Image

അച്ഛനൊരു കത്ത് (തോമസ് കളത്തൂര്‍)

Published on 27 April, 2016
അച്ഛനൊരു കത്ത് (തോമസ് കളത്തൂര്‍)
പ്രിയപ്പെട്ട അച്ഛന്!

അച്ഛന് സുഖമില്ലാ എന്നിറഞ്ഞതുമുതല്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വളരെയേറെ വിഷമിച്ചു. എന്നാല്‍ ശ്രീദേവി വാടകയ്ക്ക് താമസിക്കുന്നത് അവിടെ അടുത്തു തന്നെയാണല്ലോ, അതുമാത്രമാണ് എനിക്കൊരു സമാധാനം.

നമ്മുടെ ശ്രീക്കുട്ടന്റെ വിവാഹം മംഗളമായി നടന്നു, അവനിഷ്ടപ്പെട്ട പെണ്ണുമായി. നാട്ടില്‍, നമ്മുടെ വീട്ടില്‍വെച്ച്, ബന്ധുമിത്രാദികളെ എല്ലാംകൂട്ടി ആഘോഷമായി നടത്തണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അവനും, അവന്റെ അമ്മയ്ക്കും, പെണ്‍കൂട്ടര്‍ക്കും ഇവിടെവെച്ചുതന്നെ നടത്തുന്നതിനാലായിരുന്നു താല്പര്യം. ശ്രീക്കുട്ടനും അധികദിവസം അവധി കിട്ടില്ലത്രേ. ആഗ്രഹങ്ങളേക്കാള്‍ സ്വപ്നത്തേക്കാള്‍ സൗകര്യത്തിനാണല്ലോ പ്രാധാന്യം. തലമുറകള്‍ക്കിടയില്‍ ഒരാള്‍ നിശ്ശബ്ദനായി, മോഹഭംഗങ്ങളും തോല്‍വികളും ഏറ്റുവാങ്ങിയാല്‍, മുകളിലും താഴെയുള്ളവര്‍ക്ക്, സന്തോഷം നഷ്ടപ്പെടാതെ ജീവിതം ആഘോഷിയ്ക്കാം. ശ്രീകുട്ടനും ഭാര്യയും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയാണ്. അവര്‍ ഇവിടെ നിന്നും പോകുന്നത് എനിക്കൊരു നഷ്ടമാണ്. കാരണം, നഷ്ടപ്പെട്ടുപോയ ''എന്നെ'' നഷ്ടപ്പെടാത്ത ''ഞാനായി'' അവനിലൂടെ കാണുകയായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും എങ്ങനെയെന്നത് എനിക്കറിയില്ല. എന്നാല്‍ അവന്റെ ജനനവും വളര്‍ച്ചയും എന്നെ പലതും പഠിപ്പിച്ചു. അച്ഛന്റെയും അദ്ധ്യാപകരുടേയും ഇടയില്‍, സ്‌നേഹത്തിനും വാത്സല്യത്തിനും പകരം, ശിക്ഷണത്തിന്റെ ക്രൂരത അനുഭവിച്ച്, ഞാന്‍ അനുസരണയുള്ളവനായി വളര്‍ന്നു. ഒരു കൊച്ചുകുട്ടിയ്ക്ക് വ്യക്തിത്വമുണ്ടെന്ന് ശ്രീക്കുട്ടന്റെ വളര്‍ച്ചകണ്ടാണ് ഞാന്‍ പഠിച്ചത്. ഞാന്‍ എവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു. ബാല്യവും കൗമാരവും യൗവ്വനവും നഷ്ടം വന്നവനാണ് ഞാന്‍, എന്ന് അപ്പോഴാണ് അറിഞ്ഞത്. താമസിയാതെ രണ്ടാമന്‍ രാഹുലും ജനിച്ചു. പിന്നെയുള്ള ഞങ്ങളുടെ ജീവിതം വെറും ''ലിവിഗ് ടുഗതര്‍'' എന്നോ ''കോ ഹാബിറ്റേഷന്‍'' എന്നോ പേരുവിളിക്കാവുന്നതു മാത്രമായി, കുട്ടികള്‍ക്കുവേണ്ടി സൂക്ഷിച്ചു. അച്ഛാ! ഞാനെങ്ങനെ ഇങ്ങനെ ആയിത്തീര്‍ന്നു എന്ന് അച്ഛനറിയാമല്ലോ?

അച്ഛന്റെ സ്‌നേഹമയിയായ സഹോദരിയെ, അച്ഛന്‍ മറന്നാലും എനിക്കു മറക്കാനാവില്ല. നമ്മുടെ ''ഒന്നുമില്ലായ്മയില്‍'' തുറന്ന മനസ്സും നിറഞ്ഞ കൈകളുമായ് അവരുണ്ടായിരുന്നു. ഭര്‍ത്താവിന്റെ പെന്‍ഷന്‍ പണവും അല്പം കൃഷിസ്ഥലവുമായി കഴിഞ്ഞ, വിധവയായ അവര്‍ക്ക്, സഹോദരനും മകനും വേണ്ടി ഒരു സഹായഹസ്തമാകുന്നത്, ഒരു ജീവിതസാഫല്യമായി തോന്നി. എന്റെ പഠിപ്പിന് പണം ആവശ്യം വന്നപ്പോഴൊക്കെ അവരുടെ ആകെയുള്ള ''ബാങ്ക് ബാലന്‍സുകള്‍'' കാലിയാക്കാന്‍ മടികാണിച്ചില്ല. അച്ഛാ! നമ്മുടെ വളര്‍ച്ച അവരുടെ തളര്‍ച്ചയായിരുന്നു. സാഹോദര്യത്തിന്റെ 'ഊടും പാവും' കൊടുത്ത പ്രതീക്ഷയും, രണ്ടു കുടുംബങ്ങള്‍ ഒന്നാകുന്ന സ്വപ്നവും, ആ നിഷ്‌കളങ്കമനസ്സുകളെ ദുഃഖക്കടലിലാണെത്തിച്ചത്. അവര്‍ക്ക് സാമ്പത്തികസഹായം ആവശ്യമാണെന്ന് കണ്ടപ്പോള്‍, അച്ഛന്‍ അവരില്‍ നിന്ന് മനഃപൂര്‍വ്വം അകന്നുനിന്നു. സഹോദരനെ എന്നും ഒരു താങ്ങും തണലുമായി കണ്ട അമ്മായി തളര്‍ന്നുപോയിരിക്കാം, അതുപോലെ മുറച്ചെറുക്കനുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടിരുന്ന ശ്രീദേവിയും. എതിര്‍ക്കാനോ മറുത്തുപറയാനോ കഴിയാതെ ഞാന്‍ മൂകനായി. ''അച്ഛനെ ചോദ്യം ചെയ്തുകൂടാ... എല്ലാം നിന്റെ നന്മയ്ക്കായിട്ട് ഞാന്‍ ചെയ്യുന്നു.'' പക്ഷേ മറ്റുള്ളവരുടെ നന്മയെപ്പറ്റിയോ നാശത്തെപ്പറ്റിയോ അച്ഛന്‍ ചിന്തിച്ചില്ല, എന്റെപോലും. അച്ഛന്‍ എല്ലാത്തിന്റേയും ഉടമസ്ഥനാായി ഭാവിച്ചു, മകന്റേയും. ജോലിക്കായ് പുറംരാജ്യത്തേയ്ക്ക് എന്നെ കയറ്റിഅയയ്ക്കാന്‍ പോകുമ്പോഴും ഒരു താക്കീതു തന്നിരുന്നു. ''നല്ല കാര്യത്തിനു ഇറങ്ങി പുറപ്പെടുകയാണ്. വഴിയില്‍ പലരേയും കാണും. യാത്ര മുടക്കി നിന്ന് വര്‍ത്തമാനം പറയേണ്ടാ.'' യാത്ര അയയ്ക്കാനെത്തിയ ശ്രീദേവിയേയും അമ്മാവിയേയും ഒന്നു കയ്യുയര്‍ത്തി കാണിക്കാനേ കഴിഞ്ഞുള്ളൂ. ഓട്ടമത്സരത്തിന് കാളക്കൂറ്റനുമായി നീങ്ങുന്ന നാട്ടുപ്രമാണിയുടെ തലയെടുപ്പോടെ അച്ഛന്‍ മുമ്പില്‍ നടന്നു, മൂക്കുകയറിട്ട മൂരികിടാവായി ഞാന്‍ പിറകേയും.

നമ്മുടെ ഉര്‍ച്ചയ്ക്കുവേണ്ടി ഉള്ളതൊക്കെ നല്കിയ അമ്മായി, എന്റെ പേര്‍ക്ക് ശ്രീദേവിയുടെ ആലോചനയുമായി വന്നപ്പോള്‍ അതിനെ ഒരു കരിമ്പിന്‍ ചണ്ടിപോലെ ദൂരത്തെറിഞ്ഞസംഭവം ഇന്നും ഒരു 'ഉല്‍ക്കയായി' എന്റെ തലയ്ക്കു മുകളില്‍ കത്തിനില്ക്കുകയാണ്. സിക്‌സ്ത്തുഫോറം പോലും ജയിയ്ക്കാത്ത പെണ്‍കുട്ടി, ഒരു പ്രൊഫഷണല്‍ ഡിഗ്രിയുള്ള മകന് അനുയോജ്യയല്ലാ എന്ന് തീര്‍ത്തു പറഞ്ഞു.

അമ്മായി മരിച്ച വിവരംപോലും അച്ഛന്‍ എന്നെ അറിയിച്ചില്ല. പിന്നീട്, അവരുടെ വീടും പറമ്പും വിറ്റ്, ശ്രീദേവിയുടെ കല്യാണം നടത്തുകയാണെന്ന് ഞാനറിഞ്ഞു. കുടുംബത്തു ചിന്നിചിതറിപ്പോയ എന്റെയും ശ്രീദേവിയുടെയും സ്വപ്നങ്ങളേയും ഹോമം ചെയ്ത് ഭസ്മമാക്കുക എന്ന ഒരു ഉദ്ദേശ്യംകൂടി അച്ഛനുണ്ടായിരുന്നിരിയ്ക്കാം. അതിലും അധികമായി എന്നെ വേദനിപ്പിച്ചത്, ശ്രീദേവിയുടെ വീടും പറമ്പും ലാഭത്തില്‍ വാങ്ങിയതും അച്ഛനാണെന്ന്, അത് എന്റെ പേരില്‍ 'രജിസ്റ്റര്‍' ചെയ്‌തെന്നും. അച്ഛനെങ്ങനെ ഇത്ര ക്രൂരനാകാന്‍ കഴിഞ്ഞു? ശ്രീദേവിയുടെ കഷ്ടപ്പാടുകളില്‍ സഹായിയ്ക്കാതെ, അവളുടെ കല്യാണ നടത്തിപ്പിന്റെ കണക്കുദ്ധരിച്ച് ആ നിസ്സഹായയുടെ മുമ്പില്‍ നിന്ന് അച്ഛന്‍ ഒഴിഞ്ഞുമാറി. എന്റെ വാക്കുകള്‍ക്കൊന്നും അച്ഛന്‍ വിലകല്പിച്ചില്ല. അവള്‍ക്കുവേണ്ടി കരുണയ്ക്കായി ഞാന്‍ യാചിച്ചു. പണത്തിനോടുള്ള ആര്‍ത്തി അച്ഛന്റെ കണ്ണുകളേയും കാതുകളേയും ബന്ധിച്ചുകളഞ്ഞു. പച്ചമനസ്സുകളില്‍ വിങ്ങുന്ന വികാരങ്ങളെ കാണാന്‍ അച്ഛനു കഴിഞ്ഞില്ല. താമസിയാതെ എനിക്കൊരു കല്യാണവും അച്ഛന്‍ തേടിപ്പിടിച്ചു. ''നമുക്കെത്തിനോക്കാന്‍ പറ്റാത്ത തറവാട്. ധാരാളം സ്വത്ത്. കൂടാതെ പെണ്ണും ഒരെഞ്ചിനീയറാണ്. രണ്ടുപേര്‍ക്കും ഒന്നിച്ചവിടെ ജോലിയും ചെയ്യാം. ധാരാളം സമ്പാദിയ്ക്കാം.''

ഇതൊക്കെയായിരുന്നു അച്ഛന്റെ ദീര്‍ഘദൃഷ്ടിയില്‍ തെളിഞ്ഞത്. എന്റെ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നും അച്ഛന്‍ കണക്കാക്കിയില്ല. വാത്സല്യവും കടപ്പാടുകളും പറഞ്ഞ് അച്ഛന്‍ എന്നെ വരിഞ്ഞുകെട്ടി, കൈക്കുള്ളിലൊതുക്കി. അച്ഛാ, സാമ്പത്തീകമായി അച്ഛന്‍ ജയിച്ചു. പക്ഷേ, അമ്മാവനായി, സഹോദരനായി, അച്ഛനായി ഒക്കെ അച്ഛന്‍ തോല്ക്കുകയായിരുന്നു.
അച്ഛന്‍ എന്നെ 'മറിച്ചു വിറ്റത്' മറ്റൊരു ഉടമസ്ഥതയിലേയ്ക്കായിരുന്നു. സ്‌നേഹവും ബന്ധങ്ങളും എല്ലാം വെറും 'സെന്റിമെന്റ'ലാണെന്ന് വിശ്വസിക്കുന്ന പൂര്‍ണ്ണസ്വതന്ത്രയായ ഭാര്യ. എന്നാല്‍ ആ സ്വാതന്ത്ര്യം എനിക്കനുവദിച്ചിട്ടില്ലായിരുന്നു. ഭര്‍ത്താവിന്റെ ചുമതലകള്‍ക്ക് അവള്‍ കണക്കു നിരത്തി. വീടിന്റെ നടത്തിപ്പ് ചുമതല ഭര്‍ത്താവിന്റെ ചുമലിലും, അതിന് മേല്‍നോട്ടക്കാരിയായി ഭാര്യയും. എന്റെ അഭിപ്രായങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും നിഷേധം കല്പിക്കുന്നതില്‍ ഒരു സുഖം, അവള്‍ കണ്ടെത്തി.
എല്ലാവരേയും, എന്തിനും ഏതിനും ചോദ്യം ചെയ്യാതെ അനുസരിക്കുന്നവന്‍ എന്നും നല്ലവനാണ്. അന്ന് അച്ഛന്റെ അടിമ, ഇന്ന് ഭാര്യയുടെ അടിമ. എന്റെ ഗതികേട്, എന്റെ മകനുണ്ടാകാതിരിയ്ക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്റെ വിവാഹം ഭംഗിയായി നടന്നു, അവനിഷ്ടപ്പെട്ട പെണ്ണുമായി തന്നെ. അച്ഛന്‍ അടിച്ചമര്‍ത്തിയ എന്റെ വ്യക്തിത്വത്തിനു മുകളില്‍ ഇത്രനാളും എന്റെ ഭാര്യ നൃത്തം ചെയ്തു രസിച്ചു. എല്ലാം പൊട്ടിച്ചെറിയാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ എന്റെ മകന്‍ ശ്രീകുട്ടന്റെ നിഷ്‌കളങ്കമായ മുഖം എന്നെ പിന്തിരിപ്പിച്ചു. പിന്നീട് ബുദ്ധിമാന്ദ്യം സംഭവിച്ച മറ്റൊരു മകന്‍ കൂടി പിറന്നപ്പോള്‍ ധൈര്യം ചോര്‍ന്നുപോകുകയായിരുന്നു. രാഹുല്‍. ഇന്ന് അവനും വളര്‍ന്നു. രാഹുലിനോടൊപ്പം ഞാന്‍ എപ്പോഴുമുണ്ടായിരിക്കണമെന്നു മാത്രം. ശ്രീകുട്ടനും ഭാര്യയും, അവര്‍ വാങ്ങിച്ച പുതിയ വീട്ടിലേക്കു മാറുകയാണ.് എനിയ്ക്ക് വളരാന്‍ സാധിയ്ക്കാഞ്ഞത് എന്റെ കുറ്റമാണ്. ഇന്ന് ഞാന്‍ സന്തോഷവാനാണ്. ഏതു പൊട്ടിത്തെറികളേയും നേരിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. തിരുത്താവുന്നത്ര തെറ്റുകള്‍ ഞാന്‍ തിരുത്തട്ടെ.

ശ്രീദേവി, ഭര്‍ത്താവ് നഷ്ടപ്പെട്ട് ഒരു കുട്ടിയുമായി ഇന്ന് വാടകവീട്ടില്‍ ഞെരുങ്ങികഴിയുകയാണ്. അവരുടെ വീട് വലുതാക്കി. അച്ഛന്‍ ഏകനായി അതില്‍ കഴിയുന്നു, പ്രയാധിക്യവും അസുഖങ്ങളുമായി. അച്ഛനെപ്പോലെ ലാഭനഷ്ടങ്ങളില്‍ ഊന്നുന്ന എന്റെ ഭാര്യയുടെ അഭിപ്രായം ''വേലക്കാരുടെ ചിലവും മറ്റും കൂടിക്കൂടിവരുന്നതിനാല്‍, വീടും സ്ഥലവും വിറ്റ്, അച്ഛനെ നേഴിസിങ്ങ്‌ഹോമിലോ വൃദ്ധസദനത്തിലോ ആക്കണമെന്നാണ്. നല്ല പരിചരണവും വൈദ്യോപദേശവും ഒപ്പം ലഭിക്കും. കാഴ്ചപ്പാടും ചിലവും ചുരുങ്ങും.'' അവളുടെ അഭിപ്രായത്തെ ഞാന്‍ നിരാകരിക്കുകയാണ്. ഞാന്‍ എഴുന്നേല്‍ക്കട്ടെ, ഇനിയെങ്കിലും നിവര്‍ന്നു നില്ക്കട്ടെ, അച്ഛനുവേണ്ടിയും കൂടി. ഇന്ന് അച്ഛന് താങ്ങും തണലും ആവശ്യമാണ്. എന്നാല്‍ എനിയ്ക്ക് നാട്ടിലേക്ക് വരാനാവില്ല. രാഹുലിന്റെ ചികിത്സയുമായി ഇവിടെ കഴിഞ്ഞുകൂടുകയേ പറ്റൂ. എന്നാല്‍ എനിക്കു കഴിയുന്നത് ഞാന്‍ ചെയ്തുകഴിഞ്ഞു. അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും, അതിന്റെ ശരിക്കും ഉടമസ്ഥയായ ശ്രീദേവിക്ക് തിരിച്ചെഴുതി കൊടുത്തു. അവള്‍ അച്ഛനെ, ദുര്‍മുഖം കാട്ടാതെ നോക്കിക്കൊള്ളും എന്നെനിക്കുറപ്പുണ്ട്. ഇന്ന് അവളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അച്ഛനെ പരിചരിക്കുന്നത് എന്റെ പ്രതികാരം വീട്ടലായി കാണരുത്. എനിയ്ക്ക് തിരിച്ചുവരാനാവില്ല. അച്ഛന് താല്പര്യമില്ലെങ്കില്‍, പഴയ നമ്മടെ വീട് അടുത്ത പുരയിടത്തില്‍ തന്നെയുണ്ടല്ലോ, അത് അച്ഛന്റെ പേരിലുമാണ്. അച്ഛാ! ശ്രീദേവി ഒരു ദേവതയെപ്പോലെ നല്ലവളാണ്, സിക്‌സ്ത്തുഫോറം പോലും ജയിച്ചിട്ടില്ലെങ്കിലും. തിന്മയെ നന്മകൊണ്ട് ജയിക്കുന്നത് ശേഷം കാലമെങ്കിലും അച്ഛന് കാണാം. നട്ടെല്ലു നഷ്ടപ്പെട്ടവനായി അഥവാ വികാരശൂന്യനായിപ്പോയതിന്റെ ശിക്ഷയായി ശിഷ്ടകാലം ഞാന്‍ ഇവിടെ തന്നെ കഴിച്ചുകൂട്ടും. അച്ഛന്‍ എന്റെ അവസ്ഥ മനസ്സിലാക്കി സഹകരിക്കുമെന്ന വിശ്വാസത്തോടെ...
സ്വന്തം മകന്‍.
Join WhatsApp News
വിദ്യാധരൻ 2016-04-28 09:12:25
ക്ഷമിക്കണം കഥാകൃത്തെ  നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങൾ അച്ഛൻ അയച്ച കത്ത് വായിച്ചതിൽ .  നിങ്ങളുടെ എഴുത്തിൽ മുഴുകിയിരുന്ന് ചെയ്ത തെറ്റിന്റെ ഗൗരവം മറന്നുപോയി. നിങ്ങൾ എഴുതിയിരിക്കുന്നതിനു പലതിനും നമ്മൾ വളർന്നു വന്ന ജീവിത സാഹചര്യങ്ങളുമായി ബന്ധം ഉണ്ടോ എന്ന് തോന്നിപോയി .  എന്തിനും കുറ്റം മാത്രം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അച്ഛനമ്മമാർ നല്ലത് കാണുമ്പൊൾ നിശബ്ദമാകുന്നത് ശരിയല്ല എന്നത് ഈ രാജ്യത്ത് വന്നപ്പോളാണ് മനസിലാക്കാൻ കഴിഞ്ഞത്.  സാമ്പത്തിക ഭദ്രത ഇല്ലായ്മ ആയിരിക്കും നമ്മളുടെ അച്ഛനമ്മമാരെ ബന്ധങ്ങൾ മറന്ന് പല കുതന്ത്രങ്ങൾക്ക് പ്രേരിപ്പിച്ചതും നിങ്ങളെ നിങ്ങളുടെ മുറപെണ്ണായ ശ്രീദേവിയേക്കൊണ്ട് കെട്ടിക്കാതിരുന്നതും.  എങ്കിലും നിങ്ങളുടെ ഹൃദയത്തിൽ നന്മ ഉള്ളത് കൊണ്ട് മാത്രമാണ് വസ്തു തിരികെ നല്കി അച്ഛന്റെ വാർദ്ധ്യക്ക്യത്തിൽ ശ്രീദേവിയിൽ അഭയം തേടാൻ ആവശ്യപ്പെടുന്നത്.  നിങ്ങളുടെ കത്ത് വായിച്ചു അച്ഛന് മനം മാറ്റം ഉണ്ടാകട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു.   രണ്ടു ജീവിത സാഹചര്യങ്ങളെ സങ്കലനം ചെയുത് നിങ്ങൾ നല്ല ഒരു സൃഷ്ടി നടത്തിയിരിക്കുന്നു. അക്ബർ കട്ടിക്കൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും നിങ്ങളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരുമായിരുന്നു . എല്ലാ ആശംസകളും  കത്ത് ആരും അറിയാത്തപോലെ ഒട്ടിച്ചു വിട്ടിട്ടുണ്ട് . പക്ഷെ മലയാളി അല്ലെ അവൻ അറിയാൻ ജിജ്ഞാസ ഉള്ളവനാ . അവൻ വീണ്ടും പൊട്ടിച്ചു വായിക്കും എന്നതിന് സംശയം വേണ്ട 
Texan American 2016-04-27 18:48:37
ഇതാണ് കഥ. വീണ്ടും എഴുതുക,
G. Puthenkurish 2016-04-28 03:57:53
Mr. Thomas Kalathoor has carved a beautiful story in the form of a letter written to his father. The theme is excellent and the style is innovative. Congratulations.
John Varghese 2016-04-29 07:53:24
ഞാനും കത്ത് പൊട്ടിച്ചു വായിച്ചു . വളരെ നന്നായിരിക്കുന്നു 
Baboi George 2016-04-30 12:12:34
A very similar situation is everyone going through now by adopting a life style away from homeland--! May I say, I like the attitude of the son giving away the family share for the welfare of parents ! I take the opportunity to make a suggestion for the benefit of all the siblings in the family: Consider the \\\'Family Home\\\' as an inherited blessings and keep the maintenance as a \\\"Time Share Home\\\" with a living care-taker ! A holiday home in an exotic place like Kerala can bring untold \\\'Grace
Mathew Joys 2016-05-06 06:49:38
Yes, now you are bringing out your best imaginations, submerged in bitter realities of life, Go ahead Kalathoorji. Best Wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക