Image

നോമ്പുകാല ചിന്തകള്‍-6 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)

Published on 27 February, 2016
നോമ്പുകാല ചിന്തകള്‍-6 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
ഉല്പത്തി പുസ്തകത്തില്‍ നാം കാണുന്ന ദൈവത്തിന്റെ ആദ്യ തീരുമാനം ലോകത്തിന് വളരെ പ്രതീക്ഷ തരുന്നതാണ്. ""വെളിച്ചമുണ്ടാകട്ടെയെന്ന് ദൈവം കല്പിച്ചു വെളിച്ചമുണ്ടായി. ഇക്കാലത്ത് വെളിച്ചക്കുറവ് എവിടെയും നമുക്ക് ദൃശ്യമാണ്. വര്‍ത്തമാനകാലം ചുരുങ്ങി ചുരുങ്ങി വരുന്നു. സ്വന്തം ഹൃദയവിചാരങ്ങളോടുപോലും നീതിപുലര്‍ത്താന്‍ കഴിയാത്ത അവസ്ഥ. എത്രയോ ആഴമേറിയ പരിക്കുകളാണ് അനുനിമിഷം സൃഷ്ടിക്കപ്പെടുന്നത്. കൈവിട്ടുപോയ ആയുധങ്ങള്‍ മാരകനാശം വിതച്ചിരിക്കുന്ന സാംസ്കാരിക ജീവിതം. സുവിശേഷ പന്തലിന്റെ വിഷയം ""പീഡനത്തിന്റെ'' വ്യാഖ്യാനമായി മാറിയ മതസംസ്ക്കാര ത്തിന്റെ ഇരകളാണ് നാം. എന്തുകൊണ്ട് നമുക്ക് - ദിവ്യവും മനോഹരവുമായി - വചനത്തെ ഉള്‍കൊള്ളാനാവുന്നില്ല. വാക്കുകള്‍, വാളുകള്‍, തീനാളങ്ങള്‍ - ഇവയൊക്കെ ശുദ്ധീകരണ പ്രക്രിയയുടെ ആയുധങ്ങളായി കാണാന്‍ കഴിയാത്തതുകൊണ്ടാണി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. തുറന്ന കല്ലറയുടെ മുന്നില്‍ നിന്ന് കരഞ്ഞവളോട്, സ്ത്രീയെ - നീ കരയുന്നതെന്ത് എന്ന് ചോദിക്കാതെ - നാം വീണ്ടും വീണ്ടും പോസ്മാര്‍ട്ടം നടത്തി കീറിമുറിക്കുകയാണ്. ഈ ചിന്തകള്‍ നോമ്പുദിനങ്ങളുടെ ശത്രുക്കള്‍. ഹൃദയത്തെ ഇമ്പകരമാക്കുന്ന, സൗഖ്യം വിതരണം ചെയ്യുന്ന നസ്രേത്തിലെ യേശുവിനെ- ആകാവു ന്നത്ര ഉള്‍കൊള്ളുക. കുറവുകള്‍ കണ്ടെത്തുന്ന കാലങ്ങളില്‍ കുറ്റാരോപണങ്ങള്‍ എങ്ങനെവിഷയമാക്കും - ഇവിടെ നോമ്പിന്റെ തലവാചകം - മാനിഷാദ!

നമ്മുടെ അദ്ധ്വാനത്തിന് നാം പ്രതിഫലം ചോദിക്കുന്നു. കുറഞ്ഞാല്‍ സമരം ചെയ്ത് പ്രതിഷേധിക്കുന്നു. നാം പ്രകൃതിക്കും ദൈവത്തിനും എന്തൊക്കെയാണ് തിരിച്ച് കൊടുത്തത്. ഇവിടെ നമ്മുടെ നിസ്സാരത്വം വെളിപ്പെടുന്നു. ചെവി കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കേള്‍ക്കാന്‍ കഴിയുമോ. നോമ്പുകാലങ്ങളില്‍ വചനം ഹൃദയം കൊണ്ട് കേള്‍ക്കുക; നമുക്ക് വിഷയം മാറിപോവുകയില്ല. സാക്ഷികള്‍ ഓരോ ദിനവും കൂറ് മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. മൊഴി മാറ്റി പീഡനം തുടരുന്ന കാലം. സത്യവുമായി ബന്ധമില്ലാത്ത സാക്ഷി - കള്ളസാക്ഷി. സത്യത്തിന് സാക്ഷി നില്ക്കാന്‍ വന്നവനെ ന്യായാധിപന് തിരിച്ചറിയാന്‍ കഴിയുന്നില്ല. പീലാത്തോസ് ചോദിച്ചു - എന്താണ് സത്യം ? കൂറുമാറാതെ, കുറുക്കുവഴി തേടാതെ, അപ്പീലനുമതി തേടാതെ - കുരിശ് ചുമക്കുന്നതാണ് സത്യം. ഇവിടെ പ്രവചനങ്ങള്‍ സാക്ഷ്യം പറയും. കല്ലുകള്‍ കഥ പറയും. അസത്യവും അധര്‍മ്മവും വാഴുന്നിടങ്ങളില്‍ സത്യം മരിക്കും. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അനുനിമിഷ മരണങ്ങള്‍. ഇവിടെയാണ് വീണ്ടും ജനിക്കാനുള്ള ആഹ്വാനത്തിന്റെ പ്രസക്തി. വീണ്ടും പിറക്കാനുള്ള ക്ഷണത്തെ നോമ്പുദിനങ്ങളില്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുക. സ്വര്‍ണ്ണതളികയെങ്കിലും കഴുകി വെയ്ക്കുമ്പോള്‍ വിരുന്ന് മേശക്ക് മാന്യത വരുന്നു എന്ന് മറക്കാതിരിക്കു. ഹൃദയം കഴുകുന്ന കാലമായി നോമ്പുകാലങ്ങള്‍ മാറട്ടെ. ദൈവത്തിന് ഭാവിയറിയാം. അതിനാല്‍ നാം അജ്ഞാത ഭാവിയെക്കുറിച്ച് അകുലചിത്തരാകാതിരിക്കുക - അടുക്കളയില്‍ നിന്ന് പുറത്ത് വന്ന് പാദസമീപമിരുന്ന സ്ത്രീയെപ്പോലെ-കേള്‍വി കൊണ്ട് നോമ്പുദിനങ്ങള്‍ ശുഭകരമാക്കുക.

ദൈവം എന്തൊക്കെ സൃഷ്ടിച്ചുവോ, അതില്‍ നിന്ന് പലതും മനുഷ്യന് പഠിക്കാനുണ്ട്. പ്രകൃതിയുടെ കാലഭേദങ്ങള്‍ ശ്രദ്ധിക്കുക. പൂക്കളും ഇലകളും കൊഴിഞ്ഞ് പുതുനാമ്പുകള്‍ വരുന്നത് നമുക്കറിയാം. ഇവയില്‍ ഏതു കാലമാണ് നമുക്കിഷ്ടം. ഇലകള്‍ കൊഴിഞ്ഞ മൂകത കട്ടപിടിച്ചിരിക്കുന്ന പ്രകൃതിയോ അതോ പുതുനാമ്പുകള്‍ തളിര്‍ത്തുവരുന്ന സുപ്രഭാതങ്ങളോ. മുരടിച്ചവയൊക്കെ പൊഴിച്ച് കളയുക. പുതിയ തളിരുകള്‍ ചുടുക. അപ്പോള്‍ നമുക്ക് യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാനാകും. ആത്മാവില്‍ നല്ല ഫലം കായ്ക്കുവാന്‍ പ്രത്യേകം ക്രമീകരിച്ച സമയമാണ് നോമ്പുകാലം. ഫലമില്ലാത്തവയെല്ലാം മുറിച്ച് നശിപ്പിക്കപ്പെടുമെന്നത് മറക്കാതിരിക്കു. നമ്മുടെ ജീവിതം തിരക്കിലാണെന്ന്് ഇക്കാലത്ത് ദൈവം പോലും സമ്മതിക്കും. ഈ തിരക്കിലെ സമര്‍പ്പിത തിരുമല്‍ ചികിത്സയായി നോമ്പിനെ കാണുക. അപ്പോള്‍ മനസ്സിനും ശരീരത്തിനും സുഖം വരും. ഇവിടെയാണ് നോമ്പ് സമാധാനത്തോടെ കടന്ന് വരുന്നു എന്ന് പറയു­ന്നത്.
(തുട­രും....)
നോമ്പുകാല ചിന്തകള്‍-6 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
Join WhatsApp News
Jose Daniel 2016-02-27 13:56:18

"സ്വര്‍ണ്ണത്തളികയാണെങ്കിലും കഴുകി വയ്ക്കുമ്പോള്‍ ഭക്ഷണ മേശയ്ക്കു മാന്യത കൂടും"

വിശുദ്ധ നോമ്പിനേക്കുറിച്ചു ഒരു വാചകത്തില്‍ പറയാനും ശ്രീ ഇ. വി പൌലോസ് എന്ന എഴുത്തുകാരനു കഴിയും. നന്ദി ദൈവം അനുഗ്രഹിക്കട്ടെ.


വിദ്യാധരൻ 2016-02-27 20:36:11
ഇല്ല വിഴുങ്ങാനവില്ല നിങ്ങൾ -
തരുന്നതൊക്കെ കിഴങ്ങുപോലെ 
വ്യവച്ഛേദിക്കണം സര്വ്വതിനേം 
അറിയണം അതിനുള്ളിൽ 
മറവായിരിക്കുന്ന നിഗൂഡതയെ
സത്യത്തിന്റെ മുഖംമൂടി ധരിച്ച് 
അസത്യം മരണത്തിന്റെ 
നൃത്തചുവടു വയ്ക്കുന്നു.
അതിൽ ആകൃഷ്ടരായി 
മനുഷ്യർ അന്ധരാകുന്നു 
ബന്ധിതരാകുന്നു 
മരണം വരേയും 
സ്വാതന്ത്യത്തിന്റെ 
അനന്ത വിഹായസ്സിൽ 
പറക്കാനവാതെ 
നിലത്തിഴയുന്നു 
മൃത്യുവെ കൈവരിക്കുന്നു 
എവിടെ ഇന്ന് സ്വതന്ത്രമാക്കുന്ന സത്യം?
എവിടെ കാരുണ്യം , ദയ, 
തുടങ്ങിയ സുകുമാരഗുണങ്ങൾ ?
വഴിമാറി അവയൊക്കെ 
ഈശ്വരാനുഗ്രഹത്തിന്റെ പ്രതീകമാം  
പണത്തിനും പ്രധാപത്തിനും.
പണം പണം അതിന്റെ 
കിലുകിലാരവമെങ്ങും 
ശബരിമലയിലും വിശുദ്ധനാട്ടിലുംമക്കയിലും  
അലയടിച്ചുയരുന്നു അതിന്റെ മന്ദ്രനാദം 
അതിനെ നാദബ്രഹ്മമായി കരുതി 
മതിമറക്കുന്നു മർത്യൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക