Image

മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന്

അനിൽ പെണ്ണുക്കര Published on 03 January, 2016
മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന്
ഈ വര്‍ഷത്തെ മകരസംക്രമപൂജ ജനുവരി 15 (മകരം 1) വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.27 ന് നടക്കും. നടതുറന്ന് കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തശേഷമായിരിക്കും സംക്രമപൂജ നടക്കുക. അന്ന് വൈകിട്ട് ദീപാരാധയ്ക്ക് ശേഷം മകരവിളക്ക് തെളിയും.
മകരളവിളക്ക് ദിവസം മുതല്‍ ജനുവരി 19 വരെ എല്ലാ ദിവസവും മാളികപ്പുറത്ത് നിന്നും മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് എഴുന്നെള്ളിച്ച് പതിനെട്ടാംപടിയുടെ മുന്‍വശത്തുകൂടി തെക്കോട്ട് വന്ന് താഴെ ഒരു പ്രദക്ഷിണം വച്ച് തിരികെ പോകും. കന്നി അയ്യപ്പന്മാര്‍ സ്വാമിദര്‍ശനത്തിന് ഈ വര്‍ഷം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ജനുവരി 19 ന് മാളികപ്പുറത്തമ്മയെ ശരംകുത്തിവരെ എഴുന്നെള്ളിച്ചുകൊണ്ടുപോകും. കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടെന്ന് കണ്ടാല്‍ ദേവി ദു:ഖത്തോടെ തിരികെ പോരും. ഇതോടെ ഈ വര്‍ഷത്തെ മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പ് ഉത്സവം സമാപിക്കും.

ദേവസ്വം കളഭം ജനുവരി 19 ന്

ജനുവരി 19 ന് (മകരം 5) രാവിലെ അഞ്ച് മണിക്ക് നടതുറന്ന് പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് നെയ്യഭിഷേകം സമാപിക്കും. അതിനുശേഷം 11.30 ന് ദേവസ്വം വക കളഭാഭിഷേകം നടത്തും. ഉച്ചപൂജ, ദീപാരാധന എന്നിവയ്ക്ക് ശേഷം ഹരിവരാസനത്തോടുകൂടി നട അടച്ച് 20 ന് രാവിലെ 5 ന് നടതുറക്കും. അന്ന് പതിവ് പൂജകള്‍ നടക്കുമെങ്കിലും നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരിക്കുന്നതല്ല. രാത്രി 10 ന് തിരുനട അടയ്ക്കുന്നതോടെ ഭക്തര്‍ക്കായുള്ള ദര്‍ശനം സമാപിക്കും. രാത്രി വലിയ ഗുരുതിയോടെ മാളികപ്പുറത്തെ പൂജകളും സമാപിക്കും.
21 ന് (മകരം 7 ) രാവിലെ 5 ന് നടതുറന്ന് നിര്‍മ്മാല്യവും അഭിഷേകവും ഗണപതി ഹോമവും നടത്തിയതിന് ശേഷം പന്തളം രാജപ്രമുഖന്‍ (പന്തളം രാജാവിന്റെ പ്രതിനിധി) ദര്‍ശനം നടത്തും. തുടര്‍ന്ന് ശ്രീകോവില്‍ അടച്ച് പൂട്ടി താക്കോല്‍ രാജാവ് സ്വീകരിക്കും. തന്ത്രി, മേല്‍ശാന്തി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം പടി വഴി താഴെ ഇറങ്ങും. പതിനെട്ടാംപടിക്ക് ചുവടെ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധി എന്ന നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജാവിന് പണക്കിഴി സമര്‍പ്പിക്കും. രാജാവ് പൂട്ടി വാങ്ങിയ താക്കോല്‍ തിരികെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കുകയും അദേഹം അത് മാസപൂജയ്ക്ക് നടതുറക്കുന്നതിന് മേല്‍ശാന്തിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നതോടെ മണ്ഡല-മകരവിളക്ക് കാലം സമാപിക്കും.

സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി; സന്നിധാനത്ത്
വലിയ ബാഗുകളുമായി പ്രവേശിക്കുന്നത് ഒഴിവാക്കണം

അയ്യപ്പഭക്തര്‍ വലിയ ബാഗുകളുമായി സന്നിധാനത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ. മകരവിളക്ക്് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി മകരവിളക്ക്് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന ലക്ഷകണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി 1700 പോലീസുകാരെയും 150 ഓഫീസര്‍മാരെയും സന്നിധാനത്തും മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തങ്ങുന്ന പ്രധാന ഇടങ്ങളിലും വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 ഡിവിഷനുകളിലായി 20 ഡി.വൈ.എസ്.പി മാരുടെ മേല്‍നോട്ടത്തിലാണ് പോലീസിനെ നിര്‍ത്തുന്നത്. മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള ഭാഗങ്ങളിലും പ്രത്യേക സുരക്ഷയൊരുക്കും.
മകരവിളക്ക് കാണുന്നതിനായി ഭക്തര്‍ തങ്ങുന്നതും വിരി വയ്ക്കുന്നതുമായ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങിപ്പോകുന്നതിനായി മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ കൂടി സഹകരണം ഉറപ്പാക്കും. പമ്പയിലേക്ക് ബെയ്‌ലി പാലം വഴി ഭക്തരെ തിരിച്ചുവിടും. സുരക്ഷയുടെ ഭാഗമായി സന്നിധാനത്തും പരിസരങ്ങളിലും ബാഗ്, സഞ്ചികള്‍ എന്നിവ പരിശോധിക്കുന്നതിനായി പ്രധാന ഇടങ്ങളിലെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. പുല്‍മേട് വഴി വരുന്ന ഭക്തരെയും മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധിച്ചാണ് കടത്തിവിടുന്നത്.

വെര്‍ച്വല്‍ ക്യു ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന ഭക്തരില്‍ വെര്‍ച്വല്‍ ക്യു ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്നാം തിയതി വരെ 60,000 ഭക്തരാണ് വെര്‍ച്വല്‍ ക്യു പ്രയോജനപ്പെടുത്തിയത്.
ഓണ്‍ ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത ഭക്തര്‍ക്ക് വലിയ തിരക്കില്ലാതെ ദര്‍ശനം നടത്തുന്നതിനു സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പമ്പയില്‍ പരിശോധനയ്ക്ക് വിധേയമാക്കി അവിടെ നിന്നും പ്രത്യേക പാസുകള്‍ നല്‍കിയാണ് ദര്‍ശനത്തിനുള്ള വരിയില്‍ പ്രവേശിപ്പിക്കുന്നത്.

വി. മുരളീധരന്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി

പുണ്യം പൂങ്കാവനം പദ്ധതിയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ പങ്കാളിയായി. ശബരീശ ദര്‍ശനത്തിനെത്തിയ അദ്ദേഹം രാവിലെ പുണ്യം പൂങ്കാവനത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയായിരുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ പ്രതിദിനം എത്തുന്ന ശബരിമലയെ സംശുദ്ധമായി സൂക്ഷിക്കാന്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എസ്.പി. ഷാജി സുഗുണന്‍, പുണ്യം പൂങ്കാവനം കോ ഓര്‍ഡിനേറ്റര്‍ രാംദാസ് എന്നിവരും പങ്കെടുത്തു.

പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു
പമ്പ, ചെറിയാനവട്ടം, ഗണപതികോവില്‍, ടോളി സ്റ്റാള്‍, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ബീഡി, സിഗരറ്റ്, പാന്‍മസാല ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.നൂറോളം സിഗരറ്റ് പാക്കറ്റുകളും 433 കെട്ട് ബീഡികളും 52 പാക്കറ്റ് പാന്‍മസാലയുമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.എസ്. വിജയന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍ പിള്ള, സെബാസ്റ്റ്യന്‍, അമല്‍ രാജന്‍ എന്നിവരുടെ പ്രിവന്റീവ് ഓഫീസര്‍മാരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ പമ്പ ഡ്യൂട്ടി മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി.

കളരിപ്പയറ്റ് അവതരിപ്പിച്ചു
ശബരീശസന്നിധിയില്‍ കോഴിക്കോട് പേരാമ്പ്ര ശിവശക്തി കളരിസംഘം അവതരിപ്പിച്ച കളരിപയറ്റ് വേറിട്ട കാഴ്ച്ചയായി.സി.ടി മജീന്ദ്രന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ഒമ്പതംഗസംഘമാണ് കളരിയുടെ വ്യത്യസ്തമായ മുറകള്‍ ഒരു മണിക്കൂര്‍ നേരം ഭക്തര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.
കുന്തപയറ്റ്,മെയ്പയറ്റ്, ഒറ്റ പയറ്റ്, വാള്‍, കെട്ടുതാലി, ശരീരവടിവ്, ഉറുമിപയറ്റ് എന്നീ ഇനങ്ങളിലെ മിന്നുന്ന പ്രകടനം കാണികളെ ആകാംക്ഷാഭരിതരാക്കി. വി.സി ശരത്‌ലാല്‍, പി.ബി.ബല്‍ജിത്ത്, കെ.നിതിന്‍, കെ.റോഷിന്‍, സി.കെ രജിത്, എന്‍.ആര്‍.റാഷിദ്,കെ.ഷൈജു 13 വയസ്സുകാരന്‍ കെ.വി അതുല്‍ എന്നിവര്‍ 8 വര്‍ഷത്തിലധികമായി കളരിപരിശീലനം നടത്തുന്നവരാണ്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് സംഘം അയ്യപ്പസന്നിധിയിലെ ശ്രീ ധര്‍മ്മശാസ്ത ഓഡിറ്റോറിയത്തില്‍ കളരി അവതരിപ്പിക്കുന്നത്. 
മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന് മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന് മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന് മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന് മകരസംക്രമപൂജ ജനുവരി 15 (മകരം 1) പുലര്‍ച്ചെ 1.27 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക