Image

കേരളം അവരുടെ പറുദീസ(ലേഖനം- അവസാന ഭാഗം)ഡോ.ജോര്‍ജ്ജ് മരങ്ങോലി

ഡോ.ജോര്‍ജ്ജ് മരങ്ങോലി Published on 15 March, 2016
കേരളം അവരുടെ പറുദീസ(ലേഖനം- അവസാന ഭാഗം)ഡോ.ജോര്‍ജ്ജ് മരങ്ങോലി
തൊഴിലാളികളുടെ ഈ ആഗമനം കേരളത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടിക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി കേരളത്തില്‍ നടന്ന ഏറ്റവും ഹീനമായ കൊലപാതകങ്ങളും, കുറ്റകൃത്യങ്ങളും ഈ കുടിയേറ്റക്കാരില്‍ നിന്നായിരുന്നു എന്ന് പറയുമ്പോള്‍ അതിശയോക്തിയില്ല! പൊതുവെ സമാധാനപ്രിയരാണ് ഇവരില്‍ ഭൂരിഭാഗം പേരെങ്കിലും, നല്ല ആപ്പിളുകളുടെ ഇടയിലെ ചീഞ്ഞ ആപ്പിളുകളെപ്പോലെ കുറ്റകൃത്യവാസനയുള്ള കുറെപ്പേര്‍ ഇവര്‍ക്കിടയിലുമുണ്ട് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല! കേരളത്തില്‍ തടിവ്യവസായം കൂടുതല്‍ നടക്കുന്ന പെരുമ്പാവൂരിലും പരിസരങ്ങളിലുമാണ് കുടിയേറ്റതൊഴിലാളികള്‍ ഏറ്റവുമധികം ഉള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് ഈ പ്രദേശത്ത് നടന്ന 38 കൊലപാതകങ്ങളില്‍ 32 എണ്ണവും അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ നടത്തിയവയായിരുന്നു! അതിനുപുറമേ  323 വിവിധതരം കുറ്റകൃത്യങ്ങളും ഇവരുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2015 ജൂലൈ 9-ആം തിയതിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രറിപ്പോര്‍ട്ട് പ്രകാരം എറണാകുളത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ മാത്രം 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 96 കൊലപാതകങ്ങളാണ് നടത്തിയിട്ടുള്ളത്!

കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കു പുറമെ, 'ഭയ്യാ'മാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇക്കൂട്ടര്‍ ജോലി ചെയ്യാത്ത ഒരു മേഖലയും ഇന്ന് കേരളത്തിലില്ല. ഹോട്ടലുകള്‍, പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മീന്‍ ചന്തകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, പെട്രോള്‍ പമ്പുകള്‍, അങ്ങനെ പോകുന്ന ആ വലിയ നീണ്ട പട്ടിക! ഒരു ദിവസം ഹര്‍ത്താല്‍ വന്നാല്‍ നമ്മള്‍ കേരളീയര്‍ അതിനെ അതിജീവിച്ചെന്നിരിക്കും, എന്നാല്‍ ഈ തൊഴിലാളികെല്ലാവരും കൂടി ഒരു ദിവസം അവധിയെടുത്താലോ? കേരളത്തിലെ തൊഴില്‍ മേഖല സ്തംഭിക്കും, ജനജീവിതം നിശ്ചലമാകും!
ഇതൊക്കെയാണെങ്കിലും കേരളത്തിലെ വ്യവസായ സാമ്പത്തികമേഖലയ്ക്ക് വളരെയധികം ഉത്തേജനം നല്‍കാന്‍ ഈ കൂട്ടര്‍ സഹായകമായിട്ടുണ്ട്. ഇവരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന തുണിക്കടകളും, റോഡ്‌സൈഡ് കച്ചവടങ്ങളും മൊബൈല്‍ സ്റ്റോറുകളും നല്ല രീതിയില്‍ ലാഭം കൊയ്യുന്നവയാണ്. ബംഗാളി പടം കളിക്കുന്ന സിനിമാതിയേറ്ററുകളും ഇന്ന് പലയിടങ്ങളിലുമുണ്ട്. കേരളത്തിലെ ബസ്സുകളില്‍ ചിലതിലെങ്കിലും മലയാളത്തിനുപുറമെ ഹിന്ദിയില്‍ സ്ഥലപ്പേരുകള്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നുവെന്നുള്ളതും ആശ്ചര്യത്തിന് വക നല്‍കുന്നു!

അന്യസംസ്ഥാനതൊഴിലാളികളുടെ കേരളത്തിലേയ്ക്കുള്ള കുടിയേറ്റം ഒരു സാംസ്‌കാരിക ഉദ്ഗ്രഥനം കൂടിയാണെന്നുള്ളതില്‍ സംശയമില്ല. മലയാളികള്‍ ഹിന്ദി പഠിച്ച് ഇവരുമായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു; ഇക്കൂട്ടരാണെങ്കില്‍ മലയാളം സംസാരിക്കാന്‍ വശമാക്കിയിരിക്കുന്നു; ഇവരുടെ കുട്ടികള്‍ മറ്റു മലയാളിക്കുട്ടികളുമൊന്നിച്ച് സ്‌കൂളില്‍ പഠിക്കുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു വലിയ സാംസ്‌കാരിക സമന്വയവും, ഉണര്‍വ്വും ഈ തൊഴിലാളികളുടെ വരവോടുകൂടി നമ്മുടെ കേരളത്തില്‍ അനുഭവപ്പെട്ട് വരുന്നുണ്ട്!

കേരളത്തിലെ ജനസംഖ്യാനിരക്ക് ക്രമാതീതമായി കുറഞ്ഞു വരികയാണെന്നാണ് സ്ഥിതി വിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യാവര്‍ദ്ധന ഗണ്യമായിട്ടില്ലാത്ത ഏകസംസ്ഥാനം കേരളമാണ്. കുട്ടികളുടെ സംഖ്യാനിരക്ക് വിപരീതാനുപാതത്തിലായതുമൂലം പലസ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്! 

കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജനങ്ങള്‍ക്ക് പ്രായമേറിക്കൊണ്ടിരിക്കുന്നതും, ജോലിക്കുവേണ്ടി ഒട്ടേറെ മലയാളികള്‍ അന്യദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നതുമെല്ലാം കേരളത്തിന്റെ ജനസംഖ്യാവളര്‍ച്ചയെയാണ് സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്! ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ കേരളത്തില്‍ ജോലിക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞുപോകാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കേരളത്തിലേയ്ക്ക് നിത്യേനയെന്നോണം കുടിയേറിക്കൊണ്ടിരിക്കുന്ന പശ്ചിമേന്ത്യക്കാരുടെ നാടായി കേരളം മാറിക്കൂടെന്നില്ല! കേരളത്തിലെ അനുകൂലസാഹചര്യങ്ങളും, വളരെ മെച്ചപ്പെട്ട വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോകാനുള്ള സാദ്ധ്യതയും വളരെ കുറവാണ്.

നമ്മുടെ ദേശീയ ഉത്സവമായ ഓണവും, മറ്റ് ഉത്സവങ്ങളുമെല്ലാം അന്യനാടുകളിലുള്ള പ്രവാസികളാണ് കൂടുതലായി ആഘോഷിക്കുന്നത്. അതുപോലെ ഈ അന്യസംസ്ഥാന തൊഴിലാളികളും അവരുടെ 'ദുര്‍ഗ്ഗപൂജ'യും, 'കാളിപൂജ'യും, 'ഹോളി'യും, 'ബിഹു'(ആസ്സാം)വും, 'ദസ്സറ'യും, ബംഗ്ലാദേശി ഉത്സവമായ 'പഹേല ബായ്ശാഖ'യുമെല്ലാം കേരളത്തിലേക്ക് കൊണ്ടുവന്ന് ആഘോഷിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല! കേരളത്തിലെ വിവരസാങ്കേതിക വിദ്യ തലമുറയ്ക്കാണെങ്കില്‍ പഴഞ്ചനായ നമ്മുടെ ആചാരാനുഷ്ഠാനങ്ങളോടും, നൂതനമല്ലാത്ത ആഘോഷങ്ങളോടുമെല്ലാം ഒരു പരിധിവരെ അവജ്ഞയും, അനാസ്ഥയുമൊക്കെയാണുതാനും. ഈ സ്ഥിതി വിശേഷം തുടര്‍ന്നാല്‍ ഒരു പക്ഷെ നമ്മുടെ തിരുവോണവും മഹാബലിയും, തനതായ നാടന്‍ ഉത്സവങ്ങളുമെല്ലാം ചരിത്രത്തിന്റെ അറിയപ്പെടാത്ത കോണുകളിലേക്ക് പുറം തള്ളപ്പെടുകയില്ല എന്നാരു കണ്ടു?

ഈ ലേഖനം ഇവിടെ അവസാനിക്കുന്നു.....


കേരളം അവരുടെ പറുദീസ(ലേഖനം- അവസാന ഭാഗം)ഡോ.ജോര്‍ജ്ജ് മരങ്ങോലി
Join WhatsApp News
Mohan Parakovil 2016-03-18 06:20:31
കാലം കടന്നുപോകുമ്പോൾ ചില പ്രശ്നങ്ങൾ ഗുരുതരമാകുന്നു അവയ്ക്ക് പ്രതിവിധികൾ
ഇല്ലാതെ വരുന്നു. അങ്ങനെയൊരു പ്രശ്നമാണു
ശ്രീ മരങ്ങോലി ഈ ലേഖനത്തിൽ അവതരിപ്പി ച്ചിരിക്കുന്നത്. വർഗീയത പറയുകയാ ണെന്ന്
ചിന്തിക്കരുത് . കേരളത്തിലേക്ക് കുടിയേറിയ ബംഗാളികൾ മുസ്ലീം ആണെങ്കിൽ അവരുടെ ഭൂരിപക്ഷം കൂടുകയാണെങ്കിൽ കേരളത്തെ  ബംഗ്ലദേശി നോട് ചേർക്കാം. സ്വന്തം പേരു വയ്ക്കാതെ എന്തും എഴുതാൻ ധൈര്യമുള്ള
അമേരിക്കൻ മലയാളികൾ ഈ ലേഖനം കണ്ടുവോ , കണ്ടെങ്കിൽ ഒന്നുമെഴുതാതെ വിട്ടത്
എന്തുകൊണ്ടായിരിക്കും . കേരളത്തിലേയ്ക്കുള്ള
അന്യ സംസ്ഥാന അധിനിവേശത്തിൽ എന്തെഴുതാൻ
എല്ലാവരും ഭാരതീയർ എന്ന ഉദാത്ത സങ്കല്പം മൂലമായിരിക്കാം. ശ്രീ മരങ്ങോലി ഇനിയും ഇതെപ്പറ്റി എഴുതികൊണ്ടിരിക്കുക. ഒരു പക്ഷെ
വിദൂര ഭാവിയില കേരളം ബംഗ്ലാ ദേശിനോട്
ചേർക്കപ്പെടുമ്പോൾ അന്നത്തെ തലമുറ  ചരിത്രം പരിശോധിക്കുമ്പോൾ ശ്രീ മരങ്ങോലിയുറ്റെ ലേഖനത്തെപ്പറ്റി ചർച്ച ചെയ്യുമായിരിക്കാം  .  
mallu 2016-03-18 10:38:03
ചിലര്‍എന്തിലും മതം കാണും. റബര്‍ മരം ക്രൈസ്തവ ജാതിയാണെന്നു വരെ അവര്‍ പറയുന്നു.
ബംഗാളി വന്നതു കൊണ്ട് കേരളം ബംഗ്ലാദേശിനോട് കൂട്ടിച്ചേര്‍ക്കുന്നത് എങ്ങനെയെന്നു വ്യ്ക്തമല്ല.
പക്ഷെ ബംഗാളികളുടെ വരവ് കേരള സംസ്‌കാരത്തെ തകര്‍ക്കും.നമ്മുടെ ജീവിത രീതി തന്നെ മാറിപ്പോകും. അതോ അവര്‍ കുര്‍ച്ചു കഴിഞ്ഞ് അവരുടെ നാട്ടിലേക്കു പോകുമോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക