Image

മുല്ലപ്പെരിയാറില്‍ വിദഗ്ധ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് ബോട്ടില്ല: പരിശോധന വൈകി

Published on 28 January, 2012
മുല്ലപ്പെരിയാറില്‍ വിദഗ്ധ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് ബോട്ടില്ല: പരിശോധന വൈകി
തേക്കടി: മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യപ്രകാരം വിദഗ്ധപരിശോധനയ്‌ക്കെത്തിയ സംഘത്തിന് ബോട്ട് ഏര്‍പ്പെടുത്താഞ്ഞതുമൂലം പരിശോധന ഒരു മണിക്കൂറോളം വൈകി. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞാല്‍ എത്ര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയ സംഘത്തിനാണ് അധികൃതരുടെ വീഴ്ച മൂലം ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നത്. സര്‍വേ ഓഫ് ഇന്ത്യ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. 

രാവിലെ 10.15 ഓടെ തേക്കടി ബോട്ട് ലാന്റിംഗിലെത്തിയ സംഘത്തിന് അണക്കെട്ട് പ്രദേശത്തേക്ക് സഞ്ചരിക്കാന്‍ ബോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. ജലവിഭവ വകുപ്പായിരുന്നു ബോട്ട് ഏര്‍പ്പെടുത്തേണ്ടത്. ജലവിഭവ വകുപ്പിന്റെ സ്പീഡ് ബോട്ട് കൂടാതെ വനം വകുപ്പിനും ഇവിടെ ബോട്ടുണ്ട്. ബുധനാഴ്ചയാണ് പരിശോധന ഇന്നാണെന്ന വിവരം അറിഞ്ഞതെന്നും രണ്ട് ദിവസം വനംമന്ത്രി തേക്കടിയിലുണ്ടായിരുന്നതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി യഥാസമയം ബന്ധപ്പെടാനായില്ലെന്നുമാണ് ജലവിഭവ വകുപ്പിന്റെ വിശദീകരണം. 

ഇതിനിടെ തമിഴ്‌നാടിന്റെ ബോട്ടില്‍ ഉദ്യോഗസ്ഥരെ അണക്കെട്ടില്‍ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാടിന്റെ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ കൂടെ വന്നാല്‍ മാത്രമേ ഇതിന് അനുവദിക്കുവെന്നായിരുന്നു അവരുടെ നിലപാട്. സംഭവമറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിശോധനയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്‌ടെന്നായിരുന്നു മറുപടി.

ഒരു മണിക്കൂറിന് ശേഷമാണ് പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക