Image

കേരളം ഭ്രാന്താലയമായി മാറുകയാണോ ? (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

Published on 01 December, 2015
കേരളം ഭ്രാന്താലയമായി മാറുകയാണോ ? (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)
"ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും'. ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചു നടത്തിയ "ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തില്‍ വിവേകാനന്ദ സ്വാമിജി വേദനിക്കുന്ന ഹൃദയത്തോടെ പറഞ്ഞ വാക്കുകളാണ്. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതിരുന്ന കാലം. അന്നത്തെ കേരളത്തിലെ ആ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമിജി ഇങ്ങനെ പറഞ്ഞത്. ഉത്തരാധുനികതയിലേക്ക് നടന്നടുക്കന്ന കേരള മനസ്സിന് സാംസ്കാരിക നേതാക്കള്‍ എന്നവകാശപ്പെടുന്നവര്‍ വിവേകാനന്ദ സ്വാമിജിയുടെ വാക്കുകള്‍ക്ക് ഒരു പുനര്‍വായന അനിവാര്യമാക്കിയിരിക്കുന്നു. ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍, ഭൂരിപക്ഷ­ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ വിദ്വേഷവും പകയും വളര്‍ത്തി ഭാരതത്തെ ഭിന്നിപ്പിക്കുന്നതിനു അച്ചാരം വാങ്ങിയ ഇന്നിന്റെ നേതാക്കള്‍ അറിയാതെ പോകുന്നു രണ്ടായിരത്തിലധികം വര്‍ഷത്തെ കേരളത്തിന്റെ മത­സാംസ്കാരിക പാരമ്പര്യം. കേരളത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന സവിശേഷതയാണ് മതവൈവിദ്ധ്യവും, മതസൗഹാര്‍ദ്ധവും. ഇത് കേരളത്തിന്റെ മാത്രം വിലതീരാത്ത പൈതൃകമാണ്. മതനിരപേക്ഷമായി വളര്‍ന്നു വികസിച്ച ഒരു സംസ്കാരവും ലോകചരിത്രത്തില്‍ തന്നെ ഉണ്ടാകില്ല. ഈ പൈതൃകം അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടുന്ന സ്വാര്‍ത്ഥമതികളായ ചിലരുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക്­ വശംവദരായി നശിക്കുവാന്‍ ഇടയാകരുത്.

ഭാരതത്തെ ഏകമായി ദര്‍ശിച്ച ശ്രീശങ്കരാചാര്യരെപ്പോലെയുള്ള മുനിവര്യന്മാര്‍, ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്നപ്പോള്‍, ജാതി, മതം,വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധിയില്‍, ഭാരതീയ സംസ്­ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണെന്നാണ് പഠിപ്പിച്ചത്. നാനാത്വത്തില്‍ ഏകത്വം’ എന്ന ആദര്‍ശം പ്രായോഗികജീവിതത്തില്‍ കൊണ്ടുവരുവാന്‍ പഠിപ്പിച്ചവരാണ് ഈ ഗുരുസ്രേഷ്ടര്‍. ഭാരതം എത്രതന്നെ ദുര്‍ബലമായ അവസ്ഥകളിലും അതിന്റെ ആന്തരിക ഐക്യം പരിരക്ഷിക്കുവാന്‍ കഴിഞ്ഞതിന് കടപ്പെട്ടിരിക്കുന്നത് അദ്വൈതസിദ്ധാന്തത്തോടാണ്. ഭാരതത്തിന് തനതായ പാരമ്പര്യവും, സംസ്കാരവും ഉണ്ട്. മതത്തെയോ മതവിരോധത്തെയോ പൂര്‍ണമായി നിഷ്കാസനം ചെയ്യുവാന്‍ ആര്‍ക്കും സാധ്യമല്ല. വൈവിധ്യം നമ്മുടെ സമ്പത്താണ്­.സംഗീതവും, കലയും, നാട്യശാസ്ത്രവും എല്ലാം വൈവിധ്യമതങ്ങളുടെ സംഭാവനകളാണ്.

പുരാതന മതങ്ങള്‍

ലോകത്തിലെ എല്ലാ പ്രധാന മതങ്ങളും വളരെ പുരാതനങ്ങളാണ്. ഈ ലോകമതങ്ങള്‍ ഓരോന്നും ഗംഗാനദിക്കും യൂഫ്രട്ടീസ് നദിക്കും മദ്ധ്യേയുള്ള ഭൂമിയില്‍ നിന്ന് ഉദ്ഭവിച്ചതാണ്. യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ഒരു മഹാമതവും ഉദ്ഭവിച്ചിട്ടില്ല. ഇന്ന് ലോകത്തിലുള്ള എല്ലാ മതങ്ങളും ഏഷ്യയില്‍ ഉണ്ടായതും അവിടേയ്ക്കു ചേര്‍ന്നതുമാകുന്നു. ആര്യന്‍, തമിഴന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഈ രണ്ടു മഹാവിഭാഗങ്ങളും പടിഞ്ഞാറേ അതിരിനു വെളിയില്‍നിന്നാണ് വന്നത്­, ഏറ്റവും പ്രാചീനകാലം മുതല്ക്കുതന്നെ ഇവരെ തമ്മില്‍ അകറ്റി നിര്‍ത്തിവന്നിട്ടുള്ളതു രക്തമല്ല, ഭാഷയാണ്. "ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.വരുവിന്‍; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു."(ഉല്പത്തി11:1­9 ) ബാബേലില്‍ വച്ച് വേര്‍പിരിഞ്ഞവരില്‍ ഒരു വിഭാഗം സിന്ധൂ നദിയുടെ കരകളിലേക്ക് കുടിയേറി പാര്‍ത്തു. പേര്‍ഷ്യക്കാര്‍ സിന്ധൂ നദിയുടെ പാര്‍ശ്വങ്ങളില്‍ താമസിക്കുന്നവരെ "സിന്ദുക്കള്‍"എന്ന് പേര്‍ വിളിച്ചു. കാലക്രമേണ "സിന്ദുക്കള്‍" പിന്നെ ഹിന്ദുക്കളായി അറിയപ്പെട്ടു. കൂടാര വാസികളായ ഇവര്‍ പിന്നെയും യാത്ര ചെയ്ത് കേരളം, തമിഴ് നാട്, ആന്ത്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ ഭാഗങ്ങളിലേക്ക് കുടിയേറി. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്­ തുടങ്ങിയ ദ്രാവിഡ ഭാഷ സംസാരിക്കുന്ന നമ്മുടെ പൂര്‍വികര്‍ കാലക്രമത്തില്‍ പല ഗോത്രങ്ങളും വിഭാഗങ്ങളുമായി ഇണചേര്‍ന്ന് സങ്കരവര്‍ഗങ്ങളായി മാറിയതാണ് ചരിത്രം.

പുരാതനകാലത്ത് തടാകങ്ങളില്‍ പാര്‍ത്തിരുന്നവര്‍, ഗുഹാവാസികള്‍, പര്‍ണ്ണധാരികള്‍, കാട്ടുജാതിക്കാര്‍, പ്രാകൃതരുമായ നായാടികള്‍, നീഗ്രോ – കോള്‍വംശ്യര്‍, ദ്രാവിഡര്‍, മിശ്രമംഗോളര്‍, തനിമംഗോളര്‍, താര്‍ത്താര്‍മാര്‍, ആര്യന്മാര്‍, പാഴ്‌­സിയും, ഗ്രീക്കും, യുഞ്ചിയും, ഹൂണനും, ചീനനും, സിതിയനും, ജൂതരും, പാഴ്‌­സികളും, അറേബ്യക്കാരും, മംഗോളരും, വൈക്കിങ്ങുകളുടെ സന്തതികളും, ജര്‍മ്മന്‍വനങ്ങളുടെ അധീശ്വരന്മാരും തുടങ്ങി നാനാ ജാതി മതസ്തര്‍ ഉരുകിച്ചേര്‍ന്നതാണ് ഭാരതീയ സംസ്കാരം. പില്ക്കാലത്ത് അവരില്‍ ഉത്കൃഷ്ടമായ ജാതി സ്വയം ആര്യന്മാര്‍, മാന്യന്മാര്‍ എന്നു പേരിട്ടു. അവര്‍ കൈക്കൊണ്ട ഉപായമാണ് വര്‍ണ്ണാശ്രമാചാരം അല്ലെങ്കില്‍ ജാതി എന്നു വിളിച്ചുവരുന്നത്. അറിഞ്ഞോ അറിയാതെയോ ആര്യജാതിക്കാര്‍ ഒട്ടേറെ അവകാശങ്ങള്‍ തങ്ങള്‍ക്കു മാത്രമായി സൂക്ഷിച്ചുവെച്ചു. ജാതിവ്യവസ്ഥയില്‍ നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ താണജാതിക്കാരുടെ സംസ്­കാരിക ഉന്നതിക്ക് തടസമായി മാറി.

എന്താണ് ഹിന്ദുത്വം?

ഭാരതീയ സംസ്കൃതിയില്‍ "ഹിന്ദുത്വം" എന്ന പദം ഇല്ല. ആധുനിക കാലഘട്ടത്തിലെ ജീര്‍ണിച്ച രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ആ പദം. പുരാണ ഇതിഹാസങ്ങളില്‍ എത്ര തന്നെ പരതിയാലും "ഹിന്ദു" എന്ന പദം കിട്ടില്ല. ഇന്ത്യ എന്ന പേരുപോലും ഹെറോഡോട്ടസിന്റെ രചനകളിലാണ് ആദ്യം പ്രകടമായി കാണുന്നത്. "സനാധനധര്‍മ്മം" എന്നതായിരുന്നു ഭാരതത്തിന്റെ ആദിമതം. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള കേവലസത്യമാണ് സനാതനധര്‍മ്മം. പുരാതന ധര്‍മ്മസംഹിതകള്‍ പ്രധാനമായും നാലെന്നമാണ്.
1. ക്ഞാനം (കേവല സത്യത്തെ അറിയുക)
2. യോഗം (ആത്മ കഞാനം നേടുക)
3. ക്രീയ (ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുക)
4. കാര്യം (അച്ചടക്കവും ആത്മ നിയന്ദ്രണവും പാലിക്കുക)

സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭൗതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല!ാം നഷ്ടപ്പെട്ട് പരാജയമടയും. അതാണ്­ ഇന്നയോളമുള്ള ലോക ചരിത്രം സാക്ഷിക്കുന്നത്. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ. ധര്‍മം എന്ന പദത്തിന് ഒരു പ്രത്യക മതം എന്ന് അര്‍ഥമില്ലയിരുന്നു. എല്ലാ മതങ്ങളിലും തെളിവായി കാണുന്ന ഒന്നായിരുന്നു ധര്‍മ്മം. ധര്‍മസംസ്ഥാപനത്തിനു വേണ്ടി യക്‌നിച്ച അശോകന്റെ ശിലാപ്രഖ്യാപനങ്ങളില്‍ എല്ലാ മതങ്ങളിലുമുള്ള ധര്‍മസംഹിതകളായിരുന്നു ആലേഘനം ചെയ്തിട്ടുള്ളത്. സത്യവും, നീതിയും ഒരുപോലെ സ്വാംശീകരിക്കുന്ന ഭാവമായിരുന്നു ധാര്‍മപരിപാലനത്തിന്റെ ലക്ഷ്യം.

മതനിരപേക്ഷതക്ക് ഒരിക്കലും ജനാധിപത്യഭാരതത്തിന്റെ അടിസ്ഥാനശിലയാകുവാന്‍ സാധിക്കില്ല. ഹിന്ദുത്വമോ, മതനിരപേക്ഷതയോ പ്രചരിപ്പിച്ചത് കൊണ്ട് അഖണ്ട ജനാധിപത്യ ഭാരതം കെട്ടിപ്പടുക്കുവാന്‍ സാധിക്കില്ല. അവിടെ സനാധനധര്‍മ്മസിദ്ധാന്തങ്ങള്‍ പുനപ്രതിഷ്ടിക്കപ്പെടണം. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിവിധ വിശ്വാസസംഹിതകളെ ഉള്‍കൊള്ളുന്ന സനാതനധര്‍മ്മ പരിപാലനമായിരിക്കണം ഓരോ ഭാരതീയന്റെയും ജീവിത ലക്ഷ്യം. അത്തരത്തിലുള്ള ഒരു ജീവിതസംസ്കൃതിയാണ് യുഗങ്ങളായി ഭാരതത്തില്‍ നിലനിന്നിരുന്നത്. ഒരു പ്രത്യേക മതത്തെ താലോലിക്കാനോ, മതത്തിന്റെയുള്ളില്‍ കടന്നു പ്രവര്‍ത്തിക്കുവാനൊ രാഷ്ട്രത്തിനു അവകാശമില്ല. മതത്തില്‍ നിന്ന് രാഷ്ട്രത്തെ വേര്‍തിരിച്ചു കാണുവാന്‍ ഇന്നിന്റെ നേതാക്കള്‍ക്ക് കഴിയണം.

ഹൈന്ദവഭാരതം എന്ന കാഴ്ചപ്പാട് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് ഘടകവിരുദ്ധവും വിവേചനാപരവും, അനീതിയുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ 44­ഭേതഗതിയില്‍ "പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍ ജനാധിപത്യ റിപ്പബ്‌ളിക്ക്" എന്നാണ്. സെക്കുലര്‍ ജനാധിപത്യ റിപ്പബ്‌ളിക്കിന് മാത്രമേ നിയമസമാധാനം പുലര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന് ന്യൂനപക്ഷ­ഭൂരിപക്ഷ സമൂഹങ്ങള്‍ നിലപാട് സ്വീകരിക്കണം. സെക്കുലര്‍ ജനാധിപത്യം എന്നതുകൊണ്ട്­ അര്‍ഥമാക്കുന്നത് രാഷ്ട്രീയത്തില്‍ മതത്തിന്റെ ദുരുപയോഗം നിരോധിക്കേണ്ടിയിരിക്കുന്നു എന്നതാണ്. ജാതി,മത,വര്‍ഗീയ ചായ് വുകളില്‍ നിന്ന് സ്വതന്ദ്രമായ ജൂഡീഷറിയും, എക്‌സിക്കുട്ടീവും ഇന്നിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

ഒരു പ്രത്യേക മതത്തെയോ, വിഭാഗത്തെയോ പരിപോഷിപ്പിക്കാനോ വിവേചനം കാണിക്കുവാനോ പാടില്ല. സീറ്റ് സംവരണത്തിലൂടെയും ജാതി­മത അടിസ്ഥാനത്തില്‍ ജോലിക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും, എന്ന് വേണ്ട പ്രമോഷന്‌പോലും ക്വോട്ടാനിശ്ചയിക്കുന്നതിലൂടെയും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചുകൂടാ എന്ന സെക്കുലര്‍ രാഷ്ട്രമെന്ന അടിസ്ഥാനതത്വത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ്. ഹരിജനങ്ങള്‍ ഇസ്ലാമിലെക്കൊ, ക്രിസ്തുമതത്തിലേക്കോ മതപരിവര്‍ത്തനം ചെയ്­താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും, ഹിന്ദുമതത്തിലും, സിക്ക്മതത്തിലും വിശ്വസിച്ചെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്നതും സെക്കുലര്‍ സിദ്ധാന്തത്തിന്റെ നക്‌നമായ ലംഘനമാണ്.

മതവും രാഷ്ടീയവും

ഇത്രയും മതവൈവിധ്യവും, മതസൗഹാര്‍ദ്ദവും ഒരുപോലെ നിലനില്‍ക്കുന്ന ഭാരതം പോലെ ബഹുഭൂരിപക്ഷം പേരും മതാനുയായികളായിട്ടുള്ള ഒരു രാജ്യത്തില്‍ മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തുക സാധ്യമല്ല. മതവും രാഷ്ടീയവും തമ്മില്‍ സര്‍ഗാത്മകമായ ഒരു ബന്ധം നിലനിര്‍ത്തുകയാണ് ഭാരതത്തിന്റെ ഇന്നിന്റെ ആവശ്യം. ഇന്ന് കാണുന്ന സാമൂഹ്യ­ധാര്‍മിക ഉന്നതിക്ക് മതങ്ങള്‍ ശക്തമായ സ്വാധീനം ചോലുത്തിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും വിസ്മരിക്കുന്നു. സാമൂഹ്യ സന്തുലിതാവസ്ഥ പരിരക്ഷിക്കുവാന്‍ മതങ്ങള്‍ പ്രത്യേകിച്ച്ക്രിസ്തീയ സഭകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കരുത്. കേരളത്തില്‍ പള്ളിയോടനുബന്ധിച്ചു ആരംഭിച്ച പള്ളിക്കൂടങ്ങളാണ് ഇന്ന് കാണുന്ന സാമൂഹ്യ ഉന്നതിക്ക് പ്രധാന കാരണമായത്. അത് പന്നീട് രാഷ്ട്രീയ­സാമൂഹ്യ അവബോധത്തിലേക്കും, പ്രസ്ഥാനങ്ങളിലെക്കും വഴി മാറി. അതുകൊണ്ട് തന്നെ രാഷ്ടീയ പാര്‍ട്ടികളുടെ ആരംഭത്തിന് കാരണമായത്­ മതങ്ങളാണ് എന്ന് നിസംശയം പറയാം.

മതം എന്നാല്‍ “വര്‍ഗീയത” എന്നോ “വിഭാഗീയത” പ്രചരിപ്പുക്കുവാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ ഭൂതകണ്ണാടിയിലൂടെ കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എക്കാലത്തും ഇവിടെ എല്ലാ രാഷ്ടീയ കക്ഷികളും മതത്തെ പരമാവധി ചൂഷണം ചെയ്തു ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്. സമൂഹത്തിലെ ചില വിഭാഗങ്ങളോട് ചില പ്രത്യേക താല്പര്യങ്ങള്‍ പുലര്‍ത്തുകയും ചില വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുമ്പോള്‍ മത നേതാക്കന്മാര്‍ പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും മതനേതാക്കന്മാരുടെ സ്വാധീനം ഉപയോഗിക്കുവാന്‍ ശ്രമിക്കും എന്നതും യാധാര്‍ധ്യമാണ്­.

എല്ലാവര്ക്കും തുല്യ നീതി എന്നതാണ് മതങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തീയ സഭകള്‍ എക്കാലത്തും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്. സ്വന്ത മതത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും മറ്റു മതങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് മതസഹിഷ്ണത അന്വര്‍ത്ഥമാകുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കേണ്ടത് മതങ്ങളുടെ ധര്‍മമാണ്­. ന്യൂനപക്ഷ­ഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.മതപ്രീണനസ്വഭാവം എക്കാലവും രാഷ്ട്രീയക്കാര്‍ തങ്ങളുടെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി പിന്തുടരുന്ന യാഥാര്ധ്യമാണ്­. നിലവിലുള്ള രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിത്യം സംരക്ഷിക്കപ്പെടാതെ വരുമ്പോഴാണ്പ്രതികരിക്കേണ്ടിവരുന്നത്. അതിനെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് നീതിയുക്തമല്ല.

അനീതി കൊടികുത്തിവാഴുന്നിടത്തു വിഭാഗീയത ഇല്ലാതാകണമെങ്കില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന സംസ്കാരം നടപ്പിലാക്കണം. അടിസ്ഥാന വിദ്യാഭ്യാസമോ പ്രത്യേക കഴിവുകളോ പ്രവര്‍ത്തന പാരമ്പര്യമോ ഇല്ലാത്തവര്‍ പോലും ഇന്ന് വിഭാഗങ്ങളുടെ സ്വാധീനത്താല്‍ പദവികള്‍ കയ്യടക്കുന്നു എന്നത് യാധാര്ത്യമാണ്. ന്യൂനപക്ഷ­ഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും കഴിവുള്ള നേതാക്കന്മ്മാരുടെ പ്രാതിനിത്യം നിലനിര്‍ത്തുവാന്‍ രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം.സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നു എന്ന ബോധ്യം ജനങ്ങള്‍ക്ക്­ ഉണ്ടാവുകയും വേണം. വിഭാഗീകതയുടെ യഥാര്‍ഥ കാരണം മതമല്ല, മതത്തെ രാഷ്ട്രീയ നേതാക്കള്‍ സ്വകാര്യ താലപര്യങ്ങള്‍ക്ക് വികലമായി ഉപയോഗിക്കുമ്പോഴാണ് വിഭാഗീകത ഉടലെടുക്കുന്നത്.

ഒരു മതത്തിലെ സര്‍വ്വസിദ്ധാന്തങ്ങളേയും കണ്ണുമൂടി വിശ്വസിക്കണമെന്നു പറയുന്നതു തീര്‍ച്ചയായും മനുഷ്യമനസ്സിനെ ദുഷിപ്പിച്ച് അധഃപതിപ്പിക്കുകയാണ്. അങ്ങനെ വിശ്വസിക്കണമെന്നു പറയുന്നവന്‍ തന്നെത്താന്‍ അധഃപതിപ്പിക്കുന്നു: നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങളേയും അധഃപതിപ്പിക്കും. മതം ഗ്രന്ഥങ്ങളിലല്ല, ദേവാലയങ്ങളിലല്ല, അത് സാക്ഷാല്‍ അനുഭവമാണ് എന്നു മനസ്സിലാക്കുമ്പോഴേ മതകാര്യങ്ങളിലുള്ള തര്‍ക്കവും, വഴക്കുംഇല്ലാതാകൂ. മനുഷ്യനു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം അനുഗ്രഹം മറ്റൊന്നും ചെയ്തിട്ടില്ല. അതേ സമയത്തു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം നിഗ്രഹവും മറ്റൊന്നും ചെയ്തിട്ടില്ല. ശാന്തിയും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കീട്ടില്ല; കഠിനവിദ്വേഷം ജനിപ്പിക്കാനും മതത്തെക്കാള്‍ അധികം മറ്റൊന്നും നിമിത്തമായിട്ടില്ല. മനുഷ്യസാഹോദര്യം അധികം അനുഭവത്തില്‍ വരുത്തിയിട്ടുള്ളത് മതത്തെപ്പോലെ മറ്റൊന്നുമല്ല; മനുഷ്യനു മനുഷ്യനോടു കഠോരവൈരം വളര്‍ത്തിയിട്ടുള്ളതും മതത്തെപ്പോലെ മറ്റൊന്നുമല്ല.

ഇന്നിന്റെ രാഷ്ട്രീയം

ജീര്‍ണിച്ച മതവും ജീര്‍ണിച്ച രാഷ്ട്രീയവും ഇണയില്ലാപിണചേരുന്നതാണ് ചേരുന്നതാണ് ഇന്നിന്റെ അടിസ്ഥാന പ്രശ്‌നം. ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുവാനും അജണ്ട നടപ്പിലാക്കുവാനും വേണ്ടി ഭൂരിപക്ഷ­ന്യൂനപക്ഷ വര്‍ഗീയതയും, സെക്കുലറിസവും, ഫണ്ടമെന്റലിസവും ജാതി,മത,പ്രാദേശീയ താല്‍പര്യങ്ങളും ഒക്കെ ചേര്‍ന്ന് വേലിക്കെട്ടുകള്‍ ഒരുക്കി സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കുവാനുള്ള ഉപാധിയാക്കി മാറ്റുന്നു. മതങ്ങള്‍ ഒരു കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല.വര്‍ഗീയതക്ക് മതം ഒരു വാളായി ഉപയോകിക്കുക മാത്രമായിരുന്നു. രാജ്യത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കും, ഉന്നതിക്കും വേണ്ടി പ്രയക്‌നിക്കുന്ന ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം ഇന്നുണ്ടായിരിക്കുന്നവിഭാഗീകതക്ക് കാരണമായിട്ടുണ്ട്. ഈ രാജ്യത്ത് സാധാരണക്കാരന് ഒരുപോലെ നീതി ലഭ്യമാകുന്നു എന്ന ഉത്തമബോധ്യം ഉണ്ടാക്കുക എന്നത് മാത്രമാണ് വര്‍ഗീയത ചേരിതിരിവ്­ കുറയ്ക്കുവാനുള്ള പരിഹാരം. ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം.

ദൈവാന്വേഷണമാണ് മതങ്ങള്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത്. മനുഷ്വനെ അന്വേഷിക്കുവാനും അവനിലെ പട്ടിണി ദാരിദ്ര്യം ശുചിത്വ മില്ലായ്മ, നിരക്ഷരത, അന്ധവിശ്വാസം എന്നിവ പരിഹരിക്കുവാനും ഊന്നല്‍ നല്‍കണം. സ്വാര്‍ഥ താല്പര്യങ്ങള്‍ക്കുപരിയായി സമൂഹത്തിന്റെ നന്മ എന്നതായിരിക്കണം ലക്ഷ്യം. സങ്കുചിതവും പ്രാദേശികവും മതാത്മകവും വര്‍ഗീയവുമായ കൂറുകളില്‍ നിന്ന് വിമുക്തമായ ഭാരതം എന്നതായിരിക്കണം ഓരോ പൌരന്റെയും ലക്­ഷ്യം. ,സ്‌നേഹം, ശാന്തി, ദീനാനുകമ്പ, സമത്വം, സര്‍വ്വസാഹോദര്യം എന്നിവ വളര്‍ത്തുന്നതായിരിക്കണം ഓരോ ഭാരതീയന്റെയും ധര്‍മം. സ്വന്തം മതത്തിലുള്ള അഭിമാനത്തോടൊപ്പം മറ്റ് മതങ്ങളോടുള്ള ആദരവും വളര്‍ത്തിയെടുക്കുന്നതില്‍ സമകാലീന ലോകം പരാജയപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്ക് മതമൗലികവാദമോ മതനിഷേധമോ ഒരു പ്രശ്‌നപരിഹാരമല്ല. സര്‍വ്വ ധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് അതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം. ഹിന്ദുവിന്‍റെ ആദ്ധ്യാത്മികതയും ബൗദ്ധന്‍റെ ഭൂതദയയും മുസ്ലീമിന്‍റെ സാഹോദര്യവും കൃസ്ത്യാനിയുടെ കര്‍മ്മകുശലതയും ­സമന്വയിക്കുന്നിടത്ത് മതസംഘര്‍ഷങ്ങള്‍ ഇല്ലാതാകും. സ്വന്തമതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അന്യമതാനുയായികളെ ബഹുമാനിക്കുകയും മാനവരാശിയുടെ മുഴുവന്‍ ഉല്‍കര്‍ഷത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുജന്റെയും ധര്‍മ്മം.എന്റെ മതതീഷ്ണത വര്‍ഗീയതക്ക് കാരണമാകരുത് എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. നമ്മുടെ പ്രസ്താവനകളും പ്രതികരണങ്ങളും ജാതീയവും, വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകരുത്.
Join WhatsApp News
Mohan Parakovil 2015-12-02 09:31:08
ഒരേ ഒരു മാർഗം എല്ലാവരും കൃസ്തു മതം
സ്വീകരിക്കുക എന്നാണു ഹിന്ദുക്കൾക്ക്
ഒരിക്കലും ഒന്നായി നില്ക്കാൻ കഴിയില്ല .
ശ്രീ ശങ്കരൻ തികഞ്ഞ നമ്പൂരിയായിരുന്നു അദ്ദേഹം നമ്പൂരിത്വം കൊണ്ടു വന്നില്ലെങ്കിൽ ഇന്ന്
ഭാരതം മുഴുവൻ ബുദ്ധ മതകാരാകുമായിരുന്നു
എന്ത് ചെയ്യാം കേഴുക ഭാരതാംബെ ,
benoy 2015-12-03 20:08:10
A well-written article with a few contradictions. In the paragraph where the author talks about ancient religions, he says that \\\"sindukkal\\\" eventually became known as \\\"hindukkal\\\". But in the next paragraph he retreats from that comment by saying that in ancient India, the word
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക