Image

അറുപത്തി മൂന്നാമത് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

Published on 26 January, 2012
അറുപത്തി മൂന്നാമത് റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 63-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിന പരേഡ് നടന്നു. ഡല്‍ഹിയില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. ചെങ്കോട്ടയില്‍ നടന്ന പരേഡില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സല്യൂട്ട് സ്വീകരിച്ചു. തായ് ലന്‍ഡ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാഥിതി.

രാജ്യത്തിന്റെ സൈനിക ശക്തിയെ വിളിച്ചറിയിക്കുന്ന യുദ്ധോപകരണങ്ങളും ആയുധങ്ങളും മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. അഗ്‌നി ശൃംഖലയിലെ പരിഷ്‌കരിച്ച പതിപ്പ് അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ ഇതില്‍പ്പെടും. 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നു വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. കരസേനയുടെ ഏഴാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റ്, വ്യോമസേന, സിആര്‍പിഎഫ്, തുടങ്ങി, പൊലീസ് അശ്വാരൂഡ സേന എന്‍സിസിയടക്കം ഇരുപതോളം സേനാവിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.

കൊല്ലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാറും, ആലപ്പുഴയില്‍ വി.എസ്. ശിവകുമാറും, കോട്ടയത്ത് കെ.സി. ജോസഫും, ഇടുക്കിയില്‍ ഷിബു ബേബി ജോണും സല്യൂട്ട് സ്വീകരിച്ചു. എറണാകുളത്ത് വി.കെ. ഇബ്രാഹിം കുഞ്ഞ്, തൃശൂര്‍ കെ. ബാബു, പാലക്കാട് എ.പി. അനില്‍കുമാര്‍, മലപ്പുറം പി.കെ. അബ്ദുറബ്ബ്, കോഴിക്കോട് എം.കെ. മുനീര്‍, വയനാട് പി.ജെ. ജോസഫ്, കണ്ണൂര്‍ കെ.പി. മോഹനന്‍, കാസര്‍കോഡ് പി.കെ. ജയലക്ഷ്മി എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക