Image

മാത്രുസ്‌നേഹം (കവിത: ജോസ് ചെരിപുറം)

Published on 01 May, 2016
മാത്രുസ്‌നേഹം (കവിത: ജോസ് ചെരിപുറം)
അമ്മിഞ്ഞപ്പാലിന്‍മധുരം നുണഞ്ഞുകൊ-
ണ്ടമ്മയെപ്പുല്‍കിയുറങ്ങുന്നവേളയില്‍
എന്നുള്ളിലാര്‍ദ്രസ്‌നേഹത്തിന്നുറവുകള്‍
നിര്‍ഗ്ഗളിക്കുന്നൊരമ്രുതപ്രവാഹമായ്

തന്‍ മടിയിങ്കല്‍ കിടന്നു കഥകള്‍ കേ-
ട്ടന്നുറങ്ങിയുണര്‍ന്നു ഞാന്‍ കരയവെ,
ഉണ്മയില്‍മാറോടടുക്കിപ്പിടിച്ചമ്മ
ഉമ്മയാല്‍ മൂടിയെന്‍പിഞ്ചിളം മേനിയെ

സ്പന്ദിക്കുമമ്മതന്‍സ്‌നേഹാര്‍ദ്രഹ്രുത്തടം
മന്ദം മണിവീണമിട്ടുന്നരാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം തെളിയവെ
ഉള്ളില്‍സ്‌നേഹത്തിന്‍തിരികള്‍തെളിയുന്നു

മാണിക്യരത്‌നം, മരതകമൊക്കെയും
മാത്രുസ്‌നേഹത്തിന്റെ മുന്നില്‍ ഹാ നിഷ്പ്രഭം
മായപ്രപഞ്ചത്തില്‍മായാതനശ്വരം
മാത്രുസ്‌നേഹം നിലനില്‍ക്കും സുനിശ്ചയം

ആദരിക്കുന്നു ഞാന്‍ നിന്‍മഹത്ത്വങ്ങളെ-
ആകാശമൊക്കെയും കേള്‍ക്കട്ടെയെന്മൊഴി
വിസ്മരിച്ചീടാന്‍ കഴിയാത്തതാണുനിന്‍
നിസ്തുലത്യാഗകഥകളീ ഭൂമിയില്‍

നന്മതുളുമ്പും നിറകുടമാണുനീ,
നാരിതന്‍സൗഭാഗ്യസ്വപ്നകിരണം നീ
നീറുമാത്മാവില്‍സ്‌നേഹത്തിന്നുറവകള്‍
നീരവം വീഴട്ടെമഞ്ഞിന്‍ കണികപോല്‍

വേര്‍പെട്ടു ജീവിതമാം വഴിത്താരയില്‍
വാടിത്തളര്‍ന്നു ഞാനേകനായിന്നഹോ
വീണുറങ്ങാനൊരുമാത്രകൊതിപ്പുനിന്‍
ശീതളസ്‌നേഹത്തണലില്‍വീണ്ടും വ്യഥാ.

**********
Join WhatsApp News
Sabu Jacob 2016-05-02 08:27:51
Very nice poem.
R. Goplakrishnan 2016-05-02 09:15:36
കവിതയെ വിലയിരുത്തുമ്പോൾ നിങ്ങൾ നല്ല കവിത, കൊള്ളാം എന്നൊക്കെ എഴുതുന്നതിനപ്പുറം എന്തുകൊണ്ട് അത് നല്ലതാണ് ചീത്തയാണ് എന്നൊക്കെ എഴുതിയാൽ എഴുതുന്നവർക്ക് ഉപകരിക്കും. അതുപോലെ എഴുത്തുകാർ അഭിപ്രായങ്ങളെ മാനിച്ചു കുറവുകൾ മനസിലാക്കി കവിതകളും കതകലുമൊക്കെ മെച്ചപ്പെടുത്താൻ നോക്കണം .  ഇവിടെ അങ്ങനെ അഭിപ്രായം പറയുന്ന ഒരു വിദ്യാധരനെ കണ്ടിട്ടുണ്ട്. പക്ഷേ മിക്ക എഴുത്തുകാർക്കും അയാളോട് നീരസമാണെന്നാണ് ഞാൻ മനസിലാകിയത്.  ഞാൻ ഇത്രയും എഴുതിയത് വായിച്ചും പഠിപ്പിച്ചും റിട്ടയർ ആയ ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്കാണ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക