Image

പുണ്യനിറവില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 26 December, 2015
പുണ്യനിറവില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷിച്ചു
ഫീനിക്‌സ്: ഫീനിക്‌സ് സീറോ മലബാര്‍ തിരുകുടുംബ ദേവാലയത്തിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ മലയാളി ക്രൈസ്തവര്‍ക്ക് പുണ്യാനുഭവമായി. തികച്ചും പരമ്പരാഗത കേരളീയ കത്തോലിക്കാ പാരമ്പര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങളാണ് ആഘോഷങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. ആഘോഷമായ വി. കുര്‍ബാനയ്ക്കും, മറ്റു പിറവിത്തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

അധികാരവും സമ്പത്തും ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ഇടയിലാണ് ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്തതെന്ന സത്യം ഏറെ ചിന്തനീയമാകണമെന്ന് ഫാ. ജോര്‍ജ് നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ സൂചിപ്പിച്ചു. അത്മീയ- ഭൗതീക നേട്ടങ്ങളും സമ്പത്തും അവഗണിക്കപ്പെട്ടവരും നിരാലംബരുമായി കഴിഞ്ഞുകൂടുന്ന മനുഷ്യരുമായി പങ്കുവെയ്ക്കുവാന്‍ സന്നദ്ധരായാല്‍ കരുണയുടെ വര്‍ഷത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഏറെ ഫലദായകമാകുമെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. ലോകത്തില്‍ സന്തോഷവും ഐക്യവും സമാധാനവും സ്ഥാപിക്കുന്നതിനു സ്വര്‍ഗ്ഗംവിട്ടിറങ്ങി ഭൂമിയിലേക്കു വന്ന യേശുവിനെപ്പോലെ മനുഷ്യനും സ്വാര്‍ത്ഥസുഖങ്ങളും അധികാര താത്പര്യങ്ങളും വിട്ടൊഴിയാന്‍ തയാറായാല്‍ ലോകജീവിതം സുന്ദരമാകുമെന്നതാണ് ക്രിസ്മസ് നല്‍കുന്ന മുഖ്യസന്ദേശമെന്നും ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഉണ്ണിയേശുവിനേയും കരങ്ങളില്‍ വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, തീകായല്‍ ചടങ്ങ്, പാതിരാ കുര്‍ബാന തുടങ്ങിയ ഭക്താനുഷ്ടാനങ്ങള്‍ കേരളീയ കത്തോലിക്കാ പാരമ്പര്യത്തിന്റെ ആത്മീയ ഗൃഹാതുരത്വമുണര്‍ത്തുന്നതായി.

പുല്‍ക്കൂട്ടില്‍ പിറന്ന തിരുക്കുമാരനെ കണ്ട് വണങ്ങി, നേര്‍ച്ച-കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അനുഗ്രഹങ്ങള്‍ തേടുന്നതിനും ഇടവകാംഗങ്ങള്‍ എല്ലാവരും നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. ക്രിസ്മസിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് തിരുപ്പിറവി ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും വികാരിയച്ചന്റെ നേതൃത്വത്തില്‍ കേക്ക് വിതരണവും ഉണ്ടായിരുന്നു.

ക്രിസ്തുവിന്റെ കാലത്തെ പഴയ ജെറുസലേം പട്ടണം പശ്ചാത്തലത്തില്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂട് ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തിലെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഏറെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റി. ട്രസ്റ്റിമാരായ റ്റോമിച്ചന്‍ വര്‍ഗീസ്, അശോക് പാട്രിക് എന്നിവര്‍ ആഘോഷപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനു മുഖ്യനേതൃത്വം നല്‍കി. മാത്യു വര്‍ഗീസ് അറിയിച്ചതാണിത്.
പുണ്യനിറവില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷിച്ചുപുണ്യനിറവില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക