Image

കൂന് (കഥ: അനുപ സാം)

Published on 17 March, 2016
കൂന് (കഥ: അനുപ സാം)
ശാസ്തമംഗലം നെന്മന തറവാട്ടില്‍ പരമേശ്വരന്‍ നായര്‍ മരിച്ചു. ശവദാഹവും കഴിഞ്ഞു.നായരുടെ ഭാര്യ നേരത്തെ തന്നെ ഇഹലോകവാസം വെടിഞ്ഞിരുന്നു .പരമേശ്വരന്‍നായര്‍ക്ക് പത്തുമക്കളാണ്.എല്ലാവരും വിദ്യാസമ്പന്നര്‍, വിവാഹിതര്‍, കുടുംബസ്ഥര്‍. നെന്മന തറവാട്ടുകാര്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ എക്കാലവും വലിയ കടുംപിടുത്തം കാണിച്ചിരുന്നവരായിരുന്നു. അപ്പനപ്പൂപ്പന്‍മാരായി കൂട്ടുകുടുംബമാണ് തുടര്‍ന്ന് വന്നത്.മാത്രമല്ല, പാരമ്പര്യമായി നെന്മന തറവാട്ടിലെ ആണുങ്ങള്‍ കൂനന്മാരാണ്.അത് ഒരു അഭിമാനമായി അവര്‍ കരുതിപോന്നു.

ഈ തലമുറക്കാര്‍ ജോലിസൌകാര്യാര്‍ദ്ധം പലയിടങ്ങളിലും മാറി താമസിച്ചതുമൂലം വില്‍പത്രം എഴുതി വയ്ക്കുവാന്‍ പരമേശ്വരന്‍ നായര്‍ നിര്‍ബ്ബന്ധിതനായി.ആചാരപ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്തി , കിട്ടിയ വീതവുമായി എല്ലാവരും തറവാടുവിട്ടു.

ഇത് ഒരു ചെറു കഥയായതുകൊണ്ട് നമുക്ക് ബാക്കി ഒന്‍പത് മക്കളേയുംവിട്ട് ഇളയ മകന്‍ ശിവന്‍കുട്ടിയുടെ കൂടെ കൂടാം.ശിവന്‍കുട്ടി ഭാര്യ ഉഷക്കും രണ്ട് മക്കള്‍ക്കും ഒപ്പം കാനഡയില്‍ സ്ഥിരതമാസമാണ്. അവര്‍ക്കും പോകുവാന്‍ ദിവസമടുത്തു. കിട്ടിയ വിലക്ക് തറവാട് കച്ചവടമാക്കി പണം ഫിക്‌സടില്‍ഇടുവാന്‍ ചെയ്യുവാന്‍ ഉഷയുടെ പ്രത്യേക ഉത്സാഹം ഉപകാരപ്പെട്ടു.

ഇതൊക്കെ ആയാലും ശിവന്‍ കുട്ടിയുടെ വൈകാരിക ബന്ധം കണക്കിലെടുത്ത് , അപ്പനപ്പൂപ്പന്‍മാരായി ഇരുന്നു വന്ന പഴയ ചാരുകസേരയും അവരോടൊപ്പം കാനഡയിലേക്ക് ഫ്‌ലൈറ്റ് കയറി.

അനുവദിക്കപ്പെട്ട അവധി ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ ദുഃഖം കൃത്യമായിഒതുക്കി നിര്‍ത്തി ശിവന്‍കുട്ടി പതിവുപടി ജീവിതം തുടങ്ങി.എങ്കിലും എന്നും ഓഫീസില്‍ നിന്നും മടങ്ങി വന്നാല്‍ പതിവിനു വിരുദ്ധമായി പാരമ്പര്യത്തിന്‍റെ ചാരുകസേരയില്‍ കുറെ സമയം ഒതുങ്ങി കൂടല്‍ ഒരു പതിവായി. ആ സമയത്ത് ഭാര്യയോ മക്കളോ എന്തുചോദിച്ചാലും അദ്ദേഹം അറിയാറില്ല, ഇതില്‍ ഉഷക്കുള്ള അസഹിഷ്ണുത പലപ്പോഴായി പുറത്തുവന്നു തുടങ്ങി.എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമാണെന്ന് ശിവന്‍കുട്ടി കരുതിയില്ല. വലിയ പ്രത്യേകതകളൊന്നും കൂടാതെ അയാളുടെ ജീവിതം ഉണങ്ങി വരണ്ട് ഒഴുകുവാന്‍ ക്ലേശിക്കുന്ന ഏതോ പുഴ പോലെ വിരസമായി നീങ്ങി. എന്നാല്‍ ഉഷ സാദാ ഉല്ലാസവതി ആയിരുന്നു. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ മലയാളി സമൂഹത്തിന്‍റെ സകല സാമൂഹിക സാംസ്ക്കാരിക വിഷയങ്ങളും ഓടിനടന്നു എടുത്ത് തലയില്‍ വയ്ക്കുകയും , സമയക്കുറവിനെ സാദാ കുറ്റപ്പെടുത്തുകയും ചെയ്തുപോന്നു. മക്കളോ???അവരുടെ കാര്യം നമുക്ക് അവരുടെ കയ്യില്‍ തന്നെ ഏല്‍പ്പിക്കാം .അതാണല്ലോ ഇവിടുത്തെ ഒരു രീതി!

അങ്ങനെ ഇരിക്കെ, ഒരു രാത്രിയില്‍ ശിവന്‍കുട്ടി അലറിവിളിച്ചു കൊണ്ട് ഉണര്‍ന്നു.ലോകമഹായുദ്ധമാണോ ഭൂകമ്പമാണോ എന്ന്! അത്ര കൃത്യമായി മനസിലായില്ല എങ്കിലും ഉഷയും ഉറക്കെ അലറിവിളിച്ചു. ഒടുവില്‍ കാര്യമന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന് പെട്ടെന്നുണ്ടായ ഒരു പുറം വേദന ആണെന്നും ഭൂകമ്പമല്ല എന്നും ഉഷക്ക് മനസിലായി.പിറ്റേന്ന് മുതല്‍ സകലവിധ സ്‌പെഷ്യലിസ്റ്റുകളും മാറി മാറി ശിവന്‍കുട്ടിയുടെ പുറത്ത് തൊട്ടും തലോടിയും, ഇടിച്ചും, ഓടിച്ചും, ഒക്കെ നോക്കി.ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും നടത്തി.ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.ശിവന്‍കുട്ടിയുടെ വേദന നാള്‍ക്കുനാള്‍കൂടിവന്നതെയുള്ളൂ.

ഒടുവില്‍ ഡോക്ടര്‍വിധിയെഴുതി.വിഷാദരോഗം !.വേദനസംഹാരിയും ആന്‍റിഡിപ്രസന്റ്‌റും കുറെയൊക്കെ സഹായിച്ചു എന്നുതന്നെ വേണം കരുതാന്‍...ദിവസങ്ങള്‍ വീണ്ടും പഴയ പടിയിലേക്കായി തുടങ്ങി.

അങ്ങനെയിരിക്കെയാണ് ഉഷ ഒരു കാര്യം ശ്രദ്ധിച്ചത്. തന്‍റെ ഭര്‍ത്താവിന്‍റെ പുറത്ത് ഒരു വളവ്!!! ശിവന്‍ കുട്ടിയെ അര്‍ദ്ധനഗ്‌നനാക്കി കണ്ണാടിയില്‍ നോക്കി രണ്ടുപേരും ഇക്കാര്യം ഉറപ്പ് വരുത്തി.ഉഷക്ക് അതൊരു നാണക്കേടായി തോന്നിയെങ്കിലും ശിവന്‍ കുട്ടിക്ക് ആ വളവ് ഒരു അഭിമാനമായി തോന്നി.

"പാരമ്പര്യം എന്ന മഹാ ഭാഗ്യം എനിക്കും കിട്ടിയിരിക്കുന്നു.ഇതുവല്ലതും പരിഷ്കാരിയായ അവള്‍ക്കുണ്ടോ മനസിലാകാന്‍???" ശിവന്‍കുട്ടി ആത്മഗതം ചെയ്തു. അയാള്‍ തനിക്കു കിട്ടിയ മഹാഭാഗ്യത്തെയും താലോലിച്ച് ,ചാരുകസേരയില്‍ കൂടുതല്‍ സമയം ചിലവഴിച്ചു.

ഭര്‍ത്താവിന്‍റെ കൂനിന്‍റെ ഭീകരത കൂടിവരുകയും

അത് തന്‍റെ അഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഉഷ വീണ്ടും അയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. ഒടുവില്‍ ഫിസിയോതെറാപ്പിസ്ടിന്റെന്‍റെ കയ്യില്‍ എത്തി.അവരുടെ ഓരോ ചോദ്യങ്ങളേ!.ശിവന്കുട്ടിക്ക് കലിവന്നു.

"Tell me how do you sit down?" "തന്നെപ്പോലെ തന്നെ ചന്തികുത്തി" എന്നുപറയാനാണ് വന്നതെങ്കിലും അത് വിഴുങ്ങി. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഇരുന്നും , കിടന്നും , നടന്നും തെറാപ്പി കഴിഞ്ഞപ്പോഴേക്കും പാവം ശിവന്‍കുട്ടി ക്ഷീണിതനായി.അതുകൊണ്ട് അന്ന് ഉറക്കം തന്നെ ചാരുകസേരയിലായി.പിന്നീട്അതൊരു പതിവുമായി. അതുമൂലം ഭാര്യക്കുണ്ടാകുന്ന അസ്വസ്ഥത കണ്ടില്ലെന്നുനടിച്ച് ശിവന്‍കുട്ടി തന്‍റെ പാരമ്പര്യ സൗഭാഗ്യശയ്യയില്‍ തൃപ്തിയടഞ്ഞു പോന്നു. ആ കസേര ഉഷയുടെ ഒരു മുന്‍ജന്മ ശത്രു വെന്നപോലെ അവരുടെ ഇടയില്‍ നിലകൊണ്ടു.

അങ്ങനെ ഇരിക്കെയാണ് പുരാവസ്തുക്കളെ റീമോഡല്‍ ചെയ്യുന്ന ഒരു പരസ്യം ഉഷയുടെ ശ്രദ്ധയില്‍പ്പെട്ടത്.ശിവന്‍കുട്ടി ഓഫീസില്‍ പോയ സമയത്ത് അസോസിയേഷനിലെ സുഹൃത്ത് CHINNU വിന്‍റെ സഹായത്തോടെ അവര്‍ ആ ചാരുകസേര കച്ചവടമാക്കി.അന്ന് വീട്ടില്‍ എത്തിയ ശിവന്‍കുട്ടി കാര്യമറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു.പതിവിനു വിപരീതമായി ഉഷ നിശബ്ദയായി...ദിവസങ്ങള്‍ കഴിയും തോറും അസ്വസ്ഥതകള്‍ കുറഞ്ഞു വന്നു....ശിവന്‍ കുട്ടി മറ്റു നിവൃത്തി ഇല്ലാത്തതിനാല്‍ തന്‍റെ കൂനിനെ അഡ്ജസ്റ്റ് ചെയ്ത് കട്ടിലില്‍ ഭാര്യക്കൊപ്പം കൂടി.എങ്കിലും പാരമ്പര്യമായി നമുക്ക് കിട്ടിയ നിധി നീ നശിപ്പിച്ചത് ശരിയായില്ല എന്ന്! അയാള്‍ ഇടയ്ക്കിടെ ഭാര്യയെ സ്‌നേഹപൂര്‍വ്വം കുറ്റപ്പെടുത്തും.

ദിവസങ്ങള്‍ കഴിയും തോറും തന്‍റെ ഭര്‍ത്താവിന്‍റെ പുറത്തുനിന്നും അയാളുടെ പാരമ്പര്യത്തിന്റെ ഭാരം ഒഴിഞ്ഞു പോകുന്നതായി ഉഷക്ക് തോന്നി. ഒടുവില്‍ ശിവന്‍കുട്ടി പരിപൂര്‍ണമായി ഉയര്‍ത്തെഴുന്നേറ്റു......തന്‍റെ പാരമ്പര്യത്തില്‍ നിന്നും.......കൂനില്‍ നിന്നും........

ശുഭം
കൂന് (കഥ: അനുപ സാം)
Join WhatsApp News
Joseph Nambimadam 2016-03-18 12:25:11
Very good style of writing. Congratulations Anupa Sam
Anil 2016-03-19 15:05:46
Very nice.Congratulations. ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക