Image

നിറങ്ങള്‍... നിഴലുകള്‍ (കഥ: ജോസഫ്­ നമ്പിമഠം)

Published on 30 March, 2016
നിറങ്ങള്‍... നിഴലുകള്‍ (കഥ: ജോസഫ്­ നമ്പിമഠം)
(1998 ല്‍ മള്‍ബറി പ്രസിദ്ധീകരിച്ച ഉഷ്ണമേഖലയിലെ ശലഭം എന്ന കഥാസമാഹാരത്തില്‍ നിന്നും)

"അങ്കിള്‍ മിനി മോളെ പറ്റിച്ചു കളഞ്ഞല്ലോ! ഡ്രസ്സ്­ പോലും ചെയ്തില്ല. ഒന്ന് വേഗമാകട്ടെ അങ്കിള്‍."
ശൂന്യമായ കാന്‍വാസ്സില്‍ നിന്ന് കണ്ണെടുത്ത്­ തിരിഞ്ഞു നോക്കിയപ്പോള്‍ പരിഭവം കലര്‍ന്ന നോട്ടവുമായി നില്‍ക്കുന്ന മിനിമോള്‍. എത്ര നിഷ് കളങ്കമായ ഭാവം.
മിനിമോള്‍ എങ്ങോട്ട് പോകുന്നു?
"ഈ അങ്കിളിനൊട്ടും ഓര്‍മയില്ലേ? "കഴിഞ്ഞ ആഴ്‌ചേലേ പറഞ്ഞതല്ലേ ഇന്ന് ബീച്ചില്‍ പോണൂന്ന്."
അപ്പോഴാണ്­ അക്കാര്യം ഓര്‍മ വന്നത്
സ്കൂള്‍ വിട്ടു വന്നാല്‍ മിനിമോള്‍ നേരെ ഓടിവരും മുറിയിലേക്ക്. ബെഡ്ഡില്‍ കയറിയിരുന്ന് വരച്ചു തീര്‍ത്ത ചിത്രങ്ങളൊക്കെ ഓരോ വശത്തും മാറി മാറി നിന്ന് ആസ്വദിക്കും. അവ്യക്തതയും ദുരൂഹതയും മുറ്റി നില്‍ക്കുന്ന ചിത്രങ്ങളുടെ ആത്മാവിനെ കണ്ടെത്താനാവാതെ മിഴിച്ചു നില്‍ക്കുന്ന മിനിമോള്‍. എങ്കിലും, നിറങ്ങളും വര്‍ണങ്ങളും ചേര്‍ന്ന് സ്രുഷ്ട്ടിച്ച മാസ്മരികത അവളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
"അങ്കിള്‍ എന്താ ആനേനേം ചിത്രശലഭത്തേം ഒന്നും വരക്കാത്തേ"?
നിശബ്ദനായി ശൂന്യതയിലേക്ക് നോക്കി നില്‍ക്കുന്ന തന്റെ തോളത്ത് വന്നു പിടിച്ച്­ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി അവള്‍ പറഞ്ഞു " "എന്റെ ടെക് സ്റ്റ് ബുക്കില്‍ നല്ല പടോണ്ട്. അത് നോക്കി മിനിമോള്‍ക്കൊരു പടം വരച്ചു തര്വോ അങ്കിള്‍" ?
തിളങ്ങുന്ന മിഴികളുമായി ഗൌരവത്തില്‍ നില്‍ക്കുന്ന മിനിമോളെ നോക്കി കുസൃതിയോടെ ചോദിച്ചു
"മിനിമോള്‍ക്ക്­ കറുത്ത ആനേനെ വേണോ വെളുത്ത ആനേനെ വേണോ"?
"അയ്യയ്യേ! വെളുത്ത ആനയോ"? പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടിപ്പോയി മിനിമോള്‍. അജയനങ്കില്‍ പറഞ്ഞ വിഡ്ഢിത്തം മമ്മിയോടും ആന്റിയോടും പറയാന്‍.
ഭൂമിയിലെ വെള്ളാനകളെപ്പറ്റി പാവം മിനിക്കുട്ടിക്കെന്തറിയാം.
എത്ര ശ്രമിച്ചിട്ടും തന്റെ ആല്‍മാവിന്റെ നൊന്പരങ്ങള്‍ ഈ കാന്‍വാസിലേക്ക് പകര്‍ത്താനാവുന്നില്ലല്ലോ. പുതിയത് സൃഷ്ട്ടിക്കാനുള്ള വേദനയുടെ നിര്‍വ്രുതിയുമായാണ് നിത്യവും ഉണരുന്നത്. മുഗ്ദ്ധമായ ഉഷസ്സിന്റെ പിറവിയില്‍ ഉല്‍സ്സാഹത്തിമിര്‍പ്പുള്ള കൊച്ചു കുട്ടിയായി പിറന്നു വീഴും. മധ്യാഹ്ന്‌നത്തിന്റെ കൊടുംചൂടില്‍ മധ്യ വയസ്ക്കന്റെ ആലസ്യത്തോടെ മെത്തയില്‍ വീണു മയങ്ങും. ഭാവനകളുടെ ഗര്‍ഭം പേറുന്ന ഏകാന്തമായ രാത്രിയില്‍, പ്രതീക്ഷകള്‍ നശിച്ച കിഴവനായി ശൂന്യതയുടെ വേദനയും പേറി മച്ചിലേക്ക് നോക്കി കിടക്കും.
വരച്ച ചിത്രങ്ങളിലെല്ലാം അപൂര്‍ണത. പൂര്‍ത്തിയായവയിലെല്ലാം അസംതൃപ്തി. പൂര്‍ണത എന്ന മിഥ്യ എന്നും കയ്യെത്താ ദൂരത്തായിരുന്നു. അപൂര്‍ണനായി ജനിച്ച് , പൂര്‍ണതക്ക് വേണ്ടി മോഹിച്ച്, അപൂര്‍ണതയില്‍ വിലയം പ്രാപിക്കുന്ന പ്രതിഭാസമാണോ ഈ ജീവിതമെന്നത്?
ബ്രഷ് മേശപ്പുറത്തിട്ടു, ബെഡ്ഡില്‍ കിടന്നു കൊണ്ട് ഒരു സിഗരെട്ടിനു തീ കൊളുത്തി. ഞായറാഴ്ച ആണ് മലയാളി സമാജം തന്റെ വണ്‍ മാന്‍ ഷോ അറേഞ്ച് ചെയ്തിരിക്കുന്നത്.
മൂത്ത സഹോദരന്റെ നിര്‍ബദ്ധം കൊണ്ടാണ് ഈ മഹാനഗരത്തിലേക്ക് വണ്ടി കയറിയത്. വലിയ പ്രതീക്ഷകളൊന്നും താലോലിക്കാന്‍ ഉണ്ടായിരുന്നില്ല
റെയില്‍വേ സ്‌റ്റേഷനില്‍ മേനോനും, മിനിയും, പൂര്‍ണിമയും കാത്തു നിന്നിരുന്നു
"പൂര്‍ണിമേ ഇതാണ് മിസ്റ്റര്‍ അജയന്‍. ഷുവര്‍ളി എ ജീനിയസ്"
വാചാലനായ മേനോന്റെ പരിചയപ്പെടുത്തല്‍
"സോറി മിസ്റ്റര്‍ അജയന്‍ ഇതാരാണെന്ന് പറഞ്ഞില്ലല്ലോ"
മേനോന്റെ നിഴല്‍ പറ്റി നിലത്തു കളം വരച്ചു നില്‍ക്കുന്ന പച്ച ഷിഫോണ്‍ സാരിക്കാരിയെ നോക്കി നില്‍ക്കാന്‍ കൌതുകം തോന്നി.
"മൈ സിസ്റ്റര്‍ പൂര്‍ണിമ. ഷീ ഈസ്­ ഫോര്‍ ഫൈനല്‍ ബികോം"
"കണ്ടതില്‍ സന്തോഷം". കൈ കൂപ്പി ക്കൊണ്ട് പറഞ്ഞു.
"സെയിം ടു മീ" നിലത്തു നിന്ന് കണ്ണെടുക്കാതെ അവള്‍ മൊഴിഞ്ഞു. വശ്യമായ ഒരു ചിത്രം പോലെ നില്‍ക്കുന്ന അവളെയും അവളുടെ പച്ചസാരിയും നോക്കി എത്രനേരം നിന്നു?
"വരൂ നമുക്ക് പുറത്തേക്കിറങ്ങാം" മേനോന്റെ ശബ്ദം. തന്റെ അപക്വമായ പെരുമാറ്റത്തില്‍ ലജ്ജിച്ചുകൊണ്ട് നിശ്ശബ്ദനായി ഒപ്പം നടന്നു. നഗരത്തില്‍ വന്നിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു. മേനോന്റെ കൊച്ചു വീടിന്റെ ഒരു മുറി തനിക്കായി ഒഴിച്ച് തന്നിരിക്കുന്നു. ചുട്ടു പഴുത്ത ഓടുകളുടെ ചൂട് എപ്പോഴും അകത്തേക്ക് അടിച്ചുകൊണ്ടിരിക്കും. താഴെയുള്ള ഇടവഴിയിലെ ദുസ്സഹമായ ഗന്ധം ശ്വസിക്കുന്‌പോള്‍ വീര്‍പ്പു മുട്ടും. എത്ര വിരസ്സമാണീ നഗര ജീവിതം. യാന്ത്രികമായി ചലിക്കുന്നവര്‍. ആത്മാര്‍ത്തത ഇല്ലാത്ത ഉപചാര പ്രകടനങ്ങള്‍. തിരക്കുള്ള ബസ്സിലെ യാത്രക്കാര്‍ തമ്മിലുള്ള ബന്ധം പോലെ. ഒരു പക്ഷെ ഗ്രാമത്തില്‍ നിന്നു വന്നതുകൊണ്ട് തനിക്കു തോന്നുന്നതാവാം.
"ദാ അജയേട്ടാ കാപ്പി".
മുന്നില്‍ കാപ്പി കപ്പുമായി നില്‍ക്കുന്ന പൂര്‍ണിമ. നിലത്തു കിടക്കുന്ന സിഗററ്റു കുറ്റികളുടെ കൂന്പാരത്തിലുടക്കിയ കണ്ണിണകള്‍. അത്രയേറെ സിഗററ്റുകള്‍ താന്‍ വലിച്ചു തീര്‍ത്തത്­ പൂര്‍ണിമയുടെ ശ്വാസകോശത്തിലാണ് പാടുകള്‍ വീഴ്ത്തിയത് എന്ന് തോന്നും ആ നില്‍പ്പ് കണ്ടാല്‍.
"ഒന്ന് വേഗം ഡ്രസ്സ്­ ചെയ്യു." കാപ്പി മേശപ്പുറത്ത് വെച്ചിട്ട് അവള്‍ പറഞ്ഞു.
"നിങ്ങള്‍ രണ്ടാളും കൂടി പോയിട്ടുവരൂ". പൂര്‍ണിമയുടെ മുഖത്തു നോക്കാതെ പറഞ്ഞു
"ദാ ഷര്‍ട്ടിടൂ" ഹാങ്ങറില്‍ നിന്നു ഷര്‍ട്ട്­ എടുത്തു നീട്ടികൊണ്ട് പൂര്‍ണിമ നിന്നു.
യാന്തികമായി ബെഡ്ഡില്‍ നിന്ന്­ എഴുന്നേറ്റു വാഷ് ബേസി നടുത്തെക്ക് പോകുന്‌പോള്‍ മനസ്സിലോര്‍ത്തു. സ്‌നേഹത്തിന്റെ മുന്നില്‍ അജയന്‍ എപ്പൊഴും ദുര്‍ബലനായിപ്പോകുന്നു.
മിനിമോളുടെ കൈപിടിച്ചു സ്റ്റയെര്‍ കേസിറങ്ങി നടന്നു. പിറകെ പൂര്‍ണിമയും.
മലമൂത്രങ്ങളുടെ ദുര്‍ഗ്ഗന്ധ മുയരുന്ന ഇടവഴി. അതിനരികില്‍ ചെറിയ അന്പലവും ആല്‍ത്തറയും. നിശ്ശബ്ദദ്ധരായി നടന്നു നീങ്ങുന്ന പൂര്‍ണിമയേയും തന്നെയും കൂട്ടി ഇണക്കുന്ന കണ്ണിയായി ഇരുവരുടെയും കൈകളില്‍ പിടിച്ചു നീങ്ങുന്ന മിനിമോള്‍. അവള്‍ വാചാലയായി എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. പൂര്‍ത്തിയാകാത്ത ചിത്രത്തെപ്പറ്റിയായിരുന്നു ചിന്ത മുഴുവന്‍.
യുഗങ്ങളായി അനേകര്‍ ചവിട്ടിക്കുഴച്ച കടല്‍ത്തീരം, കാലം വരച്ച ആവര്‍ത്തന ചിത്രം പോലെ വിരസ്സമായി കിടന്നു. പഴയതിന്റെ ആവര്‍ത്തനത്തില്‍ എന്ത് ത്രില്‍ ആണുള്ളത്? പുതിയത് സൃഷ്ട്ടിക്കുന്നവനല്ലേ യഥാര്‍ത്ഥ സൃഷ്ട്ടാവ്?
"അജയേട്ടന്‍ ഈ കടല്‍ പോലെയാ. എപ്പൊഴും അസ്വസ്ഥന്‍" പൂര്‍ണിമയുടെ ഒബ്‌­സര്‍വേഷന്‍.
"കടലിന്റെ അസ്വസ്ഥതയെന്ന സ്വഭാവം മാത്രമേ എനിക്കു ചേരൂ. അതിന്റെ അഗാധനീലിമ ഇതാ ഈ കണ്ണുകളിലാണ്". മിനിമോളുടെ മുഖം പൂര്‍ണിമയുടെ നേരെ പിടിച്ചുകൊണ്ടു പറഞ്ഞു.
പെട്ടെന്ന് പൂര്‍ണിമയുടെ ഉല്‍സഹമെല്ലാം കെട്ടടങ്ങി. മിഴികളില്‍ മുത്തുമണികള്‍ തിളങ്ങി.

"അല്ലേലും ഈ അജയേട്ടനു എന്നോട് അല്പം പോലും സ്‌നേഹമില്ല." സമുദ്രത്തിന്റെ അനന്തതയിലേക്ക് കണ്ണയച്ചുകൊണ്ട് ആരോടെന്നില്ലാതെ അവള്‍ പിറുപിറുക്കുന്‌പോള്‍ പൊട്ടിച്ചിരിച്ചുപോയി.
"മിനിമോളെ ഈ പെണ്‍കുട്ടികളുടെ അസൂയ ഭയങ്കരമാണല്ലേ? മോളുടെ കാര്യമായിട്ടുപോലും ആന്റിക്ക് അത് സഹിക്കുന്നില്ല. ഇപ്പോള്‍ ആന്റിയുടെ കണ്ണിലേക്കു ഒന്ന് നോക്കൂ കരിംകൂവളപ്പൂവില്‍ തുഷാര ബിന്ദുക്കള്‍ മുറ്റി നില്‍ക്കും പോലെ ഉണ്ട് അല്ലേ"?
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് കക്കകള്‍ പെറുക്കാന്‍ ഓടിപ്പോയി, മിനിമോള്‍. ഒരു ഓണത്തുന്പിയെപ്പോലെ തെന്നി തെറിച്ചു പോകുന്ന മിനി മോളെ നോക്കി അജയന്‍ ഇരുന്നു.
പൂര്‍ണിമ അപ്പോഴും പരിഭവത്തില്‍ തന്നെ ആയിരുന്നു. അങ്ങ് ദൂരെ നിന്നും തീരത്തെ ഉമ്മ വെക്കാന്‍ ആഞ്ഞടുക്കുന്ന തിരകളുടെ ആവേശം നോക്കി അവള്‍ ഇരുന്നു. മണല്‍ത്തരികളുടെ ഈര്‍പ്പം നിറഞ്ഞ ചുണ്ടുകളില്‍ ഉപ്പുരസം. തിരകളുടെ മേനിയില്‍ യുവത്വത്തിന്റെ ആവേശം. പക്ഷെ തിരയും തീരവും വളരെയേറെ അകലത്തിലായിരുന്നു.

കടല്‍ക്കാറ്റില്‍ പറന്നുയരുന്ന പൂര്‍ണിമയുടെ സാരിത്തലപ്പു പോലെ തന്റെ ചിന്തകളും പറന്നുയരാന്‍ തുടങ്ങി ..ഞാവല്‍ പഴം തേടി പറന്നു പോയ ഒരു പനം തത്തയുടെ പിറകേ...
സ്വപ്നം മയങ്ങുന്ന മിഴികളുള്ള അനിതയെന്ന പെണ്‍കുട്ടി എന്തിനു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നു? അസ്വസ്ഥമായ തന്റെ മനസ്സില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ ആയിരുന്നോ? കോളേജില്‍ എത്രപേര്‍ അനിതയുടെ പിറകേ നടന്നു. അത് തന്നിലേക്ക് മാത്രം പ്രവഹിച്ചത് മനസ്സിന്റെ തീരങ്ങളെ തകര്‍ക്കാനായിരുന്നോ?

അല്ലെങ്കിലും, മനുഷ്യന്‍ ഒരു കോടി മോഹങ്ങളുടെയും അതിലേറെ മോഹ ഭംഗങ്ങളുടെയും അധിപന്‍ ആണല്ലോ. അതൊന്നുമില്ലെങ്കില്‍ എന്ത് ഓര്‍ത്താണ് മനസ്സ് അസ്വസ്ഥമാകേണ്ടത് ?
ഈ അസ്വസ്ഥത ഇല്ലെങ്കില്‍ പിന്നെ അജയനെന്ന ചിത്രകാരന് അസ്ഥിത്വമുണ്ടോ?
"അജയേട്ടാ, ഈ പുസ്തകം എങ്ങിനെയുണ്ട്" ?
ലൈബ്രറിയില്‍ തിരിക്കിട്ടു വായിച്ചു കൊണ്ടിരിക്കുംന്‌പോള്‍ പിന്നില്‍ ഒരു പുസ്തകവുമായി അനിത.
"എന്താ കുട്ടീ ഞാന്‍ ഇംഗ്ലിഷ് പ്രൊഫെസ്സറോ മറ്റോ ആണോ? ദയവായി ശല്യപ്പെടുത്താതിരിക്കൂ".
അല്പം കഴിഞ്ഞു കാന്പസിലെ പൂത്ത ചെന്പകത്തിന്റെ ചുവട്ടിലിരുന്നു കണ്ണു തുടക്കുന്ന തുടയ്ക്കുന്ന അനിതയെ ജനാലയിലൂടെ കണ്ടു. ദുഃഖം തോന്നി. പാവം അനിത. അങ്ങിനെ പറയേണ്ടിയിരുന്നില്ല. ലാസ്റ്റ് അവര്‍ ഫ്രീ ആയിരുന്ന ഒരു ദിവസം കന്റീനിലെക്കു പോകുകയായിരുന്നു.
"എസ് ക്വീസ് മീ മിസ്റ്റര്‍ അജയന്‍ ഒന്ന് നില്‍ക്കൂ"
തന്നോട് കടം വാങ്ങിയ നോട്ടുബുക്കുമായി പിന്നില്‍ അനിത.
"താങ്ക് യൂ വെരി മച്ച്". നേരെ നോക്കാതെ അവള്‍ പറഞ്ഞു
"അനിതക്കെന്നോട് പിണക്കം തോന്നുന്നുണ്ടാകും അല്ലേ? അപ്പോള്‍ ഞാന്‍ നല്ല മൂടിലായിരുന്നില്ല ക്ഷമിക്കൂ"
അനിതയുടെ ഭാഗത്ത്­ നീണ്ട മൌനം...
"എന്താ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ലെന്നുണ്ടോ"?
"അജയേട്ടാ"!
ആ വിളി രക്തപ്രവാഹത്തിലാകെ പടര്ന്നു കയറി... ഇപ്പോഴും പ്രതിധ്വനിക്കുന്നു ആ വിളി.. അങ്ങ് ദൂരെ നിന്നെന്നപോലെ. പിന്നീടങ്ങോട്ട് അടുപ്പം വര്‍ദ്ധിയായിരുന്നു. നിമിഷങ്ങളുടെ വേര്‍പാടിനു പോലും യുഗങ്ങളുടെ ദൈര്‍ഘ്യം.. മനസ്സിന് എന്തൊരു ആവേശമായിരുന്നു. ഒരിക്കലും മടുക്കാത്ത പ്രപഞ്ച സൌന്ദര്യം.. സങ്കല്‍പ്പങ്ങളും ഭാവനകളും ഒഴിയാത്ത ദിനങ്ങള്‍..ഊണിലും ഉറക്കത്തിലും കൈവിടാതെ കൂട്ടുകാരായി മനോഹരതീരങ്ങള്‍... എത്രയോ ചിത്രങ്ങള്‍ വരച്ചു കൂട്ടി.. പ്രകൃതിയുടെ ചൈതന്യം മുഴുവന്‍ അവാഹിച്ചെടുക്കാന്‍ ആവേശം. അനിതയുമയി എത്രയോ സംഗമങ്ങള്‍. എത്രയോ കത്തുകള്‍. പരീക്ഷ കഴിഞ്ഞു യാത്ര പറയാന്‍ വന്ന ദിവസം എത്ര നേരം ആ പൂത്ത ചന്പകത്തിന്റെ ചുവട്ടില്‍ നിന്നു?...

എന്തിന് ഇതെല്ലം ഓര്‍മ്മിച്ചിരിക്കണം? കത്തുകള്‍ പിന്നീടു ചുരുങ്ങിവന്നു. എന്താണ് കാരണം? ഡിഗ്രി എടുത്തു കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ബ്രഷും കാന്‍വാസുമുള്ള ലോകത്തില്‍ സ്വയം തളച്ചിട്ടിരിക്കുകയാണെന്ന് അവള്‍ക്കു എഴുതിയതു കൊണ്ടാണോ?
ബഷിന്റെയും കാന്‍വാസ്സിന്റെയും ലോകം എത്രയോ നാളായി മറന്നിരിക്കുന്നു. പകരം ജനറല്‍ നോലെഡ്ജ് ബുക്കുകളും ഇന്റര്‍വ്യൂകളും മാത്രം. എന്നിട്ടുമെന്തേ ഒരു ജോലി ലഭിക്കാ ക്കാഞ്ഞത്? കലാകാരനായിപ്പോയതുകൊണ്ടാണോ? ജീവിതത്തിന്റെ അടര്‍ക്കളത്തില്‍ ബ്രഷിനും ചായത്തിനും എന്ത് വില?

ഇപ്പോള്‍ അനിത എവിടെ ആയിരിക്കും? കല്യാണമൊക്കെ കഴിഞ്ഞ്­ ഉയര്‍ന്ന വല്ല ഉദ്യോഗസ്ഥന്റെയും ഭാര്യആയി കഴിയുന്നുണ്ടാകും.

"നമുക്ക് പോകാം അങ്കിള്‍'

മിനി മോളുടെ കൈ നിറയെ കക്കകള്‍. പല നിറത്തിലും രൂപത്തിലുമുള്ളവ. പൂര്‍ണിമ അപ്പോഴും നനവുള്ള മണ്ണില്‍ എന്തോ കുത്തിക്കുറിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. പൂര്‍ണിമ തനിയെ എത്ര മണിക്കൂറായിക്കാണും അങ്ങിനെ ഇരിക്കാന്‍ തുടങ്ങിയിട്ട് ? സാമാന്യ മര്യാദ പോലും കാണിക്കാന്‍ തനിക്കു അറിയില്ലെന്നായിരിക്കുന്നു.
നിസ്സംഗനായ അജയന്‍.. നിര്‍വികാരനായ അജയന്‍ .. സങ്കല്‍പ്പങ്ങളും ഭാവനകളും നഷ്ട്ടപ്പെട്ടു ശൂന്യനായ അജയന്‍ .. അര്‍ത്ഥമില്ലാത്ത അസ്ഥിത്വത്തിനു ഉടമയായ അജയന്‍ ..

നോഹയുടെ പെട്ടകം പോലെ തീരത്തെ മണലില്‍ ഉറച്ചു കിടക്കുന്ന മീന്‍ പിടുത്തക്കാരുടെ ഓടങ്ങള്‍ പിന്നിട്ടു നടന്നു.
മലമൂത്രങ്ങളുടെ രൂക്ഷഗന്ധമുയരുന്ന ഇടവഴി ...അന്പലം ആല്‍ത്തറ...വഴിനീളെ ആ ഗന്ധം ശ്വസിച്ചുറങ്ങുന്ന മനുഷ്യക്കോലങ്ങള്‍.
ഹര്‍ഷോന്മാദം പൂണ്ടു വിറകൊള്ളുന്ന ആലിലകള്‍ക്ക് താഴെ നഗ്‌നരായി കെട്ടുപിണഞ്ഞു കിടന്നുറങ്ങുന്ന തെരുവു ദന്പതികള്‍. ഭാഗ്യം.. മിനിമോളും പൂര്‍ണിമയും അതു കണ്ടില്ല.

"ഞങ്ങള്‍ക്ക് കൂടി മനസ്സിലാകുന്ന ചിത്രം വരയ് ക്കണേ" സ്‌റ്റെയര്‍കേസ്സ് കയറി മുറിയിലേക്ക് പോകാന്‍ തുടങ്ങുന്‌പോള്‍ പൂര്‍ണിമ ഓര്‍മിപ്പിച്ചു
"എനിക്കു വെളുത്ത ആനേനെ വരച്ചു തരണം കേട്ടോ അങ്കിള്‍"...മിനിമോള്‍.
ദുര്‍ഗ്രഹമായ ചിത്രങ്ങള്‍ വരച്ചാലേ പ്രസിദ്ധനാകൂ എന്ന് എപ്പൊഴും പറയാറുള്ള മേനോന്‍ ചാരുകസ്സാലയില്‍..
യാതൊരു അഭിപ്രായവും ഇല്ലാത്ത, ചിത്രരചനയില്‍ അശേഷം താല്‍പര്യമില്ലാത്ത മേനോന്റെ ഭാര്യ വാതില്‍ക്കല്‍ ..
എല്ലാവരെയും പിന്നിട്ടു മുറിയിലേക്ക് നടന്നു. മുന്നില്‍ ശൂന്യമായ കാന്‍വാസ്. വാശിയോടെ ബ്രഷ് കൈയ്യില്‍ എടുത്തു.
അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് ഹര്‍ഷോന്മാദം പൂണ്ടു വിറകൊള്ളുന്ന ആലിലകളും, അതിനു കീഴെ, അരണ്ട വെളിച്ചവും നിഴലുകളും വീണ തറയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന തെരുവു ദന്പതികളും ആയിരുന്നു.
തെരുവിന്റെ നിശ്വാസം, മനസ്സിന്റെ തീരങ്ങളില്‍ ചലനങ്ങള്‍ സൃഷ്ട്ടിച്ചപ്പോള്‍, നിറങ്ങളുടെയും നിഴലുകളുടെയും ഒരു അപൂര്‍വ സംഗമം കാന്‍വാസ്സില്‍ രൂപമെടുക്കുകയായിരു­ന്നു.
Join WhatsApp News
andrew 2016-03-30 17:23:44
good job. we readers miss you
വിദ്യാധരൻ 2016-03-30 20:49:36
സൃഷ്ടിയുടെ പ്രഭവ സ്ഥാനം അന്വേഷിക്കുമ്പോൾ അതിന് ഒടുങ്ങാത്ത ഭോഗലാലസതയുമായി ബന്ധമുണ്ടെന്നു ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നു. കാലാകാരന്മാരിൽ കാമചോദനയുടെ (ലിബിഡൊ) തള്ളിക്കയറ്റം ഉണ്ടാകുമ്പോൾ അവർ അതിനു ചാലുകൾ കീറി കലാരൂപങ്ങൾ ഉണ്ടാക്കുന്നു.  "വശ്യമായ ഒരു ചിത്രംപോലെ നില്ക്കുന്ന അവളെയും അവളുടെ പച്ച സാരിയും നോക്കി അയാൾ എത്ര നേരം നിന്നു'' അജയന്റെ സൃഷ്ടിക്കാനുള്ള ത്വരയുടെ ആരംഭം ഇവിടെക്കുറിക്കുന്നു. പിന്നീട് നഗനരായി ഇണചേരുന്ന തെരുവ് ദമ്പതികളുടെ ചിത്രം  അയാളുടെ  ലൈംഗിക തൃഷ്ണയെ ആളികത്തിക്കുന്നു.   അയാളക്ക് ആന്തരിക ഗ്രന്ഥി സ്രാവം അനുഭവപ്പെടുന്നു.  വാശിയോടെ അയാൾ ബ്രഷ് കൈലെടുത്തപ്പോൾ നിറങ്ങളുടെയും നിഴലുകളുടെയും ഒരു അപൂർവ്വ സംഗമത്തിൽ ക്യാനവാസിൽ മനോഹരമായ ഒരു ചിത്രം ആലേഖനം ചെയ്യപ്പെടുന്നു.  

"തന്ത്രിയറ്റുള്ളൊരി വീണയിൽക്കൂടി നി-
ന്നംഗുലി തെല്ലൊന്നു സഞ്ചരിക്കേ 
എന്തത്ഭുതാജ്ഞാത സംഗീതവീചികൾ
സംക്രമിക്കുന്നില്ലതിങ്കൽ നിന്നും" (പ്രേമപൂജ -ചങ്ങമ്പുഴ)

അമേരിക്കയിലെ കലാകാരന്മാർ അവരുടെ അന്തർഗ്രന്ഥി  സ്രാവങ്ങളെ ശരിയാവഴിക്ക് ചാല് കീറി വിടുമെങ്കിൽ ഇതുപോലെയുള്ള നല്ല സൃഷ്ടികൾ ഉണ്ടാകുമെന്നതിന് സംശയംമില്ല.  എന്തായാലും കഥയിൽ കവിതയുണ്ട്. അഭിനന്ദനം .
OBSERVE. New York 2016-03-31 12:27:40
ലിബിഡോ ആണത്രേ ലിബിഡോ!ഒരു കലാ സൃഷ്ടി മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ ചില നിരൂപകർ ചെയ്യുന്ന ഒരു ചെപ്പടിവിദ്യ ആണ് വായിൽ കൊള്ളാത്ത പദങ്ങൾ ഉപയോഗിച്ച് വായനക്കാരുടെ കണ്ണിൽ പൊടിയിടുക എന്നത്. ഇവിടെ ലിബിഡോ,ആന്തരിക ഗ്രന്ഥി ,ഭോഗലാലസത തുടങ്ങിയ വെടി പൂരങ്ങൾ ആണ് വിദ്യാദരൻ പൊട്ടിക്കുന്നത്. ലിബിഡോ (LIBIDO) എന്നാൽ കാമ വികാരം എന്ന് മാത്രമല്ല അർഥം. അതിന് ഒരു വ്യക്തിയുടെ സമഗ്രമായ ജീവ ചൈതന്യം എന്ന് കൂടി അർത്ഥമുണ്ട്. അത് ള്ളതു കൊണ്ടാണല്ലോ ഒരാൾ സര്ഗാത്മക സൃഷ്ട്ടി നടത്തുന്നത് . ഒരു കാമ്പസ് പ്രണയ ദുരന്തത്തിന്റെ ഓർമകളിൽ ജീവിക്കുന്ന ഈ കഥയിലെ കലാകാരൻ ആയ കഥാ നായകൻ പച്ച സാരിയുടുത്ത പൂർണിമയെ കാണുമ്പോൾ ആ പഴയ പ്രണയ സ്മരണകളിൽ പെട്ട് പോയി എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.("ഞാവൽ പഴം തേടി പറന്നു പോയ ഒരു പനം തത്ത യുടെ പിറകെ "എന്ന കഥാ ഭാഗം വായിക്കുക ) അതിൽ എന്ത് ലിബിഡോ ആണുള്ളത്?
വിദ്യാധരൻ 2016-03-31 17:50:34
കണ്ണ് ഉണ്ടായാൽപ്പോരാ  കാണണം ന്യുയോർക്ക് ഒബ്സേർവ്.  നമ്പി മഠത്തിന്റെ കഥയുടെ അവസാനം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു അജയന് ചിത്രം വരയ്ക്കാനുള്ള പ്രചോദനം എവിടെ നിന്ന് വരുന്നു എന്ന്.  "അപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഹർഷോന്മാദം പൂണ്ടു വിറകൊള്ളുന്ന ആലിലകളും (ചിലർ കാമാസക്തർ ആകുമ്പോൾ ആലില പോലെ വിറക്കാറുണ്ട് ) അതിനു കീഴെ അരണ്ട വെളിച്ചവും വീണ തറയിൽ കെട്ടു പിണഞ്ഞു കിടക്കുന്ന തെരുവു ദമ്പതികളും ആയിരുന്നു. തെരുവിന്റെ നിശ്വാസം മനസ്സിന്റെ തീരങ്ങളിൽ ചലനം സൃഷ്ടിച്ചപ്പോൾ നിറങ്ങളുടെയും നിഴലുകളുടെയും ഒരു അപൂർവ്വ സംഗമം ക്യാൻവാസിൽ രൂപംകൊണ്ട്"  ഇവിടെ അജയൻ എന്ന കഥാപാത്രം തന്റെ കാമാസക്തിയെ വഴിതിരിച്ചു വിട്ട് സർഗ്ഗപ്രതിഭയാക്കി മാറ്റുന്നു. ഇതറിയാൻ വയ്യാത്ത പീ.ജെ ജോസഫ് എന്ന മന്ത്രി വിമാനത്തിൽ സ്ത്രീയുടെ ചന്തിക്ക് കുത്തി രസിക്കുകയും കുഞ്ഞാലി ഐസ് ക്രീം ബാറുകൊണ്ട് വേല കാണിക്കയും, കുരിയൻ എംപി സൂര്യനെല്ലിയിലെ പെണ്ണിനെ ബലാൽസംഘം ചെയ്യുകയും  ഉമ്മൻ ചാണ്ടി മന്ത്രിസഭ മുഴുവൻ സരിതയോടോപ്പം ഉറങ്ങുകയും ചെയ്യുന്നു.   അജയന് കാമാസക്തിയെ സർഗ്ഗ പ്രതിഭയാക്കി മാറ്റിയപ്പോൾ ബലാൽസംഘം ചെയ്യാതെ രക്ഷപ്പെട്ടത് പൂർണ്ണിമയാണ്. അമേരിക്കയിലെ എഴുത്തുകാർക്ക് കാമാസക്തിയെ സർഗ്ഗ പ്രതിഭയാക്കി മാറ്റാൻ അറിയാത്തതുകൊണ്ടായിരിക്കും നല്ല സൃഷ്ടികൾ ഉണ്ടാകാത്തത്.  

സ്ത്രീ യോനിയിൽ വന്നു മുട്ടയായ ജീവനെപ്പറ്റിയും ഗൈമൂർച്ചിക്ക് ഒരു വിശദ്ധീകരണം പറയുന്നുണ്ട്.  ജീവിത്പത്തിയുടെ ഭാഷ്യം എന്ന ലേഖനത്തിൽ (ഭാരതീയ മനശാസ്ത്രത്തിനു ഒരാമുഖം -നിത്യചൈതന്യയതി എഴുതിയ കവിത ഇവിടെ ചേർക്കുന്നു 

മുട്ടയല്ലിത് ബീജമല്ലിത്
പ്രപഞ്ചേതിഹാസം 
ഒരുതോടുനുള്ളിലൊരയ്ക്കു 
ഉള്ളിലൊരു കഥാകഥനം 
ജീവവംശാവലിയുടെ 
പരമേതിഹാസം 
ബീജഹൃത്തിൽ ശയിക്കുന്ന 
ബീജഗണിതം 
ക്ഷേത്രരചനയ്ക്കുള്ള 
ക്ഷേത്രഗണിതം 
രുചിച്ചു രസിച്ചു 
കിക്കിളികൂട്ടി വാസനകൊയ്യാനൊരു 
പാചകവിധി 
ഇത്തിരി ഈശ്വാരതീയ 
കവർന്ന്‌ നാഭിയിലോതുക്കി 
സ്വവർഗ്ഗ സൃഷ്ട്ടി തുടരാനുള്ള 
സർഗ്ഗ വിരുത് 
OBSERVE. New York 2016-04-01 15:21:59
ദേ പിന്നേം ഇറങ്ങിവരുന്നു വിദ്യാധരന്റെ ലിബിഡോ, തല്ലു കൊള്ളിക്കാൻ! മാസങ്ങളായി നഗരത്തിലെ കുടുസ്സു മുറിയിൽ സിഗരെറ്റുകൾ പുകുച്ചു ശൂന്യമായ കാൻവാസ്സിൽ കണ്ണും നട്ട് ഇരിക്കുന്ന അജയൻ എന്ന ചിത്രകാരൻ, മിനിമോളുടെയും പൂർണിമ യുടെയും സ്നേഹപൂർവമായ നിര്ബ്ബന്ധത്തിനു വഴങ്ങിയാണ് കടൽക്കരയിലേക്ക്‌ പോകുന്നത് . ഏകാന്തതയിൽ അവിടെ ചിലവഴിച്ച സമയം മനസ്സിന് നവോന്മേഷം നല്കി. അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയിലാണ് തെരുവ് ദമ്പതികളുടെ രംഗം കാണുന്നത് . ആ കാഴ്ച ഒരു സ്പാർക്ക്‌ ആകുക ആയിരുന്നു. അല്ലെങ്കിൽ ഒരു നിമിത്തമാകുകയായിരുന്നു. ഒരു നല്ല ചിത്രം രചിക്കാനുള്ള ആവേശവുമായി സ്വന്ത മുറിയിലേക്ക് പോകാൻ തുടങ്ങുന്ന അജയന്റെ മുന്നിൽ കഥാകൃത്ത്‌ വരച്ചു വെക്കുന്ന ഒരു രംഗം വിദ്യാധരന്റെ കണ്ണിൽ പെട്ടോ? "ഞങ്ങൾക്ക് കൂടി മനസ്സിലാകുന്ന ചിത്രം വരയ് ക്കണേ" സ്റ്റെയർകേസ്സ് കയറി മുറിയിലേക്ക് പോകാൻ തുടങ്ങുന്പോൾ പൂർണിമ ഓർമിപ്പിച്ചു. "എനിക്കു വെളുത്ത ആനേനെ വരച്ചു തരണം കേട്ടോ അങ്കിൾ"...മിനിമോൾ. ദുർഗ്രഹമായ ചിത്രങ്ങൾ വരച്ചാലേ പ്രസിദ്ധനാകൂ എന്ന് എപ്പൊഴും പറയാറുള്ള മേനോൻ ചാരുകസ്സാലയിൽ.. യാതൊരു അഭിപ്രായവും ഇല്ലാത്ത, ചിത്രരചനയിൽ അശേഷം താൽപര്യമില്ലാത്ത മേനോന്റെ ഭാര്യ വാതിൽക്കൽ .." ഇവിടെ കഥാകൃത്ത്‌ പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ട്. ഈ നാലുപേരും കലയുടെ (സാഹിത്യത്തിന്റെ ) ആസ്വാദക രുടെ പ്രതിനിധികളല്ലേ? "എല്ലാവരെയും പിന്നിട്ടു മുറിയിലേക്ക് നടന്നു. മുന്നിൽ ശൂന്യമായ കാൻവാസ്. വാശിയോടെ ബ്രഷ് കൈയ്യിൽ എടുത്തു. അപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ഹർഷോന്മാദം പൂണ്ടു വിറകൊള്ളുന്ന ആലിലകളും, അതിനു കീഴെ, അരണ്ട വെളിച്ചവും നിഴലുകളും വീണ തറയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന തെരുവു ദന്പതികളും ആയിരുന്നു." പല വിധ അഭിപ്രായങ്ങൾ ഉള്ളവരെയും നിസ്സംഗരായവരെയും പിന്നിട്ടു, സ്വന്തമായ ഒരു കാഴ്ചപ്പാടോടെ ബ്രഷ് കയ്യിലെടുത്ത് നിറങ്ങളും നിഴലുകളും ചേർത്ത് ജീവിത ഗന്ധിയായ ഒരു ചിത്രമല്ലേ അജയൻ സൃഷ്ട്ടി ക്കുന്നത്? നഗ്നമായ യാഥാർത്യങ്ങൾ അപ്പാടെ ചിത്രീകരിച്ചാൽ കല ആകുന്നില്ല .അതിനാൽ നിറങ്ങളും നിഴലുകളും സംയോജിപ്പി പ്പിച്ച് മറയ്ക്കേണ്ടത് മറയ്ക്കുന്നു . നിറങ്ങൾ കൂടിപ്പോകാതിരിക്കാനും, നഗ്നത മറയ്ക്കുവാനും ഇത് സഹായിക്കുന്നു. ചിത്രകല ആയാലും സാഹിത്യ രചന ആയാലും ജീവിതഗന്ധിയായിരിക്കണം, വേണ്ടത് വേണ്ടതുപോലെ ചേർക്കണം, മറയ്ക്കേണ്ടത് മറയ്ക്കണം എന്നൊക്കെയുള്ള സന്ദേശമല്ലേ കഥകൃത്ത്‌ ഇവിടെ നല്കുന്നത്? ഇത് വായിച്ചെടു ക്കാൻ കഴിയാഞ്ഞതു കൊണ്ടല്ലേ താങ്കൾ ഈ കഥാ രചനയിൽ ഇല്ലാത്ത ലിബിഡോയും പൊക്കി പിടിച്ചു കൊണ്ട് വരുന്നത് ?
vayanakaran 2016-04-01 17:26:17
ന്യുയോര്ക്ക് ഒബ്സെർവർ  എന്ന പേരിൽ
എഴുതുന്നത് കഥാകൃത്ത് തന്നെയാണോ
എന്ന് സംശയം. ഇത്രയും വിശദമായി
എഴുതാൻ ഇവിടെ ആര്ക്ക് സമയം അല്ലെങ്കിൽ
ആർ ഇതിനൊക്കെ മിനക്കെടുന്നു. എന്തായാലും
നിരീക്ഷണം കൊള്ളാം. കഥ എഴുതിയ ആൾക്ക്
എല്ലാം നല്ല പോലെ അറിയുമല്ലോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക