Image

വധശിക്ഷയുടെ രാഷ്‌ട്രീയം (വധശിക്ഷ തെറ്റാണ്‌. ആ തെറ്റ്‌ തിരുത്തേണ്ടത്‌ ജനാധിപത്യം തന്നെ)

ജയമോഹനന്‍ എം Published on 02 August, 2015
വധശിക്ഷയുടെ രാഷ്‌ട്രീയം (വധശിക്ഷ തെറ്റാണ്‌. ആ തെറ്റ്‌ തിരുത്തേണ്ടത്‌ ജനാധിപത്യം തന്നെ)
മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ്‌ മേമനെ തൂക്കിക്കൊന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ മനസിലും പുതിയ ധ്രൂവീകരണത്തിന്‌ തുടക്കമിട്ടിരിക്കുന്നു. വധശിക്ഷ ഒരു അത്യാവശ്യമെന്നും അതല്ല വധശിക്ഷ പ്രാകൃതമാണെന്നും അത്‌ ഭരണകൂടഭീകരതയാണെന്നുമുള്ള സംവാദങ്ങള്‍ക്കും അപ്പുറത്തായി വധശിക്ഷക്ക്‌ വിധേയനാക്കപ്പെട്ട വ്യക്തിയുടെ മതമാണ്‌ ഇപ്പോള്‍ രാഷ്‌ട്രീയ ചര്‍ച്ചയാക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയിലെ വിവിധ ആക്‌ടിവിസ്റ്റുകളും കലാകാരന്‍മാരും വധശിക്ഷക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരട്ടിന്റെ പ്രസ്‌താനവകള്‍ പുതിയ വിവാദങ്ങള്‍ക്ക്‌ തിരി തെളിക്കുന്നതാണ്‌.

അതായത്‌ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ മുസ്ലിംങ്ങളോട്‌ വിവേചനം കാട്ടുന്നുവെന്നും അവസാനം കൊല്ലപ്പെട്ട മൂന്ന്‌ പേര്‍ മുസ്ലിംങ്ങളാകുന്നത്‌ യാദൃശ്ചികമല്ലെന്നും കാരാട്ട്‌ പറയുന്നു. കാരാട്ട്‌ പറഞ്ഞ ഈ മൂന്ന്‌ പേര്‍ ആരൊക്കെയാണെന്ന്‌ കൂട നോക്കാം.

1. മുഹമ്മദ്‌ അജ്‌മല്‍ അമീര്‍ കസബ്‌. 2008ലെ മുംബൈ അക്രമണ കേസിലെ മുഖ്യ പ്രതി. 2012 നവംബര്‍ 21 തൂക്കിലേറ്റപ്പെട്ടു.

2. മുഹമ്മദ്‌ അഫ്‌സര്‍ ഗുരു. 2001ലെ പാര്‍ലമെന്റ്‌ അക്രമണ കേസിലെ പ്രതി. 2013 ഫെബ്രുവരി 9ന്‌ തൂക്കിലേറ്റപ്പെട്ടു.

3. യാക്കൂബ്‌ മേമന്‍. 1993 മാര്‍ച്ച്‌ 12ന്‌ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി. കഴിഞ്ഞ ദിവസം തൂക്കിലേറ്റപ്പെട്ടു.

ഈ മൂന്ന്‌ പേരും രാജ്യത്തെ പരമാവധി ശിക്ഷ അര്‍ഹിക്കുന്നവര്‍ തന്നെയെന്ന്‌ ഉറപ്പ്‌. അഫ്‌സല്‍ ഗുരുവിന്റെയും, യാക്കൂബ്‌ മേമന്റെയും പ്രതിസ്ഥാത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ. പക്ഷെ ഒരു കാര്യം വ്യക്തമാണ്‌ ഇവര്‍ക്കെല്ലാം കോടതിയില്‍, എന്തിന്‌ കസബിനടക്കം, അവരുടെ ഭാഗങ്ങള്‍ കോടതിയില്‍ വാദിക്കുവാനും ഒപ്പം നിയമപരിരക്ഷകള്‍ ലഭിക്കുവാനുമുള്ള എല്ലാ സംവിധാനങ്ങളും ലഭിച്ചിരുന്നു.

ഇനി വധശിക്ഷ വിധിക്കപ്പെട്ടവരുടെ കണക്ക്‌ പരിശോധിക്കുകയാണെങ്കില്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ 1414 പേരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌ എന്ന്‌ കണക്കുകള്‍ പറയുന്നു. ഇതില്‍ മുസ്ലിംങ്ങള്‍ 72 പേര്‍ മാത്രമാണ്‌. അതായത്‌ അഞ്ചു ശതമാനം. അപ്പോള്‍ പിന്നെ നീതിന്യായ കോടതികള്‍ മുസ്ലിംങ്ങളോട്‌ അന്യായം പ്രവര്‍ത്തിക്കുന്നു എന്ന്‌ പറയുന്നതില്‍ വസ്‌തുതകളില്ല.

എന്നാല്‍ കസബ്‌, അഫ്‌സല്‍ ഗുരു, യാക്കൂബ്‌ മേമന്‍ എന്നിവരുടെ കാര്യത്തില്‍ വധശിക്ഷക്കുള്ള രാഷ്‌ട്രപതിയുടെ ദയാഹര്‍ജി പരിഗണിക്കലും അതില്‍ മേലുള്ള തീരുമാനവും പെട്ടന്ന്‌ നടപ്പാക്കപ്പെട്ടു എന്നതു മാത്രമാണ്‌ വസ്‌തുത. ഇനി ബിജെപി ഗവണ്‍മെന്റ്‌ അന്യായം പ്രവര്‍ത്തിക്കുന്നു എന്നാണെങ്കില്‍ മേല്‍പ്പറഞ്ഞവരില്‍ ആദ്യത്തെ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കപ്പെടുന്നത്‌ കഴിഞ്ഞ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ കാലത്താണ്‌. അതില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തിടുക്കപ്പെട്ട്‌ നടത്തിയതിന്‌ പിന്നില്‍ ചില തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നതും ചര്‍ച്ചയായതാണ്‌.

പറഞ്ഞുവന്നത്‌ സിപിഎം പറയുന്ന നീതിന്യായ കോടതിയുടെ മുസ്ലിം വിരുദ്ധത എന്ന വിഷയത്തെക്കുറിച്ചാണ്‌. ഈ മുസ്ലിം വിരുദ്ധത പ്രകാശ്‌ കാരട്ട്‌ ഉയര്‍ത്തുന്നത്‌ കേവലം മുസ്ലീം വോട്ട്‌ബാങ്ക്‌ ലക്ഷ്യം വെച്ചുള്ള രാഷ്‌ട്രീയ തന്ത്രം മാത്രമാണെന്ന്‌ തുറന്നു പറയേണ്ടി വരും. മേമന്‍ തടവില്‍ കിടന്ന ഇക്കാലമത്രയും മേമന്‌ വേണ്ടി ഒന്നും ചെയ്യാത്തവരാണ്‌ പൊടുന്നനെ വധശിക്ഷയിലെ മുസ്ലിം വിരുദ്ധത ഉയര്‍ത്തിക്കാടുന്നത്‌.

സത്യത്തില്‍ കാരാട്ട്‌ പ്രതികരിക്കേണ്ടിയിരുന്നത്‌ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു. പരിഷ്‌കൃത സമൂഹത്തില്‍ വധശിക്ഷ ഭരണകൂടം നടത്തുന്ന തെറ്റാണ്‌ എന്നായിരുന്നു പറയേണ്ടത്‌. അതില്‍ മതം കലര്‍ത്തി ധ്രൂവികരണം നടത്തുകയായിരുന്നില്ല. രണ്ടാമതായി മുസ്ലിം തീവ്രവാദം പ്രതിസ്ഥാനത്ത്‌ വരുന്ന കലാപങ്ങളിലും ബോംബ്‌സ്‌ഫോടനങ്ങളിലും പ്രതികള്‍ക്ക്‌ പരാമവധി ശിക്ഷ ലഭിക്കുന്നത്‌ പോലെ തന്നെ ഹിന്ദു തീവ്രവാദം പ്രതിസ്ഥാനത്ത്‌ വരുന്ന കേസുകളിലും പ്രതികള്‍ക്ക്‌ പരമാവധി ശിക്ഷ ലഭിക്കുന്നുണ്ടോ എന്ന വിഷയം ഉയര്‍ത്തി കാണിക്കുകയായിരുന്നു.

എന്നാല്‍ ഈ വിഷയങ്ങളില്‍ സ്‌പര്‍ശിക്കാതെ കേവലം വധശിക്ഷക്ക്‌ വിധിക്കപ്പെട്ടവരുടെ മതം ഉയര്‍ത്തി കാണിക്കുന്നത്‌ കടുത്ത സമൂഹധ്രൂവികരണത്തിന്‌ മാത്രമേ വഴിയൊരുക്കു.

എന്നാല്‍ ഫാസിസം അകലെയല്ലാതെ നില്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ജാഗ്രത അവശ്യം തന്നെയാണ്‌. അതിനായി ഒരു ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ്‌ നടത്താം. പ്രകാശ്‌ കാരാട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌ ഈ ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ്‌.

- ``ഓള്‍ മുസ്ലിംസ്‌ ആര്‍ നോട്ട്‌ ടെററിസ്റ്റ്‌, ബട്ട്‌ ഓള്‍ ടെററിസ്റ്റ്‌ ആര്‍ മുസ്ലീംസ്‌.''

ഈ സ്റ്റേറ്റ്‌മെന്റ്‌ നടത്തിയത്‌ ഇന്ത്യയുടെ മുന്‍ ആഭ്യന്തര മന്ത്രി ലാല്‍ കൃഷ്‌ണ അദ്വാനിയാണ്‌.

രസകരമായ സംഭവം കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ഇ.എം.എസ്‌ മരിച്ച ദിവസമാണ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു ബിജെപി ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നത്‌ എന്നതാണ്‌. ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷം ഒട്ടും സമയം കളയാതെ തിരുവനന്തപുരത്തേക്ക്‌ പറന്നെത്തി ഇഎംഎസിന്‌ അത്യാഞ്‌ജലികള്‍ അര്‍പ്പിച്ചു അദ്വാനി എന്ന ബിജെപിക്കാരന്‍. അന്നത്തെ ദിവസം അക്ഷരാര്‍ഥതത്തില്‍ ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ തുടക്കവും മറ്റൊന്നിന്റെ അവസാനത്തിന്റെ തുടക്കവുമായിരുന്നു.

അദ്വാനി നിണമണിഞ്ഞ വഴികളിലൂടെ രഥയാത്രകള്‍ നടത്തി വളര്‍ത്തിയെടുത്ത ബിജെപി ഇന്ന്‌ ബഹുഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായിരിക്കുന്നു. ഇഎംഎസിന്റെ സിപിഎം ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്നത്തെ ബിജെപി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന ഏറെ ശ്രദ്ധേയമാണ്‌. മന്‍മോഹന്‍സിംഗ്‌ ഗവണ്‍മെന്റ്‌ എടുത്തു കാണിക്കുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌ത `ഹിന്ദു ടെററിസം' എന്ന വാക്ക്‌ ഇന്ത്യയില്‍ മുസ്ലിം ഭീകരവാദത്തിനെതിരെയുള്ള ഭരണകൂട പോരാട്ടങ്ങളെ തളര്‍ത്തിയെന്നതാണ്‌ രാജ്‌നാഥ്‌ സിംഗിന്റെ വാദം. മെസേജ്‌ വളരെ കൃത്യമാണ്‌ പഴയ അദ്വാനിയുടെ വാക്കുകള്‍ ഇന്ന്‌ രാജ്‌നാഥ്‌ സിംഗ്‌ ആവര്‍ത്തിക്കുന്നു.

ഈ സാഹചര്യത്തില്‍ ഫാസിസത്തിനെതിരെയുള്ള നീക്കമെന്ന വ്യാജേനെ മുസ്ലിം വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കാണുമ്പോള്‍ നമ്മുടെ രാജ്യം നേരിടുന്ന അവസരവാദ രാഷ്‌ട്രീയത്തെ ഓര്‍ത്ത്‌ പരിതപിക്കുക മാത്രമേ നിവൃത്തിയുള്ളു. യഥാര്‍ഥത്തില്‍ വിഷയങ്ങളില്‍ മതം കലര്‍ത്താതെ കൈകാര്യം ചെയ്യേണ്ടവര്‍ കേവല രാഷ്‌ട്രീയ ലാഭത്തിനായി മതത്തെ കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇവിടെ ഇനിയും കമ്മ്യൂണിസം ഉണ്ടാവും. പക്ഷെ അതിന്റെ പേര്‌ സിപിഎം എന്നാവില്ല. കൊടിയുടെ നിറം ചുവപ്പുമായിരിക്കില്ല.

ഇനി വധശിക്ഷയുടെ ബേസിക്ക്‌ രാഷ്‌ട്രീയത്തിലേക്കു കൂടി ഒന്ന്‌ കണ്ണോടിക്കാം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ മേനി പറയുന്ന രാജ്യത്തില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ്‌ വധശിക്ഷ. കാരണം കണ്ണിന്‌ പകരം കണ്ണ്‌ എന്നത്‌ അപരിഷ്‌കൃത സമൂഹത്തിന്റെ രീതിയാണ്‌. സത്യത്തില്‍ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ നടപ്പാക്കുന്നത്‌ ഡെമോക്രസിയല്ല. മറിച്ച്‌ മോബോക്രസിയാണ്‌. ഒരു മോബിന്‌ വേണ്ടി അതായത്‌ ഒരു ആള്‍ക്കൂട്ടത്തിന്‌ വേണ്ടി , അവരുടെ ആര്‍പ്പുവിളികളെ തൃപ്‌തിപ്പെടുത്താന്‍ ഭരണകൂടം ഒരാളെ വധിക്കുന്നു.

സത്യത്തില്‍ ജനാധിപത്യത്തിന്‌ ഡെമോഗ്രാഫിക്‌ സെന്‍സിലുള്ള ജനവുമായി ഒരു ബന്ധവുമില്ല. മറിച്ച്‌ ഭൂരിപക്ഷത്തിന്റെ തീരുമാനം തെറ്റാണെങ്കില്‍ അതിനെതിരായി നില്‍ക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെയാണ്‌ അത്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ജനാധിപത്യം എന്നത്‌ ആ അര്‍ഥത്തില്‍ `ജന'വിരുദ്ധം പോലുമാണ്‌. അതായത്‌ ബഹുഭൂരിപക്ഷം ജനം പറയുന്നത്‌ വെളിവുകെട്ട ആവശ്യങ്ങളാണെങ്കില്‍ അതിനെ നാരും വേരും വേര്‍തിരിച്ച്‌ നീതി നടപ്പാക്കുകയും ജനം പറയുന്ന വെളിവുകേടിനെ തള്ളിക്കളയുകയും കൂടി ചെയ്യുന്നതാണ്‌ യഥാര്‍ഥ ജനാധിപത്യം.

അതായത്‌ ജനാധിപത്യമെന്നാല്‍ ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയല്ല, മറിച്ച്‌ ജനാധിപത്യ മൂല്യങ്ങളാണ്‌. അതുപോലെ തന്നെ ആര്‍ത്തുവിളിക്കുന്ന ജനങ്ങളുടെ വെളിവില്ലാത്ത നിര്‍ണ്ണയങ്ങളുടേതല്ല ജനാധിപത്യം.

എന്നാല്‍ മോബോക്രസി ജനാധിപത്യത്തെ നിര്‍ണ്ണയിക്കുന്നു എന്നതിന്റെ ഒരു തെളിവായിരുന്നു സ്വവര്‍ഗ പ്രണയം തെറ്റാണ്‌ എന്ന കോടതി പരാമര്‍ശനം. സ്വവര്‍ഗാനുരാഗികള്‍ എന്ന ന്യൂനപക്ഷത്തെ എപ്പോഴും അധിക്ഷേപിക്കുന്ന അപരവല്‍കരിക്കുന്നത്‌ ഭൂരിപക്ഷത്തിന്റെ അതായത്‌ ആള്‍ക്കൂട്ടത്തിന്റെ ചെയ്‌തികളാണ്‌. എന്നാല്‍ ജനാധിപത്യത്തിന്റെ സ്ഥാപനങ്ങള്‍ ഈ ആള്‍ക്കൂട്ടത്തിന്റെ താത്‌പര്യങ്ങളെ നടപ്പാക്കുമ്പോള്‍ ഹനിക്കപ്പെടുന്നത്‌ ഒരു ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും സ്വതന്ത്ര്യവുമാണ്‌. തത്ത്വത്തില്‍ ന്യൂനപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.

ഇത്തരം വെളിവില്ലാത്ത ആവശ്യങ്ങളും ആര്‍പ്പുവിളികളും ഉയരുമ്പോള്‍ ജനം തന്നെയാണ്‌ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു. ആ ശത്രൂവിനെ തീര്‍ച്ചയായും പരിശോധനകള്‍ക്ക്‌ വിധേയനാക്കണം. അല്ലെങ്കില്‍ ഈപ്പറയുന്ന ജനം ജനാധിപത്യത്തെ തച്ചു തകര്‍ത്ത്‌ തോന്നുംപ്പടി തട്ടിക്കളിക്കും.

അപ്പോള്‍ ജനം ആള്‍ക്കുട്ടത്തില്‍ നിന്ന്‌ വിട്ടു മാറി വ്യക്തിയെന്ന നിലയിലേക്ക്‌ സ്വയം ചുരുങ്ങുകയും സെല്‍ഫ്‌ എഡിറ്റിംഗ്‌ നടത്തുകയും വേണം. അവനവനെ തന്നെ നിരന്തരം വിചാരണക്കൂട്ടില്‍ നിര്‍ത്തണം. അപ്പോള്‍ മാത്രമേ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന യഥാര്‍ഥ ജനാധിപത്യം സാധ്യമാകു. ആ മൂല്യങ്ങളില്‍ പരമപ്രധാനമായി വരേണ്ടത്‌ ജനം ജനത്തിനായി തിരഞ്ഞെടുത്ത ഭരണകൂടം ആരെയും കൊല്ലരുത്‌ എന്നത്‌ തന്നെയാണ്‌. ആള്‍ക്കൂട്ടത്തിന്റെ മുറവിളികളെ അടക്കാന്‍ ആരെയും കൊല്ലരുത്‌.

അതെ വധശിക്ഷ തെറ്റാണ്‌. ആ തെറ്റ്‌ തിരുത്തേണ്ടത്‌ ജനാധിപത്യം തന്നെയാണ്‌.
വധശിക്ഷയുടെ രാഷ്‌ട്രീയം (വധശിക്ഷ തെറ്റാണ്‌. ആ തെറ്റ്‌ തിരുത്തേണ്ടത്‌ ജനാധിപത്യം തന്നെ)
Join WhatsApp News
Tom Abraham 2015-08-02 12:01:32

Death penalty where there is 100 percent evidence in a criminal case, must continue to be a deterrant. Crime must be addressed without any compassion.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക