Image

മകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹം

അനില്‍ പെണ്ണുക്കര Published on 07 January, 2016
മകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹം
ശബരിമലയില്‍ ജനുവരി 15ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിന് സുരക്ഷ 

ശക്തമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അന്തിമ ഘട്ടത്തിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി ഒമ്പത് മുതല്‍ സന്നിധാനത്ത് 30 ഡിവൈ.എസ്.പി, 60 സി.ഐ, 230 സബ് ഇന്‍സ്‌പെക്ടര്‍, 2600 സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. പോക്കറ്റടി, മോഷണം, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ ഒരു ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സന്നിധാനം പൊലീസ് സ്‌റ്റേഷന്റെ കീഴില്‍ ആന്ധ്ര, കര്‍ണാടക, കേരള പൊലീസ് എന്നിവരുടെ ഒരു സംഘത്തെയും നിയോഗിക്കും. മകരജ്യോതി ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും നടപ്പന്തലിന്റെ മുകളിലും മരങ്ങളിലും കയറുന്നത് തടയാന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സ്‌ക്വാഡിനെയും നിയോഗിക്കും. പുല്ലുമേട്, പഞ്ചാരിമേട് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. മകരവിളക്കിന് സുരക്ഷാവീഴ്ച ഇല്ലെന്ന് ഉറപ്പുവരുത്തും. പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് അവഗണിച്ചിട്ടില്ല. എല്ലാ റിപ്പോര്‍ട്ടിലും പറയുന്നത് പുല്ലുമേട്ടില്‍ വെളിച്ചമില്ലാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ്. ശബരിമലയിലെ പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ പുല്ലുമേട് സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. എ.ഡി.ജി.പി വീണ്ടും പുല്ലുമേട് സന്ദര്‍ശിക്കും.

സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളെകുറിച്ച് ഡി.ജി.പി ടി.പി. സെന്‍കുമാര്‍, ശബരിമലയിലെ പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകരുടെ പരാതികളും സംശയവും തീര്‍ക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം സന്നിധാനം പോലീസ് കണ്‍േട്രാളറുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ശബരിമലയില്‍ പൊലീസ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിവരുന്നത്. ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്), ദ്രുതകര്‍മസേന (ആര്‍.എ.എഫ്്) എന്നീ സേനാവിഭാഗങ്ങളും വളരെ സജീവമായ പ്രവര്‍ത്തനമാണ് ശബരിമലയില്‍ നടത്തിവരുന്നത്.
       
കഴിഞ്ഞ വര്‍ഷം മുതല്‍ പൊലീസ് വകുപ്പ് ആരംഭിച്ച ഇ-ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സമ്പ്രദായം 16 ലക്ഷത്തോളം പേര്‍ ഉപയോഗപ്പെടുത്തി. ഇതിലൂടെ അധികസമയം ക്യൂവില്‍ നില്‍ക്കാതെ ദര്‍ശനം നടത്താം. ഭക്തജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് പരമാവധി പേര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. സന്നിധാനത്തെ മാലിന്യമുക്തമാക്കുന്നതിനായി പൊലീസ് വകുപ്പ് ആവിഷ്‌കരിച്ച 'പുണ്യം പൂങ്കാവനം' പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്. സന്നിധാനത്ത് പൊലീസ് മെസ് കോംപ്ലക്‌സ് പണിയുന്നതിനായി സ്ഥലം അന്വേഷിക്കുകയാണ്്. പമ്പയില്‍ മെസ് കോംപ്ലക്‌സിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. മകരവിളക്കിന് ഡ്യൂട്ടിക്ക് അധികമായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ താമസത്തിനായി ദേവസ്വം അധികാരികളുമായി ആലോചിച്ച് വേണ്ട സൗകര്യം ഒരുക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
                                                                                                 
 
വഴിപാട് സാധനങ്ങള്‍ വഴിയില്‍ തടയില്ല
       
ശബരിമല സന്നിധാനത്തിലേക്കുള്ള വഴിപാട് സാധനങ്ങള്‍ വഴിയില്‍ തടയരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.ഐ.പി ദര്‍ശനത്തിന്റെ പേരില്‍ ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവാതിരിക്കാനും നിര്‍ദേശം നല്‍കും. മരക്കൂട്ടത്തിലെ ക്യൂ കോംപ്ലക്‌സില്‍ അശാസ്ത്രീയത ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
                                                                                                 
 
പത്താന്‍കോട്ട് സംഭവം: ശബരിമലയില്‍ സുരക്ഷാ ഭീഷണിയില്ല
       
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ ഭീഷണി നിലവിലില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാഭാവികമായി കൈക്കൊള്ളേണ്ട പ്രത്യേകമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കൂടിയുള്ളതിനാല്‍ സംസ്ഥാനത്തേക്ക് 10 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവാഭരണപാത ശുചീകരണം; ശ്രമപൂജ 10 ന്
       
പരമ്പരാഗത തിരുവാഭരണ പാത 'ശ്രമപൂജ' എന്ന പേരില്‍ 10 ന് ഭക്തരും ക്ഷേത്രസേവാസമിതി, ത്രിതല പഞ്ചായത്തുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് ശുചീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. തിരുവാഭരണപാത വിശുദ്ധപാതയായി പ്രഖ്യാപിച്ച് സംരക്ഷണത്തിനായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും ചേര്‍ന്ന് അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.
       
പന്തളം, കുളനട, മെഴുവേലി, കിടങ്ങൂര്‍, ആറന്മുള, വല്ലാപ്പുഴശേരി, കോഴഞ്ചേരി, ചെറുകോല്‍, ഐരൂര്‍, റാന്നി, വടശ്ശേരിക്കര, പെരിനാട് എന്നീ 12 വില്ലേജുകളിലൂടെയുള്ള തിരുവാഭരണപാതയ്ക്ക് 63 കിലോമീറ്റര്‍ ദൂരമുണ്ട്. പന്തളംതാര എന്ന് പഴയ റവന്യൂരേഖകളിലും ശബരിമല വില്ലേജ് റോഡ് എന്ന് നിലവിലെ രേഖകളിലും പാതയെ ക്കുറിച്ച് പരാമര്‍ശമുണ്ട്.
       
പന്തളം രാമപുരം, ആറന്മുള ദേവസ്വങ്ങളുടെ വസ്തുക്കളിലെ കയ്യേറ്റവും ഒപ്പം ഒഴിപ്പിച്ചെടുക്കും. തിരുവാഭരണപാതയില്‍ പത്തനംതിട്ട ജില്ലാഭരണാധികാരികള്‍ നടത്തിയ സര്‍വേയില്‍ 495 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാതയില്‍ പലയിടത്തും 18 മുതല്‍ 48 മീറ്റര്‍വരെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്തിട്ടുണ്ട്. 10 ശതമാനം കയ്യേറ്റം മാത്രമാണ് നിലവിലുള്ളത്. മുന്‍പ് ഒഴിപ്പിച്ചെടുത്ത ഭാഗം കല്ലിട്ട് അതിര്‍ത്തി തിരിക്കുകയാണ് അടിയന്തിരമായി റവന്യൂവകുപ്പ് ചെയ്യേണ്ടത്.
       
13 ന് പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണഘോഷയാത്ര 15 ന് വൈകീട്ട് സന്നിധാനത്തെത്തും. തിരുവാഭരണപാതയില്‍ ഉടനീളം പുഷപഹാരങ്ങളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച് നിറപറയും നിലവിളക്കും വച്ച് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കാന്‍ തയ്യാറെടുപ്പ് തുടങ്ങിയതായി ക്ഷേത്രഭരണസമിതിയും ഭക്തസംഘടനകളും അറിയിച്ചിട്ടുണ്ട്.
       
തിരുവാഭരണപാതനെ വിശുദ്ധപാതയാക്കി മാറ്റാനുള്ള കര്‍മ്മപദ്ധതിക്ക് വന്‍ ജന  പിന്തുണയാണ് ലഭിക്കുന്നത്. സര്‍ക്കാറിന്റെ സഹായം തേടി പമ്പാസംഗമവേദിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തിരുവാഭരണപാതയിലെ പാലങ്ങള്‍ ഉടന്‍ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പമ്പാ സംഗമവേദിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തിരുവാഭരണപാത നവീകരിക്കണമെന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടുത്ത മകരവിളക്കിന് മുന്‍പ് തിരുവാഭരണപാതയെ സംരക്ഷിച്ച് വിശുദ്ധപാതയാക്കുന്ന കര്‍മ്മപദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
                                                                                                 
മിന്നല്‍പരിശോധന: സന്നിധാനത്തെ ഹോട്ടല്‍ അടപ്പിച്ചു
       
സന്നിധാനത്തെ ഹോട്ടലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതിയെതുടര്‍ന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍. മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഗസ്റ്റ്ഹൗസിന് സമീപമുള്ള ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 100 കിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത പൊറോട്ടയും നാല്‍പ്പത് ലിറ്റര്‍ സാമ്പാറും മറ്റ് പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം നടത്തിയതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയും അന്‍പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു.
       
ചരല്‍മേട്ടില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്ത മൂന്ന് ഹോട്ടലുകളില്‍ നിന്നും പിഴയീടാക്കി. അനധികൃതമായി വഴിവാണിഭം നടത്തിയ നാല് പേരെ പോലീസ് സഹായത്തോടുകൂടി കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി സന്നിധാനത്ത് നിന്നും ഒഴിവാക്കി.
       
മാര്‍ക്കറ്റ്‌ഫെഡ് ലേലത്തില്‍ പിടിച്ചിട്ടുള്ള കൊപ്രാക്കളം പരിശോധിച്ചതില്‍ തൊഴിലാളികള്‍ കൊടുംവെയിലത്ത് യാതൊരു മറയുമില്ലാതെ ജോലി ചെയ്യുന്നതായും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്ത് തൊഴിലാളികള്‍ക്ക് നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.  

പാചകശാല വൃത്തിയായി സൂക്ഷിക്കുവാനും തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ഒരുക്കണമെന്നും തൊഴിലാളികള്‍ പണിയെടുക്കുന്നതിന് മുകളിലായി ആവശ്യത്തിന് ഷീറ്റിട്ട് സുരക്ഷ ഉറപ്പാക്കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശം ഡ്യൂട്ടി മജിസ്‌ട്രേറ്റ് മാര്‍ക്കറ്റ്‌ഫെഡിന് നല്‍കി. പരിശോധനയില്‍ എക്‌സിക്യൂട്ടീ്‌വ് മജിസ്‌ട്രേറ്റ് രാമചന്ദ്രന്‍, സ്‌ക്വാഡ് മെംബര്‍മാരായ രമേശന്‍, സന്ദീപ്കുമാര്‍, കെ.എ മാത്യൂ, വിദ്യുത്പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
                                                                                                 
 
ഹൃദയാഘാതം; കര്‍ണാടക സ്വദേശി മരിച്ചു
       
അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്‍ മരിച്ചു. കര്‍ണാടക സത്യപാണ്ടിനഗര്‍ സ്വദേശി വണ്ടൂരപ്പയുടെ മകന്‍ രാമന്‍ജനി (45) ആണ് ഹൃദയാഘാതം മൂലം സന്നിധാത്തെ സഹാസ് ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

മകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹംമകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹംമകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹംമകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹംമകരവിളക്ക്: ശബരിമലയില്‍ വിപുലമായ സുരക്ഷാ സന്നാഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക