Image

റാഗിംഗ്: ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിച്ചു; മൂന്നു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Published on 25 January, 2012
റാഗിംഗ്: ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിച്ചു; മൂന്നു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ആലപ്പുഴ: പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ് കോളജിലെ കോളജ് ഡേയിലുണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമുണ്ടായ സംഘട്ടനത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. സഹകരണ എന്‍ജിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ പ്രവീണ്‍, പ്രഫുല്‍, സച്ചിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇവരെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും മറ്റു രണ്ടുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റ പ്രവീണിന് എട്ടു സ്റ്റിച്ചുണ്ട്. കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ സച്ചിനെ മൂന്നാംസെമസ്റ്റര്‍ വിദ്യാര്‍ഥി റാഗ് ചെയ്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു തുടക്കമെന്ന് പോലീസ് പറഞ്ഞു. ഇതിനെ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകനായ പ്രവീണ്‍ എതിര്‍ത്തു. 

ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ കോളജില്‍വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു. കോളജ് ഡേ ആഘോഷങ്ങള്‍ അവസാനിച്ചതിനേത്തുടര്‍ന്ന് വീട്ടിലേക്കു പോകാനായി കളര്‍കോട് ബസ് സ്‌റ്റോപ്പില്‍ വൈകുന്നേരം 5.30 ഓടെ ബസ് കാത്തു നിന്ന പ്രവീണിനെയും സുഹൃത്തുക്കളായ പ്രഫുല്‍, സച്ചിന്‍ എന്നിവരെ മൂന്നംഗസംഘം മര്‍ദിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ് സൗത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുക്കാനായില്ല. സംഘര്‍ഷവിവരമറിഞ്ഞ് പുന്നപ്ര പോലീസ് സ്ഥലത്തെത്തിയിരുന്നു. സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക