Image

ഒരു ദാമ്പത്യത്തിന്റെ ഹ്രസ്വചിത്രം (ചെറുകഥ: ഷീല മോന്‍സ്‌ മുരിക്കന്‍

Published on 11 October, 2015
ഒരു ദാമ്പത്യത്തിന്റെ ഹ്രസ്വചിത്രം (ചെറുകഥ: ഷീല മോന്‍സ്‌ മുരിക്കന്‍
ദാമ്പത്യത്തിന്റെ മുഷിഞ്ഞു നാറിയ കടലാസുതുണ്ടുകള്‍ കീറിക്കളയാന്‍ തീരുമാനിച്ചപ്പോഴാണ്‌ അതിനിടയിലെ മയില്‍പ്പീലിത്തുണ്ടുകള്‍ `അമ്മേ' എന്നു വിളിച്ചുകൂവിയത്‌. അസ്വസ്ഥമായ സഞ്ചാരവേളകളില്‍ ആ ശബ്‌ദം പലപ്പോഴും സഹനത്തിന്റെ നറുംനിലാവു പരത്താന്‍ തന്നെ നിര്‍ബന്ധിക്കാറുണ്ട്‌. അതിന്റെ മൃദുത്വമുള്ള ഭാരമാണ്‌ തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും രേഖ ഒരു നിശ്വാസത്തോടെ ഓര്‍ത്തു.

എല്ലാ പെണ്‍കുട്ടികളെയും പോലെ താനും കുടുംബജീവിതത്തെക്കുറിച്ച്‌ എന്തെല്ലാം
സ്വപ്‌നങ്ങള്‍ നെയ്‌തുകൂട്ടിയിരുന്നു.!

വര്‍ണ്ണാഭമായ എത്രയോ നിമിഷങ്ങള്‍ ഭാവനയില്‍ പീലിവിടര്‍ത്തിയിരുന്നു.

പക്ഷേ........

വിവാഹത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ കാശിന്റെ നീണ്ടകണക്കുപറച്ചിലില്‍ ഓരോ സ്വപ്‌നങ്ങളും ഇലപൊഴിച്ചുകൊണ്ടിരുന്നു.

ഭാര്യ ഒരു പണം കായ്‌ക്കാത്ത മരം ആവാത്തതില്‍ അയാള്‍ സ്വയം ശപിച്ചു. കൂട്ടുകാരുടെ ഭാര്യമാര്‍ വിദേശങ്ങളില്‍ നിന്ന്‌ അയയ്‌ക്കുന്ന ഡോളറിന്റെ കനത്ത കണക്കുകള്‍ അയാള്‍ അസൂയയോടും നിരാശയോടും വിളമ്പി.

ചുരുങ്ങിപ്പോകുന്ന ദാമ്പത്യം.....

അതിപ്പോള്‍ ഒരിലപോലും അവശേഷിക്കാത്ത ഉണക്കമരമായി തീര്‍ന്നിരിക്കുന്നു!

പച്ചവിരിക്കാന്‍ യാത്രകളില്ല.......

നിറം പകരാന്‍ പട്ടുവസ്‌ത്രങ്ങളില്ല......

ഇളം കാറ്റായി സ്‌നേഹവാക്കുകളില്ല....

ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ചു കുട്ടികളെ മാറത്തടുക്കി ഇറങ്ങിയതാണ്‌. അന്നു തന്നെ
തടഞ്ഞു നിര്‍ത്തിയതാരാണ്‌..?

സബിത..

അവളുടെ മഴച്ചാറ്റലുള്ള കണ്ണുകള്‍...

``എന്റെ രേഖേച്ചീ... നന്ദൂനേം ഉണ്ണിയേം ഓര്‍ത്ത്‌ അങ്ങനെ ചെയ്യല്ലേ..''

പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ പിതൃവിരഹത്തിന്റെ ഈര്‍പ്പമുള്ള വാക്കുകള്‍.

``രേഖേച്ചിക്കറിയ്യ്വോ, അച്ഛനെന്നെ വല്ല്യയ്‌ഷ്‌ടാരുന്നു. ഇവരുതമ്മില്‌ വഴക്കടിച്ച്‌ മിണ്ടാതാവുമ്പോഴും എന്നെ ബൈക്കിലിരുത്തി അച്ഛന്‍ കാവില്‍ കൊണ്ടുപോകും, മിഠായി വാങ്ങിത്തരും..''

അവള്‍ ദേഷ്യത്തോടെ ചന്ദ്രികച്ചേച്ചിയെ നോക്കി.

``എല്ലാം നഷ്‌ടപ്പെടുത്തിയത്‌ ഈ അമ്മയാ.., എനിക്കുവേണ്ടി സഹിച്ചൂടാരുന്നോ.....?''

ചന്ദ്രികച്ചേച്ചിയുടെ വിളറിയ കണ്ണുകള്‍.

``ഒക്കെ വെറുതെയാ രേഖാ, നമ്മള്‌ ജീവിതം പോലും ഉപേക്ഷിച്ച്‌ ഇവര്‍ക്കുവേണ്ടി ജീവിക്കും. എന്നിട്ട്‌ മറ്റൊരുത്തിയുടെ ഒപ്പം ജീവിതം ആസ്വദിക്കുന്ന അയാളോടാ ഇപ്പഴും ഇവര്‍ക്കു കൂറ്‌. ഞാന്‍ തെറ്റുകാരിയും''

ചന്ദ്രികച്ചേച്ചി നിസംഗഭാവത്തില്‍ പുറത്തേയ്‌ക്കു നോക്കി.

ആ നോട്ടത്തില്‍ ഒരുപാട്‌ ചോദ്യങ്ങള്‍ എഴുന്നു നില്‌പുണ്ടായിരുന്നു.

തന്നോട്‌ കാണിക്കാന്‍ അറിയാത്ത സ്‌നേഹം മറ്റൊരുവളോട്‌ കാണിക്കുന്ന ഭര്‍ത്താവിന്റെ കൂടെ ഏതു ഭാര്യ ജീവിക്കും...?

അവിവാഹിതയായ മുറപ്പെണ്ണിനെയുംകൂട്ടി എന്തിനു വിദൂരങ്ങളില്‍ ക്ഷേത്രദര്‍ശനത്തിനു പോകണം..?

ആ യാത്രയില്‍ എന്തിനു തന്നെ ഒഴിവാക്കുന്നു?

പക്ഷേ, അയാള്‍ വീണ്ടും കല്ല്യാണം കഴിച്ചത്‌ മുറപ്പെണ്ണിനെ അല്ലെന്നുള്ളത്‌ ചന്ദ്രികച്ചേച്ചിയെ ഒരുപാട്‌ വിഷമിപ്പിച്ചിരുന്നു.

മനുഷ്യന്റെ വിചാര വികാരഗതികളിലെ നിഗൂഢത അറിയാതെ പോയതിന്റെ വേദന
ചന്ദ്രികച്ചേച്ചിയെ ഉലയ്‌ക്കുന്നുണ്ടോ ആവോ..?

എന്തായാലും ആ കണ്ണിലെ സ്ഥായീഭാവം ദു:ഖം തന്നെയാണ്‌.

ഓഫീസിലെ വിശ്രമ വേളകളില്‍ വിരുന്നുകാരായെത്തുന്ന കടുംബവിശേഷങ്ങളില്‍ ചിലര്‍ ഭര്‍തൃചരിതം വായിക്കുമ്പോള്‍ മൗനത്തിന്റെ കാഷായ വേഷത്തില്‍ സന്ന്യാസികളെപ്പോലെ താനും ചന്ദ്രികച്ചേച്ചിയും ഒതുങ്ങിപ്പോവാറുണ്ട്‌.

തങ്ങള്‍ക്കു പ്രദര്‍ശിപ്പിക്കാന്‍ ഭര്‍ത്താവു വാങ്ങിത്തന്ന ആടയാഭരണങ്ങളില്ല...

വാരി വിളമ്പാര്‍ ഭര്‍ത്താവുമൊത്തുള്ള യാത്രകളില്ല....

ബസ്റ്റോപ്പില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന ബന്ധങ്ങളില്ല...

അസുഖങ്ങളില്‍ വേവലാതിപ്പെടുന്ന ഫോണ്‍വിളികളുമില്ല....

തന്റെ ദാമ്പത്യത്തെ എങ്ങനെയാണ്‌ വര്‍ണ്ണിക്കേണ്ടത്‌...?

ഒരു കൂരയ്‌ക്കുള്ളില്‍ ഇടയ്‌ക്കിടെ കണ്ടുമുട്ടുന്ന രണ്ടഗ്നിപര്‍വ്വതങ്ങള്‍. ചിലപ്പോള്‍ സുനാമി പോലെ ഉയരത്തില്‍ വീശുന്ന വാക്കുകള്‍. അതിനിടയില്‍ നിശബ്‌ദമാകുന്ന രണ്ടു
കഥാപാത്രങ്ങള്‍ നന്ദുവും ഉണ്ണിയും

സ്വരമുയര്‍ത്തി സംസാരിച്ചുതുടങ്ങുമ്പോഴേ ഉണ്ണി വിറച്ചുതുടങ്ങും. നന്ദുവിന്റെ കണ്ണില്‍ ഭയം ഇഴഞ്ഞുനടക്കും.

കഴിയുന്നതും ഉച്ചഭാഷണങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ശ്രമിക്കാറുണ്ട്‌. പക്ഷേ, അയാളുടെ സമ്പാദ്യ പട്ടികയ്‌ക്കു നീളം കൂട്ടാനുള്ള ശ്രമത്തില്‍ അത്യാവശ്യ ചെലവുകള്‍ പോലും നിഷേധിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനാവില്ല.

വീട്ടുചെലവുകള്‍ തന്റെ വരുമാനത്തെ ധിക്കരിച്ചു പുറത്തുകടക്കുമ്പോള്‍, ചുമലില്‍ ജീവിതം ഒറ്റയ്‌ക്കു വലിക്കുന്നതിന്റെ ദുര്‍ഭരത. അയാള്‍ വാങ്ങിയ പതിനായിരത്തിന്റെ ഫര്‍ണ്ണീച്ചറുകളും പുരയുടെ നീളവും വീതിയും കൂട്ടാന്‍ ഇറക്കിയിരിക്കുന്ന കല്ലുകളുടെയും കണക്കുകള്‍ക്കു മുമ്പില്‍ പുച്ഛിച്ചു തള്ളുന്ന തന്റെ വരുമാനം.

കുട്ടികളുടെ കൊച്ചുകൊച്ചു മോഹങ്ങള്‍ക്കു പിന്നാലെ ഭാരപ്പെട്ട മനസ്സുമായി നിരങ്ങുമ്പോള്‍, പലചരക്കു കടയിലെ കഴിയുന്നത്ര ചുരുക്കി എഴുതിയ അക്കങ്ങളും ആശുപത്രിയിലെ മരുന്നു ബില്ലുകളും ടേം ഫീസും വിരുന്നുകാരുടെ കടന്നുകയറ്റങ്ങളും കൂടിക്കൂടി വന്നപ്പോള്‍ തനിക്കു കൂട്ടിനു കിട്ടിയത്‌ പഴഞ്ചന്‍ സാരികളും പൊട്ടി തയ്‌ച്ച ചെരുപ്പുകളും മാത്രം.

എന്നിട്ടും നഷ്‌ടമായ തന്റെ സ്വപ്‌നങ്ങളെക്കുറിച്ചു വിലപിച്ചില്ല.

പുത്തന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ അടയിരുന്നുമില്ല.

ആഞ്ഞു തുഴഞ്ഞു.

ജീവിതം മുമ്പോട്ടു തന്നെ നീങ്ങണം.

നന്ദുവും ഉണ്ണിയും കയറിയിരിക്കുന്ന കടത്തുതോണിയുടെ അമരക്കാരി താനാണ്‌.

അത്‌ ഉലയാന്‍ പാടില്ല.

അത്‌ ഒരു തീരത്തെത്തണം.

പലപ്പോഴും ഒരു ഊമയെപ്പോലെ കൂടെ ജീവിച്ചു.

ബധിരയെപ്പോയെ കാതുകളടച്ചു, എന്നിട്ടും...

അസഭ്യവര്‍ഷങ്ങളുടെ കണക്കുപറച്ചിലിനിടയില്‍ തന്റെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ചോദ്യം തൊടുക്കുമ്പോള്‍ താനും കലഹിക്കുന്ന ഭാര്യയായി. എവിടെ നിന്റെ സമ്പാദ്യം എന്ന ചോദ്യത്തിനു മുമ്പില്‍ എഴുതി സൂക്ഷിക്കാത്ത തന്റെ കണക്കുകളും അയാളുടെ പ്രിന്റഡ്‌ ബില്ലുകളും തമ്മില്‍ ഏറ്റുമുട്ടി. പരാജയപ്പെടുന്ന തന്റെ കണക്കുകള്‍ പലപ്പോഴും കുട്ടികള്‍ക്കുവേണ്ടി ഡെഡിക്കേറ്റ്‌ ചെയ്‌തു പിന്‍വാങ്ങും.

പലരും ഉപദേശിച്ചു. കുറച്ചുകൂടി അയാളെ സ്‌നേഹിക്ക്‌.

എങ്ങനെയാണ്‌ ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നത്‌...?

സ്‌നേഹത്തിന്‌ കുറച്ച്‌ വ്യവസ്ഥകളൊക്കെയില്ലേ.. ഒരുപാധിയും ഇല്ലാതെ സ്‌നേഹിക്കാന്‍ താന്‍ ദേവസ്‌ത്രീയൊന്നുമല്ലല്ലോ..?

ഭര്‍ത്താവ്‌ എന്ന നിലയില്‍ അയാള്‍ തനിക്കെന്തു നല്‍കിയിട്ടുണ്ട്‌?

അയാളുടെ മോഹാസക്തിയില്‍ രണ്ടുമക്കള്‍!

മാന്യമായ ഒരു പെരുമാറ്റം ഉണ്ടായിട്ടുണ്ടോ?

സ്‌ത്രീധനത്തിന്റെ ഉള്ളതും ഇല്ലാത്തതുമായ കണക്കുകളും തന്റെ കുടുംബത്തിലെ കുറവുകളും മറ്റുള്ളവരുടെ മുന്നില്‍ നിരത്തി വിചാരണ ചെയ്‌തില്ലേ...? പത്തുവര്‍ഷം പിന്നിട്ട ദാമ്പത്യവഴിയില്‍ അയാള്‍ വാങ്ങിച്ചു തന്ന ഒരു ഡ്രസെങ്കിലും ഇടാന്‍ തനിക്ക്‌ ഭാഗ്യം ഉണ്ടായോ..? ആശുപത്രിക്കിടക്കയില്‍ രോഗാതുരയായപ്പോള്‍ ഒരിക്കലെങ്കിലും ഒരു ഭര്‍ത്താവിന്റെ ഉത്തരവാദിത്വമെടുത്തു കൂടെ വന്നിട്ടുണ്ടോ? ബില്ലടയ്‌ക്കാന്‍ കാശു തികയാതെ ഹോസ്‌പിറ്റലില്‍ താന്‍ വിഷമിച്ചിരുന്നപ്പോള്‍ പോക്കറ്റു നിറയെ കാശുമായി അയാള്‍ വീട്ടില്‍ കണക്കുകള്‍ കുത്തിക്കുറിച്ചില്ലേ..? ലേബര്‍ റൂമില്‍ ഈറ്റുനോവനുഭവിച്ചപ്പോള്‍ തനിച്ചാക്കി അയാള്‍ ജോലിയുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ലേ..?

ഇനിയും സ്‌നേഹത്തിന്റെ മുഖമുദ്രകള്‍ പതിയാത്ത ഈ ജീവിതത്തില്‍ അയാളെ സ്‌നേഹിക്കാന്‍ തനിക്കു കഴിയുമോ..? ആവോ അറിയില്ല...

എങ്കിലും അയാളുടെ കാറിന്റെ ഹോണടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന മക്കള്‍...

ഇടയ്‌ക്കിടെ കൊണ്ടുവരുന്ന ഐസ്‌ക്രീംബോളുകള്‍..

അവരുടെ ഹ്രസ്വദൂരയാത്രകള്‍...

അതെല്ലാം ആസ്വദിച്ച്‌ ആഹ്ലാദിക്കുന്ന നന്ദുവിന്റെയും ഉണ്ണിയുടെയും തേജസ്സുള്ള മുഖങ്ങള്‍.

ഒരിക്കലും അവരുടെ ആ ആനന്ദം താന്‍ തല്ലിക്കെടുത്തില്ല.

ഇവിടെ പൊഴിഞ്ഞ തന്റെ സ്വപ്‌നങ്ങള്‍ക്ക്‌ എന്തു വില?

നഷ്‌ടമായ തന്റെ ജീവിതത്തിന്‌ എന്തു പ്രസക്തി?

പൊരുത്തപ്പെടാത്ത മനസ്സുമായി ഈ ജന്മം ഇയാള്‍ക്കൊപ്പം തന്നെ.
ഒരു ദാമ്പത്യത്തിന്റെ ഹ്രസ്വചിത്രം (ചെറുകഥ: ഷീല മോന്‍സ്‌ മുരിക്കന്‍
Join WhatsApp News
വിദ്യാധരൻ 2015-10-12 07:33:01
'പൊന്നാനിയിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഞ്ഞിനേയും കൊണ്ട് ജീവനൊടുക്കിയ' വാർത്ത വായിച്ചു കഴിഞ്ഞാണ് 'ഒരു ദാമ്പത്ത്യത്തിന്റെ ഹൃസ്വ ചിത്രം വായിച്ചത് '  ഭർത്താവിനെ കൊലപ്പെടുത്തി കുഞ്ഞിനേംകൊണ്ട് ജീവനൊടുക്കിയ സ്ത്രീക്ക് മാനസീകാ അസ്വാസ്ഥ്യം ഉണ്ട് എന്ന നിഗമനത്തിൽ ആ വാർത്തക്ക് തിരിശീല വീണിരിക്കുന്നു.  അതോടൊപ്പം സ്ത്രീയെ കുറ്റവാളിയായും ജനകീയ കോടതി വിധിച്ചു കഴിഞ്ഞു.  ഷീല മോൻസ് മുരിക്കന്റെ  ചെറു കഥയുടെ പേര് 'ഒരു ദാമ്പത്യത്തിന്റെ ഹൃസ്വ ചിത്രം' എന്നാണെങ്കിലും അത് അനേകായിരം ദാമ്പത്യ ജീവിതങ്ങളുടെ വലിയ ചിത്രമാണ്.  സാമ്പത്തികമായി സ്വതന്ത്രരല്ലാത്ത രണ്ടു സ്ത്രീകളുടെ ദാരുണമായ അവസ്ഥയാണ്‌ ഈ രണ്ടു കഥയിലും കാണാൻ കഴിയുന്നത്‌.  സ്ത്രീകളെ   ലൈംഗികസക്തി   തീർക്കാനുള്ള മാംസ പിണ്ഡമായും വസ്തുവായും കാണുന്ന ഒരു സംസ്കാരം ഭാരതത്തിൽ എന്നും നില നിന്നിരുന്നു.  സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന വ്യക്തികളും,  മതവും, സമൂഹവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകത്തിൽ ഉണ്ടെന്നുള്ളത് ഒരു നഗ്നമായ സത്യമാണ്.  ശ്രിമതി മുരിക്കന്സിന്റെ കഥയിലെ നായിക,  ഇതിനു ഉത്തമോദാഹരണമാണ്. തങ്ങൾക്ക്ക്കുണ്ടായ അവസ്ഥ അടുത്ത തലമുറയിലെ സ്ത്രീകൾക്ക് ഉണ്ടാകാതിരിക്കണം എന്ന വാശിയും ഉറച്ച തീരുമാനവും,  മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സാമൂഹികമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. സ്ത്രീ വിദ്യാഭ്യാസം  നിര്‍ബന്ധിതമാക്കാൻ സമൂഹം മുൻകയ്യ് എടുക്കേണ്ടതാണ്   അയാളുടെ മോഹത്തിൽ നിന്ന് ഉണ്ടായ കുട്ടികൾ എന്നതിന് പകരം കാമത്തിൽ നിന്ന് ഉണ്ടായത് എന്ന് തിരുത്തണം.  പലപുരുഷന്മാർക്കും സ്ത്രീകളെപ്പോലെ കുട്ടികളടങ്ങുന്ന ഒരു കുടംബത്തെക്കുറിച് അത്ര വലിയ സങ്കല്പങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല.  എന്തായാലും ഒരു വലിയ  സാമൂഹ്യ അവസ്ഥയുടെ ഹൃസ്വമായ ചിത്രം നന്നായിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക