‍ താല്‍പര്യം മിസിസ് പട്ടേലിനായിരുന്നു. മോട്ടലിനെപ്പറ്റിയും ജോലിയെപ്പറ്റിയുമൊക്കെ വിശദീകരിച്ചു തന്നു. കാര്യമായൊന്നും മനസിലായില്ല. തന്റെ മനസില്‍ വേറെ എന്തൊക്കെയോ ആയിരുന്നു.
മിസിസ് പട്ടേലാണ് അധികവും സംസാരിച്ചത്. കോടികളുടെ ബിസിനസിനെപ്പറ്റി പറയുന്ന ഗര്‍വോടെയാണ് അവരുടെ വര്‍ണ്ണന.
'വെല്‍, ഐ ഹാവ് ടു ലീവ്.' അശ്വിന്‍ പട്ടേല്‍ ഇടയ്ക്കുകയറി പറഞ്ഞു.
വേറെ എന്തൊക്കെയോ ബിസിനസുകള്‍ ഉണ്ടെന്നും അതിലൊന്നില്‍ എന്തോ പ്രശ്‌നമുണ്ടെന്നുമൊക്കെ അദ്ദേഹം വിശദീകരിച്ചു.
'ഓക്കേ, യൂ ഗോ എഹെഡ്. ഐവില്‍ ഷോ ഹിം എറൗണ്ട്,' തേനിറ്റുന്ന വാക്കുകള്‍.
മോട്ടലിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഏകദേശ രൂപം തരാമെന്നും, ജോലി പിറ്റേന്നു തുടങ്ങിയാല്‍ മതിയെന്നും അവര്‍ പറഞ്ഞു.
അല്പനേരത്തിനുശേഷം അങ്കിള്‍ പറഞ്ഞു.
'എന്നാല്‍ ഞാനും ഇറങ്ങുകയാ. കടയില്‍ ചില അത്യാവശ്യം പണികളുണ്ട്. ഫോണ്‍ ചെയ്താല്‍ മതി, ഞാനോ സന്ധ്യയോ വന്നു പിക്ക് ചെയ്യാം.'
'ഡോന്റ് വറി, വി വില്‍ ടേക് ഗുഡ് കേര്‍ ഓഫ് ഹിം,' മിസിസ് പട്ടേല്‍ വശ്യമായി പുഞ്ചിരിച്ച് അങ്കിളിനെ യാത്രയാക്കി.
'താങ്ക് യൂ മിസിസ് പട്ടേല്‍.'
ഭവ്യതയോടെ പറഞ്ഞു.
'ലുക്ക് വിനോദ്, മൈ നെയിം ഈസ് പൂര്‍ണ്ണിമ. പീപ്പിള്‍ കാള്‍ മീ പൂനം.'
താന്‍ വീണ്ടും ഭവ്യതയോടെ ചിരിച്ചു.
ജോലിയെപ്പറ്റി അവര്‍ വിശദീകരിച്ചു. മുക്കാലും മനസിലായില്ല. എങ്കിലും മനസിലാവുന്നതായി നടിച്ചു.
പിന്നെ കൗണ്ടറിലേക്കു കൂട്ടിക്കൊണ്ടുപോയി. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയാനാ ജോണ്‍സിനു തന്നെ പരിചയപ്പെടുത്തി.
'നൗ ഐ വില്‍ ടേയ്ക് യൂ എറൗണ്ട് ദ പ്രോപ്പര്‍ട്ടി,' പൂനം പറഞ്ഞു.
മൂന്നു ഷിഫ്റ്റുകളുണ്ട്. പകല്‍ ഏഴു മുതല്‍ മൂന്നുവരെ, വൈകുന്നേരം മൂന്നുമുതല്‍ പതിനൊന്നുവരെ, രാത്രി പതിനൊന്നുമുതല്‍ രാവിലെ ഏഴുവരെ. വൈകുന്നേരത്തെ ഷിഫ്റ്റിലും രാത്രി ഷിഫ്റ്റിലും റിസപ്ഷനിസ്റ്റും സെക്യൂരിറ്റിക്കാരനും മാത്രമേ ഡ്യൂട്ടിയില്‍ ഉണ്ടാകൂ. ഒരാഴ്ചത്തെ ട്രെയിനിങ്ങിനു ശേഷം മതി ഒറ്റയ്ക്ക് റിസപ്ഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
സ്വന്തമായുണ്ടായിരുന്ന വീടുവിറ്റ് ആ പണം വേറെ എവിടെയോ ഇന്‍വെസ്റ്റു ചെയ്തു. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് താമസം മോട്ടലില്‍ തന്നെയാക്കാമെന്നു വെച്ചു. അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്ള ഒരു 'സ്വീറ്റില്‍' ആണ് അവര്‍ താമസം. ഗസ്റ്റുകള്‍ വെക്കേറ്റു ചെയ്തു കഴിഞ്ഞാല്‍ റൂമുകള്‍ ശരിയാക്കുന്ന കാര്യത്തില്‍ പൂനം സഹായിക്കാറുണ്ടെന്നു പറഞ്ഞു.
ആ ദിവസത്തെ 'ഓറിയന്റേഷന്‍' ഏതാനും മണിക്കൂറുകള്‍ നീണ്ടു നിന്നു.
അതിനുശേഷം വീട്ടിനടുത്ത് കാറില്‍തന്നെ ഡ്രോപ്പു ചെയ്തു. അതിനടുത്ത് എവിടെയോ അവര്‍ക്കു പോകേണ്ടിയിരുന്നുവത്രെ.
പിറ്റേന്നു മുതല്‍ താന്‍ ജോലിക്കു വരാന്‍ തുടങ്ങി.
ഇതുവരെ ട്രെയ്‌നി ആയിരുന്നു. ഇന്നു മുതലാണ് സ്വതന്ത്രമായി റിസപ്ഷന്‍ കൈകാര്യം ചെയ്തു തുടങ്ങിയത്.
വീണ്ടും ഇന്റര്‍കോം ശബ്ദിച്ചു.
'ലൗഞ്ചില്‍ ആരെങ്കിലും ഉണ്ടോ?'
പൂനത്തിന്റെ വാക്കുകള്‍.
'ഇല്ല.'
'എഴുപത്തിയാറാം നമ്പര്‍ റൂമില്‍ ആളില്ലെന്നു തോന്നുന്നു. ഇന്നു വെക്കേറ്റു ചെയ്യുമെന്നല്ലേ പറഞ്ഞത്?'
'അതേ,'
'ഓക്കെ, ഞാന്‍ അങ്ങോട്ടു വരികയാണ്.' പൂനം വീണ്ടും.
താന്‍ വല്ല അബദ്ധവും കാണിച്ചോ? ഒന്നും മനസിലാകുന്നില്ല.

സ്വപ്‌നഭൂമിക(നോവല്‍: 24- മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക