Image

പഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കും : മന്ത്രി പനീര്‍ശെല്‍വം

അനില്‍ പെണ്ണുക്കര Published on 06 January, 2016
പഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കും : മന്ത്രി പനീര്‍ശെല്‍വം
പഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍ശെല്‍വം. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നിലയ്ക്കലില്‍ തമിഴ്‌നാട് ഭവന്‍ പൂര്‍ത്തീകരിക്കും. തമിഴ് ജനതയുടെ മനസില്‍ ശബരിമല ശാസ്താവിനു പ്രത്യേക സ്ഥാനമാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നുകോടി തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്ന കേരള സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം അഭിനന്ദിച്ചു.

 
ശബരിമല വികസനത്തിനായി ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ ഒരുമിച്ചു നില്‍ക്കണം : മന്ത്രി തിരുവഞ്ചൂര്‍
      
ശബരിമല വികസനത്തിനായി ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്ന് വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ജനങ്ങളുടെ ആദരവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 
തീര്‍ഥാടക കേന്ദ്രം സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി ഇന്ദ്രകരണ്‍ റെഡ്ഡി
       
കേരള സര്‍ക്കാര്‍ നിലയ്ക്കലില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് തീര്‍ഥാടക കേന്ദ്രം സമയബന്ധിതമായി നിര്‍മിക്കുമെന്ന് തെലുങ്കാന ദേവസ്വം മന്ത്രി എ.ഇന്ദ്രകരണ്‍ റെഡ്ഡി പറഞ്ഞു. തെലുങ്കാനയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് താമസമുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കും. അഞ്ചേക്കര്‍ സ്ഥലം അനുവദിച്ച കേരള സര്‍ക്കാരിനെ അദ്ദേഹം നന്ദി അറിയിച്ചു. തെലുങ്കാനയില്‍ നിന്ന് 11 എം.എല്‍.എമാര്‍ ഉള്‍പ്പെടെ 30 അംഗ സംഘം മന്ത്രിയോടൊപ്പം ശബരിമല ദര്‍ശനം നടത്തി.

 
ശബരിമല അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറും : പ്രൊഫ. പി.ജെ കുര്യന്‍
      
ശബരിമല അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. പമ്പാ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെയേറെ വ്യത്യസ്തതകളുള്ള ക്ഷേത്രമാണ് ശബരിമല. ഭഗവാനും ഭക്തനും ഒന്നാണിവിടെ. ഭാരതീയ സംസ്‌കാരത്തിന്റെ പ്രതിധ്വനിയാണ് ഇവിടെ കാണുന്നത്. മതേതരത്വത്തിന്റെ കേന്ദ്രമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.


 
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം : മന്ത്രി വി.എസ് ശിവകുമാര്‍
       
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ഇതിനു പിന്തുണ ആര്‍ജിക്കാനാണ് പമ്പാസംഗമം വിളിച്ചുചേര്‍ത്തതെന്നും ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. പമ്പാസംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
       
ഈ വര്‍ഷം 65 കോടി രൂപ ശബരിമല വികസനത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ്, ക്യൂ കോംപ്ലക്‌സ്, 3500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് കേന്ദ്രം എന്നിവ ഒരുക്കി. ശബരിമല വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. ഇതിനൊപ്പം എരുമേലിയുടെ സമഗ്ര വികസനത്തിനായും റിപ്പോര്‍ട്ട് നല്‍കി. ദേശീയ ഐക്യത്തിന്റെ പ്രതീകമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.

പഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കും : മന്ത്രി പനീര്‍ശെല്‍വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക