Image

ചാണകപ്ലാന്റില്‍ നിന്ന് നാലു വര്‍ഷത്തിനുശേഷം മൃതദേഹം കണെ്ടത്തി; പോലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപണം

Published on 28 January, 2012
ചാണകപ്ലാന്റില്‍ നിന്ന് നാലു വര്‍ഷത്തിനുശേഷം മൃതദേഹം കണെ്ടത്തി; പോലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപണം
 കട്ടപ്പന: നാലുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ചാണകപ്ലാന്റില്‍നിന്നു കണെ്ടടുത്ത സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. സ്വന്തം പുരയിടത്തിലെ ചാണകപ്ലാന്റിന്റെ മൂടി തുറന്ന നിലയിലും ചെരിപ്പുകള്‍ പ്ലാന്റിനു സമീപം ഊരിവച്ചനിലയിലും കണ്ടിട്ടും പ്ലാന്റ് വേണ്ടരീതിയില്‍ പരിശോധന നടത്താതിരുന്നതിനാലാണ് അന്ന് ആളെ കണെ്ടത്താന്‍ കഴിയാതിരുന്നത്. 

ഇന്നലെയാണ് 2007 ഏപ്രില്‍ എട്ടിന് കാണാതായ കാഞ്ചിയാര്‍ കുഴിപ്പാലയില്‍ തോമസിന്റെ മകന്‍ മനോജി(32)ന്റേതെന്നു കരുതുന്ന അസ്ഥികൂടം ഇവരുടെ വീടിനോടു ചേര്‍ന്നുള്ള ചാണകപ്ലാന്റില്‍നിന്നു കണെ്ടടുത്തത്. ഇന്നലെ പ്ലാന്റില്‍നിന്നും സ്ലറി ഊറ്റിയെടുക്കുന്നതിനിടെ മനോജിനെ കാണാതായ ദിവസം മനോജ് ധരിച്ചിരുന്ന ലുങ്കി കണെ്ടത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മാംസഭാഗങ്ങള്‍ നഷ്ടപ്പെട്ട അസ്ഥികൂടം പൂര്‍ണമായും കണെ്ടത്തിയത്. 

മനോജിനെ കാണാതായ ദിവസം വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് വേണ്ടവിധത്തില്‍ അന്വേഷണം നടത്തിയില്ല. ഏഴടിയോളം താഴ്ചയുള്ള ചാണക വാതക പ്ലാന്റില്‍ കമ്പ് ഇട്ട് ഇളക്കി പരിശോധിച്ചശേഷം പോലീസ് മടങ്ങുകയായിരുന്നു. പ്ലാന്റിന്റെ സ്ലാബ് ഇളക്കിമാറ്റിയശേഷം ചെരിപ്പും കരയില്‍വച്ചശേഷം ഇയാള്‍ മറ്റെവിടേക്കെങ്കിലും മുങ്ങിയതാകാമെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. ഇതിന്റെ പേരില്‍ മനോജിന്റെ സുഹൃത്തുക്കളായ ഏതാനും യുവാക്കളെ പോലീസ് പീഡിപ്പിച്ചതായും പറയുന്നുണ്ട്. ചാണകപ്ലാന്റില്‍ വീണതാകാം അല്ലെങ്കില്‍ പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ മുങ്ങിപ്പോയതാകാം എന്നു സൂചനയുണ്ടായിട്ടും പോലീസ് ആ നിലയില്‍ അന്വേഷണം നടത്താതിരുന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ട്. 

ചാണകപ്ലാന്റില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത തീരെ കുറവാണ്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെങ്കില്‍ വീട്ടില്‍ മറ്റാരെങ്കിലും ഇത് അറിയേണ്ടതായിരുന്നു. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. മനോജിന്റെ അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കട്ടപ്പന സിഐ റെജി കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക