Image

സ്വാശ്രയ കോളേജുകള്‍ സീറ്റുകള്‍ മടക്കി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Published on 25 January, 2012
സ്വാശ്രയ കോളേജുകള്‍ സീറ്റുകള്‍ മടക്കി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവേശനം നല്‍കിയ സീറ്റുകള്‍ സര്‍ക്കാറിനു തിരികെ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രവേശനപരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് ലഭിക്കാത്ത 61 പേര്‍ക്കാണ് ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി, എം. ഇ. എസ്. മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയത്. മൂന്നു കൊല്ലം കൊണ്ട് ഈ 61 സീറ്റുകളും സര്‍ക്കാറിന് തിരികെ നല്‍കണമെന്ന് ജസ്റ്റിസുമാരായ സിറിയക് ജോസഫ്, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 61 പേരുടെയും പ്രവേശനം റദ്ദു ചെയ്ത ഹൈക്കോടതി വിധിചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്. 

അതേസമയം, നാലു കൊല്ലത്തെ പഠനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പഠനം തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച മാനേജ്‌മെന്റുകളില്‍ നിന്ന് പിഴയീടാക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ പ്രവേശനം നേടി ഒരു കൊല്ലത്തോളം കഴിഞ്ഞ ശേഷമാണ് മെഡിക്കല്‍ കൗണ്‍സില്‍ പരാതിയുമായി രംഗത്തു വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

മാനേജ്‌മെന്റുകളുടെ പ്രോസ്‌പെക്ടസില്‍ പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കും പ്ലസ് ടുവും പ്രവേശന പരീക്ഷയും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കും വേണമെന്നാണ് പറഞ്ഞിരുന്നത്. പ്രവേശന പരീക്ഷയ്ക്ക് മാത്രം 50 ശതമാനം മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധന വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്നു ബോധപൂര്‍വമായ വീഴ്ചയുണ്ടായെന്ന് പറയാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു. മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് കീഴിലുള്ള പ്രവേശനമായതിനാല്‍ ആ ക്വാട്ടയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് തന്നെയായിരിക്കും പ്രവേശനം ലഭിക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗ്യത, പ്രവേശന പരീക്ഷകള്‍ക്ക് 50: 50 ശതമാനം മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന ഇവ രണ്ടും ചേര്‍ത്തു പരിഗണിച്ചിരിക്കാമെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പ്രവേശന പരീക്ഷ നടത്തിയത് മുഹമ്മദ് കമ്മിറ്റിയായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയതും അവരാണ്. പരീക്ഷയെ കുറിച്ച് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്ന് വിധിയില്‍ പറയുന്നു. 

അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവേശനം നടത്തിയതിനാല്‍ 61 സീറ്റുകളും സര്‍ക്കാറിന് ഘട്ടങ്ങളായി തിരികെ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജൂബിലി, കോലഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ യഥാക്രമം അഞ്ചും, എട്ടും സീറ്റുകളിലാണ് ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയത്. ഇവര്‍ അടുത്ത കൊല്ലം തന്നെ അവ തിരികെ നല്‍കേണ്ടി വരും. പുഷ്പഗിരിയും എം. ഇ. എസ്സും യഥാക്രമം 24, 27 സീറ്റുകളിലാണ് പ്രവേശനം നല്‍കിയത്. ഇവ ഒരു കൊല്ലം എട്ടു സീറ്റുകള്‍ വീതം തിരികെ സര്‍ക്കാറിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ക്രൈസ്തവ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി അഡ്വ.റോമി ചാക്കോയും എം. ഇ. എസ്സിന് വേണ്ടി രാജീവ് ധവാനും ഇ. എം. സദറുള്‍ അനാമും ഹാജരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക