Image

നൈനയില്‍ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ നഴ്‌സുമാര്‍ക്കായി നൂതന സംരംഭം

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2015
നൈനയില്‍ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ നഴ്‌സുമാര്‍ക്കായി നൂതന സംരംഭം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ അമേരിക്കയിലെ ദേശീയ സംഘടനയായ NAINA (National Assocication of Indian Nurses of America) അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ നഴ്‌സുമാര്‍ക്കായി ഒരു പ്രത്യേക സംരംഭത്തിനു തുടക്കംകുറിക്കുന്നു. നഴ്‌സ്‌ അനസ്‌തറ്റിസ്റ്റ്‌, ക്ലിനിക്കല്‍ നഴ്‌സ്‌ സ്‌പെഷലിസ്റ്റ്‌, നഴ്‌സ്‌ പ്രാക്‌ടീഷണര്‍, നഴ്‌സ്‌ മിഡ്‌വൈഫ്‌ എന്നീ വിഭാഗങ്ങളിലുള്ളവരാണ്‌ ഈ വിഭാഗത്തിലുള്‍പ്പെടുന്നത്‌.

അമ്പതു വര്‍ഷമായി അമേരിക്കയില്‍ ഈ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും ഈയടുത്തകാലത്ത്‌ ദേശീയമായി എണ്ണത്തില്‍ ഉയര്‍ന്ന വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌. പ്രത്യേക മേഖലയില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള ഈ വിഭാഗക്കാരുടെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയെന്ന പ്രത്യേക താത്‌പര്യം മുന്‍നിര്‍ത്തിയാണ്‌ ഈ സംരംഭത്തിനു രൂപകല്‍പ്പന കൊടുത്തിട്ടുള്ളത്‌.

വളരെയേറെ ഇന്ത്യന്‍ നഴ്‌സുമാര്‍ ഈ വിഭാഗങ്ങളില്‍ ലൈസന്‍സ്‌ നേടിയവരായിട്ടുണ്ട്‌. ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും, മാറിവരുന്ന നിയമങ്ങള്‍ക്കനുസൃതമായുള്ള ചര്‍ച്ചകളും എല്ലാം സംരംഭം വിഭാവനം ചെയ്യുന്നു. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും, ആരോഗ്യരംഗത്തെ പുത്തന്‍ ചുവടുവയ്‌പുകളില്‍ തനതായ സാന്നിധ്യം അറിയിക്കുവാനും ഇന്ത്യന്‍ നേഴ്‌സുമാരെ പ്രാപ്‌തരാക്കാന്‍ ശ്രമിക്കുക എന്ന ദൗത്യവും പുതുതായി രൂപീകരിച്ച പ്രത്യേക സമിതിയുടെ മുന്നിലുണ്ട്‌.

സാറാ ഗബ്രിയേല്‍ അഡൈ്വസറായുള്ള ഈ സമിതിയുടെ നേതൃത്വം ലിഡിയ ആല്‍ബുക്കര്‍ക്കിനാണ്‌. ഡോ. സോളിമോള്‍ കുരുവിള, ഡോ. ജാക്കി മൈക്കിള്‍, ഡോ. ഓമന സൈമണ്‍, വര്‍ഷാ സിംഗ്‌ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍. എല്ലാ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ നഴ്‌സുമാരുടേയും സഹകരണം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നതായി നൈനാ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ അറിയിച്ചു. നൈനയുടെ ഭാരവാഹികളെയോ, ചാപ്‌റ്റര്‍ പ്രസിഡന്റുമാരേയോ ഇതിനായി സമീപിക്കണമെന്നും, വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുവാന്‍ താത്‌പര്യപ്പെടുന്നതായും ഭാരവാഹികള്‍ അറിയിക്കുന്നു. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www.nainausa.com വൈസ്‌ പ്രസിഡന്റ്‌ ബീന വള്ളിക്കളം അറിയിച്ചതാണിത്‌.
നൈനയില്‍ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ നഴ്‌സുമാര്‍ക്കായി നൂതന സംരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക