Image

ലഫ്. നവദീപ് സിങ്ങിന് അശോകചക്ര

Published on 25 January, 2012
ലഫ്. നവദീപ് സിങ്ങിന് അശോകചക്ര
ന്യൂഡല്‍ഹി: തീവ്രവാദികളോട് പൊരുതി വീരമൃത്യു വരിച്ച ലഫ്. നവദീപ് സിങ്ങിന് അശോകചക്ര. മരണാനന്തര ബഹുമതിയായി രാഷ്ട്രപതി പ്രതിഭാപാട്ടീലില്‍ നിന്ന് റിപ്പബ്ലിക് ദിനത്തില്‍ നവദീപ് സിങ്ങിന്റെ അച്ഛന്‍ ഓണററി ക്യാപ്റ്റന്‍ ജോഗീന്ദര്‍ സിങ് അശോകചക്ര ഏറ്റുവാങ്ങും.

വടക്കന്‍ കശ്മീരിലെ ഗുറേസ് മേഖലയിലാണ് ലഫ്. നവദീപ് നിയോഗിക്കപ്പെട്ടിരുന്നത്. മേഖലയില്‍ വലിയൊരു സംഘം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണറിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഫ്. നവദീപും അദ്ദേഹത്തിന്റെ കമാന്‍ഡോ പ്ലാറ്റൂണും വിരിച്ച വലയില്‍ തീവ്രവാദിസംഘം കുടുങ്ങി. കഴിഞ്ഞ ആഗസ്ത്19നായിരുന്നു സംഭവം.

തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ആദ്യം മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ നവദീപ് തന്റെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുകയും നാലാമത്തെ തീവ്രവാദിയെ വധിക്കുകയും ചെയ്തു. എന്നാല്‍, ലഫ്. നവദീപ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഏറെനേരത്തെ ഏറ്റുമുട്ടലില്‍ 12 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ലഫ്. കേണല്‍ കമല്‍ദീപ് സിങ്, ക്യാപ്റ്റന്‍ അശുതോഷ് കുമാര്‍, ലഫ്. സുശീല്‍ ഖജൂരിയ എന്നിവര്‍ക്ക് കീര്‍ത്തിചക്ര ലഭിക്കും. 

മേജര്‍ രവീന്ദ്ര കുമാര്‍ ഗുരാങ്, മേജര്‍ ശാലേന്ദര്‍, സുബേദാര്‍ മന്‍ജീത് സിങ്, നായിബ് സുബേദാര്‍ ലാല്‍ സിങ് ഖിച്ചി(മരണാനന്തരം), നായിക് സുമെര്‍ സിങ്(മരണാനന്തരം), നായിക് ശങ്കര്‍ തറഫ്ദാര്‍, ലാന്‍സ് നായിക് ബ്രിജ് കിഷോര്‍ ധാമി, റൈഫിള്‍മാന്‍ തേജ് ബഹാദുര്‍ ഗുരാങ് എന്നിവര്‍ക്കാണ് ശൗര്യചക്ര. 

ലഫ്. ജനറല്‍ വിനോദ് നായനാര്‍, ലഫ്. ജനറല്‍ സുബ്രഹ്മണ്യന്‍ രവിശങ്കര്‍, ലഫ്. ജനറല്‍ ഗോവിന്ദ മോഹന്‍ നായര്‍, ലഫ്. ജനറല്‍ ആനന്ദ് മോഹന്‍ വര്‍മ, ലഫ്. ജനറല്‍ കൊങ്ങറ സുരേന്ദ്രനാഥ്, ലഫ്. ജനറല്‍ ഗോപാലകൃഷ്ണന്‍ രാംദാസ് തുടങ്ങിയവര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍ ലഭിക്കും. 

ലഫ്. ജനറല്‍ വിജയ് കുമാര്‍ പിള്ള, മേജര്‍ ജനറല്‍ ശ്രീനിവാസന്‍ ലക്ഷ്മി നരസിംഹന്‍ തുടങ്ങിയവര്‍ക്ക് അതിവിശിഷ്ട സേവാമെഡല്‍ ലഭിക്കും. മേജര്‍ ആനന്ദ് കുമാര്‍, മേജര്‍ അജേഷ് കുമാര്‍, മേജര്‍ എം. തേജസ്, മേജര്‍ രാകേഷ് രാധാകൃഷ്ണന്‍, ക്യാപ്റ്റന്‍ വെങ്കടസുധീര്‍ ബാബു, ക്യാപ്റ്റന്‍ വിശ്വനാഥ്, ഹവില്‍ദാര്‍ രവികുമാര്‍, ലാന്‍സ് നായിക് രാകേഷ് കുമാര്‍, സൈനികന്‍ അജയ് കുമാര്‍, റൈഫിള്‍മാന്‍ മുഹമ്മദ് സജില്‍ തുടങ്ങിയവര്‍ക്കാണ് ധീരതയ്ക്കുള്ള സേനാ മെഡല്‍ ലഭിക്കുന്നത്. കേണല്‍ സി.കെ. രാജേഷിന് വിശിഷ്ടസേവനത്തിനുള്ള ബാര്‍ ടു സേനാമെഡല്‍ ലഭിക്കും. 

ബ്രിഗേഡിയര്‍ മുകേഷ് കുമാര്‍, കേണല്‍ അരുണ്‍ നായര്‍, കേണല്‍ തങ്കച്ചന്‍ ജോസ്‌വില്ല അജിത് കുമാര്‍ തുടങ്ങിയവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള സേനാ മെഡല്‍. മേജര്‍ ജനറല്‍ പെരുവെമ്പ് രാമചന്ദ്രന്‍ കുമാര്‍, മേജര്‍ ജനറല്‍ വീരേന്ദ്ര കുമാര്‍, ബ്രിഗേഡിയര്‍ നമ്പൂരത്ത് കേശവന്‍ ഉണ്ണി, ബ്രിഗേഡിയര്‍ സൂസമ്മ നൈനാന്‍, കേണല്‍ ചെറുതുണ്ടത്തില്‍ വിജയന്‍ അജയ്, കേണല്‍ ദിനേശ് കുമാര്‍, കേണല്‍ കള്ളിയാട് താളത്തുവീട്ടില്‍ ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക