Image

തിരുവാമ്പാടി തമ്പാന്‍

Published on 03 January, 2012
തിരുവാമ്പാടി തമ്പാന്‍
എം. പത്മകുമാര്‍, എസ്‌. സുരേഷ്‌ബാബു ടീം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ്‌ തിരുവാമ്പാടി തമ്പാന്‍. ശക്തന്‍ തമ്പുരാന്‍ നാടുഭരിച്ചിരുന്ന കാലത്ത്‌ നാടിന്റെ കാര്‍ഷിക, വ്യാവസായിക വളര്‍ച്ചയ്‌ക്കായി മധ്യതിരുവിതാംകൂറില്‍നിന്നും അറുപത്തിനാല്‌ ക്രിസ്‌ത്യന്‍ കുടുംബക്കാരെ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവന്ന്‌ അവര്‍ക്കുവേണ്ട എല്ലാ പരിഗണനയും നല്‍കി. അതിലൊരു പ്രധാന തറവാടാണ്‌ തിരുവമ്പാടി ആലങ്ങാട്ടുമാളിക. ഈ തറവാട്ടിലെ ഇപ്പോഴത്തെ പ്രധാനികളാണ്‌ തിരുവമ്പാടി മാത്തന്‍ തരകന്‍, ജ്യേഷ്‌ഠന്‍ ഫിലിപ്പോസ്‌ തരകന്‍. മാത്തന്‍ തരകന്റെ അളിയന്‍ കുഞ്ഞൂഞ്ഞുമാപ്പിള, വല്യമ്മച്ചി റാഹേലമ്മ, മാത്തന്‍ തരകന്റെ മൂത്ത മകന്‍ സണ്ണി എന്നിവര്‍. ഇവരില്‍ പ്രധാനമായും മൂന്നുപേരെ കേന്ദ്രീകരിച്ചാണ്‌ കഥാവികസനം. മാത്തന്‍ തരകന്‍, തമ്പാന്‍ തരകന്‍, കുഞ്ഞൂഞ്ഞുമാപ്പിള എന്നിവര്‍.
നാട്ടിലെ ഏറ്റവും പ്രബലരായ ആനക്കച്ചവടക്കാരാണ്‌ ഇവര്‍. എവിടെയും നേരിട്ടെത്തിച്ചുകൊടുക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ആനച്ചന്ത എന്നു പറയാവുന്ന ബിഹാറിലെ ബോല്‍പൂരില്‍നിന്നും നേരിട്ടെത്തിച്ചുകൊടുക്കുകയാണ്‌ ഇവരുടെ പതിവ്‌.

ഇളയ മാമനായ കുഞ്ഞൂഞ്ഞുമാപ്പിളയും തമ്പാനും തമ്മില്‍ വലിയ അടുപ്പമാണ്‌. തന്റെ പ്രണയമുള്‍പ്പെടെ പല രഹസ്യങ്ങളും പങ്കുവയ്‌ക്കുന്നത്‌ ഇളയ മാമനോടാണ്‌. അവിവാഹിതനായ കുഞ്ഞൂഞ്ഞുമാപ്പിളയാണ്‌ തമ്പാന്റെ മധ്യസ്ഥനും. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ മകള്‍ അഞ്‌ജലിയാണ്‌ അവന്റെ കാമുകി.

പൂരങ്ങള്‍ തുടങ്ങിയ സമയം. ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂരത്തില്‍ എഴുന്നള്ളിക്കാനായി ഒരു തലയെടുപ്പുള്ള ആനയുടെ ആവശ്യവുമായി വന്നപ്പോള്‍ തമ്പാന്‍ തരകനും മാത്തന്‍ തരകനും കുഞ്ഞൂഞ്ഞുമാപ്പിളയും അനുയായികളും ബോല്‍പൂരിലേക്കു പുറപ്പെട്ടു. ആനയുമായി മടങ്ങുന്നതിനിടയിലാണ്‌ മധുരയില്‍വച്ച്‌ മാത്തന്‍ തരകന്‌ ഒരു കൈയബദ്ധം സംഭവിക്കുന്നത്‌. ഈ സംഭവം ഇവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളിലേക്കു വഴിതെളിയിച്ചു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം.

ചിത്രത്തിലെ ഒരു ഭാഗം ഹാസ്യരസമായി അവതരിപ്പിക്കുമ്പോള്‍ മറ്റൊരു ഭാഗം ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നു.

ജയറാം തമ്പാന്‍ തരകനെയും ജഗതി മാത്തന്‍ തരകനെയും നെടുമുടി വേണു കുഞ്ഞൂഞ്ഞുമാപ്പിളയെയും അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായിക തെലുങ്ക്‌, തമിഴ്‌ ചിത്രങ്ങളിലെ തിരക്കുള്ള നടി ഹരിപ്രിയ ആണ്‌. സുരാജ്‌, ജനാര്‍ദ്ദനന്‍, സാദിഖ്‌, ഇന്ദ്രന്‍സ്‌, ബാബു നമ്പൂതിരി, ടി.ജി. രവി, നന്ദു, ശ്രീജിത്‌ രവി, രശ്‌മി ബോബന്‍, ശ്രീലത, ശ്രീക്കുട്ടി, ഓമന ഔസേപ്പ്‌, വിജയന്‍ പെരിങ്ങോട്‌ എന്നിവരും തമിഴ്‌ താരങ്ങളായ കിഷോര്‍, ജെ.പി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

വാഴൂര്‍ ജോസ്‌
തിരുവാമ്പാടി തമ്പാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക