Image

സൂപ്പറുകള്‍ക്കെതിരെ വീണ്ടും ശ്രീനിവാസന്‍

Published on 19 January, 2012
സൂപ്പറുകള്‍ക്കെതിരെ വീണ്ടും ശ്രീനിവാസന്‍
സൂപ്പര്‍താരങ്ങള്‍ക്കെതിരെ എന്നും ശബ്‌ദമുയര്‍ത്തിയിരുന്ന വ്യക്തിയാണ്‌ ശ്രീനിവാസന്‍. മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെയും ദുഷ്‌പ്രവണതകള്‍ക്കെതിരെയും ശ്രീനി പലപ്പോഴും മികച്ച ആക്ഷേപഹാസ്യങ്ങള്‍ സിനിമകളിലൂടെ തന്നെ ഒരുക്കുകയും ചെയ്‌തിരുന്നു. പ്രേക്ഷകര്‍ ഇതെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്തവണ ശ്രീനിവാസന്റെ വിമര്‍ശനങ്ങള്‍ക്ക്‌ നിലവാരം കുറഞ്ഞു പോയി എന്നത്‌ തന്നെയാണ്‌ പ്രേക്ഷകര്‍ പറയുന്നത്‌.

പത്മശ്രീ ഡോക്‌ടര്‍ സരോജ്‌കുമാര്‍ എന്ന പുതിയ ശ്രീനിവാസന്‍ ചിത്രമാണ്‌ ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരിക്കുന്നത്‌. ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്‌ തികഞ്ഞ അവഹേളനത്തിലേക്ക്‌ കടന്നു പോയി എന്നും, സിനിമയിലെ വിമര്‍ശനങ്ങള്‍ അതിരുവിട്ടുവെന്നുമാണ്‌ സിനിമാ ലോകത്തു നിന്നു തന്നെ ഉയരുന്ന പരാതികള്‍. മോഹന്‍ലാലിനെതിരെ എന്ന്‌ തോന്നിപ്പിക്കുന്ന തരത്തില്‍ അതിരു കടന്ന വിമര്‍ശനങ്ങളാണ്‌ ചിത്രത്തിലുള്ളതെന്ന്‌ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നു.

ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിലെ സരോജ്‌കുമാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കിയാണ്‌ ശ്രീനി ഇത്തവണ പത്മശ്രീ സരോജ്‌കുമാര്‍ എന്ന ചിത്രം ഒരുക്കിയത്‌. ഉദയനാണു താരത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും സരോജ്‌കുമാറിലും ആവര്‍ത്തിക്കുന്നുണ്ട്‌. ഉദയനാണുതാരം ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ ചിത്രത്തില്‍ മലയാള സിനിമയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു. എന്നാല്‍ ഉദയനാണു താരത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന വ്യക്തമായ കഥാംശം ഇത്തവണ സരോജ്‌കുമാര്‍ എന്ന ചിത്രത്തില്‍ ശ്രീനി കൈവിട്ടു കളഞ്ഞു. ചിത്രം മോശമായതിന്റെ പ്രധാന കാരണവും ഇതു തന്നെയായിരുന്നു. ശ്രീനിവാസന്റെ രചനയില്‍ സജില്‍ രാഘവനാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ചിത്രത്തില്‍ മോഹന്‍ലാലിനെ അതിരുവിട്ട്‌ പരിഹസിച്ചിരിക്കുന്നു എന്നതിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ വിളിച്ച്‌ പ്രതിഷേധിച്ചതായി ചിത്രത്തിന്റെ കാമറാമാന്‍ തന്നെ വെളിപ്പെടുത്തിയും കഴിഞ്ഞു. ഇങ്ങനെയാണെങ്കില്‍ സന്തോഷ്‌ പണ്‌ഡിറ്റനെ വെച്ച്‌ ശ്രീനിവാസനെ കളിയാക്കുന്ന ചിത്രമൊരുക്കുമെന്നാണ്‌ മോഹന്‍ലാല്‍ ആരാധകരില്‍ നിന്നുള്ള ഭീഷിണി. എന്തായാലും ഈ അങ്കം മലയാള സിനിമയില്‍ പുതിയൊരു അങ്കത്തിന്‌ തുടക്കമിടുമെന്ന കാര്യത്തില്‍ സംശയമില്ല.

ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വാക്കു തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അതിന്റെ വഴിക്ക്‌ നടക്കട്ടെ,,, പത്മശ്രീ ഡോക്‌ടര്‍ സരോജ്‌കുമാര്‍ എന്ന സിനിമയുടെ നിലാവരത്തിലേക്ക്‌ കടക്കാം. ആക്ഷേപഹാസ്യം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. പദവികള്‍ക്കും ബഹുമതികള്‍ക്കും പിന്നാലെ നടക്കുന്ന സൂപ്പര്‍താരങ്ങളെയും അവരുടെ ചുമടു താങ്ങുന്ന സംവിധായകരുടെയും സിനിമാ സംഘടനകളുടെയുമൊക്കെ പൊള്ളത്തരങ്ങള്‍ വിളിച്ചു പറയുകയാണ്‌ ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്‌. സിനിമക്കാരെ തുടങ്ങി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സഖാക്കളെ വരെ ശ്രീനിവാസന്‍ ചിത്രത്തിലൂടെ കളക്കിന്‌ കളിയാക്കുന്നുണ്ട്‌. ആക്ഷേപഹാസ്യം എന്നും ശ്രീനിവാസന്‍ ചിത്രങ്ങളുടെ മുഖമുദ്രയുമായിരുന്നു. എന്നാല്‍ മികച്ച ആക്ഷേപഹാസ്യം ഒരുക്കുമ്പോഴും സിനിമക്കുള്ളില്‍ അവശ്യമായി വേണ്ട നല്ലൊരു കഥയെ ശ്രീനി കൈവിട്ടു എന്നതാണ്‌ പ്രധാന പോരായ്‌മ. എന്നും നര്‍മ്മം നിറഞ്ഞ കഥകള്‍കൊണ്ട്‌ ശ്രദ്ധ നേടിയ ശ്രീനിയുടെ ഏറ്റവും മോശം തിരക്കഥ തന്നെയാണ്‌ പത്മശ്രീ സരോജ്‌കുമാര്‍. ഒരു മിമിക്രിസ്‌കിറ്റു പോലെ കുറെ ആക്ഷേപഹാസ്യങ്ങള്‍ ചേര്‍ത്തുവെച്ചു എന്നതില്‍ കവിഞ്ഞ്‌ മികച്ചയൊരു കഥ ഒരുക്കാന്‍ ശ്രീനിവാസന്‌ കഴിഞ്ഞില്ല. പുതിയ ശ്രീനിവാസന്‍ ചിത്രത്തിന്റെ പരാജയവും ഇവിടെ തുടങ്ങുന്നു.

എന്നിരുന്നാലും മലയാള സിനിമയിലെ വൃത്തികേടുകള്‍ക്കെതിരെ ശക്തമായി തുറന്നടിക്കുക തന്നെയാണ്‌ ശ്രീനിവാസന്‍ തന്റെ ചിത്രത്തിലൂടെ. അത്‌ പലപ്പോഴും അതിരുവിട്ടു പോയി എന്നത്‌ മറ്റൊരു സത്യം. രതിനിര്‍വേദം എന്ന സിനിമ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും അവതരിപ്പിച്ചത്‌ തികഞ്ഞ കൊമേഴ്‌സ്യല്‍ ലക്ഷ്യങ്ങളോടെയാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌. ആരോപണങ്ങളും വിമര്‍ശനങ്ങളും പേരെടുത്തു പറഞ്ഞുകൊണ്ടല്ല എന്നു മാത്രം.

പിന്നീട്‌ പത്മശ്രീക്കും, കേണല്‍ പദവികള്‍ക്കും വേണ്ടി ഓടി നടക്കുന്ന സൂപ്പര്‍താരങ്ങളെ ചിത്രത്തില്‍ കണക്കിന്‌ വിമര്‍ശിക്കുന്നു. കേണല്‍ പദവിക്ക്‌ വേണ്ടി ലക്ഷങ്ങള്‍ വാരിയെറിയുന്ന പൊങ്ങച്ചക്കാരനാണ്‌ ചിത്രത്തില്‍ സരോജ്‌കുമാര്‍ എന്ന കേന്ദ്രകഥാപാത്രം. സിനിമാ താരങ്ങള്‍ക്ക്‌ കേണല്‍ പദവിയെന്തിന്‌, രണ്ടോ മൂന്നോ പട്ടാളപ്പടങ്ങള്‍ ചെയ്‌താല്‍ ഉടനെ കേണല്‍ പദവികൊടുക്കണോ തുടങ്ങിയ ചോദ്യങ്ങളും ചിത്രത്തില്‍ ഉയര്‍ത്തുന്നുണ്ട്‌.

എന്ത്‌ പരസ്യങ്ങളിലും കയറി അഭിനയിക്കുകയും, ബ്രാന്‍ഡ്‌ അംബാസിഡര്‍ ആവുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെയും ശ്രീനി പരിഹാസമുയര്‍ത്തുന്നു. മാത്രമല്ല സൂപ്പര്‍താരങ്ങള്‍ സിനിമാ ലൊക്കേഷനില്‍ കാണിക്കുന്ന ജാഡകള്‍, മനപ്പൂര്‍വ്വം ഷൂട്ടിംഗ്‌ വൈകിക്കല്‍, ലൊക്കേഷനില്‍ താമസിച്ചുവരുന്ന രീതികള്‍ തുടങ്ങിയവയെല്ലാം പച്ചയായി അവതരിപ്പിക്കുകയാണ്‌ ശ്രീനി ചിത്രത്തിലൂടെ. ഇതില്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ നടന്ന ഇന്‍കംടാക്‌സ്‌ റെയ്‌ഡ്‌ വരെ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്‌. സരോജ്‌കുമാറിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ്‌ പിടിച്ചെടുക്കുന്നതൊക്കെ സമകാലീക മലയാള സിനിമയിലെ യഥാര്‍ഥ്യങ്ങളെ കൂട്ടുപിടിച്ചാണ്‌ ശ്രീനി അവതരിപ്പിച്ചിരിക്കുന്നത്‌.

ഏറ്റവും വലിയ വിമര്‍ശനം നേരിടേണ്ടി വന്നത്‌ പത്ത്‌ സിനിമകള്‍ അടുപ്പിച്ച്‌ പൊട്ടിയാലും മെഗാസ്റ്റാര്‍ പദവിയില്‍ സ്വയം കയറിയിരിക്കുന്ന താരങ്ങളെയാണ്‌. അറുപത്‌ വയസ്‌ പിന്നിടുമ്പോഴും കൊച്ചുപെണ്‍കുട്ടികളുമായി നൃത്തരംഗങ്ങള്‍ അഭിനയിക്കുന്നതും ചിത്രത്തില്‍ പൊട്ടിച്ചിരിക്ക്‌ വകനല്‍കുന്ന രംഗങ്ങളാണ്‌.

മലയാള സിനിമയില്‍ വിലക്കുകളുമായി വിലസുന്ന സംഘടനകള്‍ക്കിടയിലെ അന്തര്‍നാടകങ്ങളും വ്യക്തമായി തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പണത്തിനും താരങ്ങളുടെ ഇഷ്‌ടങ്ങള്‍ക്കും വേണ്ടിയാണ്‌ ചലച്ചിത്രസംഘടനകള്‍ പലപ്പോഴും നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന്‌ സിനിമ തുറന്നു കാട്ടുന്നു.

സൂപ്പര്‍താരങ്ങളെ കണക്കിന്‌ വിമര്‍ശിക്കുമ്പോള്‍ യുവതാരം പൃഥ്വിരാജിനെയും ശ്രീനിവെറുതെ വിടുന്നില്ല. സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഏക താരം എന്ന പൃഥ്വി കോമഡിയും അവസരോചിതമായി ശ്രീനിവാസന്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്‌. മലയാള സിനിമയിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നുവെന്നതുകൊണ്ട്‌ പത്മശ്രീ സരോജ്‌കുമാര്‍ എന്ന ചിത്രം ശ്രദ്ധേയം തന്നെ. പക്ഷെ സിനിമയില്‍ വലുത്‌ കഥയും പുത്തന്‍ ആശയങ്ങളുമാണെന്ന്‌ ശ്രീനി തന്നെ പറയുമ്പോള്‍ സ്വന്തം ചിത്രത്തില്‍ ഈ കണ്‍സെപ്‌റ്റ്‌ ശ്രീനി കൈവിട്ടോ എന്ന സംശയം മാത്രമാണ്‌ ബാക്കി നില്‍ക്കുന്നത്‌.
സൂപ്പറുകള്‍ക്കെതിരെ വീണ്ടും ശ്രീനിവാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക