Image

ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു.(ഡല്‍ഹികത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 15 January, 2016
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു.(ഡല്‍ഹികത്ത് - പി.വി.തോമസ്)
ഇന്‍ഡ്യയില്‍ ഈ വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുവാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കോണ്‍ഗ്രസിനും ഉള്ള പുതിയ വെല്ലുവിളികള്‍ ആണ്. ഇവ ഇവര്‍ക്കായി തുറക്കുന്ന പുതിയ സമരമുഖങ്ങള്‍ ആണ്.

ബംഗാള്‍, ആസാം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി എന്ന യൂണിയന്‍ ടെറിട്ടറിയും ആണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്, ആസാമും കേരളവും. അതിനാല്‍ കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങള്‍ ഏറെയാണ്. ബി.ജെ.പി.ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ല. നേടുവാന്‍ മാത്രമെയുള്ളൂ. ഈ ഒരു സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിക്കുന്നില്ല. ഒരിക്കലും ഭരിച്ചിട്ടുമില്ല. അത് കൊണ്ടു തന്നെയാണ് ബി.ജെ.പി.ക്കും മോഡിക്കും ഈ തെരഞ്ഞെടുപ്പുകള്‍ വലിയ ഒരു വെല്ലുവിളി ആകുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ് രണ്ട് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പികളില്‍- ഡല്‍ഹി, ബീഹാര്‍- തോറ്റ് തുന്നം പാടിയ സാഹചര്യത്തില്‍ മോഡി പ്രഭാവം വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. അതു പോലെ തന്നെ കോണ്‍ഗ്രസിന്റെ ശക്തിയും പ്രഭാവവും പ്രസക്തിയും. അതായത് സോണിയയുടെയും രാഹുലിന്റെയും രാഷ്ട്രീയ സാന്നിദ്ധ്യം അളക്കപ്പെടുകയാണ്.

2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പി. മധ്യപ്രദേശിലും, മഹാരാഷ്ട്രയിലും, ഹരിയാനയിലും, ഝാര്‍ഖണ്ഡിലും, ജമ്മു-കാശ്മീരിലും വിജയം കൊയ്തു. അവ ശ്രദ്ധേയം ആയിരുന്നു തീര്‍ച്ചയായിട്ടും. അവ മോഡിയുടെ വിജയം ആയി കണക്കാക്കാം. പക്ഷേ, ഡല്‍ഹിയും ബീഹാറും ബി.ജെ.പി.ക്കും മോഡിക്കും വന്‍പരാജയങ്ങള്‍ ആയിരുന്നു. സംശയം ഇല്ല. ഈ സാഹചര്യത്തിലാണ് ബംഗാളും, ആസാമും, തമിഴ്‌ന്ടും, കേരളവും, പുതുച്ചേരിയും വരുന്നത്.
ബംഗാളില്‍ ബി.ജെ.പി. ഒരു ശക്തി അല്ല. എങ്കിലും അത് ഒരു ഇടം ഉറപ്പിക്കുവാനായിട്ടുള്ള ശ്രമത്തിലാണ്. ബംഗാളില്‍ സമരം മമത ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണെന്ന് ആര്‍ക്കും അറിയാം. വളരെക്കാലം ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസ് ഇന്ന് അവിടെ അന്യം നിന്നത് പോലെയാണ്. അത് പോലെ തന്നെ മൂന്ന് പതിറ്റാണ്ടുകള്‍ക്കേറെ ബംഗാള്‍ ഭരിച്ച ഇടത്പക്ഷവും അവിടെ ഒന്നും അല്ലാതായിരിക്കുന്നു. രാഷ്ട്രീയ സുകൃതക്ഷയം എന്നല്ലാതെ എന്ത് പറയുവാന്‍! ബംഗാളില്‍ മമത തന്നെ അധികാരത്തില്‍ തിരിച്ച് വരുവാനാണ് സാധ്യത. ബി.ജെ.പി. ചില മുന്നേറ്റങ്ങള്‍ നടത്തിയേക്കാം. അതിനുള്ള ശ്രമങ്ങള്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ ബി.ജെ.പി.യും അമിത് ഷായും നടത്തുന്നുണ്ട്. മാല്‍ഡയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മാല്‍ഡയിലെ സംഘര്‍ഷത്തിന്റെ പേരില്‍ ബി.ജെ.പി. ഒരു ഹിന്ദു വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ വിജയിച്ചേക്കാം. അല്ലെങ്കില്‍ തന്നെയും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീം അനധികൃത കുടിയേറ്റക്കാരും ആദിവാസികളും ഇവരുടെയൊക്കെ ഇരകളെന്ന് ബി.ജെ.പി. പ്രചരിപ്പിക്കുന്ന ഹിന്ദുക്കളും ബി.ജെ.പി.യുടെ പ്രചരണ ആയുധങ്ങള്‍ ആണ്. ഏതായാലും ബംഗാളില്‍ ബി.ജെ.പി. നേട്ടം കൊയ്യുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, ഭരണം ഒന്നും കിട്ടുകയില്ല. കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ കൂടെ ചേരുമെന്ന് ഒരു സംസാരം ഉണ്ട്. അല്ലെങ്കില്‍ മമതയുടെ കൂടെ. ആദ്യത്തേത് ബുദ്ധിമുട്ടാണ്. കാരണം കേരളത്തില്‍ മത്സരം കോണ്‍ഗ്രസും, ഇടതും തമ്മില്‍ ആണ്. അപ്പോള്‍ ബംഗാല്‍ സഖ്യം ഒരു വിരോധാഭാസം ആയി പോകും. മമതയും ബി.ജെ.പി.യും തമ്മില്‍ സഖ്യം ഉണ്ടാക്കുമെന്നും സംസാരം ഉണ്ട്. പക്ഷേ, സാദ്ധ്യത കുറവാണ്. കോണ്‍ഗ്രസും മമതയും സഖ്യം ചെയ്‌തേക്കുമെന്നും വാര്‍ത്തയുണ്ട്. എന്തായാലും കാത്തിരുന്നു കാണാം. ബംഗാളില്‍ ബി.ജെ.പി.യും, കോണ്‍ഗ്രസും പാര്‍ശ്വവര്‍ത്തികള്‍ ആയിരിക്കും. ശരിയായ മത്സരം മമതയും ഇടത്പക്ഷവും തമ്മില്‍ ആയിരിക്കും. ഇതില്‍ മമതക്കാണ് തല്‍ക്കാലം മുന്‍തൂക്കം.

ആസാം അടുത്തത്. കോണ്‍ഗ്രസ് ആണ് ഈ സംസ്ഥാനം ഭരിക്കുന്നത്. തരുണ്‍ ഗൊഗോയി ആണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി. യാതൊരുവിധ വ്യക്തിപ്രഭയും ഇല്ലാത്ത ഒരു മുഖ്യമന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തെ വച്ചുകൊണ്ട് കോണ്‍ഗ്രസിന് അധികാരം നിലനിറുത്തുവാന്‍ ആകുമോ എന്നതാണ് ചോദ്യം. പക്ഷേ, വേറെ ആര് ഉണ്ട്?  ബി.ജെ.പിക്ക് അധികാരത്തിലേക്ക് എത്തുവാന്‍ പ്രയാസം ആണ്്. പ്‌ക്ഷേ ബി.ജെ.പി. ചില മുന്നേറ്റങ്ങള്‍ നടത്തുമെന്നകാര്യത്തില്‍ സംശയം ഇല്ല. ബി.ജെ.പി. ഇവിടെയും കൃത്യമായ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ശ്രമിക്കുന്നുണ്ട്. മുസ്ലീങ്ങളെ, പ്രത്യേകിച്ചും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ ബി.ജെ.പി. ഹിന്ദുവര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഒപ്പം, ആദിവാസികളെയും. ഈ പ്രയോഗം തല്‍ക്കാലം ബി.ജെ.പി.യെ അധികാരത്തിലേക്ക് എത്തിച്ചില്ലെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നേടുവാന്‍ സഹായിക്കും. കോണ്‍ഗ്രസ് ആസാമില്‍ വലിയ ഒരു പ്രതിസന്ധിയില്‍ ആണ്. ഒട്ടേറെ പ്രമുഖ നേതാക്കന്മാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വലിയ ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഇതിനെയൊക്കെ നേരിടുവാനായി കോണ്‍ഗ്രസ് ഒരു പ്രാദേശിക നേതാവും സുഗന്ധദ്രവ്യ കച്ചവട രാജാവുമായ ഭദ്രദിന്‍ അജ്മലിന്റെ പാര്‍ട്ടിയുമായിട്ട് സഖ്യത്തിന് തയ്യാറാവുകയാണ്. ഇത് ഒരു പക്ഷേ ഗുണം ചെയ്‌തേക്കാം. തിരിച്ച് ദോഷവും ചെയ്‌തേക്കാം. ഏതായാലും ആസാം തിരിച്ചു പിടിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരം ആണ്. ആസാമില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു തിരിച്ചടി ആയിരിക്കും. പക്ഷേ, ശക്തമായ എതിരാളികളുടെ ആഭാസത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുവാനാണ് സാദ്ധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍. ബ്രഹ്മപുത്രയില്‍ താമര വിടരുവാന്‍ ഇനിയും സമയം ആയിട്ടില്ല.

തമിഴ്‌നാട്ടിലെ സ്ഥിതി രസകരം ആണ്. രണ്ട് ദ്രാവിഡിയന്‍ പാര്‍ട്ടികളും ആണ് അവിടത്തെ മുഖ്യകഥാപാത്രങ്ങള്‍- ഭരണകക്ഷിയായ ജയലളിതയുടെ എ.ഐ.ഡി.എം.കെ.യും പ്രധാനപ്രതിപക്ഷം ആയ കരുണാനിധിയുടെ ഡി.എം.കെ.യും. കോണ്‍ഗ്രസും ബി.ജെ.പി.യും അവിടെ വിഷയമേ അല്ല. ബി.ജെ.പി. ചില കൊച്ച് പ്രാദേശിക പാര്‍ട്ടികളുമായി ലോകസഭ തെരഞ്ഞെടുപ്പില്‍(2004) ഒരു മൂന്നാം മുന്നണിക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇപ്രാവശ്യം ബി.ജെ.പി. ഒരു പക്ഷേ ജയലളിതയുമായി സഖ്യത്തിന് ശ്രമിച്ചേക്കും. സഖ്യം നടക്കുമോയെന്ന് കണ്ടറിയണം. കോണ്‍ഗ്രസ് ഡി.എം.കെ.യുമായി സഖ്യശ്രമത്തിന് സാദ്ധ്യതയുണ്ട്. ജയലളിതക്ക് എതിരെ ഭരണവിരുദ്ധ വികാരം ഒന്നും കാര്യമായിട്ടില്ല. പക്ഷേ, ജയലളിതയുടെ ആരോഗ്യം ഒരു പ്രശ്‌നം ആണ്. ജയം അത്ര ഉറപ്പല്ല. അതുപോലെ തന്നെ കരുണാനിധിയുടെ ഡി.എം.കെ.യും പ്രതിസന്ധിയില്‍ ആണ്്. അധികാരത്തിന് വെളിയില്‍ ആണ്. പാര്‍ട്ടിയില്‍ വിയോജിപ്പ് ഉണ്ട്. മക്കള്‍ സ്റ്റാലിനും അലഗിരിയും രണ്ടുചേരിയില്‍ ആണ്. അതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. കരുണാനിധിയും പ്രായാധിക്യത്തിലാണ്. ഇതെല്ലാം വലിയ ഘടകങ്ങള്‍ആണ്്. ജയലളിത അധികാരം നിലനിര്‍ത്തുമോ? അതോ കരുണാനിധി അധികാരം തിരിച്ച് പിടിക്കുമോ? ജയലളിത അധികാരം നിലനിര്‍ത്തുവാനാണ് സാദ്ധ്യത ഇപ്പോഴത്തെ നിലവച്ച് നോക്കിയാല്‍. കാത്തുനിന്ന് കാണാം.

അടുത്തത്് കേരളം ആണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനം. ഈ സംസ്ഥാനത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ അത് ഭരിക്കുന്ന കക്ഷിയെ വോട്ട് ചെയ്ത് പുറത്താക്കുന്ന ചരിത്രം ആണ് ഉള്ളത്. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍ പോവുകയും എല്‍.ഡി.എഫ് സര്‍ക്കാര്‍ ്ധികാരത്തില്‍ വരുകയും ചെയ്യും. യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സരിത സോളാര്‍ തട്ടിപ്പും ബാര്‍ കോഴക്കേസും മററും അതില്‍ ചിലത് മാത്രം. യു.ഡി.എഫ്. ജയിച്ചാല്‍ തന്നെയും അധികാര വടംവലി ഉറപ്പാണ്. 

മുഖ്യമന്ത്രിസ്ഥാനത്തിനായി ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, വി.എം. സുധീരനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ ക്രിസ്ത്യന്‍, നായര്‍, ഈഴവ ലോബികളെ പ്രതിനിധീകരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നു. അതു പോലെ തന്നെ എല്‍.ഡി.എഫില്‍ പിണറായി വിജയനും, വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ആണ്. രണ്ട് മുന്നണികളിലും നല്ല പിരിമുറുക്കം ആണ് നേതൃത്വത്തിന്റെ കാര്യത്തില്‍.

ഇതില്‍ ഏറ്റവും രസകരമായ കാര്യം ബി.ജെ.പി.യുടേതാണ്. ബി.ജെ.പി. ചരിത്രത്തിന് ആദ്യമായി കേരളനിയമസഭയില്‍ അക്കൗണ്ട് തുറക്കുമോ? തുറക്കുമെന്നും കച്ചിപിടിക്കുകയില്ലെന്നും പറയുന്നവര്‍ ഉണ്ട്. തിരുവനന്തപുരം, നേമം, കാട്ടാക്കട, പിന്നെ വടക്ക് ഉദുമ ഒക്കെയാണ് ബി.ജെ.പി.യുടെ സാദ്ധ്യത, സീറ്റുകള്‍ ആയി പറയപ്പെടുന്നത്. നടന്‍ സുരേഷ് ഗോപിയുടെ മത്സര സാന്നിദ്ധ്യവും ബി.ജെ.പി.ക്ക് വിജയ സാദ്ധ്യതയായി പറയപ്പെടുന്നു. ഇതും കണ്ടറിയണം. കേരള രാഷ്ട്രീയത്തില്‍ എന്നെങ്കിലും താരപ്രഭാവത്തിന് സ്ഥാനം ഉണ്ടായിരുന്നിട്ടുണ്ടോ? അതും കാത്തിരുന്ന് കാണേണ്ടകാര്യം ആണ്. ചരിത്രം തിരുത്തുമോ. വെള്ളപ്പള്ളി നടേശന്റെ പുതിയ രാഷ്ട്രീയ സംരംഭമാണ് ബി.ജെ.പി.യുടെ ആത്മബലം. സി.പി.എമ്മിന്റെ രാഷ്ട്രീയ കരുത്തായ ഈഴവ സമുദായത്തെ വെള്ളാപ്പള്ളിയും ബി.ജെ.പി.യും കൈയ്യടക്കിയാല്‍ അത് ബി.ജെ.പി.ക്ക് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. ആ കണക്ക് ശരിയാകുമോ? ഏതായാലും കേരള നിയമസഭയില്‍ കണക്ക് തുറക്കുവാന്‍ സാധിച്ചാല്‍ അത് ബി.ജെ.പി.ക്ക് വലിയ ഒരു വിജയം ആയിരിക്കും.
ഈ തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷത്തെ(2017) നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ക്കുള്ള വഴി ഒരുക്കും. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശും, പഞ്ചാബും, ഗുജറാത്തും, രാജസ്ഥാനും, ഉത്തരഖാണ്ഡും, ഗോവയും മണിപ്പൂരും തെരഞ്ഞെടുപ്പില്‍ ആണ്. ഇതെല്ലാം വഴിയൊരുക്കുന്നത് ആകട്ടെ 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിനു നോക്കാം.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു.(ഡല്‍ഹികത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക